Tuesday, May 10, 2011

അക്ഷയ തൃതീയ എന്ന തട്ടിപ്പ്

വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ തൃതീയ ബലരാമജയന്തി ആണെന്നാണ് സങ്കല്‍പം. ദശാവതാരങ്ങളില്‍ പെട്ടതാണ് ബലരാമജന്മം എങ്കിലും ഏതു ദിവ്യ സന്ദേശത്തിന്റെ വാഹകനാണ് അദ്ദേഹം എന്നെനിക്കിതുവരെ മനസ്സിലായിട്ടില്ല. കലപ്പയാണ് ആയുധം എന്നതുകൊണ്ടും ഒരിക്കല്‍ ഈ ആയുധംകൊണ്ട് കാളിന്ദി നദിയെ 'വലിച്ചു' എന്നു കഥയുള്ളതുകൊണ്ടും ജലസേചനത്തിലൂന്നിയ കാര്‍ഷിക സംസ്‌ക്കാരത്തിന്റെ ഉദയം കുറിക്കുന്ന പ്രതീകമായി ബലഭദ്രരാമനെ കാണുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. അതുകൊണ്ട് കേരളത്തിലെ ഓണം പോലെ ഉത്തരേന്ത്യക്കാരുടെ കാര്‍ഷികോത്സവമായി ബലഭദ്ര ജയന്തി ആഘോഷിക്കപ്പെടുന്നതില്‍ അത്ഭുതമില്ല. ഓണത്തിനു കോടിയുടുക്കുക എന്ന നമ്മുടെ പതിവുപോലെ ഉത്തരേന്ത്യയില്‍ ബലഭദ്രജയന്തി ദിവസമായ 'അക്ഷയ തൃതീയ' യ്ക്ക് പുതുവസ്ത്രങ്ങള്‍ വാങ്ങുന്നതും പതിവാണ്.

പക്ഷേ, ഇപ്പോള്‍ കേരളത്തില്‍ അക്ഷയതൃതീയയ്ക്കു കൈവന്നിരിക്കുന്ന പ്രാധാന്യം അതൊന്നുമല്ല. അക്ഷയതൃതീയയ്ക്കു സ്വര്‍ണം വാങ്ങിയാല്‍ ഭാഗ്യം പിന്നാലെ വരുമെന്ന് ഒരു പ്രചരണം ആരോ തുടങ്ങിവച്ചു. 'ആരോ' എന്നു പറഞ്ഞുവെങ്കിലും അത് ഏതോ സ്വര്‍ണ വ്യാപാരി ആയിരുന്നിരിക്കണം എന്നുറപ്പാണ്. എന്തെന്നാല്‍ ഹെര്‍ക്യൂള്‍ പോയിറട്ട് (അഗതാ ക്രിസ്റ്റിയുടെ സുപ്രസിദ്ധ അപസര്‍പ്പക വീരന്‍) എപ്പോഴും ചോദിക്കുന്നതുപോലെ, ''ആര്‍ക്കാണ് ഇതുകൊണ്ട് ഗുണം?'' എന്നു ചോദിച്ചാല്‍ ഉത്തരം ലളിതമല്ലേ? അക്ഷയ തൃതീയയ്ക്കു സ്വര്‍ണം വാങ്ങിയവരില്‍ എത്രപേര്‍ക്കു ഭാഗ്യം പിറന്നു എന്നതിനേപ്പറ്റി നമുക്കാര്‍ക്കും അറിവില്ലെങ്കിലും, സാമാന്യ ബുദ്ധികൊണ്ടു മാത്രം ഊഹിക്കാവുന്ന ഒരു കാര്യമുണ്ട്: ''ഈ പ്രചാരണംകൊണ്ട് സ്വര്‍ണക്കടക്കാരൊക്കെ കോളടിച്ചിട്ടുണ്ട്''. അപ്പോള്‍ സ്വാഭാവികമായും അവര്‍ തന്നെയായിരിക്കണം ഈ കളിയുടെ പിന്നില്‍!

സ്വര്‍ണക്കടക്കാര്‍ മാത്രമല്ല പണം പലിശയ്ക്കു കൊടുക്കുന്നവരും കാറ്റുകണ്ട് തൂറ്റാനിറങ്ങിയിട്ടുണ്ട്. ബ്ലേഡു കമ്പനിക്കാര്‍ മാത്രമല്ല, സാക്ഷാല്‍ ഷെഡ്യൂള്‍ഡ് ബാങ്കുകാര്‍ വരെ അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പലിശയിളവും പ്രഖ്യാപിച്ചിരിക്കുന്നുപോല്‍! കാര്‍ഷികാവശ്യത്തിനു സ്വര്‍ണപണയത്തില്‍ കുറഞ്ഞ പലിശക്കു കൊടുക്കുന്ന കടം എന്താവശ്യത്തിനുപയോഗിക്കുന്നു എന്നാരും അന്വേഷിക്കാത്തതുപോലെ, ഈ വായ്പകൊണ്ടും സ്വര്‍ണം വാങ്ങിയോ എന്ന് ആരും അന്വേഷിച്ചേക്കില്ല. എങ്കില്‍ നന്നായിരുന്നു. അത്രയും പേര്‍ക്കെങ്കിലും വ്യവസായത്തിനോ മറ്റ് അത്യാവശ്യത്തിനോ കുറഞ്ഞ പലിശയ്ക്കു വായ്പ കിട്ടുമല്ലോ. അതോ ഇനി വാഹനവായ്പകളുടെ കാര്യത്തിലെന്നപോലെ ബാങ്കും സ്വര്‍ണക്കടയും തമ്മില്‍ നേരിട്ടുള്ള ഇടപാടാണോ, എന്തോ!

ഏതായാലും മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണെന്നപോലായി കാര്യങ്ങള്‍. ''അക്ഷയ തൃതീയയ്ക്കു സ്വര്‍ണം വാങ്ങാന്‍ നമ്മുടെ കൈയിലെവിടെയാണ് കാശ്?'' എന്നു പറഞ്ഞ് ഒരു ഭര്‍ത്താവിനും ഇനി തടിതപ്പാനാവില്ല. ''സ്വര്‍ണം വാങ്ങാന്‍ കാശെന്തിനാ? ലോണ്‍ തരാമെന്നല്ലേ ബാങ്ക് പറയുന്നത്?'' എന്നായിരിക്കും ഉത്തരം. അങ്ങനെ ''കടമെടുത്തു സ്വര്‍ണം വാങ്ങിയാല്‍ കടം തിരിച്ചടയ്ക്കണ്ടേ?'' എന്ന മണ്ടന്‍ ചോദ്യത്തിനുള്ള ഉത്തരം അടുത്ത ചാനല്‍ പരസ്യമായി ഇതാ വരുന്നു: ''വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന്....?'' ആ സ്വര്‍ണം കൊണ്ട് പണയം വച്ചാല്‍ ബാങ്കിലെ ലോണ്‍ അടയ്ക്കാമല്ലോ! സംഗതി ക്ലീന്‍. പിന്നെ ആ പലിശയും ഈ പലിശയും തമ്മില്‍ തട്ടിച്ചു നോക്കി നഷ്ടം എത്രയാണെന്നു കണ്ടെത്തിയാല്‍ മതി. വിലയും വായ്പയും തമ്മിലുള്ള വ്യത്യാസം വേറെ. സ്വര്‍ണം വാങ്ങുന്നതുവരെ സ്വര്‍ണവില കയറുന്നതിനെചൊല്ലി വിലപിച്ചിരുന്നവര്‍ക്ക് സ്വര്‍ണം സ്വന്തമായിക്കഴിഞ്ഞാല്‍ ഇനിയും കയറണമേ എന്നു പ്രാര്‍ഥിക്കാം. എത്ര വിചിത്രമാണു കാര്യങ്ങള്‍!

എല്ലാം കൂട്ടിക്കിഴിച്ചു കഴിയുമ്പോള്‍ ചിരിക്കുന്നത് ആരൊക്കെയാണെന്നു നോക്കൂ. പണം പലിശയ്ക്കു കൊടുക്കുന്നവര്‍ക്കും സ്വര്‍ണക്കച്ചവടക്കാര്‍ക്കും ലാഭം. വെറുതെയല്ല അക്ഷയ തൃതീയയ്ക്കു സ്വര്‍ണം വാങ്ങുന്നതു ഭാഗ്യം ആണെന്നു പറയുന്നത്. ഭാഗ്യം ആര്‍ക്കാണെന്നതിലേ തര്‍ക്കമുള്ളു.

നല്ല സ്വഭാവങ്ങള്‍ പകരുന്നതിനേക്കാള്‍ എത്രവേഗമാണ് ദുഃസ്വഭാവങ്ങളും അന്ധവിശ്വാസങ്ങളും പകരുന്നത്. മൂന്നോ നാലോ സീസണ്‍കൊണ്ട് അക്ഷയതൃതീയ പാരമ്പര്യത്തിന്റെ പരിവേഷമണിഞ്ഞു കഴിഞ്ഞു. അരനൂറ്റാണ്ടിനുമുമ്പ് തിരുവനന്തപുരത്തെ ഒരു അപ്രധാന ക്ഷേത്രത്തിലെ പ്രാദേശിക ചടങ്ങ് ആയിരുന്ന പൊങ്കാല ഇന്ന് അതിവേഗം പരക്കുന്ന അത്യാധുനിക വഴിപാട് ആയി മാറിയിരിക്കുന്നു. അതിനനുസരിച്ച് പുതിയ പുതിയ ഐതിഹ്യങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പ്രാദേശിക ചരിത്ര രചനയ്ക്കും പുത്തനുണര്‍വ് ഉണ്ടായിരിക്കുന്ന കാലമാണല്ലൊ ഇത്. ഒന്നോര്‍ത്താല്‍, പഴയ ഐതിഹ്യത്തിനിത്ര മഹത്വമെന്താ? അത് അന്നത്തെ കെട്ടുകഥ; ഇത് ഇന്നത്തെ കെട്ടുകഥ; അല്ലാതെന്ത്?

അങ്ങനെ ഒരു ലാഘവ ബുദ്ധിയോടെ കണ്ടാല്‍, ഇതിലൊന്നും വലിയ കുഴപ്പമില്ല എന്നു വേണമെങ്കില്‍ സമാധാനിക്കാം. പക്ഷേ, അങ്ങനെയല്ലല്ലോ കാര്യങ്ങള്‍. ഇതൊക്കെ വളരെ സീരിയസ് ആയെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു എന്നത് ഉത്കണ്ഠാ ജനകമാണ്. ഇല്ലാത്ത കടഭാരം വരുത്തിവയ്ക്കുന്നവര്‍. ജീവിതത്തിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് ഇത്തരം കുറുക്കു വഴികളിലൂടെ പരിഹാരം തേടി, സ്വയം ചെയ്യേണ്ടതു ചെയ്യാതെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നവര്‍. തങ്ങള്‍ ചില അതിബുദ്ധിമാന്‍മാരുടെ തന്ത്രങ്ങളില്‍പെട്ട് പാവകളിക്കുകയാണെന്നറിയാതെ സ്വയം വിലകെടുത്തുന്നവര്‍....

സാധാരണ ഗതിയില്‍ ഇത്തരം ദൗര്‍ബല്യങ്ങള്‍ വിദ്യാഭ്യാസത്തിലൂടെയാണ് പരിഹരിക്കപ്പെടേണ്ടത്. പണ്ടുകാലത്തെ തമാശക്കഥകളില്‍ ശുദ്ധരായ നാട്ടുമ്പുറത്തുകാരെ പറ്റിക്കുന്ന വിരുതന്‍ ശങ്കുമാരാണ് നിറഞ്ഞു നിന്നിരുന്നത്. അന്നത്തെ നാട്ടുമ്പുറത്തുകാര്‍ക്ക് വിദ്യാഭ്യാസവും ലോകപരിചയവും കുറവായിരുന്നതുകൊണ്ട് അവരെ പെട്ടെന്ന് പറഞ്ഞു പറ്റിക്കാം എന്നായിരുന്നു സങ്കല്‍പം. പക്ഷേ, ഇന്നത്തെ നാട്ടുമ്പുറത്തുകാര്‍ പോലും അങ്ങനെയല്ല. സാര്‍വത്രിക വിദ്യാഭ്യാസം. പലരും ബിരുദധാരികള്‍. ഗള്‍ഫിലും മറ്റും പോയി പണിയെടുത്തു കാശുണ്ടാക്കിയവര്‍പോലും ഇത്തരം പറ്റിക്കലുകള്‍ക്കു വശംവദരാകുന്നു. നോട്ടിരട്ടിക്കല്‍ തട്ടിപ്പുപോലുള്ള അറുപഴഞ്ചന്‍ വിദ്യകളില്‍പോലും അവര്‍ വീഴുന്നു. സ്വര്‍ണ ഉരുളി പോലെ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കെട്ടു കഥകളില്‍പോലും പലരും പെടുന്നു. കുട്ടിച്ചാത്തന്‍, സാക്ഷാല്‍ കുട്ടിച്ചാത്തന്‍ പോലുള്ളവരുടെ പരസ്യം സാക്ഷരകേരളത്തിലെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുക എന്നുവച്ചാലുള്ള നാണക്കേട് എന്താണ്!

ഇതെന്തേ ഇങ്ങനെ? ഇതൊന്നും വെറും വിദ്യാഭ്യാസം കൊണ്ടോ സാങ്കേതിക വിദ്യയുടെ മുന്നേറ്റം കൊണ്ടോ മാറുന്ന രോഗങ്ങളല്ല എന്നുള്ളതല്ലേ വാസ്തവം? ഇക്കാര്യങ്ങളിലെല്ലാം നമ്മേക്കാള്‍ ഏറെ പുരോഗമിച്ച രാജ്യങ്ങളിലും ഇത്തരം അന്ധവിശ്വാസങ്ങളും അവയെ കേന്ദ്രീകരിച്ച തട്ടിപ്പുകളും ഒട്ടും കുറവല്ല. ലോകാവസാനം അടുത്തു എന്നു ദൃഢമായി വിശ്വസിച്ച് അതിനനുസരിച്ച് ജീവിതം താറുമാറാക്കുന്ന കഥകള്‍ കൂടെക്കൂടെ കേള്‍ക്കാം. സ്വയം പ്രഖ്യാപിത പ്രവാചകന്മാരുടെ അവകാശവാദങ്ങള്‍ വേറെ. ദീര്‍ഘായുസ്സും വാജീകരണവും വാഗ്ദാനം ചെയ്യുന്ന ദിവ്യൗഷധങ്ങളുടെ പരസ്യങ്ങള്‍ മറ്റൊരു തട്ടിപ്പ്. എന്തിന്, പഴഞ്ചൊല്ലില്‍ പോലും സ്ഥാനം പിടിച്ച കഷണ്ടി സംഹാരിവരെ വിറ്റ് കോടീശ്വരന്മാരായവരുടെ നാടാണിത്.

ശാസ്ത്ര സാങ്കേതികവിദ്യ പുരോഗമിക്കുമ്പോള്‍, പഴഞ്ചന്‍ തട്ടിപ്പുകള്‍ പുതുരൂപത്തിലും ഇറങ്ങുന്നുണ്ട് ഇപ്പോള്‍ വെറും ജാതകം 'കമ്പ്യൂട്ടര്‍ ജാതകമായി' രൂപാന്തരം പ്രാപിച്ചിരിക്കുന്നു. പഴയവാസ്തുവിദ്യയും 'കമ്പ്യൂട്ടറൈസ്ഡ്' ആയിട്ടുണ്ട്. ചെറിയൊരു ഫീസു കൊടുത്താല്‍ നിങ്ങളുടെ വീടിന്റെ 'വാസ്തു ഇന്‍ഡക്‌സ്' തയ്യാറാക്കി തരുമത്രേ. അതു കണ്ടിട്ടുവേണം പാസ്സ് മാര്‍ക്ക് ആണോ 'ഡെയിഞ്ചര്‍ സോണില്‍' ആണോ എന്നൊക്കെ തീരുമാനിക്കാന്‍. കല്യാണാലോചന എന്നേ ഇന്റര്‍നെറ്റിലൂടെ ആയി കഴിഞ്ഞു. അതില്‍ തെറ്റില്ല; പക്ഷേ, അവിടേയും ശുദ്ധജാതകവും ചൊവ്വാദോഷവും വിട്ടുമാറുന്നില്ല എന്നതാണു പ്രശ്‌നം.

എന്തൊക്കെ പറഞ്ഞാലും പരിഹാരം വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉണ്ടാകൂ. വെറും വിദ്യാഭ്യാസമല്ല; ശരിയായ വിദ്യാഭ്യാസം. കൃത്യമായി പറഞ്ഞാല്‍ വിമര്‍ശനാത്മക ബോധനം. ചോദ്യം ചെയ്തു പരീക്ഷിച്ചു വിലയിരുത്താന്‍ പരിശീലിപ്പിക്കുന്ന വിദ്യാഭ്യാസം. ഒരു വിധത്തില്‍ പറഞ്ഞാല്‍, അതത്ര പുതിയ സംഗതിയോ വിപ്ലവകരമോ ഒന്നുമല്ല. പണ്ടു മുതല്‍ക്കേ തന്നെ അതായിരുന്നു വിദ്യയോടുള്ള സമീപനം. ഭഗവത്ഗീത മുഴുവന്‍ ഉപദേശിച്ചതിനുശേഷം കൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞതെന്താണ്? ''വി മൃശൈ്യതദശേഷേണ, യഥേ ഛസി തഥാ കുരു''. ഈ പറഞ്ഞതിനെയെല്ലാം വിമര്‍ശിച്ചു മനസ്സിലാക്കിയിട്ട് ഏതാണു ബോധ്യമെന്നു വച്ചാല്‍ അതു ചെയ്യുക''. ആ വിമര്‍ശിച്ചു മനസ്സിലാക്കലുണ്ടല്ലോ, അതാണ് വിദ്യാഭ്യാസം. ആ വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടത്.

*
ആര്‍.വി.ജി മേനോന്‍ ജനയുഗം 10 മേയ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ തൃതീയ ബലരാമജയന്തി ആണെന്നാണ് സങ്കല്‍പം. ദശാവതാരങ്ങളില്‍ പെട്ടതാണ് ബലരാമജന്മം എങ്കിലും ഏതു ദിവ്യ സന്ദേശത്തിന്റെ വാഹകനാണ് അദ്ദേഹം എന്നെനിക്കിതുവരെ മനസ്സിലായിട്ടില്ല. കലപ്പയാണ് ആയുധം എന്നതുകൊണ്ടും ഒരിക്കല്‍ ഈ ആയുധംകൊണ്ട് കാളിന്ദി നദിയെ 'വലിച്ചു' എന്നു കഥയുള്ളതുകൊണ്ടും ജലസേചനത്തിലൂന്നിയ കാര്‍ഷിക സംസ്‌ക്കാരത്തിന്റെ ഉദയം കുറിക്കുന്ന പ്രതീകമായി ബലഭദ്രരാമനെ കാണുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. അതുകൊണ്ട് കേരളത്തിലെ ഓണം പോലെ ഉത്തരേന്ത്യക്കാരുടെ കാര്‍ഷികോത്സവമായി ബലഭദ്ര ജയന്തി ആഘോഷിക്കപ്പെടുന്നതില്‍ അത്ഭുതമില്ല. ഓണത്തിനു കോടിയുടുക്കുക എന്ന നമ്മുടെ പതിവുപോലെ ഉത്തരേന്ത്യയില്‍ ബലഭദ്രജയന്തി ദിവസമായ 'അക്ഷയ തൃതീയ' യ്ക്ക് പുതുവസ്ത്രങ്ങള്‍ വാങ്ങുന്നതും പതിവാണ്.