Wednesday, May 18, 2011

ആത്മനാശത്തിന്റെ ഗുജറാത്ത് മോഡല്‍

ആടിനെ പട്ടിയാക്കുന്നതുപോലെ എളുപ്പമാണ് സാത്താനെ ദൈവമാക്കാനും. ചരിത്രബോധമില്ലാത്ത ഒരു മധ്യവര്‍ഗവും മാനേജ്മെന്റ് താല്‍പ്പര്യമുള്ള മാധ്യമങ്ങളുംതന്നെ അതിന് ധാരാളം. അതിരുകടന്ന ദേശീയബോധമോ പ്രാദേശികബോധമോ ഉണ്ടെങ്കില്‍ സംഗതി കുശാല്‍ . 1930കളില്‍ ജര്‍മനിയില്‍ ഫാസിസ്റ്റ് നേതാവായിരുന്ന ഹിറ്റ്ലര്‍ അത് തെളിയിച്ചിട്ടുണ്ട്. ഇന്ന് അതേ പാതയില്‍ ഗുജറാത്തിലെ നരേന്ദ്രമോഡിയും മുന്നേറുകയാണ്. ഫാസിസ്റ്റ് ജര്‍മനിയില്‍ ജൂതന്മാരെന്നപോലെ ഗുജറാത്തിലെ സുപ്രധാന ന്യൂനപക്ഷ സമൂഹമായ മുസ്ലിങ്ങളെ വംശഹത്യ നടത്തി മുഖ്യമന്ത്രി കസേര ഉറപ്പിച്ച മോഡിയുടെ പൈശാചികമായ രാഷ്ട്രീയതന്ത്രങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതുകൊണ്ടുതന്നെ ഇവിടെ പ്രതിപാദ്യം സാത്താനായ മോഡിയല്ല. മറിച്ച് ദൈവിക പരിവേഷം ലഭിച്ചുവരുന്ന നരേന്ദ്രമോഡിയെന്ന ഇന്ത്യന്‍ ഫാസിസ്റ്റ് പ്രതിച്ഛായക്കു പിന്നിലെ പൊള്ളുന്ന യാഥാര്‍ഥ്യമാണ്.

കമ്യൂണിസ്റ്റുകാരെയും ജൂതന്മാരെയും ജിപ്സികളെയും കൊന്നുതള്ളുമ്പോഴും 1930-40 കാലത്ത് ഹിറ്റ്ലറെ ജനപ്രിയനാക്കിയത് വികസനവാദിയെന്ന പ്രതിച്ഛായയാണ്. മധ്യവര്‍ഗം ഒന്നടങ്കം അതില്‍ വീണു. "വില്‍ ഓഫ് ട്രയംഫ്" എന്ന ഫാസിസ്റ്റ് സിനിമ കണ്ടാല്‍ ഈ യാഥാര്‍ഥ്യം എളുപ്പം മനസ്സിലാകും. എന്നാല്‍ , ഈ വികസന മാതൃകയിലെ പൊള്ളത്തരവും അപകടവും രണ്ടാം ലോകമഹായുദ്ധത്തോടെ ലോകം തിരിച്ചറിഞ്ഞു. ഇതേ വികസനസങ്കല്‍പ്പമാണ് മോഡി ഗുജറാത്തില്‍ പിന്തുടരുന്നത്.

മോഡിയുടെ വികസന സങ്കല്‍പ്പത്തിനടിസ്ഥാനം തികച്ചും സ്വേച്ഛാധിപത്യ സ്വഭാവമുള്ള സര്‍ക്കാരും വന്‍കിട നിക്ഷേപങ്ങളുമാണ്. പണമുള്ള ആര്‍ക്കും ഗുജറാത്തിലേക്കു പോകാം. ആവശ്യപ്പെടുന്നിടത്ത് സ്ഥലം ലഭ്യമാകും. അതിനുവേണ്ടി ആരെയും കുടിയൊഴിപ്പിക്കും. മാഹുവയിലും സൗരാഷ്ട്രയിലും കര്‍ഷകരില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് സ്വകാര്യകമ്പനിക്ക് നല്‍കിയ സംഭവം ഇതിന് ഉദാഹരണമാണ്. രണ്ടിടങ്ങളിലും പ്രതിഷേധിച്ച നാട്ടുകാരെ മോഡിയുടെ ഗുണ്ടകള്‍ അടിച്ചൊതുക്കുകയായിരുന്നു. അതുപോലെ വ്യവസായികള്‍ക്ക് സൗജന്യമായി ജലവും മറ്റു പ്രകൃതി വിഭവങ്ങളും മോഡി തീറെഴുതിക്കൊടുക്കുന്നു. ഒപ്പം പൊതുഖജനാവില്‍നിന്ന് ആവോളം സാമ്പത്തിക സഹായവും. ഇതൊക്കെ ലഭ്യമായാല്‍ ഏത് താര്‍ മരുഭൂമിയിലാണ് വ്യവസായം വരാത്തത്? പക്ഷേ, പ്രശ്നം ശരിയായ അര്‍ഥത്തില്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന് ആനുകൂല്യങ്ങള്‍ ഇങ്ങനെ വാരിക്കോരി കൊടുക്കാനാകില്ല എന്നതാണ്.

ഇത്രയൊക്കെ സ്വേച്ഛാധിപത്യപരമായി പ്രവര്‍ത്തിച്ചിട്ടുതന്നെ റിസര്‍വ് ബാങ്കിന്റെ പത്താം വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് നേരിട്ടുള്ള വിദേശനിക്ഷേപം ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കും തമിഴ്നാടിനും പിന്നിലാണ് മോഡിയുടെ ഗുജറാത്ത്. ആകെ മോഡിചെയ്തത് റോഡുകള്‍ ടാര്‍ ചെയ്തതും വാര്‍ത്താവിതരണ സംവിധാനം മെച്ചപ്പെടുത്തിയതുമാണ്.

ഗുജറാത്തിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടില്ല. 2006 മുതല്‍ 2010 വരെയുള്ള നാലുവര്‍ഷത്തെ മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിക്ഷേപത്തിന്റെ മൂല്യവും ഉണ്ടായ തൊഴിലവസരങ്ങളുടെ എണ്ണവും കണക്കാക്കുമ്പോള്‍ നരേന്ദ്രമോഡിയെന്ന ഏകഛത്രപതി വിരാജിക്കുന്ന ഗുജറാത്ത് മഹാരാഷ്ട്രയേക്കാളും തമിഴ്നാടിനേക്കാളും പിന്നിലാണ്. (പട്ടിക കാണുക).


മോഡിക്കു വേണ്ടത് വന്‍കിട കോര്‍പറേറ്റുകളുടെ വന്‍ നിക്ഷേപങ്ങളാണ്. വ്യവസായം അങ്ങേയറ്റം യന്ത്രവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍ വന്‍ വ്യവസായങ്ങള്‍ കൊണ്ടുവരുന്ന തൊഴിലവസരങ്ങള്‍ തുലോം തുച്ഛമായിരിക്കും. പ്രത്യേകിച്ചും ഗുജറാത്തിനെപ്പോലെ സാക്ഷരതാനിരക്കിലും സ്ത്രീ-പുരുഷാനുപാതത്തിലും പിന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദാരിദ്ര്യം, സാക്ഷരതാനിരക്ക്, സ്ത്രീ-പുരുഷാനുപാതം, ശൈശവ മരണനിരക്ക്, ഉന്നതവിദ്യാഭ്യാസരംഗം തുടങ്ങിയ സാമൂഹ്യവളര്‍ച്ചാസൂചികയില്‍ ബഹുദൂരം പിന്നിലാണ് മോഡിയുടെ ഗുജറാത്ത്.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക്സ് റിസര്‍ച്ചിലെ സാമ്പത്തികവിദഗ്ധനും സച്ചാര്‍ കമ്മിറ്റിയിലെ മെമ്പര്‍ സെക്രട്ടറിയുമായ അബുസലേഹ് ഷെരീഫിന്റെ കണ്ടെത്തല്‍ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളായ ഒറീസയുടെയും ബിഹാറിന്റെയും അത്രതന്നെ ദരിദ്രരുണ്ട് മോഡിയുടെ ഗുജറാത്തില്‍ .

കേരളമോഡല്‍ വികസനത്തെ പുച്ഛിച്ചുകൊണ്ട് മുഖപ്രസംഗമെഴുതിയ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ ഗുജറാത്തിനെ ആഘോഷിക്കുന്നതിലെ വൈരുധ്യം വിചിത്രമാണ്. പ്ലാനിങ് കമീഷന്‍ നിയമിച്ച സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍ പ്രകാരം 31.8 ശതമാനം ഗുജറാത്തികള്‍ ജീവിക്കുന്നത് ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. അതായത്, രാജ്യത്ത് ദരിദ്രര്‍ ഏറ്റവുമധികമുള്ള സംസ്ഥാനം.

മോഡിയുടെ വികസന മാതൃകയിലെ ജനവിരുദ്ധനയം തുറന്നുകാണിക്കുന്നതായിരുന്നു മാഹുവ ഒര്‍പാറ്റ് കേസ്. 1999ലാണ് കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍ മാഹുവയിലെ നാല് ചെക്ക് ഡാമുകള്‍ നിര്‍മിച്ച് ആയിരക്കണക്കിനു ഹെക്ടര്‍ ഭൂമിയില്‍ കൃഷിക്ക് അനുയോജ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍ , മോഡി മുഖ്യമന്ത്രിയായതോടെ കര്‍ഷകരുടെ എതിര്‍പ്പ് അവഗണിച്ച് ആ ഭൂമി സിമന്റ് കമ്പനിക്ക് കൈമാറി. ഇതുമൂലം 5000 കര്‍ഷക കുടുംബം കുടിയിറക്കപ്പെട്ടു. ജനങ്ങളുടെ ചെറുത്തുനില്‍പ്പ് ഗുണ്ടകള്‍ അടിച്ചമര്‍ത്തി. സൗരാഷ്ട്രയിലും സമാനമായ സ്ഥിതിയുണ്ടായി. ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ട് ചുരുങ്ങിയ വിലയ്ക്ക് 40 ഹെക്ടര്‍ ഭൂമി ഒര്‍പാറ്റ് ഇന്‍ഡസ്ട്രീസിനു കൈമാറി. പൊറുതിമുട്ടിയ ജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അണ്ണ ഹസാരെ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിരഹിത ഭരണത്തിന് മോഡിയെ പ്രശംസിക്കുന്നുണ്ട്. സത്യത്തില്‍ എന്താണ് സ്ഥിതി? രണ്ടുവര്‍ഷത്തിനകം മോഡിയുടെ ഗുജറാത്തില്‍നിന്ന് ഉയര്‍ന്നുവന്നത് മൂന്ന് വന്‍ അഴിമതിയാണ്. ഇതില്‍ ഒന്നാമത്തേത് 2009ല്‍ പുറത്തുവന്ന 17,000 കോടി രൂപയുടെ "സുജലാം സുഫലാം" അഴിമതിയാണ്. കുളം നിര്‍മിക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് കൂലിയായി ഗോതമ്പ് നല്‍കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ അഴിമതി നടന്നത്. കുളം നിര്‍മിച്ചതായി വ്യാജരേഖയുണ്ടാക്കുകയും കര്‍ഷകര്‍ക്ക് നല്‍കാമെന്ന പേരില്‍ ധാന്യം മഹാരാഷ്ട്രവിപണിയില്‍ മറിച്ചുവില്‍ക്കുകയുമായിരുന്നു. ദേശീയ തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട് 260 കോടി രൂപയുടെ അഴിമതി നടത്തി. തടാകങ്ങളിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ സര്‍ക്കാര്‍ ഖജനാവിന് 600 കോടി രൂപ നഷ്ടമുണ്ടായി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. രണ്ടായിരത്തോളം പേരെ വംശഹത്യ നടത്തിയ പ്രതികളില്‍ ഭൂരിഭാഗവും സ്വൈരവിഹാരം നടത്തുന്നു. അതേസമയം, വ്യാജ കേസുകളുണ്ടാക്കി മുസ്ലിം യുവാക്കളെ വിചാരണപോലും കൂടാതെ വളരെക്കാലം ജയിലിലടയ്ക്കുന്നു.അബു സലേഹ് ഷരീഫിന്റെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത് ഇന്ത്യയില്‍ ന്യൂനപക്ഷം ഏറ്റവും കൂടുതല്‍ വിവേചനമനുഭവിക്കുന്നത് ഗുജറാത്തിലാണ് എന്നാണ്. കൃത്യമായ തെളിവുകള്‍ നിരത്തി അദ്ദേഹം ഇക്കാര്യം സമര്‍ഥിക്കുന്നുണ്ട്.

ഇതിനിടയ്ക്കാണ് മോഡിക്ക് ആശ്വാസമായി ഗോധ്ര കേസ് വിധി വന്നത്. സുപ്രീംകോടതി രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ക്ക് അനുസൃതമായാണ് സുപ്രീംകോടതി വിധി വന്നത്. സംഭവം അപകടമാകാം, ഗൂഢാലോചനയാകാം എന്ന രണ്ടഭിപ്രായത്തില്‍ ഗൂഢാലോചനയാണ് എന്ന ഗുജറാത്ത് പൊലീസിന്റെ ഉറച്ച വിശ്വാസമാണ് പ്രത്യേക ഏജന്‍സി സ്വീകരിച്ചത്. പരമോന്നത നീതിപീഠത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ സംശുദ്ധിയില്‍ സംശയിക്കുന്നില്ലെങ്കിലും ഈ വിധിയിലെ ചില പ്രശ്നങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് ചൂണ്ടിക്കാട്ടുന്നു. അങ്ങേയറ്റം വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ഗുജറാത്ത് പൊലീസ് സംവിധാനത്തെയും രേഖകളെയുമാണ് അന്വേഷണ ഏജന്‍സി പ്രധാനമായും ആശ്രയിച്ചത്. തെളിവുകളേക്കാള്‍ സംഭവങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതി വിധിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നു. സാക്ഷിമൊഴികളിലെ വിശ്വാസ്യതയും വൈരുധ്യവും ചൂണ്ടിക്കാട്ടി ടീസ്റ്റ ഇക്കാര്യങ്ങള്‍ ഉദാഹരിക്കുന്നു.

ഗോധ്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍മന്ത്രാലയം നിയമിച്ച ജസ്റ്റിസ് യു സി ബാനര്‍ജി കമീഷന്‍ സംഭവം അപകടംമൂലമുണ്ടായതാണെന്ന് ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി സമര്‍ഥിച്ചിരുന്നു. എന്നാല്‍ , ഗുജറാത്ത് ഹൈക്കോടതി ഇത് അംഗീകരിച്ചില്ലെന്നു മാത്രമല്ല കമീഷന്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ചു.

ഏതൊരു ഫാസിസ്റ്റിനെയുംപോലെ ഭൂരിപക്ഷ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തിയാണ് മോഡി ഗുജറാത്തില്‍ ഏകാധിപതിയായി വാണുകൊണ്ടിരിക്കുന്നത്. തന്റെ ഏത് ആജ്ഞയും ശിരസ്സാവഹിക്കാന്‍ മതഭ്രാന്തരെ വളര്‍ത്തിയെടുത്തു. ഇവരുടെ കൈത്തരിപ്പും ചോരക്കൊതിയും തീര്‍ക്കാന്‍ ഇരകളെ വിട്ടുകൊടുത്തു. ഗുജറാത്തിലെ തീവ്രമതവാദികള്‍ക്കിടയില്‍ മോഡി വീരപുരുഷനായെങ്കില്‍ സംസ്ഥാനത്തിനു പുറത്ത് ഒറ്റപ്പെട്ടു. ഇത് മറികടക്കാനാണ് വികസനം എന്ന തട്ടിപ്പുമായി രംഗത്തെത്തിയത്. ഗുജറാത്ത് വന്‍തോതില്‍ വികസിക്കുന്നെന്ന് ചിലരെയെങ്കിലും വിശ്വസിപ്പിക്കാന്‍ മോഡിക്ക് സാധിച്ചിട്ടുണ്ട്.

ഇതിന്റെ മറപിടിച്ച് ഗുജറാത്തിലെ വെറുപ്പിന്റെ രാഷ്ട്രീയം മോഡി തുടര്‍ന്നു. മുഖ്യധാരയില്‍നിന്ന് മുസ്ലിം സമൂഹം അകറ്റപ്പെട്ടു. കലാപബാധിതര്‍ പുനരധിവസിക്കപ്പെടാതെ, നഷ്ടപരിഹാരം ലഭിക്കാതെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരാല്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ട് താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിയുന്നു. അവരുടെ സമ്പാദ്യം കൈക്കലാക്കിയ മോഡിയുടെ കൊലയാളി സംഘം ഗുജറാത്തിലെ പുതിയ മധ്യവര്‍ഗമായി ഉദയം ചെയ്തിരിക്കുന്നു. ഒരു സമൂഹത്തെ തീരാദുരിതത്തില്‍ നിര്‍ത്തിക്കൊണ്ട് അവരുടെ ചെലവില്‍ നടത്തുന്ന വികസനം വികസനമല്ല, ഫാസിസമാണ്.

എല്ലാവിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതിയിലൂടെ മോഡിക്ക് സ്വപ്നംകാണാന്‍ കഴിയാത്ത നേട്ടങ്ങള്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നിട്ടും ചിലര്‍ പറയുന്നത് കേരളം മോഡിയെ മാതൃകയാക്കണമെന്നാണ്. ഇതിന് ഓശാന പാടാന്‍ ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങളും മത്സരിക്കുന്നു. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍ .


*****


മുഹമ്മദ് ഫക്രുദ്ദീന്‍ അലി, കടപ്പാട്:ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഏതൊരു ഫാസിസ്റ്റിനെയുംപോലെ ഭൂരിപക്ഷ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തിയാണ് മോഡി ഗുജറാത്തില്‍ ഏകാധിപതിയായി വാണുകൊണ്ടിരിക്കുന്നത്. തന്റെ ഏത് ആജ്ഞയും ശിരസ്സാവഹിക്കാന്‍ മതഭ്രാന്തരെ വളര്‍ത്തിയെടുത്തു. ഇവരുടെ കൈത്തരിപ്പും ചോരക്കൊതിയും തീര്‍ക്കാന്‍ ഇരകളെ വിട്ടുകൊടുത്തു. ഗുജറാത്തിലെ തീവ്രമതവാദികള്‍ക്കിടയില്‍ മോഡി വീരപുരുഷനായെങ്കില്‍ സംസ്ഥാനത്തിനു പുറത്ത് ഒറ്റപ്പെട്ടു. ഇത് മറികടക്കാനാണ് വികസനം എന്ന തട്ടിപ്പുമായി രംഗത്തെത്തിയത്. ഗുജറാത്ത് വന്‍തോതില്‍ വികസിക്കുന്നെന്ന് ചിലരെയെങ്കിലും വിശ്വസിപ്പിക്കാന്‍ മോഡിക്ക് സാധിച്ചിട്ടുണ്ട്.

ഇതിന്റെ മറപിടിച്ച് ഗുജറാത്തിലെ വെറുപ്പിന്റെ രാഷ്ട്രീയം മോഡി തുടര്‍ന്നു. മുഖ്യധാരയില്‍നിന്ന് മുസ്ലിം സമൂഹം അകറ്റപ്പെട്ടു. കലാപബാധിതര്‍ പുനരധിവസിക്കപ്പെടാതെ, നഷ്ടപരിഹാരം ലഭിക്കാതെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരാല്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ട് താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിയുന്നു. അവരുടെ സമ്പാദ്യം കൈക്കലാക്കിയ മോഡിയുടെ കൊലയാളി സംഘം ഗുജറാത്തിലെ പുതിയ മധ്യവര്‍ഗമായി ഉദയം ചെയ്തിരിക്കുന്നു. ഒരു സമൂഹത്തെ തീരാദുരിതത്തില്‍ നിര്‍ത്തിക്കൊണ്ട് അവരുടെ ചെലവില്‍ നടത്തുന്ന വികസനം വികസനമല്ല, ഫാസിസമാണ്.

എല്ലാവിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതിയിലൂടെ മോഡിക്ക് സ്വപ്നംകാണാന്‍ കഴിയാത്ത നേട്ടങ്ങള്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നിട്ടും ചിലര്‍ പറയുന്നത് കേരളം മോഡിയെ മാതൃകയാക്കണമെന്നാണ്. ഇതിന് ഓശാന പാടാന്‍ ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങളും മത്സരിക്കുന്നു. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍ .