Saturday, May 28, 2011

ചരിത്രത്തെ ഭയക്കുന്നവര്‍

ദേശീയ കരിക്കുലം നിര്‍ദേശങ്ങളുടെ ഭാഗമായി കേരളത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠ്യപദ്ധതി പരിഷ്‌ക്കരണം ഈ വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ദേശീയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുകയും കേരളത്തിന്റെ പശ്ചാത്തലം പരിഗണിക്കുകയും ചെയ്തുകൊണ്ട് തയ്യാറാക്കിയ പാഠ്യപദ്ധതി ദേശീയതലത്തില്‍ തന്നെ ഇതിനകം ഖ്യാതി നേടിക്കഴിഞ്ഞു. ഇതനുസരിച്ച് സംസ്ഥാനത്ത് തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന സമൂഹം സ്വാഗതം ചെയ്തതായും കാണാം. വിഭിന്ന നിലവാരത്തിലുള്ള കുട്ടികളെ മികവിന്റെ തലങ്ങളിലേയ്ക്കുയര്‍ത്തുവാന്‍ ലക്ഷ്യമിടുന്ന വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍ക്ക് ചില വിമര്‍ശനങ്ങളുണ്ടായെങ്കിലും വിദ്യാഭ്യാസ പ്രക്രിയയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കി എന്നതിന് എതിരുകളുണ്ടാവില്ല.

പാഠ്യപദ്ധതി പരിഷ്‌ക്കാരങ്ങളുടെ ഭാഗമായുള്ള പാഠപുസ്തക പരിഷ്‌ക്കരണം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഈ ചര്‍ച്ചകള്‍ നമ്മുടെ പാഠപുസ്തകങ്ങള്‍ എന്തായിരിക്കണം എന്നതിനെക്കുറിച്ച് വിശദമായ അവലോകനത്തിന് വഴിയൊരുക്കി. പരിഷ്‌ക്കരണഘട്ടത്തില്‍ പ്രൈമറി ക്ലാസിലെ പാഠപുസ്തകത്തില്‍ വന്ന പരാമര്‍ശങ്ങള്‍ വിവാദമാക്കിയപ്പോള്‍ പാഠപുസ്തകങ്ങളുടെ നിര്‍മാണത്തിനും പരിശോധനയ്ക്കും മേല്‍നോട്ടം വഹിക്കാന്‍ കരിക്കുലം കമ്മിറ്റിക്ക് പുറമെ ഒരു സ്ഥിരം വിദഗ്ദ്ധസമിതിയെയും സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി. അതിനായി കേരള ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും മാര്‍ഗരേഖയായി. ഇതനുസരിച്ച് ഡോ കെ എന്‍ പണിക്കര്‍ അധ്യക്ഷനായ സമിതിയുടെ പരിശോധനയ്ക്ക് വിധേയമായാണ് പാഠപുസ്തകങ്ങള്‍ പ്രത്യേകിച്ചും സാമൂഹ്യശാസ്ത്ര പുസ്തകങ്ങള്‍ക്ക് രൂപകല്‍പന നല്‍കിയിട്ടുള്ളത്.

പരിഷ്‌ക്കരണം പൂര്‍ത്തിയായ പത്താം തരത്തിലെ പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ ചില ഭാഗങ്ങളെക്കുറിച്ച് ചിലര്‍ വിവാദങ്ങളുയര്‍ത്തുന്നതായി കണ്ടു. പാഠപുസ്തകങ്ങള്‍ പൊതുസമൂഹം എന്നും ശ്രദ്ധിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണം. അതതിന്റെ നിര്‍മിതിയും സൂക്ഷ്മതയും കൃത്യതപ്പെടുത്തും, നിലവാരമുയര്‍ത്തും. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ കുറെ വര്‍ഷങ്ങളായി പാഠപുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അക്കാദമിക് താല്‍പര്യങ്ങളോടെയല്ല മറിച്ച് വിവാദങ്ങള്‍ക്കായി മാത്രമാണ്. ചര്‍ച്ചകളും വിവാദങ്ങളുമെല്ലാം ഒടുങ്ങുമ്പോള്‍ ബാക്കിയായതെന്തന്നറിയാന്‍ വിവാദങ്ങളുയര്‍ത്തിയവരോ മാധ്യമങ്ങളോ മെനക്കെടാറില്ല. ഫലം വിവാദങ്ങളെ ഭയന്ന് അപൂര്‍ണമോ അവ്യക്തമോ ആയ കാര്യങ്ങള്‍ പുസ്തകങ്ങളില്‍ നല്‍കുന്നു. ഇത് സ്വതന്ത്രചിന്തയും ശേഷിയുമുള്ള കുട്ടികളെയാണ് ബാധിക്കുന്നത്.

പത്താം ക്ലാസിലെ കുട്ടികള്‍ക്കായി എസ് സി ആര്‍ ടി തയ്യാറാക്കിയിട്ടുള്ള സാമൂഹ്യശാസ്ത്രം ഒന്നാം ഭാഗത്തിലെ ഒന്നാം അധ്യായമായ ''ആധുനിക യുഗത്തിലേയ്ക്ക്'' എന്ന പാഠത്തില്‍ നവോഥാനവും മതനവീകരണവും വിശദീകരിക്കുന്നിടത്തെ ചില പരാമര്‍ശങ്ങള്‍ കേരളത്തിലെ ക്രൈസ്തവസഭാധികാരികളെ അസ്വസ്ഥരാക്കിയെന്നു വേണം കരുതാന്‍. കാരണം അവര്‍ ഒറ്റയായും കൂട്ടായും ആ ചരിത്രപാഠഭാഗം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചരിത്രം വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തുന്നത്. വസ്തുതകളെ വളച്ചൊടിക്കുമ്പോള്‍ സത്യം തമസ്‌ക്കരിക്കപ്പെടുകയും അസത്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യും. വ്യത്യസ്ത വീക്ഷണകോണില്‍ നിന്നുകൊണ്ട് ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കാന്‍ എക്കാലത്തും ശ്രമം നടക്കാറുണ്ട്. വ്യാഖ്യാനങ്ങളും രീതിശാസ്ത്രങ്ങളും എന്തൊക്കെയായാലും ചരിത്രം സത്യമായിതന്നെ തുടരുന്നു.

മുമ്പ് നടന്ന സംഭവങ്ങളോ ചെയ്തികളോ ഇന്നത്തെ സാഹചര്യത്തില്‍ അനഭിമതമോ അഹിതങ്ങളോ ആകുമ്പോള്‍ ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും ആരും ഇഷ്ടപ്പെടില്ല. വ്യക്തികളുടെയും സംഘടനകളുടെയും മതങ്ങളുടെയുമെല്ലാം കാര്യത്തില്‍ ഇതൊന്നുതന്നെ. മുഖം വികൃതമായാല്‍ കണ്ണാടിയില്‍ കുറ്റം കാണുന്നവരാണ് ഭൂരിഭാഗവും. പാഠപുസ്തകത്തില്‍ മതനവീകരണം വിശദീകരിക്കുന്നിടത്ത് പുതിയ കണ്ടെത്തലുകളെന്തെങ്കിലും ചേര്‍ത്തിരിക്കുന്നതായി പറയാന്‍ ആര്‍ക്കും കഴിയില്ല. കാലാകാലമായി ഹൈസ്‌കൂള്‍ തലത്തിലെ പുസ്തകത്തില്‍ പറഞ്ഞതിലും പഠിപ്പിച്ചതിലും അധികമായി ഒന്നും അതിലില്ല. മാത്രമല്ല മുമ്പുണ്ടായിരുന്ന ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ നവോത്ഥാനകാലത്ത് യൂറോപ്പിലെ കത്തോലിക്കാ സഭയുടെ അഴിമതിയെയും പാപവിമോചന പത്രികയുടെ വില്‍പനയെയും എങ്ങനെയാണ് വിവരിച്ചിരുന്നതെന്ന് സഭാ നേതൃത്വം കണ്ടിരുന്നില്ലേ? കത്തോലിക്കാ സഭയെ ശുദ്ധീകരിച്ച് ജനകീയമാക്കിയ സുവര്‍ണസന്ദര്‍ഭമായിട്ടാണ് മതനവീകരണ പ്രസ്ഥാനത്തെ ചില സഭാ ചരിത്രകാരന്‍മാര്‍പോലും വിശേഷിപ്പിച്ചിട്ടുള്ളത്.

നവോഥാനകാലത്ത് യൂറോപ്പിലെ സാമൂഹിക-സാമ്പത്തിക രംഗത്തുണ്ടായ മാറ്റം മതജീവിതത്തില്‍ എങ്ങനെ പ്രതിഫലിച്ചു എന്നതാണ് ഈ പാഠഭാഗത്തിന്റെ ഉള്ളടക്കം. കത്തോലിക്കാസഭയിലെ അഴിമതികളെയും പാപമുക്തിപത്രത്തിന്റെ വില്‍പനയെയും അക്കാലത്ത് ജോണ്‍ വൈക്ലിഫ്, ജോണ്‍ ഹസ്, മാര്‍ട്ടിന്‍ ലൂതര്‍, സ്വിഗ്ലി തുടങ്ങിയവര്‍ ചോദ്യം ചെയ്തതും തുടര്‍ന്ന് അവര്‍ ശിക്ഷിക്കപ്പെട്ടതും ഇതില്‍ ലളിതമായി വിശദമാക്കിയതായി കാണാം. ഈ ചരിത്രം മതവിരുദ്ധവും അപകീര്‍ത്തികരവുമാകുന്നതെങ്ങനെയെന്നാണ് നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ ഉന്നയിക്കുന്ന ചോദ്യം. ഇത് സഭയുടെയും മതത്തിന്റെയും കണ്ണിലൂടെ വ്യാഖ്യാനിച്ച് പൂര്‍വകാല ചെയ്തികളെല്ലാം താമസ്‌കരിച്ചുകൊണ്ടവതരിപ്പിക്കാന്‍ പാഠപുസ്തകങ്ങള്‍ക്ക് കഴിയില്ല. അത് മതചരിത്രകാരന്‍മാര്‍ മതപാഠശാലകള്‍ക്ക് വേണ്ടി രചിക്കുന്നതാകും. ചരിത്രത്തെ മതചരിത്രമാക്കി പാഠപുസ്തകങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ സഭ ശാഠ്യം പിടിക്കുന്നത് കേരളത്തെപ്പോലെയുള്ള മതനിരപേക്ഷ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

കര്‍ശനമായചട്ടങ്ങളും നിയന്ത്രണങ്ങളും മതബോധനവും നടത്തിയുറപ്പിക്കുന്ന മതവിശ്വാസം കേവലം ഒരു ഖണ്ഡിക വിവരണം കൊണ്ട് തകര്‍ക്കുകയോ അപകീര്‍ത്തികരമാക്കുകയോ ചെയ്യാമെന്ന് ഏതെങ്കിലും വിശ്വാസിയോ വിവേകമുള്ളവരോ ചിന്തിക്കുമെന്ന് കരുതാനാവില്ല. പിന്നെ പതിനാറാം നൂറ്റാണ്ടിലെ സഭയുടെ കൊള്ളരുതായ്മയും അഴിമതിയും വായിക്കുന്ന കുട്ടി വിമര്‍ശനബുദ്ധ്യാ അവന്റെ പ്രദേശത്തെ സഭയെയും പ്രവര്‍ത്തനങ്ങളെയും ഇന്നത്തെ സാഹചര്യത്തില്‍ ഉരച്ചുനോക്കുമോ എന്ന ഭയമാകാം കേരളത്തിലെ സഭയ്ക്ക്. നവീകരണത്തിനും കാലാനുസൃതമായ പരിഷ്‌ക്കരണങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന സഭയുടെ ഔന്നത്യത്തിന് ഇത് സഹായകരമാവുകയേയുള്ളൂ. അല്ലാതെ ചരിത്രസത്യങ്ങളെ ഒഴിവാക്കാനും മൂടിവെയ്ക്കാനും ശ്രമിച്ചാല്‍ ഭാവിയില്‍ അവ കൂടുതല്‍ ശോഭയോടെ പുറത്തുവരും; തമസ്‌കരിച്ചവരെ വേട്ടയാടും. സത്യം വിളിച്ചുപറഞ്ഞ സോക്രട്ടീസിനു നല്‍കിയ ശിക്ഷ തെറ്റായിപ്പോയിയെന്ന് പശ്ചാത്തപിക്കേണ്ടിവന്ന ചരിത്രം സഭയുടെ മുന്നില്‍ തുറന്ന പുസ്തകമായി കിടപ്പുണ്ടല്ലോ.

പാഠപുസ്തകങ്ങളെയും വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെയും ചൊല്ലി എന്തുകൊണ്ട് ഇത്തരം വിവാദങ്ങള്‍ നിരന്തരമുണ്ടാകുന്നു എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പുസ്തകങ്ങളിലെ ആശയപരമായ തെറ്റുകളോ വസ്തുതവിരുധമായ ഉള്ളടക്കമോ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണിവയെങ്കില്‍ അവ തിരുത്തേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്. അത്തരം ചര്‍ച്ചകള്‍ ആരോഗ്യകരവുമാണ്. എന്നാല്‍ കേരളത്തിലെ പാഠ്യപദ്ധതിയെക്കുറിച്ച് നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നവരെ അന്വേഷിച്ചാല്‍ പദ്ധതി വിനിമയം ചെയ്യുന്ന അധ്യാപക സമൂഹത്തിനോ പ്രയോക്താക്കളായ വിദ്യാര്‍ഥി-രക്ഷാകര്‍ത്തൃ സമൂഹത്തിനോ ഇതുമായി ബന്ധമില്ലെന്നു കാണാം. കേരളീയ പൊതുവിദ്യാഭ്യാസത്തെ എന്നും പെരുവഴിയില്‍ നിര്‍ത്താനും ഇത് വിവാദങ്ങളുടെ കൂടാരമാണെന്ന് വരുത്തിതീര്‍ക്കാനും ശ്രമിക്കുന്ന ചിലരുണ്ട്. ഈ മേഖല അനാകര്‍ഷകമാക്കി തങ്ങളുടെ സമാന്തര സംവിധാനത്തിലേയ്ക്ക് കുട്ടികളെ ആകര്‍ഷിക്കാനുള്ള കച്ചവടശക്തികളുടെ ശ്രമം ഇതില്‍ നിഴലിച്ച് കാണാം. അത്തരം സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ആരുടെ ഉടമസ്ഥതയിലാണെന്നതും വ്യക്തമാണ്. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തോടൊപ്പം എന്‍ട്രന്‍സ് പരിഷ്‌ക്കരണവും ഏകജാലകവും ഫലപ്രദമായപ്പോള്‍ സാമാന്തര (സി ബി എസ് ഇ) വിദ്യാലയങ്ങളെ കൈയൊഴിയാനും പൊതുവിദ്യാലയങ്ങളിലേയ്ക്ക് ചേക്കേറാനും കുട്ടികളും രക്ഷിതാക്കളും തയ്യാറാകുന്നത് സമീപകാല വിദ്യാലയപ്രവേശനം പരിശോധിക്കുന്നവര്‍ക്ക് നേരിട്ട് ബോധ്യമാകും.

*
ഒ കെ ജയകൃഷ്ണന്‍ ജനയുഗം 28 മേയ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദേശീയ കരിക്കുലം നിര്‍ദേശങ്ങളുടെ ഭാഗമായി കേരളത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠ്യപദ്ധതി പരിഷ്‌ക്കരണം ഈ വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ദേശീയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുകയും കേരളത്തിന്റെ പശ്ചാത്തലം പരിഗണിക്കുകയും ചെയ്തുകൊണ്ട് തയ്യാറാക്കിയ പാഠ്യപദ്ധതി ദേശീയതലത്തില്‍ തന്നെ ഇതിനകം ഖ്യാതി നേടിക്കഴിഞ്ഞു. ഇതനുസരിച്ച് സംസ്ഥാനത്ത് തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന സമൂഹം സ്വാഗതം ചെയ്തതായും കാണാം. വിഭിന്ന നിലവാരത്തിലുള്ള കുട്ടികളെ മികവിന്റെ തലങ്ങളിലേയ്ക്കുയര്‍ത്തുവാന്‍ ലക്ഷ്യമിടുന്ന വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍ക്ക് ചില വിമര്‍ശനങ്ങളുണ്ടായെങ്കിലും വിദ്യാഭ്യാസ പ്രക്രിയയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കി എന്നതിന് എതിരുകളുണ്ടാവില്ല.