Tuesday, May 3, 2011

ബിന്‍ ലാദന്മാര്‍ ഇനിയുമുണ്ടാകുമോ ?

ഒസാമ ബിന്‍ ലാദന്റെ മരണം അപ്രതീക്ഷിതമല്ല. പത്തുകൊല്ലമായി ആസൂത്രണംചെയ്ത് നടപ്പാക്കിയ ഭീകരവിരുദ്ധ "യുദ്ധ"ത്തിന്റെ ഫലമാണത്. അതിന്റെ ഉത്തരവാദിത്തം തികച്ചും അമേരിക്കയ്ക്കുതന്നെയാണെന്ന് ഒബാമയും മറ്റ് അമേരിക്കന്‍ വക്താക്കളും സ്ഥിരീകരിച്ചിരിക്കുന്നു. പാകിസ്ഥാന്റെ മണ്ണില്‍വച്ചാണ് കൊല നടന്നതെങ്കിലും പാകിസ്ഥാന് ഇതില്‍ പങ്കൊന്നുമില്ലെന്നും പല കൂട്ടക്കൊലകള്‍ക്കും കാരണക്കാരനായ ഒസാമയെ വധിച്ചതിന്റെ ശ്രേയസ്സ് അമേരിക്കയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നും പറഞ്ഞിരിക്കുന്നു. പത്തുകൊല്ലംമുമ്പ് ന്യൂയോര്‍ക്കിലുണ്ടായ സ്ഫോടനത്തിന് ഉത്തരവാദിയെന്ന് കണക്കാക്കപ്പെടുന്ന ബിന്‍ ലാദന്‍ ഭീകരതയുടെയും അതുള്‍ക്കൊള്ളുന്ന വിദ്വേഷത്തിന്റെയും പ്രതീകമായാണ് ലോകമെമ്പാടും കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ബിന്‍ ലാദനോട് സഹതാപമുള്ളവര്‍ ചുരുക്കമായിരിക്കും. ബിന്‍ ലാദന്റെ ചെയ്തികളെ അനുകൂലിക്കുന്നവരും ഏറെയൊന്നും ഉണ്ടാകാനിടയില്ല. എങ്കിലും മരണശേഷം ഒരു ഉയിര്‍ത്തെഴുന്നേല്‍പ് ഉണ്ടാകുമോ എന്ന് അമേരിക്കതന്നെ സംശയിക്കുന്നതുകൊണ്ടായിരിക്കണം കടലില്‍ മൃതദേഹം അടക്കംചെയ്യാന്‍ തീരുമാനിച്ചത്. പക്ഷേ, ബിന്‍ ലാദന് ഒരു പുനര്‍ജന്മം സാധ്യമാകുമെന്ന് തോന്നുന്നില്ല. കാരണം മുസ്ലിം രാജ്യങ്ങളില്‍ ഇന്ന് പ്രകടമാവുന്ന ജനമുന്നേറ്റത്തില്‍ ബിന്‍ ലാദന്മാര്‍ക്ക് പ്രസക്തിയില്ല. ആധുനിക വ്യവസ്ഥിതിക്കുവേണ്ടി നിരന്തരം തെരുവിലിറങ്ങുന്ന മുസ്ലിം ജനസാമാന്യത്തിന് ബിന്‍ ലാദന്മാര്‍ അന്യമാണ്.

എങ്കിലും കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്ലിം സമൂഹത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധി ബിന്‍ ലാദന്റെ ജീവിതം പ്രതിനിധാനംചെയ്യുന്നു. തികച്ചും യാഥാസ്ഥിതികനായ ബിന്‍ ലാദന്‍ എല്ലാ പുരോഗമനപ്രവണതകള്‍ക്കും എതിരായിരുന്നു. അതുകൊണ്ട് അഫ്ഗാനിസ്ഥാനില്‍ ബിന്‍ ലാദന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കരുവായി പ്രവര്‍ത്തിച്ചു. വാസ്തവത്തില്‍ ലാദന്‍ അമേരിക്കയുടെ സൃഷ്ടിയാണ്. ബിന്‍ ലാദനെ അഫ്ഗാനിസ്ഥാനെതിരായി ഉപയോഗിക്കുന്നതിനുപിന്നില്‍ അമേരിക്കയ്ക്ക് മറ്റൊരു ദുരുദ്ദേശ്യം കൂടിയുണ്ടായിരുന്നു. അന്ന് ശക്തിയാര്‍ജിച്ചുകൊണ്ടിരുന്ന ജിഹാദികളുടെ ലക്ഷ്യം പലസ്തീനെ കൈയടക്കുകയായിരുന്നു. അതില്‍നിന്ന് അവരെ പിന്‍തിരിപ്പിക്കേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു. ഈ സന്ദര്‍ശത്തിലാണ് ലാദന്‍ തീവ്രവാദിയായി അഫ്ഗാനിസ്ഥാനില്‍ പ്രത്യക്ഷപ്പെടുന്നത്. അതായത് ബിന്‍ ലാദന്‍ എന്ന ഭീകരവാദി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടലുകളില്‍നിന്നാണ് ശക്തിയാര്‍ജിച്ചത് എന്നര്‍ഥം.

ബിന്‍ ലാദന്റെ മരണത്തോടുകൂടി ഭീകരവാദം അടിച്ചമര്‍ത്തപ്പെട്ടെന്ന് വിശ്വസിക്കുന്നത് മൗഢ്യമായിരിക്കും. ഭീകരസംഘടനകള്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ പൂര്‍ണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവയല്ല. അവയ്ക്ക് വളരെ അയഞ്ഞ സംഘടനാരൂപമാണുള്ളത്. അവ വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ടാണ് നിരന്തരമായി അനുയായികളെ ആകര്‍ഷിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വതിന്റെ ഇടപെടലുകള്‍ നിലനില്‍ക്കുമ്പോള്‍ ഭീകരതയ്ക്ക് അന്ത്യമുണ്ടാകാനിടയില്ല. ബിന്‍ ലാദന്മാര്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടുകൊണ്ടുതന്നെയിരിക്കും. ഈ അര്‍ഥത്തില്‍ ഭീകരതയുടെ പ്രഭവകേന്ദ്രം അമേരിക്കതന്നെയാണ്.

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ശരാശരി അമേരിക്കക്കാരന്‍ ഇത്രയും സന്തോഷിച്ച മറ്റൊരവസരവുമുണ്ടായിട്ടില്ല. ആ സന്തോഷത്തിന്റെ രാഷ്ട്രീയഫലം സിദ്ധിക്കുക ഒബാമയ്ക്കാവുമെന്ന് കരുതാം. ഒബാമയുടെ ഖ്യാതി അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും, ഭീകരതയുടെ കെടുതികള്‍ നേരിടുന്ന എല്ലാ രാജ്യങ്ങളിലും ഇതുവരെയില്ലാത്ത നിലയിലേക്ക് വളര്‍ന്നുവന്നേക്കും. "ലോകസമാധാന"ത്തിനുവേണ്ടി ശ്രമിക്കുന്ന രാഷ്ട്രത്തിന്റെ അധിപനായ ഒബാമ ഭരണത്തില്‍ തുടരേണ്ടത് അനിവാര്യമാണെന്ന് അമേരിക്കക്കാര്‍ വിശ്വസിക്കുകയാണെങ്കില്‍ അതില്‍ അല്‍ഭുതമില്ല. ന്യൂയോര്‍ക്ക് സ്ഫോടനം ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നായിരുന്നു ജോര്‍ജ് ബുഷിന്റെ അഭിപ്രായം. അതുകൊണ്ട് ആ സ്ഫോടനവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും ഏതുരാജ്യത്തായാലും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളായി അദ്ദേഹം ചിത്രീകരിക്കുകയുണ്ടായി. ഇപ്പോള്‍ , ബിന്‍ ലാദനെ വേട്ടയാടാന്‍ ഒരു രാജ്യത്തിന്റെയും പരമാധികാരത്തെ മാനിക്കേണ്ടതില്ലെന്ന് അമേരിക്ക അവകാശപ്പെടുന്നു. തീവ്രവാദം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശക്തിപ്രകടനത്തിനുള്ള സന്ദര്‍ഭം സൃഷ്ടിക്കുമോ? എങ്കില്‍ ഇനിയും ബിന്‍ ലാദന്‍മാര്‍ സാമ്രാജ്യത്വത്തിന്റെ ആവനാഴിയില്‍നിന്ന് പുറത്തുവന്നേക്കും.

*
കെ എന്‍ പണിക്കര്‍ ദേശാഭിമാനി 03 മേയ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...