Sunday, May 15, 2011

ബാദൽ സർക്കാർ അന്തരിച്ചു

പ്രമുഖ ജനകീയ നാടകകാരൻ ബാദൽ സർക്കാർ അന്തരിച്ചു. 86 വയസ്സായിരുന്നു. ഉത്തര കൊൽക്കത്തയിലെ മണിക്തലയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. തെരുവും വീട്ടുമുറ്റവുമൊക്കെ തിയറ്ററാക്കി മാറ്റിയ അദ്ദേഹം, നാടകത്തിന്റെ നിരവധി സങ്കേതങ്ങളെ മാറ്റിയെഴുതി. ബ്രഹ്തിന്റെ അസംബന്ധനാടക സങ്കേതത്തെ പിൻപറ്റിയായിരുന്നു ബാദൽ സർക്കാരിന്റെ പരീക്ഷണങ്ങൾ.

അമ്പതിൽപരം നാടകങ്ങൾ അദ്ദേഹം രചിച്ചു. പാഗൽ ഘോഡ, ഏവം ഇന്ദ്രജിത് എന്നീ നാടകങ്ങൾ ഏറെ ജനപ്രീതി നേടി. സിവിൽ എൻജിനിയറായിരുന്ന അദ്ദേഹം ടൌൺ പ്ലാനറായി ജോലി ചെയ്തിരുന്നു. 1963ൽ നൈജീരിയയിൽ ജോലിചെയ്യുന്ന സമയത്ത് എഴുതിയ ഏവം ഇന്ദ്രജിത് എന്ന നാടകം ഏറെ ശ്രദ്ധ നേടി. ലണ്ടനിൽ ജോലിചെയ്തിരുന്ന കാലത്ത് ആധുനിക തിയറ്റർ കലാകാരന്മാരുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തിന്റെ നാടക സങ്കൽപ്പങ്ങളെ മാറ്റിമറിച്ചു.

സമകാലിക നാടകത്തെ അതിന്റെ വേദി, ഉള്ളടക്കം, ആവിഷ്കാരരീതി എന്നിവകൊണ്ട് അടിമുടി മാറ്റിമറിച്ചു. ബാക്കി ഇതിഹാസ്, ബാസി ഖർ, ഭോമ, സ്പാർടക്കസ് എന്നിവ ജനപ്രീതി നേടി. ഏഴുപതുകളിൽ അദ്ദേഹത്തിന്റെ തെരുവുനാടകങ്ങൾ കൊൽക്കത്തയെ ഇളക്കിമറിച്ചു. ഭരണകൂടത്തിനെതിരായിരുന്നു പൊതുവിൽ അദ്ദേഹത്തിന്റെ നാടകങ്ങൾ.

1967ൽ ശതാബ്ദി എന്ന പേരിൽ നാടകസംഘം രൂപീകരിച്ചു. മൂന്നാം തിയറ്റർ എന്നാണ് തന്റെ നാടകസംഘത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. 1976ൽ കൊൽക്കത്തയിലെ കഴ്സൺ പാർക്കിൽ ആഴ്ചയിലൊരിക്കൽ അവതരിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ നാടകം പിന്നീട് ഗ്രാമങ്ങളിലേക്കും സഞ്ചരിക്കാൻ തുടങ്ങി.

1968ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും 1997ൽ അക്കാദമി ഫെലോഷിപ്പും ലഭിച്ചു. കഴിഞ്ഞ വർഷം പത്മവിഭൂഷണ് ശുപാർശ ചെയ്തിരുന്നുവെങ്കിലും അദ്ദേഹം നിരസിച്ചു. തൃശൂരിൽ അടുത്തിടെ നടന്ന അന്താരാഷ്‌ട്ര നാടകോത്സവത്തിൽ സംസ്ഥാന സർക്കാർ അദ്ദേഹത്തെ ആദരിച്ചു.


തൃശൂരിന്റെ ഓര്‍മകളില്‍ മേഘവര്‍ഷമായി ബാദല്‍

അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് വിറയാര്‍ന്ന ശരീരവുമായി കടന്നുവന്ന വംഗനാട്ടിലെ വിപ്ലവ നാടക കലാകാരനെ സാംസ്കാരിക നഗരിക്ക് മറക്കാനാവില്ല. ബാദല്‍ സര്‍ക്കാരിന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ അന്ന് ചടങ്ങ് ക്രമീകരിച്ചു. വൈകിയെത്തിയ അദ്ദേഹത്തെ ഹര്‍ഷാരവത്തോടെയാണ് തൃശൂരിലെ നാടകപ്രേമികള്‍ വരവേറ്റത്.

ഇന്ത്യന്‍ നാടക വേദിയുടെ ഇടിമുഴക്കമായ മഹാന്റെ വേര്‍പാട് സാംസ്കാരിക നഗരിയും ജില്ലയിലെ നാടക പ്രസ്ഥാനവും വേദനയോടെയാണ് ശ്രവിച്ചത്. ബാദലിന്റെ നാടകങ്ങള്‍ക്ക് തൃശൂരില്‍ എന്നും നിറഞ്ഞ സദസ്സായിരുന്നു. തൃശൂരില്‍ മൂന്ന് തവണ അദ്ദേഹം എത്തി. ഇന്ത്യന്‍ നാടക പ്രസ്ഥാനത്തിന് സമഗ്ര സംഭാവന നല്‍കിയ നാടക പ്രതിഭകള്‍ക്ക് പുരസ്കാരം നല്‍കാന്‍ കേരള സംഗീത നാടക അക്കാദമി തീരുമാനിച്ചപ്പോള്‍ ആദ്യമായി തെരഞ്ഞെടുത്തത് അദ്ദേഹത്തെയായിരുന്നു. മൂന്നുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരത്തിനായി മറ്റൊരുപേര് നിര്‍ദേശിക്കാന്‍ ഇന്ത്യന്‍ തിയറ്റര്‍ ലോകത്തിനുമാകുമായില്ല. അമ്മന്നൂര്‍ മാധവച്ചാക്യാര്‍ പുരസ്കാരം ഏറ്റുവാങ്ങാനായി കഴിഞ്ഞ ഡിസംബര്‍ 22നാണ് ബാദല്‍ സര്‍ക്കാര്‍ അവസാനമായി തൃശൂരിലെത്തിയത്. ഇറ്റ്ഫോക്കിന്റെ ഉദ്ഘാടന വേദിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് അധ്യക്ഷനായ മന്ത്രി എം എ ബേബി ചടങ്ങ് ക്രമീകരിച്ചു.

ഇന്ത്യയിലെ ആധുനിക രംഗകലയുടെ ആചാര്യനും പൊതുജനത്തെ വിപ്ലവവല്‍ക്കരിക്കാന്‍ ഉതകുംവിധം സംവേദനക്ഷമതയുള്ള നാടകങ്ങള്‍ ഒരുക്കുകയും ചെയ്ത ആചാര്യനാണ് ബാദല്‍ . "ഏവം ഇന്ദ്രജിത്ത്, സുഖ പടേര്‍ ഭാരതീര്‍ ഇതിഹാസ്, ഭോമ, വാശി ഖബര്‍ , ബാകി ഇതിഹാസ്" തുടങ്ങിയ നാടകങ്ങള്‍ ഇന്ത്യയിലുടനീളം ജനസദസ്സുകളെ ആകര്‍ഷിച്ചു. ഘോഷയാത്രയാണ് ഏറ്റവും അധികം കേരളത്തില്‍ അവതരിപ്പിച്ച നാടകം. ഗ്രോട്ടോവ്സ്കിയുടെ ദരിദ്ര നാടക വേദി(പുവര്‍ തിയറ്റര്‍), ജുലിയന്‍ ബക്കിന്റെ ലൈവ് തിയറ്റര്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. മൂന്നാം നാടക വേദി എന്ന പ്രസ്ഥാനത്തിനും രൂപം നല്‍കുകയും തേഡ് തിയറ്റര്‍ എന്ന കൃതി പ്രസിദ്ധീകരിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഭോമ എന്ന നാടകം, ജോസ് ചിറമ്മലിന്റെ "റൂട്ടിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ പലഭാഗങ്ങളിലും അവതരിപ്പിച്ചു. തൊണ്ണൂറുകളുടെ ആരംഭത്തില്‍ തിയറ്റര്‍ ഐയുടെ ആഭിമുഖ്യത്തില്‍ ബാദലിന്റെ "ഹത്താ മലകള്‍ക്ക് അപ്പുറത്ത് എന്ന നാടകവും അവതരിപ്പിച്ചു. ശില്‍പ്പത്തിന്റെ അഴകല്ല ഉള്ളടക്കത്തിന്റെ ശക്തിതന്നെയാണ് അദ്ദേഹത്തിന്റെ നാടകങ്ങളുടെ കരുത്ത് എന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി അനുസ്മരിച്ചു.

തൃശൂരിലെ വിവിധ നാടക പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും 18ന് വൈകിട്ട് അഞ്ചിന് റീജണല്‍ തിയറ്ററില്‍ ബാദല്‍ സര്‍ക്കാരിനെ അനുസ്മരിക്കും. ഘോഷയാത്ര എന്ന അദ്ദേഹത്തിന്റെ നാടകവും അവതരിപ്പിക്കും.


*****


ജോബിന്‍സ് ഐസക്ക് , കടപ്പാട് :ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പ്രമുഖ ജനകീയ നാടകകാരൻ ബാദൽ സർക്കാർ അന്തരിച്ചു. 86 വയസ്സായിരുന്നു. ഉത്തര കൊൽക്കത്തയിലെ മണിക്തലയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. തെരുവും വീട്ടുമുറ്റവുമൊക്കെ തിയറ്ററാക്കി മാറ്റിയ അദ്ദേഹം, നാടകത്തിന്റെ നിരവധി സങ്കേതങ്ങളെ മാറ്റിയെഴുതി. ബ്രഹ്തിന്റെ അസംബന്ധനാടക സങ്കേതത്തെ പിൻപറ്റിയായിരുന്നു ബാദൽ സർക്കാരിന്റെ പരീക്ഷണങ്ങൾ.

Rajeeve Chelanat said...

ഈ മനുഷ്യന്റെ നാടകങ്ങൾ നേരിട്ട് കാണാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ചുരുക്കം ചില ഭാഗ്യങ്ങളിൽ ഒന്ന്.

നാടകത്തെ രാഷ്ട്രീയവും ജീവിതദർശനവുമാക്കിയ ഈ മഹാനായ കലാകാരന് ആദരാഞ്ജലികൾ.