കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് കഷ്ടിച്ച് രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ കേരളത്തില്‍ അധികാരത്തിലെത്തി. ഇപ്പോള്‍ കേരളീയര്‍ ആകാംക്ഷാപൂര്‍വം ഉറ്റുനോക്കുന്ന ഒരു കാര്യമുണ്ട്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ ഒരു രൂപയ്ക്ക് അരി നല്‍കുമോ? 2001ല്‍ അധികാരമേറുന്നതിന് മുമ്പ് മൂന്നുരൂപയ്ക്ക് അരി നല്‍കുമെന്ന് പറഞ്ഞ് കേരളത്തെ പറ്റിച്ച കോണ്‍ഗ്രസില്‍നിന്ന് വാക്കുപാലിക്കല്‍ പ്രതീക്ഷിക്കുന്നതുതന്നെ കടന്ന കൈയായിരിക്കും. പെട്രോളിന് ദിനംതോറും വില വര്‍ധിപ്പിച്ച്, സുപ്രീംകോടതി പറഞ്ഞിട്ടുപോലും ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ മടിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ കേരള പതിപ്പായ യുഡിഎഫില്‍നിന്ന് ദ്രോഹമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല.
രാജ്യത്തെ എഫ്സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങളില്‍ നല്ലൊരു ശതമാനം എലികള്‍ തിന്നു നശിപ്പിക്കുകയാണെന്നാണ് അടുത്തകാലത്ത് കേട്ട വാര്‍ത്ത. 50 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും നരകിക്കുമ്പോഴാണ് രാജ്യത്തെ ധാന്യപ്പുരകള്‍ യുപിഎ സര്‍ക്കാര്‍ എലി വളര്‍ത്തുന്നകേന്ദ്രങ്ങളായി പരിപാലിക്കുന്നത്. 2005-07 കാലത്ത് എഫ്സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കടലില്‍ തള്ളാന്‍ കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസിന്റെ പൊതുവിതരണ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശചെയ്യുകയുണ്ടായി. മനുഷ്യര്‍ക്ക് തിന്നാന്‍ കിട്ടാതെ ഭക്ഷ്യധാന്യങ്ങള്‍ എലികളും കീടങ്ങളും തിന്നൊടുക്കുന്നു. രാജ്യത്തെ ധാന്യപ്പുരകളില്‍ കെട്ടിക്കിടന്നു നശിക്കുന്ന ഇവ എന്തുകൊണ്ട് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തുകൂടാ എന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ചോദിച്ചു. വിതരണരംഗത്തെ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയും സര്‍ക്കാര്‍ കാര്യങ്ങളില്‍ കോടതി കടന്നുകയറരുതെന്നു ഭീഷണിപ്പെടുത്തിയും മന്‍മോഹന്‍സിങ്ങും കൃഷിമന്ത്രി ശരദ്പവാറും മലക്കംമറിഞ്ഞു. പാവങ്ങളുടെ വിശപ്പകറ്റുന്നതിനല്ല, കോര്‍പറേറ്റുകളുടെ ആര്‍ത്തി ശമിപ്പിക്കുന്നതിനാണ് മന്‍മോഹന്‍ സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് തെളിയിക്കുകയാണ് ഇതെല്ലാം. ഒരു നേരത്തെ ഭക്ഷണം ദിവസവും മുടക്കംകൂടാതെ കിട്ടാതെ മരണത്തോട് മല്ലടിക്കുന്ന 20 കോടിയിലേറെ മുഴുപ്പട്ടിണിക്കാരുള്ള രാജ്യമാണ് ഇന്ത്യ. ദേശീയ ഏജന്‍സികളുടെ കണക്കുപ്രകാരം 83 കോടി 70 ലക്ഷം ജനങ്ങള്‍ ദിവസം 20 രൂപയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ഇല്ലാത്തവരാണ്. അതായത് രാജ്യത്തെ 77 ശതമാനം പേരും അതിജീവനത്തിന് പാടുപെടുന്നവരാണ്. ഈ വസ്തുത മറച്ചുവച്ചുകൊണ്ടാണ് ഇന്ത്യ അതിവേഗം വികസിക്കുകയാണെന്നും ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയുടെ (ജിഡിപി) നിരക്ക് വര്‍ധന 8.5നു മുകളിലേക്കു കുതിക്കുമെന്നും പ്രധാനമന്ത്രിയും ആസ്ഥാന സാമ്പത്തിക വിദഗ്ധരും പുരപ്പുറ പ്രഖ്യാപനം നടത്തുന്നത്.
രാജ്യം സമ്പന്നമാകുമ്പോള്‍ ജനങ്ങള്‍ ദരിദ്രരാകുന്നതെങ്ങനെയെന്ന ചോദ്യത്തിനും ഉത്തരമില്ല. മന്‍മോഹന്‍സിങ്-ചിദംബരം-അലുവാലിയ കാലഘട്ടത്തില്‍ ഉയര്‍ന്നുപൊങ്ങിയ ശതകോടീശ്വരന്മാരുടെ സമ്പത്തും പട്ടിണിപ്പാവങ്ങളുടെ വരുമാനവും കൂട്ടിക്കിട്ടുന്ന ആഭ്യന്തര വളര്‍ച്ചയാണിതെന്ന യാഥാര്‍ഥ്യം വിദഗ്ധന്മാര്‍ക്ക് അറിയാമെങ്കിലും കണക്കിലെ മറിമായത്തിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഭക്ഷ്യധാന്യ കയറ്റുമതി വര്‍ധിക്കുകയും കരുതല്‍ സൂക്ഷിപ്പ് ഉയര്‍ന്നിരിക്കുകയും ചെയ്തപ്പോള്‍ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത താഴ്ന്നുകൊണ്ടിരുന്നു. 1993നുശേഷം ശരാശരി പ്രതിശീര്‍ഷ കലോറി ലഭ്യതയും പോഷണ ലഭ്യതയും ഇന്ത്യയില്‍ കുറഞ്ഞുവന്നു. ഈ അപമാനം ലോകത്തിന്റെ മുമ്പില്‍ മറയ്ക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പോംവഴിയാണ് ദാരിദ്ര്യരേഖയ്ക്ക് കീഴെ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുവരുത്തുക എന്നത്. ഇതിന് ദാരിദ്ര്യരേഖ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം മാറ്റുകയാണ് ആസൂത്രണ വിദഗ്ധര്‍ ചെയ്യുന്നത്. 1993-94ലെ കണക്കുപ്രകാരം ഗ്രാമീണ ഇന്ത്യയുടെ 50.1 ശതമാനവും നഗര ജനതയുടെ 31.8 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അതായത് ജനസംഖ്യയുടെ 45.3 ശതമാനം. 93-94 ലെ ദേശീയ സര്‍വേയില്‍ 36 ശതമാനമാണ് ബിപിഎല്‍ പട്ടികയിലുണ്ടായിരുന്നത്. 2005ല്‍ ഭക്ഷ്യ സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട് പുതുക്കിയ ദേശീയ സര്‍വേയില്‍ ബിപിഎല്‍ കുടുംബങ്ങള്‍ 27.5 ശതമാനമായി. അതായത് രാജ്യത്ത് 5.91 കോടി കുടുംബങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ കണക്കില്‍ പരമദരിദ്രര്‍ . 2005ല്‍ ലോകബാങ്ക് പറഞ്ഞത് 42 ശതമാനം ഇന്ത്യക്കാര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ്.
കേന്ദ്രസര്‍ക്കാരിന്റെതന്നെ മറ്റ് ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ 50 ശതമാനത്തോളം ജനങ്ങള്‍ ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവരാണ്. യാഥാര്‍ഥ്യത്തോട് ഏറെ അടുത്തുനില്‍ക്കുന്നതായിരുന്നു ടെണ്ടുല്‍ക്കര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇതില്‍ 37.2 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് കണ്ടെത്തി. 2009 അവസാനമാണ് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ അലുവാലിയക്ക് ഈ റിപ്പോര്‍ട്ട് കൈമാറിയത്. നാലു വര്‍ഷംകൊണ്ട് ദരിദ്രരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായത് രാജ്യം "വികസനക്കുതിപ്പും സാമ്പത്തിക വളര്‍ച്ചയും നേടി" എന്ന് പറയുന്നതിന്റെ വാസ്തവം വെളിപ്പെടുത്തും. കൃത്രിമമായി നിര്‍മിച്ചെടുത്ത അളവുകോല്‍വച്ച് ജനങ്ങളെ വിഭജിച്ചതിലൂടെ ഭക്ഷ്യസുരക്ഷയുടെ അടിത്തറ തകര്‍ക്കുകയാണ് മന്‍മോഹന്‍ സര്‍ക്കാര്‍ ചെയ്തത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുന്നതിന്റെ മാനദണ്ഡമെന്താണെന്ന് സുപ്രീംകോടതി ചോദിക്കാനിടയായത് ഇതിലെ തട്ടിപ്പ് കാരണമാണ്. കേന്ദ്രത്തിന്റെ കണക്കുപ്രകാരം 14 ലക്ഷം പേരാണ് കേരളത്തിലെ ബിപിഎല്‍ ജനസംഖ്യ. സംസ്ഥാനസര്‍ക്കാരിന്റെ കണക്കുപ്രകാരം 25 ലക്ഷവും. നിയന്ത്രിത പൊതുവിതരണ പ്രകാരം (ടിഡിപിഎസ്) ബിപിഎല്ലുകാര്‍ക്കുമാത്രമേ സബ്സിഡി വിലയ്ക്കുള്ള അരിയും ഭക്ഷ്യധാന്യങ്ങളും കൊടുക്കേണ്ടതുള്ളൂ. 1991ല്‍ മന്‍മോഹന്‍സിങ് കൊണ്ടുവന്ന ആഗോളവല്‍ക്കരണ സാമ്പത്തിക പരിഷ്കരണങ്ങള്‍ ആദ്യം കത്തിവച്ചത് ജനക്ഷേമ നടപടികള്‍ക്കുമേലാണ്. അന്നുമുതലാണ് സ്റ്റാറ്റ്യൂട്ടറി റേഷനിങ് ഇല്ലാതാക്കുന്നതിന് ആസൂത്രിതനീക്കമാരംഭിച്ചത്.
റേഷന്‍ പൗരന്റെ അവകാശമല്ലാതാക്കി. റേഷന്‍കടയുടെ പേര് പൊതുവിതരണ കേന്ദ്രമെന്നായി. കോണ്‍ഗ്രസിലെ ആദര്‍ശരാഷ്ട്രീയക്കാരന്റെ പാകമല്ലാത്ത കുപ്പായം അണിയുന്ന എ കെ ആന്റണി കേന്ദ്ര ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായ കാലത്താണത് സംഭവിച്ചത്. 1967 മുതല്‍ കേരളത്തില്‍ നിലനിന്ന സാര്‍വത്രിക റേഷനിങ് സമ്പ്രദായം ടിഡിപിഎസിന് വഴിമാറി. ഇന്ത്യയില്‍ത്തന്നെ ഏറ്റവും ഫലപ്രദമായി റേഷന്‍ സംവിധാനം നിലനിന്ന കേരളത്തില്‍നിന്നുള്ള എ കെ ആന്റണി ഇതിനെതിരെ ചെറുവിരലനക്കിയില്ല. അരിവിതരണം ബിപിഎല്ലുകാര്‍ക്കും എപിഎല്ലുകാര്‍ക്കും രണ്ടുതട്ടിലാക്കി. എപിഎല്ലുകാര്‍ കൊടുക്കേണ്ട വില പൊതുമാര്‍ക്കറ്റിലേതിന് തുല്യമായി. ഇതിനൊപ്പം അരിയുടെ ഗുണനിലവാരം കുറയ്ക്കുകയും വില അടിക്കടി കൂട്ടുകയുംചെയ്തു. അതോടെ കേരളത്തിലെ റേഷന്‍കടകളിലേക്കുള്ള വഴികളില്‍ പുല്ലുമുളച്ചുതുടങ്ങി. സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതിനാല്‍ റേഷന്‍കടയൊന്നും ആര്‍ക്കും വേണ്ടാതായെന്ന് കോണ്‍ഗ്രസ് കള്ളപ്രചാരണം നടത്തി. ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ഇനിമുതല്‍ വിപണിയെ ആശ്രയിക്കുകയെന്നാണ് ഇതിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞത്. പൊതുവിതരണ സമ്പ്രദായത്തെ അപ്പാടെ കഴുത്തുഞെരിച്ചില്ലാതാക്കാന്‍ ആദ്യ യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം തടസ്സമായിരുന്നു. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ , ഇടതുപക്ഷ ഭരണകാലത്ത് കേരളത്തോട് ശത്രുതാപരമായ സമീപനമാണ് സ്വീകരിച്ചത്.അര്‍ഹമായ വിഹിതം പോലും നല്‍കാതെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാനുള്ള കേന്ദ്രത്തിന്റെ നീക്കം ഇച്ഛാശക്തി കൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ മറികടന്നത്. ജനങ്ങളുടെ ഭക്ഷ്യക്ഷാമം പരിഹരിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രാഥമിക ദൗത്യമായി കണ്ടുകൊണ്ടാണ് 1964ല്‍ ഭക്ഷ്യക്കമ്മിയുടെയും പ്രകൃതിക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ റേഷന്‍ സമ്പ്രദായം ഇന്ത്യയില്‍ വിപുലപ്പെട്ടത്.
നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിച്ച് രാജ്യത്തിന് വിദേശനാണ്യം നേടിക്കൊടുക്കുന്ന സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്താണ് ഫുഡ് കോര്‍പ്പറേഷന്‍ രൂപീകരിച്ച് രാജ്യമെമ്പാടും ഗോഡൗണുകള്‍ സ്ഥാപിച്ചത്. അന്നുമുതല്‍ പടിപടിയായി വികസിച്ചുവന്ന ഈ സംവിധാനത്തിന്റെ തകര്‍ച്ച തുടങ്ങുന്നത് മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലാരംഭിച്ച പരിഷ്കരണ നടപടികളോടെയാണ്. എന്നാല്‍ , ഇത് ഔദാര്യമായിരുന്നു എന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ എന്നേക്കുമായി അവസാനിപ്പിക്കാന്‍ തത്രപ്പെടുന്നത്. റേഷന്‍ കാര്‍ഡിന് പകരം കൂപ്പണ്‍ സമ്പ്രദായം കൊണ്ടുവരാന്‍ ശ്രമം നടക്കുന്നത് ഇതിന്റെ ഭാഗമാണ്. കൃഷിയെയും ഭക്ഷ്യധാന്യ വിതരണ- സംഭരണങ്ങളെയും കഴുത്തറുപ്പന്‍ വിപണിയെ ഏല്‍പ്പിക്കുകയും ജനങ്ങളെ അവരുടെ വിധിക്ക് വിടുകയുമാണ് യുപിഎ സര്‍ക്കാര്‍ നയം. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ 2 ലക്ഷത്തിലേറെ കൃഷിക്കാര്‍ ആത്മഹത്യചെയ്തതും ഭക്ഷ്യവില കുതിച്ചുയരാന്‍ ഇടയാക്കിയതും ഈ നയത്തിന്റെ ഫലമായാണ്. കോര്‍പറേറ്റുകള്‍ക്ക് ലാഭംകൊയ്യാനും ശതകോടീശ്വരന്മാരെ സഹസ്രകോടീശ്വരന്മാരാക്കാനും എല്ലാ ആനുകൂല്യങ്ങളും ചെയ്തുകൊടുക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ ഭക്ഷണത്തെ അവകാശം എന്നതില്‍നിന്ന് ഊഹക്കച്ചവടക്കാര്‍ക്കുള്ള വിപണിവസ്തുവാക്കി മാറ്റി. ഭക്ഷ്യാവകാശമെന്നത് ജീവിക്കാനുള്ള അവകാശമാണ്. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുതരുന്നുണ്ട്. എന്നാല്‍ ,ദരിദ്രകോടികള്‍ പട്ടിണികിടന്ന് മരിക്കുമ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ കിടന്ന് നശിക്കാന്‍ അനുവദിക്കുന്ന ദുരന്തപൂര്‍ണമായ അസംബന്ധതയാണ് മന്‍മോഹന്‍ നേരൃത്വത്തിലുള്ള യുപി എ സര്‍ക്കാര്‍ പിന്തുടരുന്നത്.
*
എ സുരേഷ് ദേശാഭിമാനി 16 മേയ് 2011
Monday, May 16, 2011
കോണ്‍ഗ്രസ് ഉറപ്പാക്കുന്നു; എലികളുടെ ഭക്ഷ്യസുരക്ഷ
Subscribe to:
Post Comments (Atom)
2 comments:
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് കഷ്ടിച്ച് രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ കേരളത്തില്‍ അധികാരത്തിലെത്തി. ഇപ്പോള്‍ കേരളീയര്‍ ആകാംക്ഷാപൂര്‍വം ഉറ്റുനോക്കുന്ന ഒരു കാര്യമുണ്ട്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ ഒരു രൂപയ്ക്ക് അരി നല്‍കുമോ? 2001ല്‍ അധികാരമേറുന്നതിന് മുമ്പ് മൂന്നുരൂപയ്ക്ക് അരി നല്‍കുമെന്ന് പറഞ്ഞ് കേരളത്തെ പറ്റിച്ച കോണ്‍ഗ്രസില്‍നിന്ന് വാക്കുപാലിക്കല്‍ പ്രതീക്ഷിക്കുന്നതുതന്നെ കടന്ന കൈയായിരിക്കും. പെട്രോളിന് ദിനംതോറും വില വര്‍ധിപ്പിച്ച്, സുപ്രീംകോടതി പറഞ്ഞിട്ടുപോലും ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ മടിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ കേരള പതിപ്പായ യുഡിഎഫില്‍നിന്ന് ദ്രോഹമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല
arku venam arum thinnatha ketta ariyum gothambum sir?namukku palum outtayum kazhikam
Post a Comment