Sunday, May 1, 2011

ഭൂരിപക്ഷത്തിനും തൊഴില്‍നിയമങ്ങളുടെ സംരക്ഷണം ലഭിക്കില്ല

നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്ക് അനുരോധമായി തൊഴില്‍നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ യു പി എ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍നിയമങ്ങള്‍ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന തരത്തില്‍ മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയാണ് ചെയ്തത്. കൂട്ടായി വിലപേശാനും മറ്റു വഴികള്‍ അടയുമ്പോള്‍ പണിമുടക്കാനുമുള്ള അവകാശം എടുത്തുകളയുകയായിരുന്നു യു പി എ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഭേദഗതികളില്‍ ഒന്ന്. തൊഴില്‍നിയമങ്ങള്‍ ബാധകമായ സ്ഥാപനങ്ങളുടെ എണ്ണം കുറച്ചുകൊണ്ടു വരികയാണ് മറ്റൊരു നിര്‍ദ്ദേശം. തൊഴില്‍നിയമങ്ങള്‍ ബാധകമായ സ്ഥാപനങ്ങളുടെ പരിധിയില്‍ നിന്നും കൂടുതല്‍ സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള നിയമഭേദഗതിയിലൂടെ രണ്ടാമത്തെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാന്‍ ഗവണ്‍മെന്റ് നടപടി തുടങ്ങിക്കഴിഞ്ഞു. മാര്‍ച്ച് 23ന് രാജ്യസഭയില്‍ അവതരിപ്പിച്ച തൊഴില്‍നിയമ ഭേദഗതി (ചില സ്ഥാപനങ്ങളെ റിട്ടേണുകള്‍ നല്‍കുന്നതില്‍ നിന്നും രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതില്‍ നിന്നും ഒഴിവാക്കല്‍) ബില്ല് ഈ ലക്ഷ്യം മുന്നില്‍വച്ചുള്ളതാണ്. 40ല്‍ താഴെ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളെയാണ് അടിസ്ഥാന തൊഴില്‍നിയമങ്ങളില്‍ നിന്നൊഴിവാക്കുന്നത്. മിനിമം വേതനം, തൊഴില്‍സമയം, ബോണസ്, കരാര്‍പണി തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ നിന്നെല്ലാം ഇത്തരം സ്ഥാപനങ്ങളെ ഒഴിവാക്കുകയാണ് ഭേദഗതി ബില്ലിന്റെ ലക്ഷ്യം.

40 തൊഴിലാളികള്‍ വരെയുള്ള തൊഴില്‍ശാലകളെ തൊഴില്‍നിയമങ്ങളില്‍ നിന്നൊഴിവാക്കിയാല്‍ മാനുഫാക്ചറിങ് മേഖലയിലെ 78 ശതമാനത്തോളം തൊഴിലാളികള്‍ക്കും തൊഴില്‍നിയമങ്ങളുടെ പരിരക്ഷ ഇല്ലാതാകും.

കൃത്യമായി റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന സ്ഥാപനങ്ങളെയാണ് തൊഴില്‍നിയമങ്ങളില്‍ നിന്നൊഴിവാക്കുന്നത്. അതേസമയം, 30 ശതമാനത്തോളം ഫാക്ടറികള്‍ സര്‍ക്കാരിന് കൃത്യമായി റിട്ടേണുകള്‍ നല്‍കുന്നില്ല. 500 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളെ തൊഴില്‍നിയമങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള ബില്ലിനായിരുന്നു സര്‍ക്കാര്‍ രൂപം നല്‍കിയത്. പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് 40 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളായി ചുരുക്കിയത്.

മിക്ക ഫാക്ടറികളിലും പണിയെടുക്കുന്ന തൊഴിലാളികളെ മസ്റ്റര്‍ റോളില്‍ ചേര്‍ക്കുന്നില്ല. ഫലത്തില്‍ തൊഴില്‍നിയമങ്ങളുടെ പരിരക്ഷ ലഭിക്കുന്ന തൊഴിലാളികള്‍ വളരെ ചുരുക്കമായിരിക്കും. തൊഴിലാളികളെ കൊടിയ ചൂഷണത്തിനിരയാക്കുന്ന നിയമമാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്.

*
ജനയുഗം 01 മേയ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...