അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുകഴിഞ്ഞു. പശ്ചിമബംഗാളില്‍ 34 വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തി മഹത്തായ ചരിത്രം രചിച്ച ഇടതുപക്ഷമുന്നണിയുടെ ഭരണത്തില്‍ മാറ്റംവേണമെന്നാണ് ജനത വിധിയെഴുതിയത്.
ദേശീയരാഷ്ട്രീയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ വ്യക്തമായ ബദല്‍നയം നടപ്പാക്കാനുള്ള ശ്രമത്തിന് തിരിച്ചടി നല്‍കുന്നതാണ് ഈ ജനവിധിയെന്നതില്‍ തര്‍ക്കമില്ല. വലതുപക്ഷ പിന്തിരിപ്പന്‍ശക്തികള്‍ക്ക് ആഹ്ലാദംപകരുന്ന ജനവിധി ഇടതുപക്ഷ ജനാധിപത്യശക്തികളെ സംബന്ധിച്ചിടത്തോളം താല്‍ക്കാലികമായെങ്കിലും നിരാശാജനകമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ ഇടതുപക്ഷത്തിന് കനത്ത വില നല്‍കേണ്ടിവന്നേക്കാം. എന്നാല്‍ , ബംഗാളിലെ ഇടതുപക്ഷം താല്‍ക്കാലികമായ ഈ തിരിച്ചടിയെ അതിജീവിക്കുമെന്നതില്‍ സംശയമില്ല.
കേരളത്തില്‍ നേരിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. വെറും രണ്ടു നിയമസഭാംഗങ്ങളുടെ ഭൂരിപക്ഷംമാത്രം. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 38 ആയി കുറഞ്ഞു. മുസ്ലിംലീഗ് 20 സീറ്റ് നേടി യുഡിഎഫിലെ പ്രബല കക്ഷിയായി മാറി. മാണി കേരള കോണ്‍ഗ്രസിന് ഒമ്പത് സീറ്റുമാത്രമേയുള്ളൂ എന്നത് ആ പാര്‍ടിക്കകത്ത് അസ്വാസ്ഥ്യം വളര്‍ത്താന്‍ ഇടയായിട്ടുണ്ടെന്നത് ആ പാര്‍ടിയുടെ നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നു. യുഡിഎഫിന് ഭരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാത്രമാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍നിന്ന് പുറത്തുപോയി യുഡിഎഫിന്റെ ഘടകകക്ഷിയായി മാറിയ വീരേന്ദ്രകുമാറിന്റെ ജനതാദളിന് അഞ്ച് സീറ്റില്‍നിന്ന് രണ്ടിലേക്ക് താഴേണ്ടിവന്നു. എല്‍ഡിഎഫില്‍ ഉറച്ചുനിന്ന യഥാര്‍ഥ ജനതാദളിന് നാല് സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടംതന്നെയാണ്.
വോട്ടിന്റെ കണക്കാണല്ലോ ജനപിന്തുണയുടെ അളവുകോല്‍ . യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ ഒന്നരലക്ഷത്തില്‍പ്പരം വോട്ടുമാത്രമാണ് അധികമായി ലഭിച്ചത്. ഇതാണെങ്കില്‍ ഒരു ശതമാനത്തോടടുത്താണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി തത്വാധിഷ്ഠിതമായ നയം സ്വീകരിച്ച് പ്രതിപക്ഷത്തിരുന്ന് ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി എല്ലാ ശ്രമവും നടത്തും. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളജനതയ്ക്ക് നല്‍കിയ ഒരു ആനുകൂല്യവും തട്ടിപ്പറിച്ചെടുക്കാന്‍ അനുവദിക്കില്ല.
വികസനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് അധികപ്പറ്റായിരിക്കും. ജനങ്ങള്‍ക്ക് ഒരു കിലോ അരി ഒരു രൂപയ്ക്ക് നല്‍കുമെന്ന് യുഡിഎഫ് അവസാന നിമിഷം പ്രഖ്യാപിച്ചതാണ്. അതില്‍നിന്ന് പിന്തിരിയാന്‍ അനുവദിക്കില്ല. നിയമസഭയില്‍ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫ് നിയമസഭാ സാമാജികര്‍ക്ക് കഴിയും. അതില്‍ പലരും മന്ത്രിമാരെന്നനിലയില്‍ കഴിവ് തെളിയിച്ചവരാണ്.
തമിഴ്നാട്ടില്‍ യുപിഎ സഖ്യം ദയനീയമായി പരാജയപ്പെട്ടത് കേന്ദ്രഭരണത്തിനുതന്നെ കനത്ത തിരിച്ചടിയാണ്. ജയലളിതയുടെ എഐഎഡിഎംകെയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്. 2ജി സ്പെക്ട്രം അഴിമതിയുടെ പൂര്‍ണ ഉത്തരവാദിത്തം ഡിഎംകെയുടെ തലയില്‍ കെട്ടിവച്ച് കൈകഴുകി രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതും ഡിഎംകെയുടെ പരാജയത്തിന് ഇടവരുത്തിയിരിക്കാം. ഇതിന്റെയൊക്കെ പ്രത്യാഘാതം യുപിഎ സര്‍ക്കാരില്‍ പ്രതിഫലിക്കാതിരിക്കില്ല.
അസമില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി. പുതുച്ചേരിയില്‍ ഡിഎംകെ മുന്നണിയും അധികാരം നിലനിര്‍ത്തി എന്നു പറയാം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റ് 38 ആയി കുറഞ്ഞപ്പോള്‍ സിപിഐ എമ്മിന്റെ സീറ്റ് 45 ആണ്. രണ്ട് സിപിഐ എം സ്വതന്ത്രരും ജയിച്ചവരില്‍ ഉള്‍പ്പെടും. അതായത് 47 സീറ്റ് സിപിഐ എമ്മിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സിപിഐ എം ഉയര്‍ന്നുനില്‍ക്കുന്നു.
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം ഭരണം പിടിച്ചെടുത്തപ്പോള്‍ തമിഴ്നാട്ടില്‍ എഐഎഡിഎംകെ സഖ്യം ഡിഎംകെയില്‍നിന്ന് ഭരണം പിടിച്ചെടുത്തിരിക്കുന്നു. അതായത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം ഏതെങ്കിലും ഒരു സഖ്യത്തിനുമാത്രം നേട്ടമുണ്ടാക്കിയെന്ന് പറയാന്‍ കഴിയില്ല. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎയിലെ രണ്ടാമത്തെ സഖ്യകക്ഷിയാണെങ്കില്‍പ്പോലും പ്രശ്നങ്ങളെ നേരിടുമ്പോള്‍ ഒരേനിലപാടല്ല സ്വീകരിച്ചുകാണുന്നത്. ഒരു സംസ്ഥാനത്തെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബിജെപിയുമായി കൂട്ടുചേരാന്‍ ആ പാര്‍ടിക്ക് ഒരു പ്രയാസവും കാണാന്‍ കഴിഞ്ഞിട്ടില്ല.
തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനെതുടര്‍ന്ന് ഉണ്ടാകാന്‍ പോകുന്ന ഓരോ പ്രശ്നവും യുഡിഎഫിന് തലവേദന സൃഷ്ടിക്കുന്നതാണ്. പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില ഉടന്‍ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയാനുള്ള സമ്മര്‍ദവും വര്‍ധിക്കും. ഇത് സ്വാഭാവികമായും ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗസാധനങ്ങളുടെയും വില വര്‍ധിപ്പിക്കാന്‍ ഇടവരുത്തും. സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കാനുള്ള പ്രക്ഷോഭങ്ങളും വ്യാപകമായി ഉയര്‍ന്നുവരും. വിലവര്‍ധനയ്ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരം ശക്തിപ്പെടുമെന്നതും സ്വാഭാവികമാണ്.
യുഡിഎഫിലെ മുന്‍മന്ത്രിമാര്‍ക്കെതിരെ നടത്തുന്ന വിജിലന്‍സ് അന്വേഷണവും വിജിലന്‍സ് കേസുകളും ഇടയ്ക്കുവച്ച് അട്ടിമറിക്കാനുള്ള സമ്മര്‍ദവും പുതിയ സാഹചര്യത്തില്‍ ശക്തിപ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഇതിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുമെന്നതിലും സംശയമില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി അഞ്ചുവര്‍ഷം നടപ്പാക്കിയ ജനക്ഷേമകരമായ ഓരോ നടപടിയും തുടരുന്നതിനുള്ള ശക്തിയായ സമ്മര്‍ദം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നുവരും. ജനവിധി പൂര്‍ണമായി അംഗീകരിച്ച് എല്‍ഡിഎഫ് പ്രതിപക്ഷത്തിരുന്ന് സ്വന്തം കര്‍ത്തവ്യം വിജയകരമായി നിര്‍വഹിക്കുമെന്ന് കേരളത്തിലെ സമ്മതിദായകര്‍ക്ക് പ്രതീക്ഷിക്കാം. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി വളരെ മെച്ചപ്പെട്ട നിലയില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കിയ കേരളത്തിലെ ഉദ്ബുദ്ധരായ സമ്മതിദായകരെ ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു.
****
ദേശാഭിമാനി മുഖപ്രസംഗം 14052011
Subscribe to:
Post Comments (Atom)
No comments:
Post a Comment