Tuesday, May 17, 2011

കലക്കവെള്ളത്തിലെ മീൻപിടിക്കൽ

ന്യൂ‍യോർക്ക് ടൈംസ് രണ്ടുദിവസം മുൻപ് പുറത്തുവിട്ടിരിക്കുന്ന ഒരു വാർത്ത യു.എ.ഇ.യെ സംബന്ധിച്ചിടത്തോളം ഒട്ടും സുഖകരമല്ലാത്ത ഒന്നാണ്. ആ വാർത്തയുടെ സത്യാവസ്ഥയെക്കുറിച്ച് തീർച്ച പറയാൻ നമുക്കാവില്ലെങ്കിലും അത് സത്യമായിരിക്കാനുള്ള സാധ്യതകൾ നിരവധിയാണ്.

യു.എ.ഇ. സൈന്യത്തിന്റെ പ്രവർത്തന-ആസൂത്രണ-പരിശീലന പരിപാടികളെ സഹായിക്കാൻ റിഫ്ലക്സ് റെസ്പോൺസസ് എന്ന ഒരു അബുദാബി കമ്പനിക്ക് കരാർ കൊടുത്തിരിക്കുന്നു എന്നതാണ് ആ വാർത്ത. ഒരു ഹോളിവുഡ്ഡ് ത്രില്ലറിന്റെ തിരക്കഥയെ അനുസ്മരിപ്പിക്കുന്നതെങ്കിലും വിശദമായ മറ്റൊരു ലേഖനവും ന്യൂയോർക്ക് ടൈംസിൽ കാണാം

രാജ്യത്തിന്റെ സൈന്യത്തിന് പരിശീലനം കൊടുക്കാൻ ഒരു സ്വകാര്യ സ്ഥാപനത്തെ ഏർപ്പാടാക്കുന്ന പരിപാടി എത്രത്തോളം ധാർമ്മികമാണെന്ന ചോദ്യം അവിടെ നിൽക്കട്ടെ. ഈ റിഫ്ലക്സ് റെസ്പോൺസസ് എന്ന കമ്പനിയെക്കുറിച്ച് നമ്മൾ ഇതിനുമുൻപ് കേട്ടിട്ടുണ്ടോ? ഉണ്ടാവില്ല. പക്ഷേ അതിന്റെ മാതൃസ്ഥാപനത്തിന്റെ പേര് നമ്മൾ നിശ്ചയമായും കേട്ടിട്ടുണ്ടാകും. ബ്ലാക്ക് വാട്ടർ യു.എസ്.എ എന്നായിരുന്നു അതിന്റെ പഴയ പേര്. പിന്നീട് ബ്ലാക്ക് വാട്ടർ വേൾഡ്‌വൈഡ് എന്നും, എക്സ്.ഇ. എന്നുമൊക്കെ പല പല പേരിലേക്കും അത് മാറിയെങ്കിലും, അതിന്റെ പ്രധാന പ്രവർത്തനം, സർക്കാരുകൾക്കും, പെട്രോകെമിക്കൽ, വാർത്താവിനിമയ, ഇൻഷുറൻസ് സ്ഥാപനങ്ങൾക്കും മറ്റും സുരക്ഷ ഒരുക്കുക എന്നതാണ്.

സുരക്ഷാസൌകര്യങ്ങൾ ഒരുക്കുന്ന സ്ഥാപനങ്ങളെ നമ്മൾ സെക്യൂരിറ്റി കമ്പനികൾ എന്നു പൊതുവെ നിർദ്ദോഷമായി വിളിക്കാറുണ്ടെങ്കിലും ഇതതല്ല. വേണ്ടിവന്നാൽ, വെറും സംശയത്തിന്റെയോ മുൻകരുതലിന്റെയോ ന്യായം പറഞ്ഞ് ജനങ്ങൾക്കുനേരെ നിറയൊഴിക്കാൻ അധികാരങ്ങളുള്ള ഒരു കൊലയാളിസംഘമാണ് ഇത്. ആ അധികാരം നിരവധി തവണ പലയിടത്തും പ്രയോഗിച്ച മഹത്തായ പാരമ്പര്യവുമുണ്ട് അവർക്ക്. ഇക്കൂട്ടരെ വിശേഷിപ്പിക്കാൻ ഇംഗ്ലീഷിൽ മെഴ്‌സിനറി എന്നൊരു വാക്കുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഈ ബ്ലാക്ക്‌വാട്ടർ. നമ്മുടെ സ്വന്തം ഇന്ത്യയുടെ രൺബീർ സേനയുടെയും സൽ‌വാ ജുദൂമിന്റെയൊക്കെ ഒരു കൂടിയ വിദേശി പതിപ്പ്. പതിന്മടങ്ങ് അധികാരങ്ങളും, ആയുധങ്ങളും പരിശീലനം സിദ്ധിച്ച വിവിധ രാജ്യക്കാരും പ്രായോജകരും ഒക്കെയുള്ള ഒരു സ്വകാര്യ സൈന്യം.

അമേരിക്കക്കും സി.ഐ.എക്കും വേണ്ടി സുരക്ഷാസന്നാഹങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബ്ലാക്ക്‌വാട്ടർ ഇറാഖിലെയും അഫ്ഘാനിസ്ഥാനിലെയും പൌരന്മാരെ കൊന്നൊടുക്കാൻ തുടങ്ങിയതോടെയാണ് ലോകശ്രദ്ധയിൽ വരുന്നത്. അമേരിക്കയുടെയും അവരുടെ സഖ്യരാജ്യങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാനെന്ന പേരിൽ അവർ നടത്തിയ അക്രമപരമ്പരകൾക്കെതിരെ, ഇറാഖിലും, അഫ്ഘാനിസ്ഥാനിലും, അമേരിക്കയിലും വരെ ക്രിമിനൽ കേസുകളും നിലവിലുണ്ട്. 2007 സെപ്തംബറിൽ ബാഗ്ദാദിലെ നിസൂറി ചത്വരത്തിൽ വെച്ച് 17 സിവിലിയന്മാരെ ബ്ലാക്ക് വാട്ടറിന്റെ സ്വകാര്യ സേനാംഗങ്ങൾ വെടിവെച്ച് കൊന്നതോടെയാണ് ഇറാഖിലെ പ്രവർത്തനം നിർത്തിവെക്കാൻ അവർ നിർബന്ധിതരായത്. “അതിരുകവിഞ്ഞ ആയുധ പ്രയോഗം നടന്നതായി” അമേരിക്കക്കുപോലും സമ്മതിക്കേണ്ടിവരികയും ചെയ്തു.

ആ സൈന്യത്തെയാണ് യു.എ.ഇ. ഇവിടേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇതിലെ അംഗങ്ങളെല്ലാവരും മറുനാടുകളിൽനിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടവരാണ്. പ്രത്യേകിച്ചും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽനിന്നും ആഫ്രിക്കയിൽനിന്നും. യു.എ.ഇ.യിലെത്തിയ ഈ സേനയിലാകട്ടെ കൊളമ്പിയക്കാരാണുള്ളത് എന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു.

സ്വന്തം സൈന്യത്തിന്റെ കഴിവിലുള്ള അവിശ്വാസമാണോ യു.എ.ഇ.യെ ഇതിനു പ്രേരിപ്പിച്ചത്? അതോ ഇറാൻ എന്ന അയൽ‌രാജ്യത്തിനെതിരെയുള്ള ഒരു മുൻ‌കരുതൽ എന്ന നിലക്കോ? പ്രാരംഭഘട്ടത്തിലെത്തിനിൽക്കുന്ന യു.എ.ഇ.യുടെ ആണവനിലയ പദ്ധതികളുടെ സുരക്ഷയ്ക്കാണോ ഈ കൊലയാളി സംഘത്തെ ഇവിടേക്ക് ആദരിച്ചാനയിച്ചിരിക്കുന്നത്? അമേരിക്കയുടെ വലിയ പ്രാദേശിക കങ്കാണിയായ സൌദി അറേബ്യയുടെ കൂടെ ചേർന്ന്, അന്യരാജ്യത്തിലെ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഈയടുത്ത് യു.എ.ഇ. പോയതും ഈയൊരു ഹുങ്കിന്റെയും ധൈര്യത്തിന്റെയും പുറത്താണെന്നു വരുമോ?

ഇനി അതൊന്നുമല്ല, അറബ്‌രാജ്യങ്ങളിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ പ്രക്ഷോഭവസന്തങ്ങളെ ‘വിദേശജനാധിപത്യപരമായി’ അമർച്ച ചെയ്യാനാണോ ഇത്തരം കാട്ടിക്കൂട്ടലുകൾ? ഐക്യഅറബ് രാജ്യത്തോടും അതിന്റെ അമരക്കാരായ തങ്ങളോടും ഇന്നാട്ടിലെ ഗോത്രപ്രമുഖന്മാർക്കുള്ള വിശ്വാസത്തിലും സ്നേഹത്തിലും സംശയവും അവിശ്വാസവും ഭയവും തോന്നിത്തുടങ്ങിയിട്ടുണ്ടോ ഇവിടുത്തെ ഭരണാധികാരികൾക്ക്?

ചോദ്യങ്ങൾ ഇങ്ങനെ നിരവധിയാണെങ്കിലും, ചോദ്യങ്ങൾ ചോദിക്കുന്നത്, എവിടെയും എപ്പോഴത്തെയും പോലെ അപകടകരവുമാണ്. കാലം അത്ര സുമാറല്ല. മറുപടിയാകട്ടെ പ്രതീക്ഷിക്കുകയുമരുത്.

*
രാജീവ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ന്യൂ‍യോർക്ക് ടൈംസ് രണ്ടുദിവസം മുൻപ് പുറത്തുവിട്ടിരിക്കുന്ന ഒരു വാർത്ത യു.എ.ഇ.യെ സംബന്ധിച്ചിടത്തോളം ഒട്ടും സുഖകരമല്ലാത്ത ഒന്നാണ്. ആ വാർത്തയുടെ സത്യാവസ്ഥയെക്കുറിച്ച് തീർച്ച പറയാൻ നമുക്കാവില്ലെങ്കിലും അത് സത്യമായിരിക്കാനുള്ള സാധ്യതകൾ നിരവധിയാണ്.

യു.എ.ഇ. സൈന്യത്തിന്റെ പ്രവർത്തന-ആസൂത്രണ-പരിശീലന പരിപാടികളെ സഹായിക്കാൻ റിഫ്ലക്സ് റെസ്പോൺസസ് എന്ന ഒരു അബുദാബി കമ്പനിക്ക് കരാർ കൊടുത്തിരിക്കുന്നു എന്നതാണ് ആ വാർത്ത. ഒരു ഹോളിവുഡ്ഡ് ത്രില്ലറിന്റെ തിരക്കഥയെ അനുസ്മരിപ്പിക്കുന്നതെങ്കിലും വിശദമായ മറ്റൊരു ലേഖനവും ന്യൂയോർക്ക് ടൈംസിൽ കാണാം