Wednesday, May 11, 2011

തീവ്രവാദത്തിനു വളക്കൂറുള്ള മണ്ണൊരുക്കുന്നത് അമേരിക്കന്‍ നയം

ഒസാമാ ബിന്‍ ലാദന്റെ വധം തീവ്രവാദത്തിനെതിരായുള്ള യുദ്ധത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പാണെന്നാണ് അമേരിക്കയും സഖ്യകക്ഷികളും കരുതുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളുടെ അഭിപ്രായവും ഭിന്നമല്ല. ഒരു പരിധിവരെ ഇത് വാസ്തവവുമാണ്. എന്നാല്‍ ഇതോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചെന്നു കരുതുന്നത് മൗഢ്യമാണ്. ഇതുവരെയുള്ള രാഷ്ട്രീയ വിലയിരുത്തല്‍ അനുസരിച്ച് ഇത്തരം പ്രവൃത്തികള്‍ വര്‍ധിക്കുവാനാണ് സാധ്യത. വിരോധാഭാസമാവാം, അമേരിക്കയും അവരുടെ ചില സഖ്യകക്ഷികളും കാംഷിക്കുന്നതും ഇത്തരമൊരു ലോക സാഹചര്യമാണ്! കാരണം ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് അമേരിക്കയെ സംബന്ധിച്ചിടത്തോളം-തീവ്രവാദം മറ്റു രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള പഴുതാണ്. തീവ്രവാദത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും നല്ലൊരളവോളം അമേരിക്കന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക-വിദേശ നയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്.

ഗുവാന്റനാമോ തടവറയിലെ തടവുകാരനായിരുന്ന അഫ്ഗാന്‍ പൗരന്‍ ഷെയ്ക്ക് അബ്ദുള്‍ റഹിം മുസ്ലീം ദോസ്ത് എഴുതിയ കവിതയിലെ ഏതാനും ചില വരികള്‍ ഓര്‍മ വരുന്നു:

''അവര്‍ (അമേരിക്കക്കാര്‍) സമാധാനത്തെയും നന്മയെയുംകുറിച്ച്
ഗിരിപ്രഭാഷണം നടത്തും
സംവാദത്തിനു തയ്യാറാവും, കൊടും പാതകങ്ങളില്‍ ഏര്‍പ്പെടും
അവര്‍ സമാധാനത്തിനുവേണ്ടി യുദ്ധം ചെയ്യുന്നവരാണ്.''

ഒരു കവിത എന്ന നിലയില്‍ ഇത് എത്രത്തോളം വിലമതിക്കാനാവുമെന്നത് തര്‍ക്കിക്കപ്പെടാമെങ്കിലും, അതില്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്ന ആശയം മനസിനെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഏതാണ്ട് ഇതേ അര്‍ഥം ധ്വനിപ്പിക്കുന്ന വാക്കുകള്‍ ബ്രെറ്റ് റാറ്റ്‌നര്‍ സംവിധാനം ചെയ്ത സിനിമയിലെ (Rush Hour 3) ടാക്‌സിക്കാരന്‍ ഉപയോഗിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. തന്റെ വണ്ടിയില്‍ കയറിയവര്‍ (സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍) അമേരിക്കന്‍ പൗരന്‍മാരാണെന്ന് അറിയുന്നതോടെ അദ്ദേഹം അവരോടായി പറയുന്നു-'-അമേരിക്കക്കാര്‍, അവര്‍ അകാരണമായി ജനങ്ങളെ കൊന്നൊടുക്കുന്നു.''

ദോസ്തിന്റെയും ടാക്‌സി ഡ്രൈവറുടെയും വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന വൈരുധ്യം-സമാധാനത്തിനുവേണ്ടി യുദ്ധം ചെയ്യുന്നു; കാരണമില്ലാതെ ജനങ്ങളെ കൊന്നൊടുക്കുന്നു-ശ്രദ്ധേയമാണെങ്കിലും അതിനെക്കാള്‍ ഗൗരവമേറിയതാണ് അവയില്‍ നിറഞ്ഞുനില്‍ക്കുന്ന സാധാരണ മനുഷ്യരുടെ (പ്രത്യേകിച്ച് മൂന്നാം ലോകരാഷ്ട്രങ്ങളിലെ ജനങ്ങളുടെ) നിസഹായതയും നെഞ്ചിലെ നീറ്റലും. ഈ നിസഹായതയും നീറ്റലുമാണ് തുടക്കത്തില്‍ അമേരിക്കന്‍ വിരുദ്ധ വികാരമായും ഒടുവില്‍ തീവ്രവാദമായും പരിണമിക്കുന്നത് എന്ന് ചരിത്രം പറയുന്നു.

1945 നുശേഷമുള്ള അറുപത്തിയാറുവര്‍ഷം അമേരിക്ക യുദ്ധം നടത്തിയ രാജ്യങ്ങളുടെ എണ്ണം ഇരുപത്തിഒന്നാണ്. ഇവയില്‍ പല രാജ്യങ്ങളുമായി ഒന്നില്‍കൂടുതല്‍ തവണ അവര്‍ ബലം പരീക്ഷിച്ചിട്ടുണ്ട്. ഇറാഖില്‍ മാത്രം അമേരിക്കയുടെ യുദ്ധവെറിമൂലം മരിച്ചത് അഞ്ചുലക്ഷം കുട്ടികളാണ്. മരിച്ച മുതിര്‍ന്നവരുടെ എണ്ണം ഇതിനെക്കാള്‍ എത്രയോ വലുതാണ്. അഫ്ഗാനിസ്ഥാനിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വിമാനങ്ങളില്‍ നിന്ന് കൃത്രിമ അവയവങ്ങള്‍ താഴേയ്ക്ക് ഇടുമ്പോള്‍ ഉണ്ടാകുന്ന തിക്കും തിരക്കും മൂലം അനേകം പേര്‍ - കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ-മരിക്കാറുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഈ അവസ്ഥ ഇപ്പോഴും തുടരുന്നു. ദോസ്ത് പറയുംപോലെ അമേരിക്കന്‍ ഭരണകൂടം സമാധാനത്തിനുവേണ്ടി നടത്തിയ യുദ്ധങ്ങളുടെ സന്തതികളാണ് ഈവിധം അംഗഭംഗം വന്ന ജനാവലി. ഇതിന്റെ മറുവശമാണ് ജനാധിപത്യസര്‍ക്കാരുകളെ അട്ടിമറിച്ചും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ താങ്ങിനിര്‍ത്തിയും സ്വന്തം തൊപ്പിയിലെ തൂവലുകളുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ മാറിമറിവരുന്ന ഭരണകൂടങ്ങള്‍ കാണിക്കുന്ന വ്യഗ്രത. സ്‌പെയിനിലെ ജനറല്‍ ഫ്രാങ്കോയിന്‍ തുടങ്ങി ചിലിയിലെ പിനോഷെവരെയുള്ള ഭരണാധിപന്‍മാരെ താങ്ങിനിര്‍ത്തിയതും ഇത്തരം ഭരണകൂടങ്ങളെ ലോകത്തെമ്പാടും ഇപ്പോഴും നിലനിര്‍ത്തുന്നതും അമേരിക്കയാണെന്ന വസ്തുത സുവിദിതമാണല്ലോ. വിരോധാഭാസമാവാം ഇതിനെല്ലാം അമേരിക്ക ആശ്രയിക്കുന്നത് തീവ്രവാദശൃംഖലകളെയാണ്! ഇതിന്റെ ഉപോല്‍പ്പന്നമാണ് ഭസ്മാസുരവേഷമണിഞ്ഞ ഒസാമാ ബിന്‍ ലാദന്‍.

ഏറ്റവും രസകരമായ വസ്തുത, ഇത്തരം അട്ടിമറികളും 'സമാധാന യുദ്ധങ്ങളും' അമേരിക്ക നടത്തിപോരുന്നത് സ്വന്തം ബഹുരാഷ്ട്ര കുത്തകകളുടെ കച്ചവട താല്‍പര്യം സംരക്ഷിക്കുവാനാണെന്നതാണ്, വിശേഷിച്ച് ആയുധനിര്‍മാണ കമ്പനികളുടെ. രാജ്യത്തിന്റെ ജി ഡി പിയുടെ ഇരുപത്തിയഞ്ചു ശതമാനവും ആയുധകച്ചവടത്തില്‍ നിന്നാണ് വരുന്നതെന്നത് ശ്രദ്ധേയമാണ്. ആഗോളവല്‍ക്കരണമെന്നും നവലിബറലിസമെന്നുമൊക്കെ ഓമനപേരു നല്‍കി വിളിക്കുന്ന ഇത്തരം നീക്കങ്ങള്‍ മൂന്നാം ലോകത്ത് സൃഷ്ടിക്കുന്ന സാംസ്‌കാരിക പ്രശ്‌നങ്ങളും ചില്ലറയല്ല. ഒരുവേള, ഭൗതികോല്‍പ്പന്നങ്ങളെക്കാള്‍ സാംസ്‌കാരിക ഉല്‍പ്പന്നങ്ങളാണ് മൂന്നാംലോക സമൂഹങ്ങളുടെ നിലനില്‍പ്പിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് എന്ന് വരുന്നു. ഹോളിവുഡും മക്‌ഡൊണാള്‍ഡും അമേരിക്കന്‍ ഇംഗ്ലീഷുമൊക്കെ സാംസ്‌കാരികാധിനിവേശത്തിന്റെ ചിഹ്നങ്ങളായാണ് ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. ഇംഗ്ലീഷിന്റെ വ്യാപനംമൂലം രണ്ടാഴ്ചയില്‍ ഒരു പ്രാദേശികഭാഷ ഇല്ലാതാവുന്നു എന്നാണ് കണക്ക്. ഭാഷയുടെ അന്ത്യമെന്നാല്‍ ചിന്തയുടെയും ചരിത്രത്തിന്റെ തന്നെയും അവസാനത്തെകുറിക്കുന്നു. മാത്രമല്ല സ്വത്വസംഘര്‍ഷങ്ങളുടെ വെടിമരുന്നും അത് ഇടുന്നു.

ഇതെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന നിരാശയില്‍ നിന്ന്, അരക്ഷിതബോധത്തില്‍നിന്ന്, വെറുപ്പില്‍നിന്ന് ഉടലെടുക്കുന്നതാണ് തീവ്രവാദം. ചിന്നഭിന്നമാക്കപ്പെട്ട സമൂഹങ്ങള്‍, സ്വന്തമായി മണ്ണും വിണ്ണും ഇല്ലാത്തവരുടെയും സ്വന്തം ജീവന് വിലയില്ലെന്ന് തിരിച്ചറിവുള്ളവരുടെയും ലോകം - തീവ്രവാദികളുടെ ലോകം. മതമൗലികവാദം കൂടി ഇതോട് ചേരുമ്പോള്‍ അതിന്റെ ശക്തി പതിന്‍മടങ്ങ് വര്‍ധിക്കുന്നു.

ബിന്‍ ലാദന്റെ വധംകൊണ്ട് പരിഹരിക്കുവാന്‍ കഴിയാത്ത കാര്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചവ. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായൊരു ലോകക്രമത്തെ അംഗീകരിക്കുവാനും മറ്റുരാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുവാനും അമേരിക്കന്‍ ഭരണകൂടം ശീലിക്കേണ്ടിയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. തീവ്രവാദത്തിനെതിരായുള്ള നീക്കങ്ങള്‍ ആരംഭിക്കേണ്ടത് സഹവര്‍ത്തിത്വത്തില്‍ നിന്നാണ്, മേല്‍ക്കോയ്മയില്‍ നിന്നല്ല. നിര്‍ഭാഗ്യവശാല്‍ അമേരിക്ക മനസ്സിലാക്കാത്ത ഏറ്റവും വലിയ പാഠവും ഇതുതന്നെ.

*
ഡോ. ജെ പ്രഭാഷ് ജനയുഗം 11 മേയ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗുവാന്റനാമോ തടവറയിലെ തടവുകാരനായിരുന്ന അഫ്ഗാന്‍ പൗരന്‍ ഷെയ്ക്ക് അബ്ദുള്‍ റഹിം മുസ്ലീം ദോസ്ത് എഴുതിയ കവിതയിലെ ഏതാനും ചില വരികള്‍ ഓര്‍മ വരുന്നു:

''അവര്‍ (അമേരിക്കക്കാര്‍) സമാധാനത്തെയും നന്മയെയുംകുറിച്ച്
ഗിരിപ്രഭാഷണം നടത്തും
സംവാദത്തിനു തയ്യാറാവും, കൊടും പാതകങ്ങളില്‍ ഏര്‍പ്പെടും
അവര്‍ സമാധാനത്തിനുവേണ്ടി യുദ്ധം ചെയ്യുന്നവരാണ്.''