
വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന ജനവിരുദ്ധ നിലപാടുകള്‍ പരിസ്ഥിതിപ്രശ്നങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്നു. മനുഷ്യരാശിയുടെ നിലനില്പ്പിനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മാറിയിട്ടും അത് പരിഹരിയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഒത്തുചേര്‍ന്ന കോപ്പഹേഗനിലെ ഉച്ചകോടി തീരുമാനമാകാതെ അട്ടിമറിയ്ക്കപ്പെട്ടതും അമേരിക്കന്‍ നേതൃത്വത്തിലുള്ള വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ കൈക്കൊണ്ട സമീപനത്തിന്റെ ഭാഗമായിരുന്നു. അമേരിക്ക കൈക്കൊണ്ട നിലപാടുകളോട് സന്ധിചെയ്യുന്ന സമീപനമാണ് രാജ്യത്തെ യു പി എ സര്‍ക്കാരും കൈക്കൊണ്ടത്. കോൺഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഈ നിലപാട് വ്യാപകമായി അപലപിക്കപ്പെട്ടതാണ്. ലോകജനസംഖ്യയുടെ പതിനേഴുശതമാനം വരുന്ന വികസിതരാഷ്ട്രങ്ങളുടെ കാര്‍ബൺ ബഹിര്‍ഗമനത്തോത് 74 ശതമാണ്. ഇതില്‍ 5 ശതമാനം മാത്രം ജനസംഖ്യയുള്ള അമേരിക്ക പുറംന്തള്ളുന്നത് 29 ശതമാനം കാര്‍ബണാണ്. ഈ വസ്തുത അവഗണിച്ചാണ് ഹരിതഗൃഹവാതകതോത് കുറയ്ക്കുന്നതില്‍ വികസിതരാഷ്ട്രങ്ങള്‍ക്കുതുല്യമായ ഉത്തരവാദിത്തം വികസ്വര-അവികസിതരാഷ്ട്രങ്ങള്‍ക്കുണ്ടെന്ന് അമേരിക്കന്‍ നേതൃത്വത്തില്‍ വാദമുയരുന്നത്. മാനവരാശിയുടെ നിലനില്പ്പ് അപകടത്തിലാക്കുന്ന വികസിതരാഷ്ട്രങ്ങളുടെ നിരുത്തരവാദപരമായ നടപടികള്‍ തുറന്നുകാണിക്കപ്പെടേണ്ടത് പരിസ്ഥിതിപ്രവര്‍ത്തനത്തിന്റെ മുന്നുപാധിയാണ്.
പരിസ്ഥിതിയ്ക്കും പ്രകൃതിവിഭവങ്ങള്‍ക്കും നേരിടുന്ന നാശം കേരളത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ സാമൂഹ്യപ്രശ്നമായി മാറിയിരിക്കുന്നു. മലിനീകരണം, പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ചൂഷണം, ഗുണനിലവാരം കുറഞ്ഞ പ്ളാസ്റിക് വസ്തുക്കളുടെ വര്‍ദ്ധിച്ച തോതിലുള്ള ഉപയോഗം, പകര്‍ച്ചവ്യാധികളുടെ വ്യാപനം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വിപുലമായ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്.
'ഭൂമിയ്ക്കായ് ഒരാള്‍ ഒരുമരം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ എറ്റെടുക്കുന്ന വിപുലമായ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അയ്യായിരം പരിസ്ഥിതി സൌഹൃദസദസ്സുകള്‍ സംഘടിപ്പിക്കും. ജൂൺ 1 മുതല്‍ 30 വരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പരിസ്ഥിതിസംരക്ഷണമാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുക. ഇതിനുപുറമെ എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ച് പരിസ്ഥിതിസമ്മേളനങ്ങള്‍ പതിനാലുജില്ലകളിലും വിളിച്ചുചേര്‍ക്കും. ലോകപരിസ്ഥിതിദിനമായ ജൂൺ 5 ഹരിതദിനമായാണ് സംസ്ഥാനത്താകെ ഡിവൈഎഫ്ഐ ആചരിക്കുന്നത്. ഈ ദിനത്തില്‍ കാല്‍ലക്ഷത്തോളംവരുന്ന ഡിവൈഎഫ്ഐ യൂണിറ്റുകളിലായി രണ്ടരലക്ഷത്തിലേറെ വൃക്ഷതൈകള്‍ നട്ടുപിടിപ്പിയ്ക്കും. പരിസ്ഥിതിസംരക്ഷണമാസാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണക്ളാസ്സുകള്‍, പരിസ്ഥിതിസംരക്ഷണസന്ദേശയാത്രകള്‍, പരിസ്ഥിതിസംരക്ഷണത്തിന്റെ അനിവാര്യത നേരിട്ട് ബോധ്യപ്പെടുത്തുന്ന ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രദര്‍ശനം, ഷോര്‍ട്ട്ഫിലിം/ഡോക്യുമെന്ററി പ്രദര്‍ശനം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്ഥവും വിപുലവുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നുണ്ട്. പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച സന്ദേശം ലോകമാകെയെത്തിയ്ക്കുന്നതിന്റെ ഭാഗമായുള്ള ഡിവൈഎഫ്ഐ ബ്ളോഗ് (http://dyfi-saveearth.blogspot.com/) ഇതിനകംതന്നെ നിലവില്‍ വന്നിട്ടുണ്ട്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുവേണ്ടി പ്രകൃതിയിലെ അസന്തുലിതാവസ്ഥ പരിഹരിയ്ക്കാന്‍ ഇടപെടുക എന്നത് വര്‍ത്തമാനകാലത്തെ അനിവാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഇത് തിരിച്ചറിഞ്ഞാണ്് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്. നമ്മുടെ ഭൂമിയുടെ ഹരിതാഭയും കുളിര്‍മയും നിലനിര്‍ത്താന്‍ നമ്മള്‍തന്നെ വിചാരിച്ചാലേ സാധിക്കൂ. ആവശ്യാനുസരണം പ്രകൃതിയില്‍ ലഭ്യമായിട്ടുള്ള വിഭവങ്ങള്‍ പങ്കുവെച്ച് ഭൂമിയിലെ മണ്ണും ജലവും മലിനപ്പെടുത്താതെ സമ്പുഷ്ടമായ ജൈവവൈവിധ്യത്തിന് പോറലേല്പ്പിയ്ക്കാതെ ശാന്തമായി ജീവിയ്ക്കണോ അതോ ഒരിക്കലും ഒടുങ്ങാത്ത മോഹങ്ങളുമായി മണ്ണും ജലവും മലിനമാക്കി ഭൂമിയുടെ ഹൃദയം വെട്ടിപ്പിളര്‍ന്ന് ഭൂമിയ്ക്ക് ചരമഗീതം പാടണോ എന്നതാണ് നിലവില്‍ ഉയര്‍ന്നുവരുന്ന പ്രസക്തമായ ചോദ്യം. ഇവിടെ ഈ ചോദ്യം മനസ്സിലേറ്റി ശരിയായ ഉത്തരം നല്കേണ്ടത് ഭൂമിയില്‍ അധിവസിക്കുന്ന എല്ലാ മനുഷ്യരുടേയും ഉത്തരവാദിത്തമാണ്. ചൂടേറിയ ഭൂമിയെ ഇനിയും പരിക്കേല്പ്പിക്കാതെ സംരക്ഷിയ്ക്കാന്‍ നമ്മളോരോരുത്തരും ഒരുമിച്ച് നീങ്ങേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പരിസ്ഥിതിസംരക്ഷണത്തിനായി കേരളമാകെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്. യുവജനനേതൃത്വത്തിലേറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍പേരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
*****
ടി വി രാജേഷ്
1 comment:
2010 ജനുവരി 8 മുതല്‍ 11 വരെ തിരുവനന്തപുരത്തു നടന്ന ഡിവൈഎഫ്ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം പരിസ്ഥിതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങുമെന്ന് പ്രഖ്യാപിച്ചു. സമ്മേളനം കൈക്കൊണ്ട ഈ തീരുമാനമാണ് ലോകപരിസ്ഥിതിദിനത്തില്‍ ലക്ഷക്കണക്കിന് വൃക്ഷതൈകള്‍ കേരളമാകെ വച്ചുപിടിപ്പിച്ചും മറ്റുപരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും യുവജനങ്ങള്‍ നടപ്പാക്കാന്‍ പോകുന്നത്.
ടി വി രാജേഷ് എഴുതുന്നു.
Post a Comment