Thursday, May 19, 2011

മുന്നിലുള്ളത് സുദീര്‍ഘ, സുദൃഢ പോരാട്ടം

പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ പരാജയമാണുണ്ടായത്. ബംഗാളിനെ ഇടതുപക്ഷത്തിന്റെ കോട്ടയായി കരുതുന്ന രാജ്യത്തെ ഇടതുപക്ഷ, ജനാധിപത്യ, പുരോഗമനശക്തികള്‍ക്ക് ഇത് വലിയ നിരാശ പകര്‍ന്നിരിക്കുകയാണ്. 1977 മുതല്‍ തുടര്‍ച്ചയായ ഏഴ് തെരഞ്ഞെടുപ്പില്‍ വിജയംനേടിയെന്ന റെക്കോഡുള്ള, 34 വര്‍ഷം അധികാരത്തിലിരുന്ന സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ജനവിധിയിലൂടെ അധികാരത്തില്‍നിന്ന് പുറത്തായി. ഈ ജനവിധിയുടെ ചില പൊതുപ്രവണതകള്‍ വ്യക്തം. ജനങ്ങള്‍ തീര്‍ച്ചയായും മാറ്റത്തിനായി നിലകൊള്ളുകയും അത് തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിന് വന്‍വിജയം നല്‍കുകയുംചെയ്തു. വലതുപക്ഷം മുതല്‍ തീവ്രഇടതുപക്ഷക്കാരായ മാവോയിസ്റ്റുകള്‍വരെയുള്ള എല്ലാ ഇടതുപക്ഷവിരുദ്ധരുടെയും വോട്ടുകളുടെ ഏകോപനമുണ്ടായി.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇടതുപക്ഷത്തിന് നഷ്ടമായ ജനപിന്തുണ നാം പ്രതീക്ഷിച്ച തരത്തില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും വ്യക്തമായി. ഇടതുപക്ഷത്തിന്റെ ജനപിന്തുണയില്‍ ചോര്‍ച്ചയുണ്ടാകാനും രാഷ്ട്രീയവ്യതിയാനം സംഭവിക്കാനും ഇടയാക്കിയ കാരണങ്ങള്‍ കണ്ടെത്താന്‍ പാര്‍ടി സമഗ്രമായ അവലോകനം നടത്തും. 2009ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 11 ലക്ഷം വോട്ട് കൂടുതല്‍ കരസ്ഥമാക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞുവെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ 2.2 ശതമാനത്തിന്റെ കുറവുണ്ടായി. മൂന്നു പതിറ്റാണ്ട് നീണ്ട ഇടതുഭരണം വഴിയുണ്ടാക്കിയ ഉറച്ച നേട്ടങ്ങള്‍ക്കൊപ്പം തന്നെ ഇത്രയും ദീര്‍ഘകാലത്തെ ഭരണം ചില വിപരീത ഘടകങ്ങളും സൃഷ്ടിച്ചു. പാര്‍ടിയുടെ രാഷ്ട്രീയ, സംഘടന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രവണതകള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്നത് നമ്മുടെ സമീപനത്തിലെ അപാകതകള്‍ മനസിലാക്കാനും സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും സഹായിക്കും. കേരളത്തില്‍ കേവലം മൂന്ന് സീറ്റിന്റെ വ്യത്യാസത്തിലാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. യുഡിഎഫ് രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ കടന്നുകൂടി. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം 0.89 ശതമാനംമാത്രം. ഇത് വ്യക്തമാക്കുന്നത് ജനങ്ങള്‍ പൊതുവെ എല്‍ഡിഎഫ് ഭരണത്തില്‍ തൃപ്തരായിരുന്നുവെന്നും ഭരണവിരുദ്ധവികാരം ഉണ്ടായിരുന്നില്ലെന്നുമാണ്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഴിമതിവിരുദ്ധ കുരിശുയുദ്ധത്തിനും ജനകീയാംഗീകാരം ലഭിച്ചു.

ചില ജാതി-മതശക്തികള്‍ക്ക് ജനങ്ങളില്‍ ഒരു വിഭാഗത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞതാണ് ഇടതുപക്ഷവിജയം തട്ടിത്തെറിപ്പിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അഴിമതിയുടെയും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ സൃഷ്ടിക്കുന്ന വിലക്കയറ്റത്തിന്റെയും ഉത്തരവാദിത്തം പേറുന്ന കോണ്‍ഗ്രസ് മുന്നണിക്ക് ജനങ്ങളെ കാര്യമായി ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. പശ്ചിമബംഗാളിലെ പരാജയത്തെതുടര്‍ന്ന് കോര്‍പറേറ്റ് മാധ്യമങ്ങള്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുംനേരെ നിരന്തരമായ ആക്രമണം നടത്തുകയാണ്. ഈ ഫലത്തെ സിപിഐ എമ്മിനുണ്ടായ ദുരന്തമായി ചിത്രീകരിച്ച് പാര്‍ടിക്ക് ഇതില്‍നിന്ന് കരകയറാന്‍ സാധിക്കില്ലെന്ന് പ്രചരിപ്പിക്കുന്നു. മറ്റു ചില നിരീക്ഷകര്‍ ഇതിനെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആശയങ്ങള്‍ കാലഹരണപ്പെട്ടതിന്റെ പ്രതിഫലനമായും സോഷ്യലിസത്തിനും മാര്‍ക്സിസത്തിനും ആഗോളതലത്തില്‍ പ്രസക്തി ഇല്ലാതായതിന്റെ അനന്തരഫലമായും വിശേഷിപ്പിച്ചാണ് ആക്രമണം നടത്തുന്നത്. സോവിയറ്റ് യൂണിയന്റെ പതനം സിപിഐ എമ്മില്‍ ഒരുവിധ ആഘാതവും ഏല്‍പ്പിച്ചിട്ടില്ലാത്തതിനാല്‍തന്നെ ഇത്തരം വാദമുഖങ്ങള്‍ തെറ്റാണ്. സത്യത്തില്‍ , ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ പശ്ചിമ ബംഗാളിലും കേരളത്തിലും പാര്‍ടി കൂടുതല്‍ വളരുകയും ശക്തമാവുകയുമാണുണ്ടായത്. പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തിലാകട്ടെ മാര്‍ക്സിസ്റ്റ് സിദ്ധാന്തവും പ്രയോഗവും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സിപിഐ എം ക്രിയാത്മകമായി പ്രയോഗിച്ചുവരികയാണ്. ഇത് സ്ഥായിയായ അവസ്ഥയല്ല, മറിച്ച് സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്നതാണ്.

നാലു പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന എണ്ണമറ്റ പോരാട്ടങ്ങളുടെയും ജനകീയ മുന്നേറ്റങ്ങളുടെയും ഫലമായാണ് പശ്ചിമബംഗാളിലെ സിപിഐ എമ്മും ഇടതുമുന്നണിയും വളരുകയും കരുത്താര്‍ജിക്കുകയുംചെയ്തത്. ഇത്തരം മുന്നേറ്റങ്ങളുടെയും പോരാട്ടങ്ങളുടെയും സൃഷ്ടിയായ ജനപിന്തുണയാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം. ഇടതുമുന്നണി കേവലം തെരഞ്ഞെടുപ്പ് സഖ്യമല്ല, സിപിഐ എം ശക്തമായ ജനപിന്തുണയുള്ള പാര്‍ടിയായി വളര്‍ന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൂടെ മാത്രവുമല്ല. പശ്ചിമബംഗാളില്‍ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും ചരമക്കുറിപ്പ് എഴുതുന്നവര്‍ ഓര്‍ക്കേണ്ട വസ്തുത ഈ പരാജയത്തിലും ഇടതുമുന്നണി അവിടെ 41 ശതമാനം വോട്ട്(1.95 കോടി വോട്ട്) നേടിയെന്നതാണ്. രണ്ടു വര്‍ഷമായി നിരന്തരം ആക്രമണം നേരിടുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പിന്തുണയില്‍ വര്‍ഗപരമായ അടിത്തറ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സിപിഐ എമ്മിനും ഇടതുമുന്നണിക്കും ഇത് മതിയായ ജനപിന്തുണയാണ്. കമ്യൂണിസ്റ്റ്വിരുദ്ധരും നവഉദാരവല്‍ക്കരണ വാദികളുമായ നിരീക്ഷകരുടെ വിഷലിപ്ത പ്രചാരണം തെറ്റാണെന്ന് തെളിയും. അകന്നുപോയ ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അവര്‍ക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ വഴി അവരുടെയും പിന്തുണ തിരിച്ചുപിടിക്കാന്‍ സിപിഐ എമ്മും ഇടതുമുന്നണിയും ക്ഷമാപൂര്‍വമായ പ്രവര്‍ത്തനത്തില്‍ മുഴുകും.

ഇടതുമുന്നണിയുടെ എല്ലാ നേട്ടങ്ങളെയും കരിതേച്ചുകാണിച്ചും സിപിഐ എമ്മിനെ ജനങ്ങളെ അടിച്ചമര്‍ത്തുന്ന ഏകാധിപത്യശക്തിയായി ചിത്രീകരിച്ചുമാണ് മറ്റൊരു രൂപത്തിലുള്ള ആക്രമണം. പാര്‍ടിയെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തിയാണ് മുന്‍കാലങ്ങളില്‍ വിജയം നേടിയതെന്നുവരെ പറയാന്‍ ചിലര്‍ തയ്യാറാകുന്നു. ഇത്തരം വിമര്‍ശകര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്ന ഒരു കാര്യം 1977 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷ വിരുദ്ധര്‍ക്ക് 40 ശതമാനത്തില്‍ കുറയാതെ വോട്ട് ലഭിച്ചുവെന്നതാണ്. മുമ്പുള്ള എല്ലാ തെരഞ്ഞെടുപ്പിലും സിപിഐ എമ്മും ഇടതുമുന്നണിയും തിളക്കമാര്‍ന്ന വിജയം നേടിയത് 45 മുതല്‍ 50 ശതമാനംവരെ വോട്ട് നേടിയാണ്, ജനങ്ങള്‍ക്കിടയില്‍ , പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍ ആഴത്തില്‍ വേരോട്ടമുള്ളതുകൊണ്ടാണ് ഇതിന് സാധിച്ചത്. സിപിഐ എമ്മിന്റെ നട്ടെല്ലായി നിലകൊള്ളുന്ന ത്യാഗധനരും അര്‍പ്പണബോധമുള്ളവരുമായ പ്രവര്‍ത്തകരെ സ്വേച്ഛാധിപതികളും അഴിമതിക്കാരുമായി ചിത്രീകരിക്കാന്‍ നടത്തുന്ന കുപ്രചാരണം പാര്‍ടിയെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്.

പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ സഹജസ്വഭാവം ജനാധിപത്യവിരുദ്ധതയും അത് സമൂഹത്തിലെ എല്ലാ വിമതശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്ന സമഗ്രാധിപത്യ സ്വഭാവം പുലര്‍ത്തുന്നതും ആയിരുന്നുവെന്നതാണ് മറ്റൊരു പ്രചാരണം. തുടര്‍ച്ചയായി ജനാധിപത്യ പ്രക്രിയക്ക് വിധേയമായും പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ദീര്‍ഘകാലം ജനപിന്തുണ നിലര്‍നിര്‍ത്തിയത്. ജനാധിപത്യത്തിലെ ഏറ്റവും സുസ്ഥിരമായ ശക്തിയാണെന്ന് സിപിഐ എമ്മും ഇടതുമുന്നണിയും തെളിയിച്ചു.

1957ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും രാജ്യത്തെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തതുമുതല്‍ ജനവിഭാഗങ്ങളെ വന്‍തോതില്‍ ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവന്ന് ജനാധിപത്യത്തിന് പാര്‍ടി കരുത്തേകിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തുന്നത് പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലുമാണെന്നത് ഒട്ടും യാദൃച്ഛികമല്ല. ഈ മൂന്ന് സംസ്ഥാനങ്ങളിലും നടപ്പാക്കിയ ഭൂപരിഷ്കരണം പഴയ ഭൂവുടമ സമ്പ്രദായത്തെ തകര്‍ക്കുകയും ജനാധിപത്യത്തെ വിപുലീകരിക്കുകയുംചെയ്തു. അധീശശക്തികളുടെയും നിക്ഷിപ്ത താല്‍പ്പര്യക്കാരുടെയും ദല്ലാളന്മാരാണ് ഇടതുപക്ഷത്തിന്റെ ജനാധിപത്യ പ്രകടനത്തെ കരിതേച്ചുകാണിക്കാനും വളച്ചൊടിക്കാനും ശ്രമിക്കുന്നത്. ജനങ്ങളുടെ പിന്തുണ ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ സിപിഐ എം സ്വന്തം സമീപനം രൂപീകരിച്ചിട്ടുണ്ട്.

ഇടതുപക്ഷ-ജനാധിപത്യ പ്രസ്ഥാനത്തെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുന്ന വിധത്തില്‍മാത്രമേ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് ഭരണം നടത്താന്‍ കഴിയൂ. ഇത്തരം സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ബദല്‍ നയങ്ങള്‍ നടപ്പാക്കണമെന്നുമാണ് പാര്‍ടി പരിപാടിയില്‍ നിഷ്കര്‍ഷിക്കുന്നത്. ഈ ലക്ഷ്യം നേടാന്‍ ഗൗരവപൂര്‍ണമായ പ്രവര്‍ത്തനമാണ് പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയതെന്നത് വ്യക്തമാണ്. ഇത്തരമൊരു സര്‍ക്കാരിന് നേരിട്ട പരാജയം തിരിച്ചടിയാണ്. എന്നാല്‍ , ഇത് സ്ഥിരവും അടിസ്ഥാനപരവുമായ പരാജയമല്ല. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അവരുടെ വര്‍ഗ-ബഹുജനസംഘടനകള്‍ വഴി സംഘടിപ്പിക്കേണ്ടതിന്റെയും ജനകീയ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെയും അതുവഴി ജനങ്ങളില്‍ രാഷ്ട്രീയബോധം വളര്‍ത്തേണ്ടതിന്റെയും പ്രാധാന്യം സിപിഐ എം സദാ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇടതുമുന്നണി സര്‍ക്കാരുകളുടെ രൂപീകരണം ഇതിന്റെ ഫലമാണ്.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിമര്‍ശനാത്മകമായി വിലയിരുത്തിയശേഷം അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സിപിഐ എം ശ്രദ്ധ കേന്ദ്രീകരിക്കും. നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കെതിരായ പോരാട്ടം, ജനങ്ങളുടെ ജീവനോപാധികളുടെ സംരക്ഷണം, ദേശീയ പരമാധികാരത്തിന്റെയും മതനിരപേക്ഷതയുടെയും സംരക്ഷണം എന്നിവ ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷരാഷ്ട്രീയസംവിധാനമാണ് രാജ്യത്തെ ഭരണവര്‍ഗപാര്‍ടികളായ കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ബദല്‍ രാഷ്ട്രീയവേദി. പശ്ചിമബംഗാളിലെ മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ , ജനങ്ങള്‍ കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിലെ ഇടതുമുന്നണി ഭരണം വഴി ആര്‍ജിച്ച നേട്ടങ്ങള്‍ കാത്തൂസൂക്ഷിക്കാനായി സിപിഐ എം നിലയുറപ്പിക്കും. ഭരണമുന്നണിയുടെ വര്‍ഗസ്വഭാവം നോക്കുമ്പോള്‍ ഭൂപരിഷ്കരണം വിപരീതദിശയിലാക്കാനും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ അട്ടിമറിക്കാനും ശ്രമം ഉണ്ടാകും. ഭൂപരിഷ്കരണവും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അവകാശങ്ങളും നാം സംരക്ഷിക്കും; അവകാശങ്ങള്‍ സംരക്ഷിക്കാനും ജീവനോപാധികള്‍ കാത്തുസൂക്ഷിക്കാനും തൊഴിലാളികളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും കൂടുതല്‍ കരുത്തോടെ സംഘടിപ്പിക്കും.

മതനിരപേക്ഷതയുടെയും മതസൗഹാര്‍ദത്തിന്റെയും പാരമ്പര്യം സംരക്ഷിക്കപ്പെടണം. ജനങ്ങളുടെ ഐക്യവും നാടിന്റെ അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന വിഘടനവാദികളെ ചെറുക്കണം. ഇടതുപക്ഷഐക്യം ശക്തിപ്പെടുത്തിയാലേ ഇതെല്ലാം സാധ്യമാകൂ. ആക്രമണം നേരിടുന്ന പാര്‍ടിയെയും ഇടതുമുന്നണിയെയും പശ്ചിമബംഗാളിലെ പ്രസ്ഥാനത്തെയും സംരക്ഷിക്കുകയെന്നതാണ് തെരഞ്ഞെടുപ്പിനുശേഷമുള്ള ഈ സമയത്തെ അടിയന്തരകടമ.

തെരഞ്ഞെടുപ്പുഫലം വന്നശേഷം പാര്‍ടിയുടെയും ട്രേഡ് യൂണിയനുകളുടെയും ഓഫീസുകള്‍ക്കുനേരെ നിരന്തരമായ ആക്രമണം നടക്കുന്നു. സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തകരെ മാരകമാംവിധം ആക്രമിക്കുന്നു. രണ്ട് ദിവസത്തിനകം രണ്ട് സിപിഐ എം നേതാക്കളെ മൃഗീയമായി കൊലപ്പെടുത്തി. പലഭാഗത്തും സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തനം ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് വിജയത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. ഇതിനെ ഫലപ്രദമായി ചെറുക്കാന്‍ കഴിയണം. പശ്ചിമബംഗാള്‍ ജനതയുടെ ജനാധിപത്യബോധത്തെ ഇത്തരം അതിക്രമങ്ങള്‍ക്കെതിരായി ഉയര്‍ത്തിക്കൊണ്ടുവരണം. പശ്ചിമബംഗാളിലെ സിപിഐ എമ്മിനെയും ഇടതുമുന്നണിയെയും ഇത്തരം ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ പാര്‍ടി ഒന്നാകെയും രാജ്യത്തെ ഇടതുപക്ഷ-ജനാധിപത്യ ശക്തികളും അണിനിരക്കണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി 20 മേയ് 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ പരാജയമാണുണ്ടായത്. ബംഗാളിനെ ഇടതുപക്ഷത്തിന്റെ കോട്ടയായി കരുതുന്ന രാജ്യത്തെ ഇടതുപക്ഷ, ജനാധിപത്യ, പുരോഗമനശക്തികള്‍ക്ക് ഇത് വലിയ നിരാശ പകര്‍ന്നിരിക്കുകയാണ്. 1977 മുതല്‍ തുടര്‍ച്ചയായ ഏഴ് തെരഞ്ഞെടുപ്പില്‍ വിജയംനേടിയെന്ന റെക്കോഡുള്ള, 34 വര്‍ഷം അധികാരത്തിലിരുന്ന സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ജനവിധിയിലൂടെ അധികാരത്തില്‍നിന്ന് പുറത്തായി. ഈ ജനവിധിയുടെ ചില പൊതുപ്രവണതകള്‍ വ്യക്തം. ജനങ്ങള്‍ തീര്‍ച്ചയായും മാറ്റത്തിനായി നിലകൊള്ളുകയും അത് തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിന് വന്‍വിജയം നല്‍കുകയുംചെയ്തു. വലതുപക്ഷം മുതല്‍ തീവ്രഇടതുപക്ഷക്കാരായ മാവോയിസ്റ്റുകള്‍വരെയുള്ള എല്ലാ ഇടതുപക്ഷവിരുദ്ധരുടെയും വോട്ടുകളുടെ ഏകോപനമുണ്ടായി.

drjmash said...

If the party is sincere in its efforts to rectify the mistakes then it can make a comeback in West Bengal.But whenever party does reviews of the debacles in an election, it doesnt go to the real reasons. Just blaming others wont do. Forgetting the common man man, frienship with mafia goons etc etc played a major role in the defeat.

In Kerala, some party workers loyal to the secretary had stated that they do not want a win because VS will come abck again to power again, which they wanted to avoid. However it is fact that the VS played a crucial role in getting 68 seats thus avoiding a humiliating defeat. If the people are more after peoples like VS, it is not because the media had projected him in the past, but because commonman no longer trust peoples like secretary and thus the party as an entity. What we want is leaders of integrity and honesty. How many such people are there in the party now a days? many persons in the ministry were of doubtful charactors.