Wednesday, May 25, 2011

വാര്‍ഷികാഘോഷത്തിലെ വാചകമടി

രണ്ടാം യു പി എ മന്ത്രിസഭ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നല്‍കിയ പ്രധാന വാഗ്ദാനം അഴിമതി തുടച്ചുനീക്കുമെന്നാണ്. ഭരണത്തിലേറിയതു മുതല്‍ അഴിമതിക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് യു പി എ അധ്യക്ഷ കൂടിയായ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും അവകാശപ്പെട്ടു. മന്‍മോഹന്‍സിംഗിന്റെയും സോണിയാഗാന്ധിയുടേയും പ്രഖ്യാപനങ്ങളും നടപടികളും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളൂവെന്ന് അനുഭവത്തിലൂടെ ബോധ്യമായവരാണ് ഇന്ത്യയിലെ ജനങ്ങള്‍.

അഴിമതിക്ക് എതിരെ സന്ധിയില്ലാത്ത നിലപാട് എടുത്തുവെന്ന് അവകാശപ്പെടുന്ന യു പി എയുടെ ഭരണത്തില്‍ നടന്ന ഭീമന്‍ അഴിമതികള്‍ കൊച്ചുകുട്ടികള്‍ക്കു പോലും മനപാഠമാണ്. 1.76 ലക്ഷം കോടി രൂപയുടെ 2 ജി സ്‌പെക്ട്രം അഴിമതി, എഴുപതിനായിരം കോടിയോളം രൂപയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി, പതിനായിരം കോടിയിലധികം രൂപയുടെ വെട്ടിപ്പു നടന്ന എയര്‍ ഇന്ത്യാ വിമാന ഇടപാട്, അരി കയറ്റുമതിയിലും പയറുകളുടെ ഇറക്കുമതിയിലും നടന്ന കോടികളുടെ വെട്ടിപ്പ് തുടങ്ങി യു പി എ ഭരണത്തിലെ കുംഭകോണങ്ങളുടെ പട്ടിക നീണ്ടതാണ്. ഈ അഴിമതികളില്‍ ഉള്‍പ്പെട്ടവരില്‍ ചിലര്‍ക്ക് എതിരെ നടപടി എടുക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായെന്നത് ശരിയാണ്. എന്നാല്‍ അവയില്‍ ഒന്നുപോലും ഗവണ്‍മെന്റോ, കോണ്‍ഗ്രസ് നേതൃത്വമോ സ്വമേധയാ കൈകൊണ്ടതല്ല. ഇപ്പോള്‍ കേസുകളില്‍ കുടുങ്ങിയവരെയെല്ലാം രക്ഷിക്കാന്‍ അവസാന നിമിഷം വരെ സംരക്ഷിക്കാന്‍ പാടുപെട്ടവരാണ് മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും.

2 ജി സ്‌പെക്ട്രം കുംഭകോണമെടുക്കാം. സ്‌പെക്ട്രം ഇടപാടില്‍ അഴിമതി നടന്നുവെന്ന് സി എ ജി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മാസങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റിലെ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഗുരുദാസ് ദാസ്ഗുപ്തയും എസ് സുധാകര്‍ റെഡ്ഢിയും സീതാറാം യച്ചൂരിയുമെല്ലാം ഇതേക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. മന്‍മോഹന്‍സിംഗ് ഒരു നടപടിയും സ്വീകരിച്ചില്ല പിന്നീട് 2 ജി സ്‌പെക്ട്രം ഇടപാടിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോഴും മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും ഒരക്ഷരം പറഞ്ഞില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചു. 'ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. എല്ലാം നിയമപ്രകാരം മാത്രം' എന്ന പല്ലവിയാണ് അപ്പോള്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. സി എ ജി റിപ്പോര്‍ട്ട് പുറത്തുവരികയും പൊതു താല്‍പര്യ ഹര്‍ജി ലഭിച്ചപ്പോള്‍ സുപ്രിംകോടതി ഇടപപെടുകയും ചെയ്തപ്പോഴും അഴിമതി നടന്നില്ലെന്ന നിലപാട് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ആവര്‍ത്തിച്ചു. ഗതിമുട്ടിയപ്പോള്‍ സി ബി ഐ അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

അഴിമതി ഇടപാടിന് നേതൃത്വം നല്‍കിയ ടെലികോം മന്ത്രി എ രാജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ അപ്പോഴും പ്രധാനമന്ത്രി തയാറായില്ല. പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തിന്റെയും സുപ്രിംകോടതിയുടെ ആവര്‍ത്തിച്ചുള്ള ശാസനയുടെയും സമ്മര്‍ദ്ദം താങ്ങാനാവാത്ത സ്ഥിതി വന്നപ്പോഴാണ് രാജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത്. കേസ് അന്വേഷണം സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലായതോടെ, 2 ജി സ്‌പെക്ട്രം ഇടപാടില്‍ ഉള്‍പ്പെട്ട പല വമ്പന്‍മാരും പിടിയിലാകുന്നത് ഒഴിവാക്കാനുളള സര്‍ക്കാരിന്റെ നീക്കങ്ങള്‍ പൊളിയുകയും ചെയ്തു.

കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയിലും ഇതുതന്നെയായിരുന്നു സര്‍ക്കാരിന്റെ സമീപനം. ഗെയിംസ് നടക്കുന്നതിനു മുമ്പുതന്നെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മാധ്യമങ്ങളും പ്രതിപക്ഷവും അഴിമതികള്‍ അക്കമിട്ടു നിരത്തി സര്‍ക്കാര്‍ ആര്‍ക്കെതിരെയും നടപടി എടുത്തില്ല. സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നു സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടിവന്നു. ഇതിനിടയില്‍ പ്രധാനമന്ത്രി തന്നെ നിയമിച്ച ഷുങ്‌ളു കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനും നഗരവികസന മന്ത്രിയായിരുന്ന ജയ്പാല്‍ റെഡ്ഢിയ്ക്കും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇവര്‍ക്ക് എതിരെ ഒരു നടപടിക്കും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ സുരേഷ് കല്‍മാഡിയുടെ വിഹിതത്തിലും വളരെ വലുതാണ് ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റേത്.

ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്‍ രാജിവെച്ചങ്കിലും മുന്‍ മുഖ്യമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവര്‍ ഇപ്പോഴും കേന്ദ്രമന്ത്രിമാരായി തുടരുന്നു. ഇവരുടെ പങ്കിന് വേണ്ടതിലധികം തെളിവുകള്‍ പുറത്തുവന്നിട്ടും പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും അവരെ സംരക്ഷിക്കുകയാണ്.

എയര്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് വഴിവെച്ച വിമാന ഇടപാട് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയ പ്രഫുല്‍ പട്ടേല്‍, മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ തുടരുകയാണ്. സി എ ജി യുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യയില്‍ നടന്ന കുംഭകോണത്തിന്റെ വിശദാംശങ്ങളുണ്ട്. സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

യു പി എ ഭരണത്തില്‍ നടന്ന അഴിമതികളില്‍ ഒന്നില്‍ പോലും പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും സ്വയമേവ നടപടികളെടുത്തതായി ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും സി എ ജിയുടെയും സുപ്രിംകോടതിയുടെയും സമ്മര്‍ദ്ദവും ഇടപെടലുകളുമാണ് ചിലര്‍ക്കെതിരായെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. അഴിമതിയുമായി സന്ധിയില്ലെന്ന മന്‍മോഹന്‍സിംഗിന്റെയും സോണിയാഗാന്ധിയുടെയും അവകാശവാദം, അതുകൊണ്ടുതന്നെ ജനങ്ങള്‍ വിശ്വസിക്കുകയുമില്ല.


*****


കടപ്പാട്:ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അഴിമതിക്ക് എതിരെ സന്ധിയില്ലാത്ത നിലപാട് എടുത്തുവെന്ന് അവകാശപ്പെടുന്ന യു പി എയുടെ ഭരണത്തില്‍ നടന്ന ഭീമന്‍ അഴിമതികള്‍ കൊച്ചുകുട്ടികള്‍ക്കു പോലും മനപാഠമാണ്. 1.76 ലക്ഷം കോടി രൂപയുടെ 2 ജി സ്‌പെക്ട്രം അഴിമതി, എഴുപതിനായിരം കോടിയോളം രൂപയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി, പതിനായിരം കോടിയിലധികം രൂപയുടെ വെട്ടിപ്പു നടന്ന എയര്‍ ഇന്ത്യാ വിമാന ഇടപാട്, അരി കയറ്റുമതിയിലും പയറുകളുടെ ഇറക്കുമതിയിലും നടന്ന കോടികളുടെ വെട്ടിപ്പ് തുടങ്ങി യു പി എ ഭരണത്തിലെ കുംഭകോണങ്ങളുടെ പട്ടിക നീണ്ടതാണ്. ഈ അഴിമതികളില്‍ ഉള്‍പ്പെട്ടവരില്‍ ചിലര്‍ക്ക് എതിരെ നടപടി എടുക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായെന്നത് ശരിയാണ്. എന്നാല്‍ അവയില്‍ ഒന്നുപോലും ഗവണ്‍മെന്റോ, കോണ്‍ഗ്രസ് നേതൃത്വമോ സ്വമേധയാ കൈകൊണ്ടതല്ല. ഇപ്പോള്‍ കേസുകളില്‍ കുടുങ്ങിയവരെയെല്ലാം രക്ഷിക്കാന്‍ അവസാന നിമിഷം വരെ സംരക്ഷിക്കാന്‍ പാടുപെട്ടവരാണ് മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും.