Friday, May 27, 2011

പള്ളി വേറെ പള്ളിക്കൂടം വേറെ

ഓരോ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തിലും പാഠപുസ്തകങ്ങളെ കേന്ദ്രീകരിച്ച് ബാലിശമായ എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിച്ച് ഊതിവീര്‍പ്പിച്ചു വലുതാക്കുക എന്നത് കേരളത്തില്‍ ഒരു പതിവുപരിപാടിയായിട്ടുണ്ട്. പോയവര്‍ഷം മതമില്ലാത്ത ജീവന്റെ പേരിലായിരുന്നെങ്കില്‍ ഈ വര്‍ഷം ആധുനിക ലോകത്തിന്റെ ഉദയം എന്ന പത്താം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠത്തിനെതിരെയാണ്. ഇത്തരം വിവാദങ്ങള്‍ക്കു തീ കൊളുത്തുന്നവര്‍ ലക്ഷ്യമാക്കുന്നതാകട്ടെ, ഇടതു പുരോഗമന ശക്തികളെയുമാണ്. കേശവദേവിന്റെ ഓടയില്‍നിന്ന് തുടങ്ങി കസാന്‍ദ്സാക്കീസിന്റെ യേശുവിന്റെ അന്ത്യപ്രലോഭനം എന്ന നോവലിനെ പരിചയപ്പെടുത്തുന്ന ലേഖനത്തിനെതിരെയും പിന്നീട് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ആദാമും ദൈവവും എന്ന കവിതയ്ക്കെതിരെയും എല്ലാം ഈ പ്രതിലോമശക്തികള്‍ ഒച്ചപ്പാടുമായി രംഗത്തു വരികയുണ്ടായി. ശുദ്ധ മാനവികമൂല്യങ്ങളുമായി പുതിയ തലമുറയെ പരിചയപ്പെടുത്തുന്ന ഇത്തരം പാഠഭാഗങ്ങള്‍ ഒഴിവാക്കി ഒരു പരിഷ്കൃതപാഠപദ്ധതി എങ്ങനെ രൂപപ്പെടുത്തണമെന്നതിനെക്കുറിച്ച് അടിസ്ഥാനരഹിതമായ എതിര്‍പ്പുകള്‍ ഉന്നയിക്കുന്ന ഈ കൂട്ടര്‍ക്ക് ഒരു നിര്‍ദേശവും മുന്നോട്ടുവയ്ക്കാനില്ലെന്നതാണ് മറ്റൊരു തമാശ.

ഹൈസ്കൂള്‍ കോളേജ് ലെവല്‍ വിദ്യാഭ്യാസം കേവലം കാറ്റക്കിസം (മത-വേദപാഠം) ക്ലാസിന്റെ നിലവാരത്തില്‍ നിന്നുയരുന്നതിനെ ഇവര്‍ ഭയപ്പെടുന്നു. മേല്‍ പരാമര്‍ശിച്ച പാഠപുസ്തകങ്ങളില്‍ ഉണ്ടെന്നാരോപിക്കപ്പെടുന്ന മതവിരുദ്ധ പരാമര്‍ശങ്ങള്‍ ആദ്യമായി ഉയര്‍ന്നത് ഏതെങ്കിലും മതവിരുദ്ധശക്തികളില്‍ നിന്നല്ല. പുരോഹിത പണ്ഡിതന്മാരില്‍ നിന്നുതന്നെയാണ് എന്ന കാര്യവും ചരിത്രം ശ്രദ്ധിച്ചു പഠിക്കുന്നവര്‍ക്കറിയാം. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠനത്തിനായി എസ്‌സി ഇആര്‍ടി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആദ്യ അധ്യായമായ ആധുനിക ലോകത്തിന്റെ ഉദയം എന്ന പാഠത്തിലെ പരാമര്‍ശങ്ങളൊന്നും പാഠപുസ്തക രചയിതാക്കളുടെ സങ്കല്‍പ്പ സൃഷ്ടികളല്ല. ലോകചരിത്രത്തിന്റെ ഭാഗമെന്ന നിലയില്‍ , എച്ച് ജി വെല്‍സും, പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവും ഒക്കെ അവരുടെ വിശ്രുതമായ ചരിത്രരചനകളില്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിച്ച കാര്യങ്ങളുടെ സംഗ്രഹമാണ്. ഇതൊക്കെ ഒഴിവാക്കി കുട്ടികളെ സാമൂഹ്യശാസ്ത്രത്തിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചാല്‍ അതെന്തുതരം സാമൂഹ്യശാസ്ത്രം ആയിരിക്കും? ഈവക കാര്യങ്ങളില്‍കൂടി പാഠപുസ്തകവിരോധവുമായി രംഗത്തു വന്നിരിക്കുന്ന കാത്തലിക്ക് ബിഷപ് കോണ്‍ഫറന്‍സും അവരുടെ വക്താവായ ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും കേരളീയ സമൂഹത്തോട് വിശദീകരിക്കേണ്ടതുണ്ട്.

വിവാദ വിഷയമായ പാഠഭാഗത്തിന് ചിത്രങ്ങളടക്കം 23 പേജാണുള്ളത്. ഇതില്‍ നവോത്ഥാനം (Renaissance) എന്ന ഉപശീര്‍ഷകത്തിനു താഴെ കത്തോലിക്കാ സഭയെ പരോക്ഷമായി പരാമര്‍ശിക്കുന്ന ഏഴു ഭാഗമാണുള്ളത്. അവ അക്കമിട്ട് താഴെ ഉദ്ധരിക്കുന്നു. ഇതില്‍ ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും അനുചരന്മാരും ആരോപിക്കുന്നതുപോലെ മതവികാരം വ്രണപ്പെടുത്തുന്നതോ ദൈവനിന്ദ നടത്തുന്നതോ രാജ്യദ്രോഹപരമോ ആയ എന്തു പരാമര്‍ശമാണുള്ളതെന്നു വായനക്കാര്‍ക്കു സ്വയം പരിശോധിച്ചു തീരുമാനിക്കാവുന്നതേയുള്ളൂ.

1. ഫ്യൂഡല്‍ കാലഘട്ടത്തില്‍ യൂറോപ്പില്‍ വിജ്ഞാനതൃഷ്ണയുടെയും യുക്തിചിന്തയുടെയുംമേല്‍ കത്തോലിക്കാ സഭ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. (പേജ്- 10)

2. പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ഇറ്റാലിയന്‍ നഗരങ്ങളിലും തുടര്‍ന്ന് ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ടായ വൈജ്ഞാനിക തരംഗങ്ങളിലെ പുത്തന്‍ ഉണര്‍വിനെയാണ് നവോത്ഥാനം കുറിക്കുന്നത്. ഫ്യൂഡല്‍ പ്രഭുക്കന്മാരും കത്തോലിക്കാ സഭയും വിലക്കേര്‍പ്പെടുത്തിയിരുന്ന പ്രാചീന ഗ്രീക്ക് റോമന്‍ സംസ്കാരങ്ങളുടെ പുനര്‍ജന്മമാണിത്. കത്തോലിക്കാ സഭ അടിച്ചേല്‍പ്പിച്ച യുക്തിരഹിതമായ വിശ്വാസത്തെ നിരാകരിക്കാനുള്ള അന്വേഷണ ത്വരയുടെയും വിമര്‍ശബുദ്ധിയുടെയും ഫലം. ഇത് പെട്ടെന്ന് ഒരു ദിവസം കൊണ്ടുണ്ടായതല്ല. (പേജ് 12)

3. മധ്യകാല ജീവിതത്തില്‍നിന്ന് ആധുനിക ജീവിതത്തെ വേര്‍തിരിക്കുന്ന ചില പ്രതിഭാസങ്ങള്‍ നവോത്ഥാനകാലത്ത് രൂപപ്പെട്ടുവന്നു. എന്തൊക്കെയാണവ? (പേജ് 13) 1. അന്വേഷണകൗതുകം, 2. വിമര്‍ശനബുദ്ധി, 3. യുക്തിചിന്ത, 4. പ്രാദേശിക ഭാഷകളുടെ വളര്‍ച്ച, 5. മാനവികത (ഔാമിശൊ) മനുഷ്യനാണ് എല്ലാത്തിന്റെയും മാനദണ്ഡം എന്ന സങ്കല്‍പ്പം (പേജ് 13)

4. കത്തോലിക്കാ സഭയുടെ കാലഹരണപ്പെട്ട വിശ്വാസപ്രമാണങ്ങളെ കളിയാക്കുന്നതാണ് ഡച്ചുഭാഷയില്‍ ഇറാസ് മസ് രചിച്ച വിഡ്ഢിത്തത്തെ വാഴ്ത്തല്‍ (In praise of Folly) എന്ന കൃതി (പേജ് 14)

5. പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പിലെ കത്തോലിക്കാ സഭയിലുണ്ടായ നവീകരണ ശ്രമങ്ങള്‍ മതനവീകരണം അഥവാ പ്രൊട്ടസ്റ്റന്റ് നവീകരണം എന്നറിയപ്പെട്ടു. ഇതിന് മുമ്പുതന്നെ സഭയ്ക്കുനേരെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഉദാഹരണത്തിന് ഓക്സ്ഫഡിലെ ജോണ്‍ വൈക്ലിഫ് (1324-1384) പ്രാഹയിലെ ജോണ്‍ ഹസ്സ് (1369-1415) എന്നിവര്‍ സഭയില്‍ നിലനിന്ന അഴിമതിയെയും ഐഹികതയെയും ചോദ്യംചെയ്തു. അവരെല്ലാം ശിക്ഷിക്കപ്പെട്ടു അവരുടെ ഉദ്യമങ്ങള്‍ക്കൊന്നുംതന്നെ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചില്ല. (പേജ് 15)

6. പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭ ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടു. സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ പുനര്‍ നിര്‍മാണംപോലുള്ള നിരവധി പദ്ധതികള്‍ വന്‍ സാമ്പത്തിക ബാധ്യത ഉള്ളതായിരുന്നു. ഇതു മറികടക്കാന്‍ കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പ ധാരാളം പദവികള്‍ സൃഷ്ടിച്ച് വില്‍പ്പന നടത്തി. ഏറെ അപകീര്‍ത്തികരമായ മറ്റൊരു നടപടിയായിരുന്നു പാപപരിഹാര വില്‍പ്പന. പാപപരിഹാരത്തിനുള്ള ഉപാധിയായി സാധാരണക്കാര്‍ക്ക് പാപമുക്തി പത്രം (Indulgences) വിറ്റ് സഭ പണമുണ്ടാക്കി. അധികാര ദുര്‍വിനിയോഗം വളരെയധികം വര്‍ധിച്ചു. (പേജ് 16)

7. ഇങ്ങനെ പാപമുക്തിപത്രം വില്‍ക്കുന്നതിലെ അധാര്‍മികതയെ ചോദ്യംചെയ്ത മതപണ്ഡിതനായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ . ജര്‍മനിയിലെ വിറ്റിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ ദൈവശാസ്ത്ര പ്രൊഫസറായിരുന്ന അദ്ദേഹം തന്റെ വാദഗതികള്‍ വിശദമാക്കുന്ന 95 സിദ്ധാന്തങ്ങള്‍ (Ninety five Thesus) തയ്യാറാക്കി. ഇതു വിറ്റന്‍ബര്‍ഗ് ദേവാലയത്തിന്റെ വാതിലില്‍ ആണി അടിച്ചുതൂക്കി. സഭയില്‍നിന്ന് പോപ്പ് മാര്‍ട്ടിന്‍ ലൂഥറെ പുറത്താക്കി. ഇതിനെതിരെ പ്രതിഷേധിച്ചവരാണ് പ്രൊട്ടസ്റ്റന്റുകള്‍ . (പേജ് 17)

നവോത്ഥാന സംബന്ധിയായ ഈ വക പരാമര്‍ശങ്ങളെത്തുടര്‍ന്ന് പ്രതിനവീകരണം (Counter Reformation), കാതലിക്ക്- പ്രൊട്ടസ്റ്റന്റ് ചേരികളായി തിരിഞ്ഞ് യൂറോപ്പിലെ നാടുവാഴികള്‍ നടത്തിയ നിരന്തര യുദ്ധങ്ങള്‍ , ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങള്‍ , അവയുടെ ഫലമായി ഉണ്ടായ ശാസ്ത്രപുരോഗതി, ജ്ഞാനോദയം (Enlightenment) എന്നീ ഉപശീര്‍ഷകങ്ങളുമായി ആധുനിക ലോകത്തിന്റെ ആവിര്‍ഭാവത്തെ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സമഗ്രമായി പരിചയപ്പെടുത്തുന്ന ഈ പാഠഭാഗം പോയവര്‍ഷം 9-ാം ക്ലാസ് വിദ്യാര്‍ഥികള്‍ പഠിച്ചുവന്ന സാമൂഹ്യശാസ്ത്രപഠനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചമാത്രമാണ്. ലോകചരിത്രം പാഠപുസ്തകനിര്‍മാതാക്കളുടെ ഇച്ഛയ്ക്കനുസരിച്ചു തിരുത്തി എഴുതാവുന്നതല്ലല്ലോ. തികച്ചും ശാസ്ത്രീയവും കുറ്റമറ്റതുമായ ഈ പാഠ്യപദ്ധതിയെ കാര്യമില്ലാതെ എതിര്‍ക്കുന്നവര്‍ , നമ്മുടെ സമൂഹത്തെ മധ്യകാലത്തെ ഇരുണ്ടയുഗങ്ങളിലേക്കു നയിക്കാന്‍ ശ്രമിക്കുകയാണ്. ലോകത്തിലെ എല്ലാ ക്രൈസ്തവ രാജ്യങ്ങളിലെയും സ്കൂള്‍ കുട്ടികള്‍ പഠിക്കുന്ന ചരിത്രപാഠംമാത്രമാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ ഈ പാഠപുസ്തകത്തിന്റെയും ഉള്ളടക്കം.

അടുത്തകാലത്ത് മാര്‍പ്പാപ്പ തന്നെ കുറ്റമേറ്റു പറഞ്ഞു ലോകത്തോടു മാപ്പുപറഞ്ഞ എന്തെന്തു കുറ്റകൃത്യങ്ങളാണ് ഇരുണ്ടയുഗങ്ങളിലും തുടര്‍ന്നിങ്ങോട്ടുള്ള കാലയളവിലും കത്തോലിക്കാസഭയുടെ ഔദ്യോഗിക വിഭാഗം ചെയ്തുകൂട്ടിയിട്ടുള്ളത്. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്ന ഏറ്റുപറയലുകൊണ്ടു തൂത്തുമായ്ച്ചു കളയാവുന്നതിനപ്പുറമാണ് സഭയുടെ ചരിത്രത്തിലെ കറുത്തപാടുകള്‍ . ഒരര്‍ഥത്തില്‍ ഇത്തരം വിവാദങ്ങളുയര്‍ത്തുന്നവര്‍ ലക്ഷ്യമാക്കുന്നതിനു വിപരീതമായ ചില സദ്ഫലങ്ങള്‍ ഇത് ഉളവാക്കുന്നുണ്ട്. പൊതുസമൂഹത്തിനുകൂടി ഈ സദ്ഫലങ്ങള്‍ പങ്കുവയ്ക്കാന്‍ സഹായകമായ രീതിയില്‍ ഇത്തരം പാഠപുസ്തകവിവാദങ്ങളെ പരിവര്‍ത്തനപ്പെടുത്തുകയാണ് വേണ്ടത്.

ഭരണകക്ഷിയില്‍ ഉറപ്പിച്ചെടുത്ത സ്വാധീനത്തിന്റെ മറവില്‍ പാഠപുസ്തകഭാഗം പിന്‍വലിക്കാനോ പഠിപ്പിക്കേണ്ടെന്ന പതിവു നിര്‍ദേശം നല്‍കി വിമര്‍ശകരെ തൃപ്തിപ്പെടുത്താനുമാണ് പുതിയ സര്‍ക്കാര്‍ തുനിയുന്നതെങ്കില്‍ ഹാ കഷ്ടം! എന്നല്ലാതെ മറ്റൊന്നും പറയാനില്ല. തുടക്കത്തില്‍തന്നെ അനര്‍ഹവും അന്യായവും ആയ തരത്തില്‍ ന്യൂനപക്ഷ പ്രീണനം നടത്തി മന്ത്രിസ്ഥാനങ്ങള്‍വരെ പങ്കിട്ടു നല്‍കി സ്വന്തം പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ച ഒരു സര്‍ക്കാര്‍ കുട്ടികള്‍ എന്തു പഠിക്കണം, എങ്ങനെ പഠിക്കണം, ആരു പഠിപ്പിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം കത്തോലിക്കാ മെത്രാന്മാരുടെ അരമനകളില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് നടപ്പാക്കാനാണ് ഭാവമെങ്കില്‍ അതു കേരളത്തിന്റെ പൊതുസമൂഹത്തെയും മതേതര മനഃസാക്ഷിയെയും അവഹേളിക്കലാകും.


*****


കെ സി വര്‍ഗീസ്, കടപ്പാട് :ദേശാഭിമാനി 27052011

11 comments:

വര്‍ക്കേഴ്സ് ഫോറം said...

ഓരോ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തിലും പാഠപുസ്തകങ്ങളെ കേന്ദ്രീകരിച്ച് ബാലിശമായ എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിച്ച് ഊതിവീര്‍പ്പിച്ചു വലുതാക്കുക എന്നത് കേരളത്തില്‍ ഒരു പതിവുപരിപാടിയായിട്ടുണ്ട്. പോയവര്‍ഷം മതമില്ലാത്ത ജീവന്റെ പേരിലായിരുന്നെങ്കില്‍ ഈ വര്‍ഷം ആധുനിക ലോകത്തിന്റെ ഉദയം എന്ന പത്താം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠത്തിനെതിരെയാണ്. ഇത്തരം വിവാദങ്ങള്‍ക്കു തീ കൊളുത്തുന്നവര്‍ ലക്ഷ്യമാക്കുന്നതാകട്ടെ, ഇടതു പുരോഗമന ശക്തികളെയുമാണ്. കേശവദേവിന്റെ ഓടയില്‍നിന്ന് തുടങ്ങി കസാന്‍ദ്സാക്കീസിന്റെ യേശുവിന്റെ അന്ത്യപ്രലോഭനം എന്ന നോവലിനെ പരിചയപ്പെടുത്തുന്ന ലേഖനത്തിനെതിരെയും പിന്നീട് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ആദാമും ദൈവവും എന്ന കവിതയ്ക്കെതിരെയും എല്ലാം ഈ പ്രതിലോമശക്തികള്‍ ഒച്ചപ്പാടുമായി രംഗത്തു വരികയുണ്ടായി. ശുദ്ധ മാനവികമൂല്യങ്ങളുമായി പുതിയ തലമുറയെ പരിചയപ്പെടുത്തുന്ന ഇത്തരം പാഠഭാഗങ്ങള്‍ ഒഴിവാക്കി ഒരു പരിഷ്കൃതപാഠപദ്ധതി എങ്ങനെ രൂപപ്പെടുത്തണമെന്നതിനെക്കുറിച്ച് അടിസ്ഥാനരഹിതമായ എതിര്‍പ്പുകള്‍ ഉന്നയിക്കുന്ന ഈ കൂട്ടര്‍ക്ക് ഒരു നിര്‍ദേശവും മുന്നോട്ടുവയ്ക്കാനില്ലെന്നതാണ് മറ്റൊരു തമാശ.

Jijo Kurian said...

While agreeing with the message of the article I have the following observations:
1. Some factual mistakes (Eg: a)ജൈവശാസ്ത്ര പ്രൊഫസറായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ is a mistake. He was a theologian. b)In the middle ages the church was not against reason. The entire middle age theology- eg:Thomistic theology- is based on Aristotelian or platonic reason. The church was against the way in which human reason was being used by the enlightened men of the time. c)പോയവര്‍ഷം മതമില്ലാത്ത ജീവന്റെ പേരിലായിരുന്നെങ്കില്‍.... That is at least a three year old issue.
2. I do not agree with the title: പള്ളി വേറെ പള്ളിക്കൂടം വേറെ. As Marxism is an integral vision of life affecting all the areas of life (Marxism has its implication on politics, economics, religion, morality, knowledge etc. etc.), Christianity too is an intergral vision of life. To reduce the vision of Jesus merely to religious reality (secular & sacred is an unnatural compartmentalization of human life in the modern western society) is not christian. The life of Jesus had its political (he was killed as a political rebel), religious (he was traped by the religious leaders), moral ( he was criticised by the moralists of the time for not following the law)...... implictions. Christianity too is an integral vision of life. Surely, how it is being articulated today is questionable. And I agree.

വര്‍ക്കേഴ്സ് ഫോറം said...

@ ജിജോ
1. ദൈവ ശാസ്ത്രജ്ഞനെന്നു തിരുത്തിയിട്ടുണ്ട്’മതമില്ലാത്ത ജീവൻ കഴിഞ്ഞ വർഷം ആയിരുന്നില്ല എന്നത് സാങ്കേതികമായി ശരിയാൺ, എങ്കിലും...അതൊരു നോൺ ഇഷ്യൂ അയിരുന്നില്ല കഴിഞ്ഞ കൊല്ലവും :)

2. പോയിന്റ്സ് വെൽ ടേക്കൺ

Anonymous said...

ഇതൊന്നും ഇന്ത്യയിലുള്ള ഒരു കുട്ടിക്ക്‌ താല്‍പ്പര്യം ഉണ്ടാകേണ്ട വിഷയങ്ങള്‍ അല്ല, ഇതു പഠിച്ചിട്ട്‌ അവരിപ്പോള്‍ പ്രൊടസ്റ്റണ്റ്റും ആകാന്‍ പോകുന്നില്ല കത്തോലിക്കനും ആകാന്‍ പോകുന്നില്ല പത്താം ക്ളാസിലെ കുട്ടിക്ക്‌ ഇതൊക്കെ മനസ്സിലാക്കാനുള്ള സ്റ്റാന്‍ഡേര്‍ഡും കുറവ്‌, അപ്പോള്‍ വെറുതെ ഇരുന്നിടത്തു ചുണ്ണാമ്പിട്ട്‌ കുത്താന്‍ ഏതോ പരിഷത്തുകാരന്‍ ചെയ്ത വേല ആണു ഈ പാഠഭാഗം ഇവനെ പോലെ ഉള്ള ആള്‍ക്കാരാണു ക്രിസ്ത്യാനികളെ പാര്‍ട്ടിയില്‍ നിന്നകറ്റി ഭരണം കൊണ്ട്‌ കളഞ്ഞത്‌ പിന്നെ എം എ ബേബി എന്ന മന്ത്രിയും

ചെറിയാച്ചന്‍ said...

ഇതൊക്കെ ഇന്ത്യയിലെ കുട്ടിക്ക് താല്പര്യമുണ്ടാവേണ്ട വിഷയങ്ങള്‍ ആവാം .
ഈ പറഞ്ഞതൊക്കെ ചില സത്യങ്ങള്‍ മാത്രം അതിന്റെ പേരില്‍ സഭ കിടന്നു തുള്ലെണ്ട കാര്യമില്ല , ഇതേ ക്രിസ്ത്യാനികള്‍ ഇതൊക്കെ കൊണ്ട് സി പി എമ്മിന് വോട്ടു ചെയ്യുന്നില്ല എന്നത് തോന്നലാണ് , കത്തോലിക്കാ സഭക്ക് ഉള്ളതിലും കൂടുട്ര്‍ഹാല്‍ അംഗങ്ങള്‍ മറ്റു സഭകളില്‍ ഉണ്ട് . അവരുടെ വോട്ടുകള്‍ ഇത്തവണ എല്‍ ഡി എഫിന് കിട്ടിയിട്ടുണ്ട് അതിന്റെ തെളിവാണ് ആലപ്പുഴ പത്തനംതിട്ട ഇടുക്കി കൊല്ലം ജില്ലകളിലെ എല്‍ ഡി എഫിന്റെ വിജയം

Joseph Michael said...

ലോകചരിത്രത്തിലെ സുപ്രധാനമായ ഏടുകളാണ് പ്രൊട്ടസ്‌റ്റന്റ് നവീകരണവും യൂറോപ്യന്‍ നവോത്ഥാനവുമൊക്കെ. അവ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്. ഈ വിവാദത്തെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍ കരുതിയത് അര്‍ത്ഥശൂന്യമായ എതിര്‍പ്പുകളുമായി കത്തോലിക്കാസഭാനേതൃത്വം വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്നാണ്. സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന NCERT പാഠപുസ്‌തകങ്ങളിലും ഈ വിഷയങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. NCERT-യുടെ പതിനൊന്നാം ക്ലാസിലെ ചരിത്രപാഠപുസ്‌തകത്തില്‍ പ്രൊട്ടസ്‌റ്റന്റ് നവീകരണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് അടുത്ത കമന്റില്‍ ഉദ്ധരിക്കാം. ഞാന്‍ സ്‌കൂളിലായിരുന്നപ്പോള്‍ കുറച്ചുകൂടി ചെറിയ ക്ലാസിലെ പുസ്‌തകത്തില്‍ത്തന്നെ (എട്ടിലെയോ മറ്റോ ആണെന്നു തോന്നുന്നു) പ്രൊട്ടസ്‌റ്റന്റ് നവീകരണത്തെക്കുറിച്ചും അതിനെത്തുടര്‍ന്ന് കത്തോലിക്കാസഭയില്‍ നടന്ന നവീകരണത്തെക്കുറിച്ചും (Counter-Reformation) വിവരണമുണ്ടായിരുന്നു. അന്നൊന്നും ഒരു വിവാദവുമുണ്ടായില്ല. ഇടതുസര്‍ക്കാരിനോടുള്ള അന്ധമായ വിരോധമാണ് ഇത്തരം എതിര്‍പ്പുകള്‍ക്കു കാരണം എന്നാണു തോന്നിയത്.

എന്നാല്‍ ഈ ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്ന പാഠഭാഗങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലായത്, ഇത്തവണത്തെ എതിര്‍പ്പുകള്‍ക്ക് കുറച്ചൊക്കെ ന്യായീകരണമുണ്ടെന്നാണ്. അത് എന്തുകൊണ്ടെന്നാണെന്ന് വ്യക്തമാക്കാം.

1. “കത്തോലിക്കാ സഭ അടിച്ചേല്‍പ്പിച്ച യുക്തിരഹിതമായ വിശ്വാസത്തെ നിരാകരിക്കാനുള്ള അന്വേഷണ ത്വരയുടെയും വിമര്‍ശബുദ്ധിയുടെയും ഫലം.“ (പേജ് 12)
ക്രിസ്‌തുമത വിശ്വാസം കത്തോലിക്കാസഭ ഭൂരിഭാഗം പേരുടെ മേലും “അടിച്ചേല്‍പ്പിച്ചതാണെന്ന“ വാദം ചരിത്രപരമായി ശരിയല്ല. ഇതൊരു മാര്‍ക്‍സിയന്‍ കാഴ്‌ചപ്പാടുപോലുമല്ല.
2. “കത്തോലിക്കാ സഭയുടെ കാലഹരണപ്പെട്ട വിശ്വാസപ്രമാണങ്ങളെ കളിയാക്കുന്നതാണ് ഡച്ചുഭാഷയില്‍ ഇറാസ് മസ് രചിച്ച വിഡ്ഢിത്തത്തെ വാഴ്ത്തല്‍ (In praise of Folly) എന്ന കൃതി“ (പേജ് 14)
കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണങ്ങള്‍ - അതായത് ക്രിസ്‌തുമതവിശ്വാസികളില്‍ വലിയൊരു വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ - “കാലഹരണപ്പെട്ടതാണ്” എന്നതാണ് ഇവിടെ വിവക്ഷ. ക്രിസ്‌തുമതത്തിന്റെയോ മറ്റേതെങ്കിലും മതത്തിന്റെയോ വിശ്വാസപ്രമാണങ്ങള്‍ ശരിയോ തെറ്റോ, കാലഹരണപ്പെട്ടതോ അല്ലയോ എന്നിങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഇന്ത്യന്‍ സ്‌റ്റേറ്റിന് നിലപാടൊന്നും തന്നെയില്ല. അതിന്റെ ആവശ്യവുമില്ല. അതിനാല്‍ത്തന്നെ അത്തരത്തിലുള്ള നിലപാടുകള്‍ പാഠപുസ്‌തകത്തില്‍ കടന്നുവരേണ്ട കാര്യവുമില്ല.

ഇത്തരം പരാമര്‍ശങ്ങളൊന്നും NCERT-യുടെ പുസ്‌തകങ്ങളിലില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതേസമയം പാപപരിഹാരവില്‍പ്പന മുതലായ ദുഷ്‌ചെയ്‌തികളെക്കുറിച്ച് വിവരണമുണ്ടുതാനും. വിശ്വാസത്തെയും സഭാനേതൃത്വത്തിന്റെ നടപടികളെയും വേര്‍തിരിച്ചുകാണേണ്ടതാണെന്ന് NCERT-യുടെ പുസ്‌തകങ്ങള്‍ തയ്യാറാക്കിയവര്‍ക്കറിയാമായിരുന്നു. SCERT-യ്‌ക്ക് അതിനു സാധിച്ചില്ല.

നേരത്തെ “മതമില്ലാത്ത ജീവന്‍” വിവാദമുണ്ടായപ്പോള്‍ പല ഇടതുപക്ഷക്കാരും ചൂണ്ടിക്കാണിച്ചിരുന്ന ഒരു കാര്യമുണ്ട് - ഭൂപരിഷ്‌കരണത്തെക്കുറിച്ചും ജീവനു മതമില്ലാത്തതിനെക്കുറിച്ചുമുള്ള പാഠഭാഗങ്ങളൊന്നുമല്ല പ്രശ്‌നം. മൊത്തത്തില്‍ പാഠപുസ്‌തകത്തിന്റെ നിലവാരം ഇടിഞ്ഞു എന്നതാണ്. ഭൂരിഭാഗം വിദ്യാലയങ്ങളിലും ലൈബ്രറി സൌകര്യങ്ങള്‍ വളരെ അപര്യാപ്‌തമായിരിക്കുന്ന സാഹചര്യത്തില്‍ പാഠപുസ്‌തകങ്ങള്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അറിവിന്റെ സുപ്രധാനമായ ഒരു സ്രോതസ്സാണ്. അവയിലെ information content കുറയുന്നത് ഈയൊരു പശ്ചാത്തലത്തില്‍ വളരെ ഗൌരവത്തോടെ കാണേണ്ട പ്രശ്‌നമാണ്.

ഇത്തവണ കത്തോലിക്കാസഭ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങളില്‍ കുറച്ചു കഴമ്പുണ്ടെന്ന് ഖേദത്തോടെ പറയേണ്ടിവരുന്നു. SCERT-യുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത് എന്താണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ:
sheer incompetence. (കഴിവുകേട് എന്ന മലയാളം വാക്കിന് അത്ര ശക്തി പോര.)

“ഇരുന്നിടത്തു ചുണ്ണാമ്പിട്ട്‌ കുത്താന്‍ ഏതോ പരിഷത്തുകാരന്‍ ചെയ്ത വേല ആണു ഈ പാഠഭാഗം“ എന്നൊക്കെ ആളുകള്‍ പറയുന്നതു വെറുതെയല്ല.

Joseph Michael said...
This comment has been removed by the author.
Joseph Michael said...
This comment has been removed by the author.
Joseph Michael said...
This comment has been removed by the author.
Joseph Michael said...

I don't know what is happening. I was trying to post the portion from the NCERT Std. XI History textbook on Protestant Reformation. Since the passage is long, I had to post it as two comments. But the first portion keep disappearing mysteriously. So I have pasted it into a Word file and uploaded it elsewhere.

Please use this link to download the file:
http://bit.ly/mrYTqx

Prasanna Raghavan said...

It is truly disappointing to know that the content of learning in Kerala is still spoon fed-learners are fed from the best concoction the textbooks have already prepared- especially in a subject like Social Science.

This is happening at a time when Information Communication Technology, as I hear has been introduced into the Kerala education system with the intention to improve the learning and teaching.

Its use can give learners the freedom to know themselves what for eg. is Protestantism or Catholicism. There are tons of materials on the Internet. The textbook is only one resource. That kind of freedom, to form ideas using their own rationality and thinking is the beginning of REASON and not swallowing up the pieces of information concocted by somebody to suit their own socio-political and religious preferences.

But such an education system, it is questionable, whether be preferred by any politicians or believers there no matter whatever are their affiliations.

I think this is the true conundrum of the Kerala education