Sunday, May 1, 2011

"മുതലാളിമാരേ! കൂലി പണമായി തരവേണം! "

കേരളത്തില്‍ കയര്‍ ഫാക്ടറി തൊഴിലാളികള്‍ ഉണ്ടാവുന്നത് 1859നു ശേഷമാണ് - ജെയിംസ് ഡേറാ എന്ന ഇംഗ്ലീഷുകാരന്‍ "ഡേറാസ് മെയില്‍ കമ്പനി" എന്ന പേരില്‍ ഒരു കയര്‍ ഫാക്ടറി തുടങ്ങിയതോടെ. ജന്മിമാരുടെ പറമ്പുകളിലെ കുടികിടപ്പുകാരും കൃഷിപ്പണിക്കാരുമാണ് ഫാക്ടറിയില്‍ ജോലിക്ക് പോയത്. ഫാക്ടറി പണിക്ക് അന്ന്ദിവസക്കൂലി നാലണയായിരുന്നു (ഇന്നത്തെ 25 പൈസ) കിട്ടിയിരുന്നത്. ഇത് കൃഷിപ്പണിയില്‍നിന്നു കിട്ടുന്നതിനേക്കാള്‍ കൂടുതലായിരുന്നു. ഫാക്ടറി പണിക്കുള്ള മറ്റൊരു പ്രത്യേകത ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങള്‍ തുടര്‍ച്ചയായി പണികിട്ടുമെന്നതായിരുന്നു. മഴയും വെയിലും കൊള്ളാതെ പണിയെടുക്കുകയും ചെയ്യാം.

1850കളില്‍ സാധാരണ കൂലിപ്പണിക്ക് ദിവസക്കൂലി ഒരണയായിരുന്നു (16 ണ ഒരു രൂപ. 12 പൈ ഒരണ) അത് 1870കളില്‍ നാലണയായി ഉയര്‍ന്നു. കര്‍ഷക തൊഴിലാളികള്‍ക്ക് തിരുവിതാംകൂറിലാകെ ആ കൂലി കിട്ടിയിരുന്നില്ല. ഉദാഹരണമായി 1880-85 വരെ അഗസ്തീശ്വരം താലൂക്കില്‍ 2 ണ 3 പൈയും കല്‍ക്കുളം താലൂക്കില്‍ 1 ണ 10 പൈയും ചെങ്കോട്ട താലൂക്കില്‍ 1ണ 8 പൈയും ആയിരുന്നു. അത് 1890-95 ആകുമ്പോള്‍ 2 ണ 6 പൈ ആയി വര്‍ധിച്ചു. എന്നാല്‍ നെടുമങ്ങാട് താലൂക്കില്‍ 1880-85ല്‍ തന്നെ ദിവസക്കൂലി അഞ്ചണക്ക് മീതെയായി വര്‍ധിച്ചിരുന്നു. ഈ കൂലി 1890 ആകുമ്പോള്‍ ആറും 1890-95 ആകുമ്പോള്‍ ഏഴും അണയില്‍ കവിയുന്നു. തിരുവനന്തപുരം താലൂക്കില്‍ 1880-85ല്‍ 2 ണ 10 പൈ, 1885-90ല്‍ 3 ണ. 1890-95ല്‍ 5 ണ.

ഇതേ കാലയളവില്‍ കരുനാഗപ്പള്ളിയില്‍ മൂന്നണയില്‍നിന്നു അഞ്ചണയായി വര്‍ധിച്ചു. കണ്ണൂര്‍ ജില്ലയില്‍ കര്‍ഷകതൊഴിലാളികള്‍ക്ക് കൂലി കൊടുത്തിരുന്നത് സാധനമായിട്ടായിരുന്നു. സ്ട്രോക്കിന്റെ തെക്കന്‍ കാനറ മാനുവല്‍ പ്രകാരമുള്ള കൂലി (1895). പുരുഷന്‍ 1 മുതല്‍ 2 വരെ സേര്‍ നെല്ല്. സ്ത്രീ: 2/3 മുതല്‍ 2 വരെ. കുട്ടികള്‍ 2/3 മുതല്‍ 1 വരെ. (എ ശ്രീധരമേനോന്‍, കണ്ണൂര്‍ ജില്ലാ ഗസറ്റിയര്‍).

1917ല്‍ പഴയ കൊച്ചിയില്‍ കിട്ടിയിരുന്ന കൂലി ശ്രീധരമേനോന്‍ കൊടുത്തിട്ടുണ്ട്. ഒരു മരാശാരിക്ക് ചുരുങ്ങിയ കൂലി ആറണ. കൂടിയ കൂലി ഒരു രൂപ. ഗ്രാമപ്രദേശങ്ങളില്‍ അവര്‍ക്ക് മികച്ച കൂലി 8 അണ. കൂലിപ്പണിക്ക് നാലണ മുതല്‍ പത്തണ വരെ. ഗ്രാമപ്രദേശത്ത് അത് ആറണ. ഇതിലും കുറഞ്ഞ കൂലിയാണ് സ്ത്രീകള്‍ക്ക് കിട്ടിയിരുന്നത്.

തിരുവിതാംകൂറില്‍ 1931ല്‍ പ്രധാനപ്പെട്ട വ്യവസായങ്ങളില്‍ നിലനിന്നിരുന്ന കൂലിനിരക്ക് നോക്കുക.

കയര്‍ ഫാക്ടറി: പുരുഷന്‍ 21 ചക്രം. സ്ത്രീ 9 ചക്രം. കുട്ടി: 10മ്മ ച.
ഓയില്‍മില്‍: പുരുഷന്‍ 15മ്മ ചക്രം. കുട്ടി: 9 ചക്രം.
ടൈല്‍ ഫാക്ടറി: പുരുഷന്‍ 13 ചക്രം. സ്ത്രീ: 9 ചക്രം. കുട്ടി: 5 1/4
തീപ്പെട്ടി കമ്പനി: പുരുഷന്‍: 14 ചക്രം. കുട്ടി: 7 ചക്രം.
പ്രിന്റിംഗ് പ്രസ്: പുരുഷന്‍ 14മ്മ ചക്രം. കുട്ടി: 7 ചക്രം.
തേയിലകൃഷി: പുരുഷന്‍ 12മ്മ ചക്രം. സ്ത്രീ: 9 ചക്രം. കുട്ടി: 7 ചക്രം.
തേയില ഉല്‍പന്നം: പുരുഷന്‍ 15മ്മ ചക്രം. സ്ത്രീ 8മ്ല ചക്രം. കുട്ടി: 7 ചക്രം.
റബര്‍: പുരുഷന്‍: 10മ്മ ചക്രം. (ടി കെ വേലപിള്ള ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍ വോള്യം.3)

ഫാക്ടറികള്‍ തുടങ്ങിയപ്പോള്‍ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനുവേണ്ടി ആര്‍ഷകമായ കൂലിയാണ് മുതലാളിമാര്‍ വെച്ചുനീട്ടിയത്. തൊഴിലാളികള്‍ വര്‍ധിച്ചതോടെ പല പുതിയ സമ്പ്രദായങ്ങളും അവിടെ പിറവിയെടുത്തു. പാടത്ത് പണിയെടുക്കുന്നവര്‍ക്ക് കൂലി കൊടുത്തിരുന്നത് സാധനമായിട്ടായിരുന്നു. തൊഴില്‍ശാലകളിലും മുതലാളിമാര്‍ ഇതേ സമ്പ്രദായം നടപ്പാക്കി. കുറഞ്ഞ കൂലി കൊടുക്കുക; ആ കൂലിതന്നെ പണമായി കൊടുക്കാതെ അമിതവില ചുമത്തി സാധനമായി കൊടുക്കുക. അങ്ങനെ തൊഴിലാളിയെ പിന്നെയും പിഴിയുക. അതായിരുന്നു സ്ഥിതി. പി കൃഷ്ണപിള്ള മാതൃഭൂമിയില്‍ 1935 ജൂണ്‍ 9ന് എഴുതിയ "ആലപ്പുഴയിലെ തൊഴില്‍വഴക്ക്" എന്ന ലേഖനത്തില്‍ ഈ സ്ഥിതിവിശേഷം എടുത്തുകാട്ടിയിട്ടുണ്ട്.

“കമ്പനി ഉടമസ്ഥന്മാരില്‍ പലരും വിശേഷിച്ച് നാടന്‍ കമ്പനി ഉടമസ്ഥന്മാര്‍, അവരുടെ സ്വന്തം വകയായും മറ്റും അരിസാമാനങ്ങളുടെ കച്ചവടങ്ങള്‍ നടത്തിക്കൊണ്ടുവരുന്നുണ്ട്. പണിക്കാര്‍ക്ക് കൂലിക്ക് പകരം സാമാനങ്ങളാണ് ഇവര്‍ കൊടുത്തുവരാറ്. ഇവരുടെ വക ലാഭം എടുക്കുന്നതിനുവേണ്ടി ചായക്കടകളും ബാര്‍ബര്‍ ഷാപ്പു കൂടിയും നടത്തിവരുന്നുണ്ടെന്നാണറിയുന്നത്. ഇത്തരത്തില്‍ കൂലി പണമായി കിട്ടായ്കയാലും പ്രവൃത്തിക്കാര്‍ക്ക് കിട്ടുന്ന കാശുതന്നെ ആവശ്യത്തിനു ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല". (പി കൃഷ്ണപിള്ള: സഖാക്കളേ മുന്നോട്ട് വാല്യം 2).

വയനാട്ടിലെ തോട്ടങ്ങളിലെ കൂലിവിതരണ സമ്പ്രദായവും ഇതേപോലെ തന്നെയായിരുന്നു. "കൂലി പണമായി കിട്ടുകയില്ല. കടയിലേക്ക് മേസ്ത്രിമാര്‍ ശീട്ടു കൊടുക്കും" എന്ന് ഇതേകാലത്ത് രാമചന്ദ്രന്‍ നെടുങ്ങാടിയും എഴുതുകയുണ്ടായി. (മാതൃഭൂമി, മെയ് 14. 1938).

ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളില്‍ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ ആലപ്പുഴ വച്ചു ദിവാന് ഒരു മെമ്മോറാണ്ടം കൊടുക്കുകയുണ്ടായി. ആ മെമ്മോറാണ്ടത്തെപ്പറ്റി കേസരി ബാലകൃഷ്ണപിള്ള പ്രസിദ്ധീകരിച്ച ലേഖനത്തില്‍, "കൂലി പണമായി കൊടുക്കാതെ സാധനങ്ങളായി തൊഴിലാളികളുടെമേല്‍ കെട്ടിവെക്കുന്ന ഉച്ചനീചമായ സമ്പ്രദായം ദിവാന്‍ജിയുടെ കഠിനമായ ആക്ഷേപത്തിനു വിധേയമായതില്‍ ഞങ്ങള്‍ അത്ഭുതപ്പെടുന്നില്ല" എന്നാണ് രേഖപ്പെടുത്തിയത്. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ എട്ടാമത് വാര്‍ഷിക റിപ്പോര്‍ട്ടില്‍ അന്നത്തെ സ്ഥിതി ഇങ്ങനെ വിവരിക്കുന്നു: "കൂലി സാധനങ്ങളായി മാര്‍ക്കറ്റു വിലക്കതീതമായി കൊടുക്കുക, അപൂര്‍വം കമ്പനികളില്‍ മാത്രമേ കൂലിയായി നാണയം കൊടുത്തിരുന്നുള്ളൂ." ദീര്‍ഘകാലം യൂണിയന്റെ നേതൃസ്ഥാനത്തിരുന്ന് പ്രവര്‍ത്തിച്ച കെ കെ കുഞ്ഞനായിരുന്നു അന്നു ജനറല്‍ സെക്രട്ടറി. കമ്പനി ഉടമകള്‍ നേരിട്ടു ഇങ്ങനെ ചെയ്യാത്തിടങ്ങളില്‍ മൂപ്പന്‍മാര്‍ക്ക് അത് ചെയ്യാന്‍ അനുവാദം കൊടുക്കുന്നു. "കൂലിക്ക് പകരം സാധനങ്ങള്‍ അമിതമായ വില ചുമത്തി തൊഴിലാളികളെ അടിച്ചേല്‍പ്പിച്ചു ആദായമുണ്ടാക്കുവാനും അവര്‍ക്ക് അനുമതി നല്‍കിയിരുന്നു" എന്ന് കെ കെ കുഞ്ഞന്‍ കുറിച്ചുവച്ചു.

യൂണിയന്റെ മറ്റൊരു ജനറല്‍ സെക്രട്ടറിയായിരുന്ന കെ സി ഗോവിന്ദനും അന്നു നടന്നിരുന്ന ഈ സമ്പ്രദായത്തെപ്പറ്റി എഴുതിയിട്ടുണ്ട്. "അങ്ങനെ വളരെ കാലമായി നിലനിന്നുവന്ന ഒരു തട്ടിപ്പറ്റി സമ്പ്രദായത്തെപ്പറ്റിയാണ് ദിവാനുള്ള മെമ്മോറാണ്ടത്തില്‍ പറഞ്ഞിരുന്നത്. ആ സമ്പ്രദായം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ദിവാന്‍ ഈ സമ്പ്രദായത്തെ കഠിനമായി അധിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ ആ അധിക്ഷേപം കേവലം ഔപചാരികം മാത്രമായിരുന്നു. നയജ്ഞനായ ഭരണാധികാരിയുടെ ആശ്വാസ സ്വരം. അതിനപ്പുറമൊന്നും ഉണ്ടായില്ല. അത് നിര്‍ത്തലാക്കാന്‍ അദ്ദേഹം നടപടിയൊന്നും സ്വീകരിച്ചില്ല". അതു തുടര്‍ന്നുകൊണ്ടേയിരുന്നു. മെമ്മോറാണ്ടം കൊടുത്തു ഇരുപത്തിയൊന്നുമാസം കഴിഞ്ഞപ്പോള്‍ വി കെ പുരുഷോത്തമന്‍ എഴുതിയ "തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി തൊഴിലാളികളും പൊതുപണിമുടക്കവും" എന്ന ലേഖനത്തില്‍ അതേ അവസ്ഥതന്നെ ചൂണ്ടിക്കാട്ടി. "വിശ്രമമില്ലാതെ വേല ചെയ്താല്‍ അവര്‍ക്ക് ഒരു മാസത്തില്‍ ശരാശരി ആറുറുപ്പികയില്‍ കൂടുതല്‍ കിട്ടുകയില്ല. ഈ തുച്ഛമായ വേലക്കൂലി തന്നെ പണമായി പല ഫാക്ടറിക്കാരും കൊടുക്കുന്നില്ല. ഇരട്ടി വില ചുമത്തി സാധനങ്ങള്‍ കെട്ടിയേല്‍പിക്കുന്നു. ചില ഫാക്ടറിക്കാര്‍ ക്ഷൗരക്കടകള്‍പോലും സ്ഥാപിച്ച് നടത്തിവരുന്നു. ഇതാരും വിശ്വസിക്കുകയില്ലായിരിക്കാം. പക്ഷെ പരമാര്‍ഥമാണ്".

(തൊഴിലാളി, ചിങ്ങം 9, 1114).

തിരുവിതാംകൂര്‍ കയര്‍ ഫാക്ടറിവര്‍ക്കേഴ്സ് യൂണിയന്റെ "തൊഴിലാളി" പത്രത്തിലെ മുഖപ്രസംഗത്തില്‍നിന്ന് ഒരു ഭാഗംകൂടി ഉദ്ധരിക്കട്ടെ. ".... ഉള്ള തൊഴില്‍ അത്യാശയോടെ ചെയ്തുതീര്‍ത്തു കാത്തിരുന്നാലും അതിനുള്ള കൂലി യഥാകാലം കിട്ടുകയില്ല. അതും പണമായി കിട്ടുന്ന കാര്യം വളരെ പ്രയാസം. മുതലാളിമാരുടെ പാര്‍ശ്വവര്‍ത്തികളായ ചില കച്ചവടക്കാരുടെ കടയില്‍നിന്ന് ആവശ്യമുള്ള സാധനങ്ങള്‍ അവര്‍ കൊടുക്കുന്ന വിലയ്ക്ക് വാങ്ങിക്കൊള്ളണമെന്നാണ് ചില മുതലാളിമാര്‍ ഈ സാധുക്കളോട് കല്‍പ്പിച്ചിരിക്കുന്നത്. ക്ഷുരകന്‍, രജകന്‍ മുതലായവരെപ്പോലും ചില മുതലാളിമാര്‍ തൊഴിലാളികള്‍ക്കുവേണ്ടി ഏര്‍പ്പാട് ചെയ്തിരിക്കുന്നു". (തൊഴിലാളി ഇടവം 16. 1110).

ജോര്‍ജ് കമ്മിറ്റി റിപ്പോര്‍ട്, കയര്‍ തൊഴിലാളികളുടെ സ്ഥിതി അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റി പഠിച്ചു തയ്യാറാക്കിയതാണ്. രസകരങ്ങളായ ധാരാളം കാര്യങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ബാര്‍ബര്‍ഷാപ്പിലേക്ക് "ചിറ്റ്" കൊടുക്കുന്ന രീതി അവര്‍ക്ക് കാണാന്‍ കഴിഞ്ഞു. ഈ ക്ഷുരകന്മാര്‍ക്കും തങ്ങളുടെ പണിക്ക് കിട്ടുന്നത് പണമല്ല. ഫാക്ടറിയുടമയുടെ കടയില്‍നിന്നു ചിറ്റിലെ തുകക്കുള്ള അരിയും പലചരക്കും വാങ്ങാം. ഒരു ഫാക്ടറി ഉടമ കള്ളുഷാപ്പു കോണ്‍ട്രാക്ടറായിരുന്നു. അയാള്‍ തൊഴിലാളിക്ക് കൂലിയായി കൊടുത്തിരുന്നത് കള്ളും! മുപ്പതുകളില്‍ തൊഴിലാളി പാടിക്കൊണ്ടുനടന്ന ഒരു പാട്ടുണ്ട്.

"മുതലാളിമാരേ! കൂലി പണമായ് തരവേണം
കൂലി നാം ചോദിച്ചാല്‍ തല്ലുമോ? മുതലാളിമാരേ! കൂലി പണമായ് തരവേണം..."

സുഗതന്‍സാര്‍ എഴുതിയ പാട്ട്. കാലം പിടിച്ചാലും തൊഴിലാളി നേടിയെടുക്കുക തന്നെചെയ്തു - കൂലി പണമായിത്തന്നെ.


*****


ആണ്ടലാട്ട്, കടപ്പാട് :ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജോര്‍ജ് കമ്മിറ്റി റിപ്പോര്‍ട്, കയര്‍ തൊഴിലാളികളുടെ സ്ഥിതി അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റി പഠിച്ചു തയ്യാറാക്കിയതാണ്. രസകരങ്ങളായ ധാരാളം കാര്യങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ബാര്‍ബര്‍ഷാപ്പിലേക്ക് "ചിറ്റ്" കൊടുക്കുന്ന രീതി അവര്‍ക്ക് കാണാന്‍ കഴിഞ്ഞു. ഈ ക്ഷുരകന്മാര്‍ക്കും തങ്ങളുടെ പണിക്ക് കിട്ടുന്നത് പണമല്ല. ഫാക്ടറിയുടമയുടെ കടയില്‍നിന്നു ചിറ്റിലെ തുകക്കുള്ള അരിയും പലചരക്കും വാങ്ങാം. ഒരു ഫാക്ടറി ഉടമ കള്ളുഷാപ്പു കോണ്‍ട്രാക്ടറായിരുന്നു. അയാള്‍ തൊഴിലാളിക്ക് കൂലിയായി കൊടുത്തിരുന്നത് കള്ളും! മുപ്പതുകളില്‍ തൊഴിലാളി പാടിക്കൊണ്ടുനടന്ന ഒരു പാട്ടുണ്ട്.

"മുതലാളിമാരേ! കൂലി പണമായ് തരവേണം
കൂലി നാം ചോദിച്ചാല്‍ തല്ലുമോ? മുതലാളിമാരേ! കൂലി പണമായ് തരവേണം..."

സുഗതന്‍സാര്‍ എഴുതിയ പാട്ട്. കാലം പിടിച്ചാലും തൊഴിലാളി നേടിയെടുക്കുക തന്നെചെയ്തു - കൂലി പണമായിത്തന്നെ.