Tuesday, June 8, 2010
അനീതി
ഭോപാല്‍: വിഷവാതകം ശ്വസിച്ച് ആയിരങ്ങള്‍ പിടഞ്ഞുമരിച്ചതിന് ഉത്തരവാദികളായ ഏഴുപ്രതികള്‍ക്ക് കോടതി രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഭോപ്പാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധി കാല്‍നൂറ്റാണ്ടിനുശേഷവും വിഷവാതകചോര്‍ചയുടെ ദുരിതംപേറുന്ന ഭോപ്പാല്‍ ജനതയെയും അവര്‍ക്കായി പതിറ്റാണ്ടുകള്‍ കോടതി കയറിയ മനുഷ്യാവകാശ പ്രവര്‍ത്തകരെയും തീര്‍ത്തും നിരാശരാക്കി.
ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാവസായികദുരന്തമായി കരുതുന്ന ഭോപാലിലെ വിഷവാതകചോര്‍ചയെ തുടര്‍ന്ന് ഇരുപതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 എ (അശ്രദ്ധമൂലം മരണത്തിനിടയാക്കുക), 304 രണ്ട് (കൊലപാതകത്തിന് തുല്യമല്ലാത്ത ശിക്ഷാര്‍ഹമായ നരഹത്യ), 336, 337, 338 (കുറ്റകരമായ അശ്രദ്ധ) എന്നീ വകുപ്പുകള്‍ മാത്രമാണ് കൂട്ടക്കുരുതിക്ക് ഇടയാക്കിയവര്‍ക്കെതിരെ ചുമത്തിയത്. കേസിലെ ഒന്നാം പ്രതിയും അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ ചെയര്‍മാനുമായ വാറന്‍ ആന്‍ഡേഴ്സനെതിരെ വിധിയില്‍ പരാമര്‍ശമൊന്നുമില്ല. വിചാരണയ്ക്കിടെ അമേരിക്കയിലേക്കുകടന്ന ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചില്ല.
23 വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മോഹന്‍ പി തിവാരിയാണ് വിധി പറഞ്ഞത്. യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് (യുസിഐഎല്‍) മുന്‍ ചെയര്‍മാന്‍ കേശുബ് മഹിന്ദ്ര, യുസിഐഎല്‍ മുന്‍ എംഡി വിജയ് ഗോഖലെ, മുന്‍ വൈസ് പ്രസിഡന്റ് കിഷോര്‍ കാംദര്‍, വര്‍ക്സ് മാനേജര്‍ ജെ എന്‍ മുകുന്ദ്, പ്രൊഡക്ഷന്‍ മാനേജര്‍ എസ് പി ചൌധരി, പ്ളാന്റ് സൂപ്രണ്ട് കെ വി ഷെട്ടി, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് എസ് ഐ ഖുറേഷി എന്നിവരെയാണ് ശിക്ഷിച്ചത്. യൂണിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മാതൃസ്ഥാപനവും അതിന്റെ ഏഷ്യന്‍ ശാഖയായ ഹോങ്കോങ് യുസിസിയും വിധിയില്‍ പരാമര്‍ശിക്കപ്പെട്ടില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ ഇന്ത്യന്‍ കമ്പനിക്ക് വെറും അഞ്ചുലക്ഷം രൂപ പിഴ ചുമത്തി. വിവിധ വകുപ്പുകളിലായി 1750 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ വാര്‍ധക്യത്തിലെത്തിയവരാണെന്നും ഹൃദ്രോഗം അടക്കമുള്ള അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവരാണെന്നും അതിനാല്‍ ഇവര്‍ക്കെതിരെ ഐപിസി 304 പ്രകാരം ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന മനഃപൂര്‍വമുള്ള നരഹത്യ എന്ന കുറ്റം ചുമത്താനാകില്ലെന്നും ജഡ്ജി പറഞ്ഞു. ശിക്ഷ പ്രഖ്യാപിച്ചയുടന്‍ ജാമ്യാപേക്ഷ നല്‍കിയ പ്രതികള്‍ക്ക് 25,000 കെട്ടിവച്ച് ജാമ്യം നല്‍കി. വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ പ്രതികള്‍ക്ക് 30 ദിവസം അനുവദിച്ചു.
നിറഞ്ഞ കോടതിമുറിയെ സാക്ഷിനിര്‍ത്തിയാണ് 93 പേജ് വരുന്ന വിധിന്യായം വായിച്ചത്. കോടതിക്ക് ചുറ്റും കനത്ത സുരക്ഷഏര്‍പ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെയും ദുരന്തബാധിതരുടെ അഭിഭാഷകരില്‍ ചിലരെയും കോടതിയിലേക്ക് കടത്തിവിട്ടില്ല. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദുരന്തത്തിനിരയായവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തമാക്കി. ശിക്ഷ ചെറുതായിപ്പോയെന്നും ഏറെ വൈകിയെന്നും ഇവര്‍ പറഞ്ഞു. വിധിയില്‍ പ്രതിഷേധിച്ച് ദുരന്തത്തിനിരയായവരും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളും പ്രകടനം നടത്തി. ആന്‍ഡേഴ്സണെതിരെയാണ് ഇവര്‍ കടുത്ത മുദ്രാവാക്യം ഉയര്‍ത്തിയത്. നീതി കുഴിച്ചുമൂടിയെന്നാണ് കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്ലി പ്രതികരിച്ചത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും കാറ്റില്‍പറത്താന്‍ കുത്തകസ്ഥാപനങ്ങള്‍ക്ക് പ്രേരണയാകുന്നതാണ് കോടതിവിധിയെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. കുറ്റക്കാരായ വിദേശികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ സിബിഐ പരാജയപ്പെട്ടതായി സിപിഐ നേതാവ് ഡി രാജ പറഞ്ഞു. വിധി വേദനാജനകം എന്നാണ് ബിജെപി പ്രതികരിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആണവബാധ്യതാ ബില്ലിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
നിയമം പ്രതികളുടെ വഴിയില്‍
ജനതയുടെ ജീവിക്കാനുള്ള അവകാശംപോലും കരിച്ചുകളഞ്ഞ ഭോപാല്‍ദുരന്തത്തിന്റെ തീവ്രത അല്‍പ്പംപോലും പ്രതിഫലിപ്പിക്കാത്തതാണ് കോടതിവിധി. ലോക വ്യവസായചരിത്രത്തിലെ ഏറ്റവും കൊടിയ ദുരന്തത്തെ വെറുമൊരു അപകടക്കേസെന്നപോലെയാണ് അന്വേഷണ ഏജന്‍സിയും നിയമപീഠവും കൈകാര്യംചെയ്തത്. രണ്ടുവര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ടു പ്രതികളും ഒരുദിവസംപോലും അഴിയെണ്ണാതെ ജാമ്യം നേടിയപ്പോള്‍ പരിഹാസ്യമായത് ജനാധിപത്യരാജ്യത്തിന്റെ നിയമസംവിധാനം.
അമേരിക്കന്‍ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം നേടിയെടുക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടു. യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് 330 കോടി ഡോളര്‍ 1985ല്‍ അമേരിക്കന്‍ കോടതിയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 1989ല്‍ കോടതിക്കുപുറത്ത് ഉണ്ടാക്കിയ ധാരണപ്രകാരം 47 കോടി ഡോളര്‍ നല്‍കാമെന്ന് യൂണിയന്‍ കാര്‍ബൈഡ് സമ്മതിച്ചു. 1992ല്‍ ഈ തുകയില്‍ ഒരുഭാഗം ദുരന്തബാധിതര്‍ക്ക് വിതരണംചെയ്തു. ബാക്കി ബാധ്യത ഏറ്റെടുക്കാന്‍ 2001ല്‍ കമ്പനി വിസമ്മതിച്ചു. ചില്ലിക്കാശുപോലും നഷ്ടപരിഹാരം ലഭിക്കാത്തവര്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചത് മുന്‍ മധ്യപ്രദേശ് ഹെല്‍ത്ത് ഡയറക്ടര്‍ യോഗിരാജ് ശര്‍മയ്ക്കാണ്. ദുരന്തത്തിന് മൂന്നുമാസത്തിനുശേഷം ജനിച്ച കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിച്ചതിന്റെ 'പ്രതിഫല'മായിരുന്നു ഇത്. ദുരന്തത്തെതുടര്‍ന്ന് നടക്കാനുള്ള ശേഷിപോലും നഷ്ടപ്പെട്ട നഫീസ അലി രോഗം ചുമലിലേറ്റി അധികൃതരോട് പൊരുതി നേടിയത് വെറും 25,000 രൂപ. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച നഫീസ അലി അടുത്തിടെയാണ് മരിച്ചത്. വാതകചോര്‍ച്ചയ്ക്ക് മൂന്നുവര്‍ഷത്തിനുശേഷം ജനിച്ച ലീലാ ബായിയുടെ കുഞ്ഞിന് ശാരീരിക-മാനസിക വളര്‍ച്ച ഉണ്ടായിരുന്നില്ല. എന്നാല്‍, അപകടത്തിനുശേഷം ജനിച്ചതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നായിരുന്നു കോടതിവിധി.
(വിജേഷ് ചൂടല്‍)
ഈ വിധി ഇരകളുടെ വേദന അറിയാതെ
രാജ്യത്തെ നീതിന്യായവ്യവസ്ഥയെത്തന്നെ പരിഹാസ്യമാക്കുന്ന ഭോപാല്‍ വാതകദുരന്ത കേസ് വിധിക്കെതിരെ പ്രതിഷേധം വ്യാപകം. ദുരന്തത്തിന്റെ തീവ്രത തിരിച്ചറിയാതെയും ദുരന്തത്തിന് ഇരയായവരുടെ വേദന പരിഗണിക്കാതെയും ഉള്ളതാണ് വിധിയെന്ന് വിമര്‍ശമുയര്‍ന്നു. ദുരന്തത്തിനു ശേഷം കടുത്ത അവഗണന നേരിട്ട ഒരു ജനതയുടെ അവസാന പ്രതീക്ഷയായിരുന്നു കോടതി. എന്നാല്‍, സാധാരണക്കാരന്റെ കണ്ണീര്‍ തുടയ്ക്കുന്നതിനു പകരം, കേസില്‍ ഉള്‍പ്പെട്ട വന്‍കിടക്കാര്‍ക്ക് രക്ഷയുടെ പഴുതുകള്‍ ഒരുക്കുന്ന രീതിയിലാണ് നിയമപാലകര്‍ പ്രവര്‍ത്തിച്ചത്. വേണ്ടത്ര തെളിവ് ശേഖരിക്കുന്നതില്‍ സിബിഐ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന് ഭോപാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘാടന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.
ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നമ്മുടെ രാജ്യത്തു വന്ന് ധൈര്യമായി കൊലയും മലിനീകരണവും നടത്താമെന്നും ഒരു ശിക്ഷയും ലഭിക്കില്ലെന്നുമുള്ള സന്ദേശമാണ് വിധിയെന്ന് ഭോപാല്‍ ഗ്രൂപ്പ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍ പ്രവര്‍ത്തക രചന ദിംഗ്ര പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനു നേരെയും കടുത്ത പ്രതിഷേധം അലയടിക്കുകയാണ്. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇനി ലോകത്തിനു മുന്നില്‍ ഏതു മുഖമാണ് കാണിക്കുകയെന്ന് ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ ഏജന്‍സിയും പ്രോസിക്യൂട്ടര്‍മാരും അനാസ്ഥ കാട്ടിയെന്നും ജഡ്ജിമാര്‍ 'റെക്കോഡിങ് യന്ത്രം' പോലെയാണ് പ്രവര്‍ത്തിച്ചതെന്നും പ്രമുഖ അഭിഭാഷകന്‍ കെ ടിഎസ് തുള്‍സി പറഞ്ഞു. കേട്ടതു മാത്രം കണക്കിലെടുക്കുന്നതിനു പകരം കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതി തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറഞ്ഞു. നീതിക്കായി അവസാന ശ്വാസംവരെ പൊരുതുമെന്ന് ഭോപാലില്‍നിന്നുള്ള സാമൂഹ്യപ്രവര്‍ത്തക റഷീദാ ബീവി പറഞ്ഞു. ആന്‍ഡേഴ്സനെ അമേരിക്കയില്‍നിന്നു വിട്ടുകിട്ടുന്നതിന് സമ്മര്‍ദം ചെലുത്താതിരുന്ന പ്രധാനമന്ത്രിയുടേത് കുറ്റകരമായ അനാസ്ഥയാണെന്ന് ദുരന്തത്തിന് ഇരയായവരുടെ അഭിഭാഷക സാധ്ന പഥക് പറഞ്ഞു. വിദേശ മൂലധനം വരുന്നത് കുറയുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ഈ കേസില്‍ ശക്തമായ നടപടികള്‍ക്ക് മുതിരാതിരുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദം കാരണം പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്ന തെളിവുകള്‍ സമ്പാദിക്കാന്‍ സിബിഐക്കായില്ല.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആണവ ബാധ്യത ബില്ലും സമാനമായ പ്രശ്നമാണ് ഉയര്‍ത്തുന്നത്. ആണവദുരന്തം ഉണ്ടായാല്‍ ആണവ വിതരണക്കാരും നിര്‍മാതാക്കളുമായ സ്വകാര്യ കമ്പനികള്‍ക്ക് ഒരു ബാധ്യതയുമില്ലെന്നും ആണവനിലയത്തിന്റെ നടത്തിപ്പുകാര്‍ ഈ ബാധ്യത വഹിക്കണമെന്നുമാണ് ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇടതുപാര്‍ടികളടക്കമുള്ള പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ കഴിഞ്ഞ മാസം ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ നഷ്ടപരിഹാരം 500 കോടി രൂപയായി നിജപ്പെടുത്തിയിട്ടുമുണ്ട്.
ഇനിയും കുടുങ്ങാതെ ആന്‍ഡേഴ്സണ്‍
ഭോപാല്‍ വാതകദുരന്തക്കേസില്‍ ഇനിയും നിയമത്തിനു കീഴടങ്ങാതെ വാറന്‍ ആന്‍ഡേഴ്സണ്‍. ഇന്ത്യയുടെ നിയമസംവിധാനത്തെ പുച്ഛിച്ച് ഇയാള്‍ അമേരിക്കയില്‍ വാഴുന്നു. ഇപ്പോള്‍ 90 വയസ്സോളം പ്രായമുള്ള ആന്‍ഡേഴ്സണ്‍ ഭോപാല്‍ വാതകദുരന്തം ഉണ്ടായപ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മേധാവിയായിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് 1984 ഡിസംബര്‍ നാലിന് അറസ്റ്റ് ചെയ്ത ആന്‍ഡേഴ്സണെ മധ്യപ്രദേശ് പൊലീസ് ജാമ്യത്തില്‍ വിട്ടു. പിന്നീടൊരിക്കലും ഇയാളെ നീതിപീഠത്തിനുമുന്നില്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായില്ല. സിബിഐ ഫയല്‍ചെയ്ത കേസില്‍ 12 പ്രതികളുടെ കൂട്ടത്തില്‍ ആന്‍ഡേഴ്സന്റെയും പേരുണ്ടായിരുന്നു. കോടതിയുടെ സമന്‍സിന് മറുപടിപോലും നല്‍കാത്ത ആന്‍ഡേഴ്സണെ 1992ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ ആന്‍ഡേഴ്സണെതിരായ കേസുകള്‍ ഭോപാല്‍ ദുരന്തക്കേസില്‍നിന്ന് വേര്‍പെടുത്തി. ദുരന്തബാധിതരുടെ സംഘടന കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 2009 ജൂലൈയില്‍ ആന്‍ഡേഴ്സണെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍, ആന്‍ഡേഴ്സണെ അമേരിക്കയില്‍നിന്ന് വിട്ടുകിട്ടുന്ന കാര്യത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. 19 വര്‍ഷത്തിനുശേഷം 2003 മെയിലാണ് ആന്‍ഡേഴ്സണെ വിട്ടുതരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അമേരിക്കയോട് ഔദ്യോഗികമായി അഭ്യര്‍ഥിച്ചത്. തൊട്ടടുത്തവര്‍ഷം അമേരിക്ക ഈ അപേക്ഷ നിരസിച്ചു. അതോടെ കേന്ദ്രസര്‍ക്കാര്‍ പിന്മാറി.
ഭോപാലില്‍ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ആന്‍ഡേഴ്സണ് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. പരീക്ഷണം നടത്തി മേന്മ ഉറപ്പുവരുത്താത്ത സാങ്കേതികവിദ്യ ഭോപാലിലേക്ക് അയക്കാന്‍ 1973ല്‍ അനുമതി നല്‍കിയത് ആന്‍ഡേഴ്സണാണ്. അപകടകരമായ രീതിയിലാണ് യന്ത്രസംവിധാനങ്ങളുടെ നിര്‍മാണമെന്നും തികച്ചും സുരക്ഷിതമല്ലാത്ത മേഖലയിലാണ് അത് സ്ഥാപിക്കാന്‍ പോകുന്നതെന്നും ഇയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ചെറിയ പാകപ്പിഴ പറ്റിയാല്‍ ഉണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തിയെപ്പറ്റി ബോധ്യമുണ്ടായിട്ടും യൂണിയന്‍ കാര്‍ബൈഡ് കമ്പനി പദ്ധതിയുമായി മുന്നോട്ടുപോയി. സുരക്ഷാസംവിധാനങ്ങളോ വാതകചോര്‍ച്ചയുണ്ടായാല്‍ തടയാനുള്ള സജ്ജീകരണങ്ങളോ ഒരുക്കാന്‍പോലും അവര്‍ തയ്യാറായില്ല. ചെലവുകുറയ്ക്കലിന്റെ ഭാഗമായി അത്തരം സംവിധാനം ഒഴിവാക്കാനാണ് ആന്‍ഡേഴ്സ നിര്‍ദേശിച്ചത്.
പോരാട്ടം തുടരും ഡി രഘുനാഥ്
ഭോപാല്‍ വാതകദുരന്ത കേസില്‍ കാല്‍നൂറ്റാണ്ടിനുശേഷമാണ് എട്ടുപേരെ കുറ്റക്കാരായി വിധിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധി വന്നിരിക്കുന്നത്. ഇരുപതിനായിരത്തിലേറെപേര്‍ മരിച്ച ഭോപാല്‍ദുരന്തം ലോകം കണ്ട ഏറ്റവും വലിയ വ്യാവസായികദുരന്തമാണ്. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് വിധിയെന്നമട്ടില്‍ ചില ദേശീയമാധ്യമങ്ങള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കാവും. ദുരന്തമുണ്ടായ ശേഷമുള്ള വിവിധ സംഭവവികാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിമാത്രമേ ഇപ്പോഴത്തെ വിധിയെ കാണാനാകൂ. നീതിനിഷേധത്തിനുതുല്യമാണ് വൈകിയെത്തുന്ന നീതിയെന്ന ചൊല്ലിന് അടിവരയിടുന്നതാണ് ഭോപാല്‍ദുരന്തത്തിനുശേഷം അരങ്ങേറിയ സംഭവങ്ങളും ഇപ്പോഴത്തെ വിധിയും.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനും ഇന്ത്യയിലെ വ്യവസായപ്രമുഖരില്‍ മുന്‍നിരക്കാരനുമായ കേശബ് മഹീന്ദ്രയടക്കം യൂണിയന്‍ കാര്‍ബൈഡിലെ എട്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 5000 രൂപ പിഴയും രണ്ടുവര്‍ഷം തടവുമാണ് ഇവര്‍ക്ക് കിട്ടുന്ന പരമാവധി ശിക്ഷ. പ്രതികള്‍ക്കെതിരെ ചുമത്തിയ ബോധപൂര്‍വമായ നരഹത്യാകുറ്റം ഉയര്‍ന്ന കോടതി നേരത്തെ ഒഴിവാക്കിയിരുന്നു എന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. ഗുരുതരമായ ഈ കുറ്റം ഒഴിവാക്കിയതോടെ വെറുമൊരു റോഡപകടത്തിനുതുല്യമായ വിധത്തിലേക്ക് ഈ വ്യാവസായികദുരന്തത്തിലെ കോടതിനടപടി മാറുകയായിരുന്നു.
ഭോപാലില്‍ ആവശ്യമായ സുരക്ഷാസന്നാഹങ്ങളില്ലെന്ന വസ്തുത അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനും അവരുടെ ഇന്ത്യന്‍ പതിപ്പായ യുസിഐഎല്ലിനും നേരത്തെതന്നെ അറിയാമായിരുന്നു. അമേരിക്കയിലെ വിര്‍ജീനിയയിലുള്ള യൂണിയന്‍ കാര്‍ബൈഡ് പ്ളാന്റില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാസംവിധാനങ്ങളൊന്നും ഭോപാലില്‍ സ്ഥാപിച്ചിരുന്നില്ല. സുരക്ഷാ ഉപകരണങ്ങളില്‍ പലതും നിലവാരം കുറഞ്ഞതും വേണ്ടവിധം പ്രവര്‍ത്തിക്കാത്തതുമായിരുന്നു. മാത്രമല്ല ചെലവ് കുറച്ച് ലാഭം കൂട്ടുകയെന്ന ലക്ഷ്യത്തോടെ പല സുരക്ഷാസംവിധാനവും മാനദണ്ഡങ്ങളും ഒഴിവാക്കുകയും ചെയ്തു. ഈ വീഴ്ചയൊന്നും അശ്രദ്ധകൊണ്ടല്ലെന്ന് വ്യക്തമാണ്. സുരക്ഷാകാര്യങ്ങളില്‍ വന്ന വീഴ്ച യൂണിയന്‍ കാര്‍ബൈഡിന്റെ തലപ്പത്തുള്ളവര്‍ അറിഞ്ഞുതന്നെ സംഭവിച്ചതാണ്. അമിതലാഭത്തിനുവേണ്ടിയുള്ള വ്യക്തമായ ഗൂഢാലോചനയാണ് ശിക്ഷാര്‍ഹമായ നരഹത്യയിലേക്ക് കാര്യമെത്തിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോഴത്തെ വിധിയെ എങ്ങനെയാണ് നീതിനടപ്പാക്കലായി ഭോപാലിലെ ജനങ്ങള്‍ക്കും രാജ്യത്തിനും കാണാനാവുക.
ദുരന്തസമയത്ത് യൂണിയന്‍ കാര്‍ബൈഡിന്റെ അധ്യക്ഷനായ അമേരിക്കന്‍ പൌരന്‍ വാറന്‍ ആന്‍ഡേഴ്സനാണ് ഒന്നാംപ്രതി. എന്നാല്‍, വിധിയിലെവിടെയും ഇയാള്‍ കടന്നുവരുന്നില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മാതൃസ്ഥാപനവും അതിന്റെ ഏഷ്യന്‍ ശാഖയായ ഹോങ്കോങ് യുസിസിയും വിധിയില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ആന്‍ഡേഴ്സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയില്‍നിന്ന് ആന്‍ഡേഴ്സനെ കൈമാറി കിട്ടുന്നതിന് ഗൌരവമായ നടപടി സ്വീകരിച്ചില്ല. ആന്‍ഡേഴ്സനെ നീതിക്കുമുന്നില്‍ എത്തിക്കാമെന്ന വാഗ്ദാനം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
ഇന്ത്യയുമായുള്ള തന്ത്രപരപങ്കാളിത്തം നിലനിര്‍ത്തുന്നതിനായി ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി അമേരിക്ക പ്രകീര്‍ത്തിക്കാറുണ്ട്. എന്നാല്‍, ഇന്ത്യയുടെ നീതിന്യായസംവിധാനത്തെ അമേരിക്ക പരിഗണിക്കാറുണ്ടോ? അതോ അമേരിക്കക്കാരും ബഹുരാഷ്ട്രകുത്തകകളുമൊക്കെ ഇന്ത്യയുടെ നിയമസംവിധാനത്തിന് അപ്പുറമാണെന്നുണ്ടോ? ഒരു കേസിനുവേണ്ടി കോര്‍പറേറ്റ് ബന്ധങ്ങള്‍ അട്ടിമറിക്കേണ്ടെന്ന നിലപാട് ഇന്ത്യയും അമേരിക്കയും സൌകര്യപൂര്‍വം സ്വീകരിച്ചു എന്നതാണ് യാഥാര്‍ഥ്യം. എന്ത് സംഭവിച്ചാലും കോര്‍പറേറ്റ് ബന്ധങ്ങള്‍ക്ക് കേടൊന്നും വരരുത്. ഇന്ത്യയെ എപ്പോഴും നിക്ഷേപസൌഹൃദരാഷ്ട്രമായി വിലയിരുത്തണം. പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഭീതിയൊന്നും കൂടാതെ കുത്തകകള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം നീങ്ങാന്‍ സൌകര്യമൊരുക്കണം- ഇതൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നയം.
തങ്ങള്‍ എന്തു ഗുരുതരമായ കുറ്റംചെയ്താലും എളുപ്പത്തില്‍ രക്ഷപ്പെടാനാകുമെന്ന ബോധ്യം ബഹുരാഷ്ട്രകുത്തകകള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കുമുണ്ട്. കോര്‍പറേറ്റുകളും സര്‍ക്കാരിനുള്ളിലെ അവരുടെ അനുകൂലികളും ഭോപാലും ഡല്‍ഹിയും ഭരിച്ച പ്രധാന രാഷ്ട്രീയപാര്‍ടികളും ഭോപാല്‍ദുരന്തത്തെയും അതിന്റെ ഭാഗമായുള്ള ജനകീയപ്രസ്ഥാനത്തെയും നാണക്കേടായാണ് കണ്ടിരുന്നത്. കച്ചവടം തടസ്സംകൂടാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ദുരന്തപ്രശ്നങ്ങള്‍ വേഗം കുഴിച്ചുമൂടണമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്തായാലും ഭോപാല്‍ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാനായി നടത്തിയ നീണ്ട നിയമയുദ്ധത്തില്‍ പങ്കെടുത്തവര്‍ ഇപ്പോഴത്തെ വിധിയെ പോരാട്ടത്തിന്റെ അവസാനമായല്ല, അതിന്റെ ഒരു ഘട്ടംമാത്രമായാണ് കാണുന്നത്.
'ശിക്ഷ പോരാ; ഫാക്ടറിയുടെ അനാസ്ഥ കോടതി കണ്ടില്ല'
ഭോപാല്‍ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണവും മരിച്ചപോലെ ജീവിതം തള്ളിനീക്കുന്നവരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ഇത് ശിക്ഷയേയല്ലെന്ന് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച വിദഗ്ധസംഘത്തില്‍ അംഗമായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. സി എസ് പത്മനാഭ അയ്യര്‍. "ഈ ശിക്ഷ തീര്‍ത്തും അപര്യാപ്തമാണ്''- കോടതിവിധിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച പത്മനാഭ അയ്യര്‍ ദേശാഭിമാനിയോട് പറഞ്ഞു.
"യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ വിചാരണക്കിടയില്‍ ഒരുതവണപോലും കോടതിക്കുമുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യാ ഗവമെന്റിന് കഴിഞ്ഞില്ല. ഇപ്പോഴും ശിക്ഷ വിധിച്ചിട്ടുള്ളത് ഏതാനും ഉദ്യോഗസ്ഥര്‍ക്കുമാത്രം.''
"വെള്ളത്തില്‍ തുണിമുക്കി അത് മൂക്കിലും വായിലും അമര്‍ത്തിപ്പിടിച്ചാല്‍ ഈ വിഷവാതകം ശ്വസിക്കാതിരിക്കാം. എന്നാല്‍, ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് വിഷവാതകമാണെന്നോ അത് ശ്വസിക്കാതിരിക്കാന്‍ ഈ മുന്‍കരുതല്‍ എടുക്കാമെന്നോ ഫാക്ടറി അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല. ഫാക്ടറിക്കകത്ത് വിഷവാതകം ശ്വസിച്ച് ഒരാള്‍മാത്രമാണ് മരിച്ചത്. മരിച്ചവരും പ്രത്യാഘാതം അനുഭവിച്ചവരും ഫാക്ടറിക്ക് വെളിയിലുള്ളവരാണ്.''
"വാതകം റഫ്രിജറേറ്റുചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനവും അവിടെ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വെര്‍ജീനിയയില്‍ വാതകം സൂക്ഷിക്കാന്‍ അഞ്ചു ടണ്‍ മാത്രം ശേഷിയുള്ള ടാങ്കുകളാണ് കമ്പനി നിര്‍മിച്ചിരുന്നതെങ്കില്‍, ഇവിടെ സാമ്പത്തികലാഭം കണക്കിലെടുത്ത് 50 ടണ്‍ ശേഷിയുള്ള ടാങ്കാണ് നിര്‍മിച്ചത്.''
"കാര്‍ബൈഡ് ഫാക്ടറിയുടെ അനാസ്ഥ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് രണ്ടുവര്‍ഷത്തിനുശേഷം 1986ല്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കോടതി പരിഗണിച്ചിട്ടില്ല. എന്തായാലും വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കണം. ദുരന്തത്തിന് ഇരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കണം''- അദ്ദേഹം വ്യക്തമാക്കി.
ഭോപാല്‍ദുരന്തസമയത്ത് പത്മനാഭ അയ്യര്‍ മുംബൈയില്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ മെറ്റീരിയല്‍ സര്‍ട്ടിഫിക്കേഷന്‍ വിഭാഗം തലവനായിരുന്നു. ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച 15 അംഗ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും സിഎസ്ഐആറില്‍നിന്നുള്ളവരായതിനാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്നാണ് ഇദ്ദേഹത്തെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
(ടി എന്‍ സീന)
നിയമവ്യവസ്ഥയെ അപഹാസ്യമാക്കുന്നു: സിഐടിയു
ഭോപാലിലെ വാതകദുരന്തത്തില്‍ കുറ്റക്കാരായ എല്ലാവര്‍ക്കും ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സിഐടിയു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം. രാജ്യത്തെ ഭരണ- നിയമവ്യവസ്ഥയെ അപഹാസ്യമാക്കി മാറ്റുന്നതാണ് വിധി. യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനി ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ നടത്തിയ ഗുരുതരമായ കുറ്റം സുപ്രീംകോടതിയടക്കം വിവിധ കോടതികള്‍ തുടക്കംമുതല്‍ ലഘൂകരിക്കുകയായിരുന്നു. കേസിലെ എല്ലാ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍പറത്താന്‍ കുത്തകസ്ഥാപനങ്ങള്‍ക്ക് പ്രേരണയാകുന്നതാണ് കോടതിവിധി. ആണവബാധ്യതാ ബില്ലിന്റെ കാര്യത്തിലെന്നപോലെ അമേരിക്കയുമായുള്ള തന്ത്രപര 'ഇടപെടല്‍' കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നാല്‍ ഇത്തരത്തിലുള്ള അപകടം ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.
*
കടപ്പാട്: ദേശാഭിമാനി
Subscribe to:
Post Comments (Atom)
5 comments:
ഇന്ത്യയുമായുള്ള തന്ത്രപരപങ്കാളിത്തം നിലനിര്‍ത്തുന്നതിനായി ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി അമേരിക്ക പ്രകീര്‍ത്തിക്കാറുണ്ട്. എന്നാല്‍, ഇന്ത്യയുടെ നീതിന്യായസംവിധാനത്തെ അമേരിക്ക പരിഗണിക്കാറുണ്ടോ? അതോ അമേരിക്കക്കാരും ബഹുരാഷ്ട്രകുത്തകകളുമൊക്കെ ഇന്ത്യയുടെ നിയമസംവിധാനത്തിന് അപ്പുറമാണെന്നുണ്ടോ? ഒരു കേസിനുവേണ്ടി കോര്‍പറേറ്റ് ബന്ധങ്ങള്‍ അട്ടിമറിക്കേണ്ടെന്ന നിലപാട് ഇന്ത്യയും അമേരിക്കയും സൌകര്യപൂര്‍വം സ്വീകരിച്ചു എന്നതാണ് യാഥാര്‍ഥ്യം. എന്ത് സംഭവിച്ചാലും കോര്‍പറേറ്റ് ബന്ധങ്ങള്‍ക്ക് കേടൊന്നും വരരുത്. ഇന്ത്യയെ എപ്പോഴും നിക്ഷേപസൌഹൃദരാഷ്ട്രമായി വിലയിരുത്തണം. പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഭീതിയൊന്നും കൂടാതെ കുത്തകകള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം നീങ്ങാന്‍ സൌകര്യമൊരുക്കണം- ഇതൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നയം.
തങ്ങള്‍ എന്തു ഗുരുതരമായ കുറ്റംചെയ്താലും എളുപ്പത്തില്‍ രക്ഷപ്പെടാനാകുമെന്ന ബോധ്യം ബഹുരാഷ്ട്രകുത്തകകള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കുമുണ്ട്. കോര്‍പറേറ്റുകളും സര്‍ക്കാരിനുള്ളിലെ അവരുടെ അനുകൂലികളും ഭോപാലും ഡല്‍ഹിയും ഭരിച്ച പ്രധാന രാഷ്ട്രീയപാര്‍ടികളും ഭോപാല്‍ദുരന്തത്തെയും അതിന്റെ ഭാഗമായുള്ള ജനകീയപ്രസ്ഥാനത്തെയും നാണക്കേടായാണ് കണ്ടിരുന്നത്. കച്ചവടം തടസ്സംകൂടാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ദുരന്തപ്രശ്നങ്ങള്‍ വേഗം കുഴിച്ചുമൂടണമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്തായാലും ഭോപാല്‍ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാനായി നടത്തിയ നീണ്ട നിയമയുദ്ധത്തില്‍ പങ്കെടുത്തവര്‍ ഇപ്പോഴത്തെ വിധിയെ പോരാട്ടത്തിന്റെ അവസാനമായല്ല, അതിന്റെ ഒരു ഘട്ടംമാത്രമായാണ് കാണുന്നത്.
valare yojikkunnu........
ഈ ആന്‍ഡേര്‍സണ്‍ എന്ന വ്യക്തി അമേരിക്കന്‍ യൂണിയന്‍ കാര്‍ബൈഡിണ്റ്റെ സ്ഥപകന്‍ ആയിരുന്നു എന്നതൊഴിച്ചാല്‍ അയാള്‍ക്ക് ഈ പ്ളാണ്റ്റുമായി ഒരു ബന്ധവുമില്ല, ഈ പ്ളാണ്റ്റില്‍ നിരവധി തവണ ലീക്കുണ്ടായിരുന്നു എന്തു കൊണ്ട് അവിടത്തെ തൊഴിലാളികള്‍ സുരക്ഷ നടപടി ഉണ്ടാക്കണം എന്നു പറഞ്ഞില്ല അവര്‍ക്കു സാമൂഹിക ബോധം വേണ്ടേ അവര്‍ എന്തുകൊണ്ട് ചുറ്റുമുള്ള പാവങ്ങളെ ബോധവല്‍ക്കരിച്ചില്ല ഈ ആന്‍ഡേര്‍സണെ ഇവിടെ കൊണ്ടു വന്നാല്‍ എന്തു നടക്കും, ഇരുപത്താറു കൊല്ലം കഴിഞ്ഞു കേസില്‍ രണ്ട് കൊല്ലം ശിക്ഷ ആണു നല്‍കിയത് മണിച്ചനെ പോലെ ഉള്ള ഒരാള്‍ക്കുപോലും നാലു പരോള്‍ കൊണ്ട് തീരുന്ന ശിക്ഷ, ആന്‍ഡേര്‍സണെ തളക്കാന്‍ ഇതുകൊണ്ടു വല്ലതും പറ്റുമോ? ഇനി ഡിഫി ഇതിണ്റ്റെ പേരില്‍ ബന്ദു നടത്തുന്നുപോലും , വെറുതെ ഓരോ ആഭാസം എന്നല്ലാതെ എന്തു പറയാന്‍, ഈ യൂണിയന്‍ കാര്‍ബൈഡ് ഒരു റഷ്യന്‍ കമ്പനി ആണെന്നു വിചാരിക്കുക ഇവരാരും മിണ്ടില്ല എത്റ സുഖോയ് വിമാനം ഇന്ത്യയില്‍ തകറ്‍ ന്നു വീണു , കമ്യൂണിസ്റ്റുകാരന്‍ മിണ്ടിയിട്ടില്ല
ഈ വിധി നീതിക്ക് നിരക്കുന്നതല്ല, അല്ലെങ്ങിൽ ഇന്ത്യൻ ജുഡിഷറിയുടെയും അന്വേഷണ ഏജൻസികളുടേയും ന്യൂനതകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. സമയബദ്ധിതമായി ഒരു കോടതിയും വിധികൾ പ്രസ്താവിക്കുന്നില്ല എന്നതിൽ തുടങ്ങുന്നു നീതി നിഷേധം. ഇതൊരു വലിയ കേസ്സായതുകൊണ്ടല്ല വിധി പ്രസ്താവിക്കാൻ 25 വർഷമെടുത്തത്, അത് നമ്മുടെ കോടതിയുടെ മുഖമുദ്രയാണ്. ഒരു അതിർത്തി തർക്കംപോലും കോടതിയിൽ എത്തിയാലത്തെ അവസ്ഥ എന്താണ്? ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട് തയാറാക്കാൻ 17 വർഷമെടുത്തു!
ഭോപ്പാലിന്റെ ദുര്‍'വിധി'!
Post a Comment