Tuesday, May 31, 2011

യു പി എ ഭരണത്തിന്റെ ബാക്കിപത്രം അഴിമതിയും വിലക്കയറ്റവും

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി പരിപാടികള്‍ തീരുമാനിക്കാനും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും നേതൃത്വത്തില്‍ അടുത്തദിവസം ഒരു സമ്മേളനം ചേര്‍ന്നു. ഭാവി പരിപാടികളെ സംബന്ധിച്ച് ഒരു ലഘുലേഖയും പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്ന ഒരു നടപടിപോലും സ്വീകരിച്ചതായി അവകാശപ്പെടാനില്ല. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രധാന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെയും യു പി എ അധ്യക്ഷയുടെയും നേതൃത്വത്തില്‍ നടന്ന സമ്മേളനം ചുണ്ടിക്കാണിച്ചതുപോലെ രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന രണ്ട് വിഷയങ്ങള്‍ - അഴിമതിയും വിലക്കയറ്റവും കൂടുതല്‍ രൂക്ഷമായി തുടരുകയാണ്.

അഴിമതി ഇത്രയും വ്യാപകമാകുന്നതിനും ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ്സ് ഇടിഞ്ഞുതാഴുന്നതിനും മുഖ്യ ഉത്തരവാദി രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ്. ഇന്നും രാജ്യത്ത് ഗൗരവതരമായ ചര്‍ച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രധാന അഴിമതികളില്‍ ഒന്ന് 2 ജി സ്‌പെക്ട്രം ഇടപാടാണ്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വവും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് ഒരു ലക്ഷത്തിഎഴുപത്തിആറായിരം കോടി രൂപയാണ് രാജ്യത്തിന്റെ ഖജനാവിന് നഷ്ടമുണ്ടാക്കിയത്. സുപ്രിംകോടതി ഇടപെട്ടതിന്റെ ഫലമായാണ് ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നത്. 2 ജി സ്‌പെക്ട്രം അഴിമതി മുഴുവന്‍ മുന്‍ കേന്ദ്രമന്ത്രി എ രാജയുടെയും ഡി എം കെ നേതൃത്വത്തിന്റെയും തലയില്‍ വച്ചുകേട്ടാനാണ് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും ശ്രമിക്കുന്നത്. എന്നാല്‍ മുന്‍മന്ത്രി രാജയും ഈ കേസില്‍ ഉള്‍പ്പെട്ട ചില ഉദ്യോഗസ്ഥരും പ്രസ്താവിച്ചത് 2 ജി സ്‌പെക്ട്രം ഇടപാടെല്ലാം പ്രധാനമന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നാണ്.

പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള ബഹിരാകാശ വകുപ്പില്‍ രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതിക്കാണ് ശ്രമം നടന്നത്. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയുടെ അന്വേഷണം എങ്ങും ചെന്നെത്തിയിട്ടില്ല. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്ക് ഉത്തരവാദികളായ മഹാരാഷ്ട്രയിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളാണ്. കോമണ്‍വെല്‍ത്ത് ഗയിംസിന് പിന്നില്‍ എണ്‍പതിനായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി ഇപ്പോള്‍ ജയിലിലാണ്. കല്‍ക്കരി പാടങ്ങള്‍ ചുളുവിലയ്ക്ക് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയ വകയില്‍ എണ്‍പത്തിഅയ്യായിരം കോടി രൂപയുടെ അഴിമതി നടന്നു. 1973 ല്‍ ഇന്ദിരാഗാന്ധി ദേശസാല്‍ക്കരിച്ച കല്‍ക്കരി കമ്പനികളാണ് മന്‍മോഹന്‍സിംഗ് മറിച്ച് വിറ്റത്. ഇതിനെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ വമ്പിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.

മന്‍മോഹന്‍സിംഗിനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്ന് പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ അടുത്തദിവസം പറഞ്ഞിരുന്നു. അദ്ദേഹം പരോക്ഷമായി വിരല്‍ചൂണ്ടുന്നത് സോണിയാ ഗാന്ധിയെയാണെന്നുറപ്പ്. രാജ്യത്തിന് ആഗോളതലത്തില്‍ തന്നെ അപമാനകരമായ വന്‍തോതിലുള്ള അഴിമതികളാണ് യു പി എ സര്‍ക്കാര്‍ നടപ്പിലാക്കിയത്.

രാജ്യം നേരിടുന്ന കടുത്ത വിലക്കയറ്റത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യങ്ങളാണെന്ന് വ്യക്തമാണ്. പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണകമ്പനികള്‍ക്ക് നല്‍കി. അടുത്ത ദിവസങ്ങളില്‍ ലിറ്ററിന് അഞ്ച് രൂപയാണ് വര്‍ധിപ്പിച്ചത്. ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വലിയതോതില്‍ വില വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജൂണ്‍ ഒമ്പതിന് വര്‍ധനവ് നിലവില്‍വരുമെന്നാണ് അറിയുന്നത്. ഇതുകൂടി വരുമ്പോള്‍ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുസഹമായി തീരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. രാജ്യത്ത് ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവരുമെന്നത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അതിപ്പോഴും ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങികഴിയുകയാണ്. രണ്ട് വര്‍ഷമായിട്ടും നിയമം നടപ്പിലാക്കുന്നതിനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സോണിയാ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശകസമിതി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത് ജനങ്ങളെ മൂന്നായി തരംതിരിക്കാനാണ്. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവര്‍, അതിനു മുകളില്‍ ഉള്ളവര്‍, ഒഴിവാക്കപ്പെടേണ്ടവര്‍ എന്നിങ്ങനെയാണ് തരംതിരിവിന് നിര്‍ദേശിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും പാവപ്പെട്ടവര്‍ക്ക് കിലോയ്ക്ക് മൂന്ന് രൂപ നിരക്കില്‍ പ്രതിമാസം 35 കിലോഗ്രാം ധാന്യങ്ങള്‍ വിതരണം ചെയ്യും. അതിനു തൊട്ടു മുകളില്‍ ഉള്ളവര്‍ക്ക് താങ്ങ് വിലയുടെ പകുതി വിലയ്ക്ക് പ്രതിമാസം 20 കിലോഗ്രാം ധാന്യങ്ങള്‍ നല്‍കും. മുകളിലുള്ളവര്‍ക്ക് റേഷനില്ല. ഈ തരംതിരിവ് എങ്ങനെ നിര്‍ണയിക്കും?

ബി പി എല്‍-എ പി എല്‍ പട്ടിക തയ്യാറാക്കാന്‍ ദേശീയ തലത്തില്‍ ഒരു സെന്‍സസ് നടക്കുമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ് ഇപ്പോള്‍ പറയുന്നത്. 2012 ഓടെ ഇത് നടപ്പിലാക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇതിനാവശ്യമായ പ്രാരംഭ നടപടികള്‍ പോലും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല. ബി പി എല്‍ നിര്‍ണയിക്കാന്‍ ആസൂത്രണ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പട്ടണങ്ങളില്‍ പ്രതിദിനം 20 രൂപയ്ക്ക് താഴെയും ഗ്രാമങ്ങളില്‍ 15 രൂപയ്ക്ക് താഴെയും വരുമാനമുള്ളവരെയാണ്. ഇതാണോ കേന്ദ്രസര്‍ക്കാരും അംഗീകരിക്കുന്ന മാനദണ്ഡം? അതോ കേന്ദ്ര സര്‍ക്കാരിന് മറ്റ് ഏതെങ്കിലും മാനദണ്ഡം ഉണ്ടോ എന്ന് വ്യക്തമല്ല. ബി പി എല്‍-എ പി എല്‍ വിഭജനം തന്നെ അശാസ്ത്രീയമാണെന്നും ഈ തരംതിരിവ് ഉപേക്ഷിക്കണമെന്നുമാണ് ഇതെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച എല്ലാ സമിതികളും അഭിപ്രായപ്പെട്ടിരിക്കുന്നത്. എ പി എല്‍ - ബി പി എല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങള്‍ക്കും സബ്‌സിഡി നിരക്കില്‍ റേഷന്‍ വിതരണം നടത്തണമെന്നാണ് ഈ സമിതികളുടെയെല്ലാം ശുപാര്‍ശ. ഈ പംക്തിയില്‍ നേരത്തെ സൂചിപ്പിച്ചിട്ടുള്ളതുപോലെ, രാജ്യത്തെ എല്ലാവര്‍ക്കും കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില്‍ ധാന്യം വിതരണം നടത്താന്‍ അധികം വേണ്ടിവരുന്നത് 84.398 കോടി രൂപയാണ്. ഇതിന് പണമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. രാജ്യത്ത് നിന്നും വിദേശത്തേയ്ക്ക് കള്ളക്കടത്ത് നടത്തിയ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന്റെ ഒരംശം കണ്ടുകെട്ടാന്‍ കഴിഞ്ഞാല്‍ ഇത് നടപ്പിലാക്കാന്‍ ഒരു പ്രയാസവുമില്ല. 2005-06 മുതല്‍ 2010-11 വരെ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ നികുതി ഇളവ് 21,25,023 കോടി രൂപയാണ്.

സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതാണ് ഈ കണക്ക്. ഇതില്‍ ഒരംശംമതി രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില്‍ റേഷന്‍ നല്‍കാന്‍. ഇത് കോണ്‍ഗ്രസിന്റെ നയമാണ് വ്യക്തമാക്കുന്നത്. സാധാരണ ജനങ്ങളുടെ പട്ടിണി പരിഹരിക്കാന്‍ കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും താല്‍പര്യമില്ല. കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കി, സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുന്നതാണ് കോണ്‍ഗ്രസിന്റെ നയം. വിലക്കയറ്റം പ്രതിരോധിക്കാന്‍ അടുത്ത വര്‍ഷം മുതല്‍ ചില്ലറ വിപണി വിദേശകുത്തകകള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് കേന്ദ്ര വാണിജ്യമന്ത്രി ജ്യോതിരാജിത്യ സിന്ധ്യ പറഞ്ഞിരിക്കുന്നത്. മുമ്പ് ഉയര്‍ന്ന വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ചതാണ് ഈ നിര്‍ദേശം. ചെറുകിട വ്യാപാരമേഖലയിലെ ലക്ഷക്കണക്കിന് സാധാരണക്കാരെ വഴിയാധാരമാക്കുന്നതാണ് ഈ നിര്‍ദേശം,.

അതുപോലെ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നടത്തിയ മറ്റൊരു വാഗ്ദാനമാണ് ലോക്‌സഭയിലും നിയമസഭകളിലേയ്ക്കും 33 ശതമാനം സ്ത്രീ സംവരണം. ഇതിനാവശ്യമായ നിയമം രാജ്യസഭ പാസാക്കിയിട്ടും അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കാന്‍പോലും മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് സ്ത്രീകളുടെ വോട്ട് നേടാന്‍ വേണ്ടി ഒരു പ്രചരണായുധം മാത്രമായിരുന്നു കോണ്‍ഗ്രസിന് സ്ത്രീ സംവരണം.

ചുരുക്കിപറഞ്ഞാല്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും രണ്ട് വര്‍ഷത്തെ ഭരണംകൊണ്ട് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നടപ്പാലാക്കിയിട്ടില്ല. എന്നു മാത്രമല്ല ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതരത്തില്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ കേന്ദ്രസര്‍ക്കാര്‍ വീണിരിക്കുകയുമാണ്.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം ദിനപത്രം 31 മേയ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി പരിപാടികള്‍ തീരുമാനിക്കാനും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും നേതൃത്വത്തില്‍ അടുത്തദിവസം ഒരു സമ്മേളനം ചേര്‍ന്നു. ഭാവി പരിപാടികളെ സംബന്ധിച്ച് ഒരു ലഘുലേഖയും പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്ന ഒരു നടപടിപോലും സ്വീകരിച്ചതായി അവകാശപ്പെടാനില്ല. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രധാന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെയും യു പി എ അധ്യക്ഷയുടെയും നേതൃത്വത്തില്‍ നടന്ന സമ്മേളനം ചുണ്ടിക്കാണിച്ചതുപോലെ രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന രണ്ട് വിഷയങ്ങള്‍ - അഴിമതിയും വിലക്കയറ്റവും കൂടുതല്‍ രൂക്ഷമായി തുടരുകയാണ്.