Tuesday, May 17, 2011

വിദര്‍ഭയുടെ കണ്ണീര്‍ കാണാത്ത കേന്ദ്രം

കേന്ദ്രസര്‍ക്കാര്‍ സാധാരണജനങ്ങളുടെ ക്ഷേമത്തിനോ ഉന്നമനത്തിനോ ഒന്നും ചെയ്യുന്നില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് മഹാരാഷ്ട്രയിലെ വിദര്‍ഭ. രാഹുല്‍ ഗാന്ധി കര്‍ഷകരുടെ കുടിലില്‍ ഒരുദിനം ചെലവഴിച്ചതുകൊണ്ട് വിദര്‍ഭക്കാരുടെ പട്ടിണി മാറില്ല, കര്‍ഷക ആത്മഹത്യ ഇല്ലാതാകില്ല. അതിന് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പദ്ധതികള്‍ ആവിഷ്കരിക്കണം. എന്നാല്‍ , കര്‍ഷകരുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരും. പരുത്തികൃഷിക്ക് പ്രസിദ്ധമായ പ്രദേശമാണ് വിദര്‍ഭ. ഇന്ത്യയുടെ പരുത്തി ബെല്‍ട്ട് എന്നാണ് വിദര്‍ഭ അറിയപ്പെടുന്നത്. ഇന്ന് കര്‍ഷകരുടെ ആത്മഹത്യയിലൂടെയാണ് വിദര്‍ഭ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.വിദര്‍ഭ ആത്മഹത്യ ബെല്‍റ്റായി മാറിയിരിക്കുന്നു. ശരാശരി 8 മണിക്കൂറില്‍ ഒരു കര്‍ഷകന്‍ വിദര്‍ഭയില്‍ ആത്മഹത്യചെയ്യുന്നു. പരുത്തികര്‍ഷകരെ സംബന്ധിച്ചിടത്തോളം കൃഷിനാശവും വിലയിടിവും വര്‍ധിച്ചു വരുന്ന കടബാധ്യതകളും അവരെ നയിക്കുന്നത് ആത്മഹത്യയിലേക്കാണ്. ബാങ്കുവായ്പകള്‍ക്കു പുറമെ കഴുത്തറുപ്പന്‍ പലിശ ഈടാക്കുന്ന ഹുണ്ടികക്കാരില്‍നിന്നും ഇവര്‍ കടം വാങ്ങുന്നു. ഒരിക്കലും ബാധ്യതകള്‍ കുറയുന്നേയില്ല. പരുത്തിയുടെ വില കുറയുമ്പോള്‍ കര്‍ഷകന്റെ കടം കൂടിവരുന്നു. കമ്പോളം സ്വതന്ത്രമാക്കിയതും കയറ്റുമതിയും ഇറക്കുമതിയും സായിപ്പിന് അനുകൂലമാക്കി മാറ്റിയതും കര്‍ഷകരുടെ ജീവിതം താളം തെറ്റിച്ചു.

ആഗോള കുത്തക കമ്പനികളോട് മത്സരിക്കാനുള്ള ശേഷി നമ്മുടെ ഗ്രാമീണകര്‍ഷകര്‍ക്ക് ഇല്ലല്ലോ. ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച നേടിയതായി തുടരെ പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ വിദര്‍ഭയിലെ നാലു മില്യണിലധികം വരുന്ന പരുത്തി കര്‍ഷകര്‍ ദിവസം 100 രൂപപോലും വരുമാനം ലഭിക്കാതെ ജീവിതപ്രയാസം നേരിടുകയാണ്. പരുത്തി കയറ്റുമതി നിരോധിച്ചതിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. കയറ്റുമതി നിരോധിച്ചതിനു പിന്നില്‍ ചില കേന്ദ്രമന്ത്രിമാര്‍ക്ക് നേരിട്ട് ബന്ധമുള്ള ദക്ഷിണേന്ത്യയിലെ ടെക്സ്റ്റൈല്‍ ലോബിയാണ്. ലോകകമ്പോളത്തില്‍ ഇന്ത്യന്‍ പരുത്തിക്ക് ആവശ്യക്കാര്‍ യഥേഷ്ടം ഉള്ളപ്പോഴാണ് യുപിഎ സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്. ഒരു ക്വിന്റല്‍ പരുത്തിയുടെ വില 7500 രൂപയില്‍ നിന്നും 4500 രൂപയിലും താഴെയായി. ചൈനയിലും പാകിസ്ഥാനിലും വെള്ളപ്പൊക്കംമൂലം പരുത്തികൃഷി വ്യാപകമായി നശിച്ചു. ഈ അവസരത്തില്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയാണ് രാജ്യത്തോടും രാജ്യത്തിലെ കര്‍ഷകരോടും ആത്മാര്‍ഥതയുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ , കയറ്റുമതി നിരോധിച്ച് പാവപ്പെട്ട കര്‍ഷകന്റെ കഞ്ഞിയില്‍ മണ്ണിടുകയാണ് കോര്‍പറേറ്റ് പിണിയാളരായ കേന്ദ്രഭരണകൂടം ചെയ്തത്.

ഈ വര്‍ഷം ഇതുവരെ വിദര്‍ഭയില്‍ 178 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2010 ല്‍ ആകെ കര്‍ഷക ആത്മഹത്യ 748 ആയിരുന്നു. 2011 ഏപ്രിലില്‍ നടന്നത് 41 കര്‍ഷക ആത്മഹത്യകള്‍ . ഈ ദുരിതപൂര്‍ണമായ അവസ്ഥയില്‍നിന്ന് വിദര്‍ഭയിലെ ജനങ്ങളെ കരകയറ്റിയേ മതിയാകൂ. കേന്ദ്ര, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്കെതിരെ, അവരുടെ നവലിബറല്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ജനത അണിനിരക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

*
കെ ജി സുധാകരന്‍ ദേശാഭിമാനി 16 മേയ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...