ഒടുവില്‍, മകരവിളക്ക് പൊന്നമ്പലമേട്ടില്‍ സ്വയം പ്രകാശിക്കുന്നതല്ലെന്നും മനുഷ്യന്‍ കത്തിക്കുന്നതാണെന്നും ബഹുകോടതി മുമ്പാകെ ദേവസ്വം ബോര്‍ഡ് സമ്മതിച്ചിരിക്കുന്നു. സത്യം സമ്മതിക്കാന്‍ കൊലയ്ക്കു കൊടുത്തത് നൂറ്റിനാലു മനുഷ്യജീവന്‍. അവരുടെ അനാഥമായ കുടുംബാംഗങ്ങള്‍ പ്രബുദ്ധകേരളം നടത്തിയ സമാനതകളില്ലാത്ത തട്ടിപ്പിനെക്കുറിച്ചറിഞ്ഞെങ്കില്‍ ഞെട്ടിയിട്ടുണ്ടാകും.
യുക്തിവാദികള്‍ നല്‍കിയ കേസിനെ തുടര്‍ന്നാണ് കോടതി മകരവിളക്കിനെക്കുറിച്ചന്വേഷിച്ചത്. മകരവിളക്ക് നിരോധിക്കണമെന്ന അവരുടെ വാദം കോടതി തള്ളിയെങ്കിലും ദൗത്യം വിജയിച്ചുവെന്നുവേണം കരുതാന്‍. സ്വയം പ്രഭയെന്ന വ്യാജപ്രചാരണം അവസാനിച്ചല്ലൊ.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതിലെ തീര്‍ത്ഥാടന കാലത്ത് ശബരിമല സന്നിധാനത്ത് കലികാല വരദനും കല്യാണം കഴിക്കാത്തവനുമായ അയ്യപ്പന്റെ മൂക്കിനുതാഴെ അമ്പത്തിമൂന്നുപേരാണ് മരിച്ചുവീണത്. അന്നും യുക്തിവാദികള്‍ കോടതിയിലെത്തിയെങ്കിലും മകരജ്യോതി വിശ്വാസത്തിന്റെ കാര്യമാണെന്നും അതിലിടപെടാന്‍ കോടതിക്കധികാരമില്ലെന്നും പറഞ്ഞ് കേരളഹൈക്കോടതി അവരുടെ ഹര്‍ജി തള്ളുകയായിരുന്നു.
സത്യം തുറന്നുസമ്മതിച്ചതില്‍ സാംസ്‌ക്കാരിക കേരളം ആഹ്ലാദിക്കുമ്പോഴും തുടര്‍ന്നുവരാന്‍ പോകുന്ന വിനകള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പൊന്നമ്പലമേട് പുനരുദ്ധരിക്കണമെന്നും ആരാധനയ്ക്കു സൗകര്യമുണ്ടാക്കണമെന്നും ഇത്രയും കാലം സത്യം മൂടിവച്ചവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ ക്ഷേത്രഭാരത്താല്‍ ഞെരിപിരികൊള്ളുന്ന കേരളത്തില്‍ വമ്പിച്ച പാരിസ്ഥിതികാഘാതം സൃഷ്ടിച്ചുകൊണ്ട് മറ്റൊരു അന്ധവിശ്വാസകേന്ദ്രം കൂടി ഉണ്ടാക്കണമെന്നര്‍ത്ഥം.
ശബരിക്ഷേത്രത്തിനു തീപിടിച്ചപ്പോഴാണ്, ഒരു അമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചെന്ന് ഖദറിട്ടു നടന്ന ഭരണാധികാരി സി കേശവന്‍ പറഞ്ഞത്. അവിടെയാണ് പുതിയ അന്ധവിശ്വാസ കേന്ദ്രമെന്ന ആശയം ഉണ്ടായിരിക്കുന്നത്. ചരിത്രത്തില്‍ ഖദര്‍ യുക്തിയുടെ ചിഹ്നം കൂടി ആണ്. സി കേശവനും പനമ്പിള്ളി ഗോവിന്ദമേനോനും എം എ ജോണും ധരിച്ച ഖദറുടുപ്പുകള്‍ ചരിത്രത്തിന്റെ മൂലയില്‍ കീറിക്കിടപ്പുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടിയന്തരമായി ചെയ്യേണ്ട ഒരു ഉത്തരവാദിത്വമുണ്ട്. അത് മകരജ്യോതി ഒരു തട്ടിപ്പായിരുന്നു എന്ന് അയല്‍ സംസ്ഥാനക്കാരോട് തുറന്നുപറയുക എന്നതാണ്. മറുനാടന്‍ അയ്യപ്പക്ഷേത്രങ്ങളിലൂടെ ഈ സത്യബോധനം നടത്താന്‍ എളുപ്പമാണ്. മറുനാടന്‍ മലയാളികള്‍ മാത്രമേ, മറുനാട്ടിലെ അയ്യപ്പക്ഷേത്രങ്ങളില്‍ ആരാധനയ്ക്ക് എത്താറുള്ളു എങ്കിലും മറ്റു ഭാഷകളില്‍ ഈ വാസ്തവ പ്രചാരണം നടത്താവുന്നതേയുള്ളു. മറുനാട്ടിലെ ക്ഷേത്രങ്ങളില്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നാണെങ്കില്‍ തമിഴ്, കന്നട, മറാഠി, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം നല്‍കി സത്യത്തോടുള്ളകൂറ് വെളിപ്പെടുത്താവുന്നതാണ്.
പൊന്നമ്പലമേട് ആര്‍ക്കും ചെല്ലാന്‍ കഴിയാത്ത ഒരു വിശുദ്ധപ്രദേശമെന്നാണ് പ്രചരിപ്പിച്ചിരുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ പെരുമ്പടവം ശ്രീധരന്‍ പൊന്നമ്പലമേട്ടില്‍ പോയ അനുഭവം രേഖപ്പെടുത്തിയിട്ടുണ്ട്. പൊന്നമ്പലമേട് യാത്രയെക്കുറിച്ച് ഒരു കാരണവരോടു പറഞ്ഞപ്പോള്‍ അവിടെ മനുഷ്യന് ചെന്നെത്താന്‍ സാധിക്കില്ലെന്നാണദ്ദേഹം പറഞ്ഞതത്രെ. പൊന്നമ്പലമേട്ടില്‍ പിന്നെ ആരാണ് ചെല്ലുന്നത്. ധര്‍മ്മശാസ്താവും അദ്ദേഹത്തിന്റെ സ്‌കൂട്ടറുകളായ പുലികളും പുലക്കു തിന്നാന്‍ പുല്ലും മാത്രമേ ഉള്ളോ...?
അന്ധവിശ്വാസങ്ങള്‍ മാറുകയാണ്. പൊന്നമ്പലമേട്ടില്‍ ആദിവാസികളായ മലയരയര്‍ ഉണ്ടായിരുന്നത്രെ. ഇപ്പോള്‍ വിളക്കുകത്തിക്കുന്നത് പരിഷ്‌കൃത മനുഷ്യരാണത്രെ.
ഹിന്ദുമതം പോലെ തന്നെ എല്ലാ മതങ്ങളുടെയും പോഷകാഹാരം അന്ധവിശ്വാസങ്ങളാണ്. മറ്റൊരുകഥാകാരനായ അക്ബര്‍ കക്കട്ടില്‍ ഒരനുഭവം അവതരിപ്പിച്ചുകേട്ടിട്ടുണ്ട്. മനുഷ്യര്‍ ചന്ദ്രനിലിറങ്ങിയവാര്‍ത്ത അക്ബര്‍ ഉപ്പയോടു പറയുന്നു. അതു വിശ്വസിക്കാന്‍ വരട്ടെ, ഇപ്പോള്‍ മുസലിയാര്‍ വരും അദ്ദേഹത്തോടു ചോദിക്കാമെന്നാണ് മറുപടി ലഭിച്ചത്. മുസലിയാര്‍ വന്നു. ഈ വാര്‍ത്തയറിഞ്ഞ് അദ്ദേഹം കുറെനേരം ചിന്താധീനനായി ഇരുന്നു. എന്നിട്ടു പറഞ്ഞത്, ചന്ദ്രനിലാകാന്‍ സാധ്യതയില്ലെന്നും ചന്ദ്രന്റെ സമീപത്ത് മറ്റൊരു സ്ഥലമുണ്ടെന്നും അവിടെ ആയിരിക്കാമെന്നും ആണത്രെ.
മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ലെന്ന് തെളിയിക്കാനായി ആളും അര്‍ഥവും ചെലവാക്കുന്നു ചിലര്‍. പരിണാമവാദം തെറ്റാണെന്നു തെളിയിക്കാനും ഇത്തരം വൃഥാവ്യായാമങ്ങളുണ്ട്. ഇക്കാര്യങ്ങളിലുള്ള മതസൗഹാര്‍ദ്ദം അത്ഭുതപ്പെടുത്തുന്നതാണ്.
മകരവിളക്ക് തെളിയിക്കുകയും അതു കണ്ടാല്‍ പുണ്യം കിട്ടുമെന്ന് പ്രചരിപ്പിക്കുകയും ചെയ്താല്‍ ശബരിമലയിലും സമീപപ്രദേശങ്ങളിലും വലിയ മനുഷ്യക്കുരുതികള്‍ ഇനിയുമുണ്ടാകും. മകരവിളക്ക് വേണ്ടെന്നുവച്ചാല്‍, ഒരു വലിയ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാകും. ധനത്തിന്റെ നയാഗ്ര വെള്ളച്ചാട്ടം നിലക്കുന്നതുപോലെയാണത്. ഇവിടെ നമ്മള്‍ അഭയം പ്രാപിക്കേണ്ടത് ധാര്‍മ്മികതയെയാണ്. കള്ളം പറഞ്ഞുള്ള കാശുവേണോ? മകരവിളക്ക് കത്തിച്ചു കാണിക്കുന്നതാണെന്ന് പറഞ്ഞാല്‍ത്തന്നെ പുണ്യം കിട്ടുമെന്നുള്ളതിന് ഉറപ്പൊന്നും ഇല്ലല്ലൊ. ഉറപ്പില്ലാ പുണ്യത്തെ കമ്പോളവല്‍ക്കരിക്കുന്നത് ശരിയാണോ?
മനുഷ്യനാണ് തീരുമാനിക്കേണ്ടത്. ഉചിതമായ ഒരു തീരുമാനമെടുക്കുന്നതില്‍ ഒരു കൈസഹായവും ശബരിമല ധര്‍മ്മശാസ്താവില്‍ നിന്ന് ലഭിക്കുകയില്ല.
*****
വര്‍ത്തമാനം/കുരീപ്പുഴ ശ്രീകുമാര്‍,കടപ്പാട്: ജനയുഗം
Saturday, May 21, 2011
മകരവിളക്ക് അണഞ്ഞു മനുഷ്യതന്ത്രം തെളിഞ്ഞു
Subscribe to:
Post Comments (Atom)
3 comments:
അന്ധവിശ്വാസങ്ങള്‍ മാറുകയാണ്. പൊന്നമ്പലമേട്ടില്‍ ആദിവാസികളായ മലയരയര്‍ ഉണ്ടായിരുന്നത്രെ. ഇപ്പോള്‍ വിളക്കുകത്തിക്കുന്നത് പരിഷ്‌കൃത മനുഷ്യരാണത്രെ.
ഹിന്ദുമതം പോലെ തന്നെ എല്ലാ മതങ്ങളുടെയും പോഷകാഹാരം അന്ധവിശ്വാസങ്ങളാണ്. മറ്റൊരുകഥാകാരനായ അക്ബര്‍ കക്കട്ടില്‍ ഒരനുഭവം അവതരിപ്പിച്ചുകേട്ടിട്ടുണ്ട്. മനുഷ്യര്‍ ചന്ദ്രനിലിറങ്ങിയവാര്‍ത്ത അക്ബര്‍ ഉപ്പയോടു പറയുന്നു. അതു വിശ്വസിക്കാന്‍ വരട്ടെ, ഇപ്പോള്‍ മുസലിയാര്‍ വരും അദ്ദേഹത്തോടു ചോദിക്കാമെന്നാണ് മറുപടി ലഭിച്ചത്. മുസലിയാര്‍ വന്നു. ഈ വാര്‍ത്തയറിഞ്ഞ് അദ്ദേഹം കുറെനേരം ചിന്താധീനനായി ഇരുന്നു. എന്നിട്ടു പറഞ്ഞത്, ചന്ദ്രനിലാകാന്‍ സാധ്യതയില്ലെന്നും ചന്ദ്രന്റെ സമീപത്ത് മറ്റൊരു സ്ഥലമുണ്ടെന്നും അവിടെ ആയിരിക്കാമെന്നും ആണത്രെ.
മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ലെന്ന് തെളിയിക്കാനായി ആളും അര്‍ഥവും ചെലവാക്കുന്നു ചിലര്‍. പരിണാമവാദം തെറ്റാണെന്നു തെളിയിക്കാനും ഇത്തരം വൃഥാവ്യായാമങ്ങളുണ്ട്. ഇക്കാര്യങ്ങളിലുള്ള മതസൗഹാര്‍ദ്ദം അത്ഭുതപ്പെടുത്തുന്നതാണ്.
ഈ കേ നായനാര്‍ ഇതിനു എത്രയോ വര്‍ഷം മുന്‍പേ ഇതു ക്ളാരിഫൈ ചെയ്തു ആരോ വിളക്കു കത്തിക്കുന്നതാണു പക്ഷെ അതു കണ്ടെങ്കിലേ തമിഴനും തെലുങ്കനും ഉറക്കം വരു അതിനാല്‍ അതു നമ്മള്‍ അനുവദിച്ചിരിക്കുന്നു എന്നു, പക്ഷെ ഇതുകൊണ്ടൊന്നും ആരും ശബരിമല യാത്ര ഉപേക്ഷിക്കാന്‍ പോകുന്നില്ല ഭക്തി ഒരു ഭ്രാന്തായി മാറുകയാണു ഇപ്പോള്‍
വിശ്വാസത്തെയും അന്ധവിശ്വാസത്തെയും തമ്മില്‍ തിരിച്ചറിയുവാന്‍ നമ്മള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു . അന്ധവിശ്വാസങ്ങള്‍ എപ്പോഴും ചില സ്ഥാപിത താല്പര്യക്കാര്‍ക്ക് ധനം ഉണ്ടാക്കുവാനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്. ഇവിടുത്തെ മാധ്യമങ്ങള്‍ പോലും ഇതിനെ തുറന്നു കാട്ടാതെ അനുകൂലിക്കുന്നതാണ് രസകരം. കാരണം അവര്‍ക്കാണ് ഈ അന്ധവിശ്വാസങ്ങളെ നല്ല രീതിയില്‍ തുറന്നു കാട്ടുവാന്‍ സാധിക്കുന്നത്. ഇനിയും നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇതുപോലെയുള്ള ദുരന്തങ്ങള്‍ മറ്റു തീര്‍ഥാടന കേന്ദ്രങ്ങളിലും കാണേണ്ടി വരും.
Post a Comment