Tuesday, May 24, 2011

വിഴിഞ്ഞം രേഖകള്‍

ഒരിക്കല്‍ വേണാടിന്റെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. എഡി എട്ടാം നൂറ്റാണ്ടുമുതല്‍ വ്യക്തമായ ചരിത്രമുള്ള വിഴിഞ്ഞം, ചരിത്രാതീത കാലം മുതല്‍തന്നെ വൈദേശിക ബന്ധങ്ങളുടെയും ആഭ്യന്തര പടയോട്ടങ്ങളുടെയും ജീവിതസ്മൃതികള്‍ പേറുന്നതാണ്. ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ഈ കടലോരപ്രദേശത്ത്, അടുത്തിടെ കേരള സര്‍വകലാശാലയുടെ പുരാവസ്തുവകുപ്പ് സംഘം നടത്തിയ ഉത്ഖനനത്തില്‍ , എട്ടാം നൂറ്റാണ്ടില്‍ അവിടെ നിലനിന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയുണ്ടായി.

തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി, വിഴിഞ്ഞത്തിന്റെ ഹൃദയഭാഗത്ത് നടക്കുന്ന ഉത്ഖനനങ്ങളിലൂടെ, പൗരാണിക റോമന്‍ സാമ്രാജ്യവുമായും പശ്ചിമേഷ്യയുമായും വിഴിഞ്ഞത്തിനുണ്ടായിരുന്ന സമ്പര്‍ക്കങ്ങളുടെ പുരാവസ്തു തെളിവുകള്‍ കണ്ടുകിട്ടി. വിഴിഞ്ഞം ഉദ്ഖനനത്തില്‍നിന്നു കിട്ടിയ ഇരുമ്പച്ചുകളുടെ അവശിഷ്ടങ്ങള്‍ ഇവിടെ ഇരുമ്പുരുക്കു വ്യവസായത്തിന്റെ കേന്ദ്രമായിരുന്നു എന്ന വസ്തുതയിലേക്കും വിരല്‍ ചൂണ്ടുന്നു. റോമിലേക്ക് പടക്കോപ്പുകള്‍ ഇവിടെ നിന്ന് കയറ്റുമതി ചെയ്തതിനുള്ള സൂചനകള്‍ പോലുമാകാം ഇതെന്ന് കേരള സര്‍വകലാശാല പുരാവസ്തുവിഭാഗത്തിലെ ഡോ. ടി അജിത്കുമാര്‍ പറയുന്നു. ഗ്രീക്ക്-റോമന്‍ രേഖകളില്‍ പരാമര്‍ശിക്കുന്ന, ബലിത്ത അല്ലെങ്കില്‍ ബ്ലിന്‍ക എന്ന തുറമുഖം വിഴിഞ്ഞമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മുത്തും പവിഴവും ലഭിച്ചിരുന്ന ഇവിടത്തെ കടല്‍ , പൗരാണിക കാലംമുതല്‍ , ഇവയുടെയും, മറ്റു കടല്‍ ഉല്‍പ്പന്നങ്ങളുടെയും കേരളീയ കാര്‍ഷികോല്‍പ്പന്നങ്ങളുടെയും കയറ്റുമതി കേന്ദ്രമായിരുന്നു. ആധുനിക കാലത്ത്, പോര്‍ച്ചുഗീസ് അധിനിവേശം കേരളത്തില്‍ എല്ലായിടത്തുമെന്ന പോലെ, ഇവിടെയും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. പണ്ട് ജൈന-ശൈവ-വൈഷ്ണവ രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്ക് വിഴിഞ്ഞം വേദിയായിരുന്നു. നീണ്ടകരമുതലുള്ള കടല്‍ പ്രക്ഷുബ്ധമാകുന്ന സമയത്തു പോലും, വിഴിഞ്ഞത്ത് കായല്‍ ജലം പോലെ ഉള്ളിലേക്കു തള്ളിനില്‍ക്കുന്ന അര്‍ധ ചന്ദ്രാകാര സമുദ്രപ്പരപ്പ് ശാന്തമായിരിക്കും. അതുകൊണ്ട് വര്‍ഷം മുഴുവന്‍ മീന്‍പിടിത്തത്തിന്റെ കേന്ദ്രമായി വിഴിഞ്ഞം നിലകൊള്ളുന്നു.

സുനില്‍ ഗംഗാധരന്റെ വിഴിഞ്ഞം

വിഴിഞ്ഞത്ത് ഉറങ്ങുന്ന ഈ ചരിത്രവും, അവിടെ വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സജീവമായ മാനുഷിക പ്രവര്‍ത്തനവും, അതിലുപരി കടലോരത്തെ സംഘര്‍ഷസ്ഥലി എന്ന കുപ്രസിദ്ധിയും ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നു. സര്‍വോപരി നൗകകളും വള്ളങ്ങളും ബോട്ടുകളും യാനങ്ങളും നിറഞ്ഞ്, സദാ നിറം മാറുന്ന കടലിന്റെ ഭാവവും ചേര്‍ന്ന്, പ്രകൃതിയുടെ ലീലാവിലാസത്തിനും സൗകുമാര്യത്തിനും വേദിയാണ് വിഴിഞ്ഞം. അതിനാല്‍ തന്നെ സുനില്‍കുമാര്‍ ഗംഗാധരനെ സംബന്ധിച്ചിടത്തോളം, തന്റെ പതിറ്റാണ്ടുകള്‍ നീണ്ട കലാപ്രവര്‍ത്തനത്തിനിടയില്‍ , വിഴിഞ്ഞം സ്വയം വരയ്ക്കാന്‍ ആവശ്യപ്പെടുന്ന ഒരു ഭൂഭാഗം ആയിത്തീരുകയായിരുന്നു. വിഴിഞ്ഞത്തെ കടലും കടലോരവും, നൗകകളും വഞ്ചികളും മീന്‍പിടിത്ത പേടകങ്ങളും പരന്നു കിടിക്കുന്ന ദൃശ്യസമ്പന്നതയും, അവിടുത്തെ മാനുഷികപ്രവര്‍ത്തനത്തിന്റെ നിലക്കാത്ത ഊര്‍ജവും, ഏതു സംഘര്‍ഷത്തിനിടയിലും വിജിഗീഷുവായ ജീവിതത്തിന്റെ ആഘോഷവും, ഹിംസാത്കമതയുമെല്ലാം പ്രമേയമാക്കിയ ഒരുപിടി ഡ്രോയിങുകളും ജലഛായാചിത്രങ്ങളും സുനില്‍ പണിതീര്‍ത്തിട്ടുണ്ട്.


കോവളം ജങ്ഷനില്‍ തന്റെ വീടിനോടു ചേര്‍ന്ന് ആരംഭിച്ച ഗാലറി-സ്റ്റുഡിയോ-കഫേയില്‍ (ജംങ്ഷന്‍ ആര്‍ട് ഗാലറി) ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അടിസ്ഥാനപരമായി ശില്‍പ്പിയായ സുനില്‍ ഗംഗാധരന്റെ ഈസോഗ്രാഫ് പേന (സിവില്‍ ഡ്രാഫ്റ്റ്മാന്മാര്‍ മാപ്പിങ്ങിന് ഉപയോഗിക്കുന്ന പേന) കൊണ്ടുള്ള ഈ ഡ്രോയിങുകള്‍ വിഴിഞ്ഞത്തിന്റെ സമകാലീനമായ "ഭാവനാരേഖ" എന്ന നിലയില്‍ കേരളത്തിന്റെ കലാചരിത്രത്തിന് സവിശേഷമായ സംഭാവനയാണ്. അങ്ങനെ വിഴിഞ്ഞത്തെ വര്‍ത്തമാനത്തിനുമേല്‍ ഭാവനയിലൂടെ സുനില്‍ ഗംഗാധരന്‍ നടത്തിയ ആവിഷ്കാരങ്ങള്‍ , ഭൂതാബോധത്തിന്റെ സജീവതയും സാന്ദ്രതയും ഏറ്റുവാങ്ങുന്നു. പല കോണുകളില്‍നിന്ന് നോക്കിക്കാണുന്ന ഈ ഡ്രോയിങുകള്‍ , രാത്രിയും പകലും, പ്രഭാതത്തിലും പ്രദോഷത്തിലും എല്ലാം, വെളിച്ചത്തിന്റെ വിവിധ വേഴ്ചകളില്‍ വിഴിഞ്ഞത്തെ പകര്‍ത്തിയതാണ്. വൃത്തിഹീനമായ കടല്‍ത്തീരം കണ്ടുണരുന്ന ഇവിടുത്തെ മനുഷ്യരില്‍ വയലന്‍സ് കുടിവയ്ക്കുന്നത് സ്വാഭാവികമാണെന്ന് സുനില്‍ പറയുന്നു. ഡ്രോയിങുകളില്‍ ആവിഷ്കരിക്കുന്നത,് അങ്ങനെ ഒരു വ്യക്തിചരിത്രം എന്നപോലെ, പ്രദേശത്തിന്റെയും കാലത്തിന്റെയും രേഖയും ആയിത്തീരുന്നു.

പോള്‍ ഗോഗിന്‍ വിഴിഞ്ഞത്ത്

വാന്‍ഗോഗിനും മറ്റുമൊപ്പം, പാരീസില്‍ ചിത്രകലയുടെ പോസ്റ്റ് ഇപ്രംഷണലിസ്റ്റ് യുഗം രചിച്ച പോള്‍ ഗോഗിന്‍ , വിഴിഞ്ഞം സന്ദര്‍ശിച്ചിട്ടുണ്ട് എന്നൊരു നിഗമനം നിലനില്‍ക്കുന്നുണ്ട്. പട്ടം പാലസ്, കോവളത്തെ ഹോട്ടല്‍ സിന്ദൂര്‍ , കോവളത്തെ രാജാ ഹോട്ടല്‍ , നിരവധി വീടുകള്‍ എന്നിവിടങ്ങളിലെല്ലാം, സൂര്യന്റെ വെളിച്ചമേറ്റ് വിശുദ്ധിയുടെ സൗന്ദര്യാനുഭവങ്ങള്‍ തീര്‍ക്കുന്ന സ്റ്റെയിന്‍റ് ഗ്ലാസ് സൃഷ്ടികള്‍ സുനില്‍ നിര്‍മിച്ചിട്ടുണ്ട്. കോവളത്തെയും വര്‍ക്കലയിലെയും ഹോട്ടലുകളില്‍ സുനിലിന്റെ വിഴിഞ്ഞം ഡ്രോയിങുകളില്‍ ഏതാനും ചിലവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞത്തെ സാമാന്യം സമ്പന്നമായിരുന്ന ഒരു തറവാട്ടിലെ അംഗമാണ് സുനില്‍ . നേരത്തെ "കോണ്‍ട്രാ ഇമേജ്" എന്ന ഗ്യാലറി നടത്തിയിരുന്നു. എം വി ദേവന്‍ ഡിസൈന്‍ ചെയ്ത ആ ഗാലറി ഒരുകാലത്ത് തിരുവനന്തപുരത്തെ കലാപ്രവര്‍ത്തകരുടെ നിരവധി കൂട്ടായ്മകള്‍ക്ക് വേദിയായി. ആ ഗ്യാലറിയുടെ പ്രവര്‍ത്തനം നിലച്ചതോടെ, സുനില്‍ സ്വയം ഡിസൈന്‍ ചെയ്ത മനോഹരമായ ഒരു ഗ്യാലറി ഒരുവര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങി. "ജങ്ഷന്‍ ആര്‍ട് ഗ്യാലറി"യില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് സംഭാവന ചെയ്ത കലാകാരന്മാരുടെ സൃഷ്ടികളുടെ പ്രദര്‍ശനങ്ങള്‍ നടന്നു വരുന്നു. ചോളമണ്ഡലത്തിന്റെ സ്വാധീനത്തില്‍നിന്ന് മുക്തമായ ഒരു പാരമ്പര്യം സൃഷ്ടിക്കുന്നതില്‍ ഈ കലാകാരന്മാരുടെ സംഭാവനയെ അടയാളപ്പെടുത്തുകയാണ് ഇതിലൂടെയെന്ന് സുനില്‍ പറയുന്നു. കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനംചെയ്ത ഗ്യാലറി ഇതിനികം സജീവമായ ചുവടുവയ്പുകള്‍ നടത്തി. രാജ്യാന്തര പ്രശസ്തരും അന്താരാഷ്ട്രാ ശ്രദ്ധേയരുമായ ഒട്ടനവധി കലാകാരന്മാരുടെ സൃഷ്ടികള്‍ ഇതിനകം ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചു. സുനിലിന്റെ വിലാസം: gallery_sunilg@yahoo.co.in

*
എം എന്‍ ഉണ്ണിക്കൃഷ്ണന്‍ , പി പി ഷാനവാസ് ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിഴിഞ്ഞത്ത് ഉറങ്ങുന്ന ഈ ചരിത്രവും, അവിടെ വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സജീവമായ മാനുഷിക പ്രവര്‍ത്തനവും, അതിലുപരി കടലോരത്തെ സംഘര്‍ഷസ്ഥലി എന്ന കുപ്രസിദ്ധിയും ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നു. സര്‍വോപരി നൗകകളും വള്ളങ്ങളും ബോട്ടുകളും യാനങ്ങളും നിറഞ്ഞ്, സദാ നിറം മാറുന്ന കടലിന്റെ ഭാവവും ചേര്‍ന്ന്, പ്രകൃതിയുടെ ലീലാവിലാസത്തിനും സൗകുമാര്യത്തിനും വേദിയാണ് വിഴിഞ്ഞം. അതിനാല്‍ തന്നെ സുനില്‍കുമാര്‍ ഗംഗാധരനെ സംബന്ധിച്ചിടത്തോളം, തന്റെ പതിറ്റാണ്ടുകള്‍ നീണ്ട കലാപ്രവര്‍ത്തനത്തിനിടയില്‍ , വിഴിഞ്ഞം സ്വയം വരയ്ക്കാന്‍ ആവശ്യപ്പെടുന്ന ഒരു ഭൂഭാഗം ആയിത്തീരുകയായിരുന്നു. വിഴിഞ്ഞത്തെ കടലും കടലോരവും, നൗകകളും വഞ്ചികളും മീന്‍പിടിത്ത പേടകങ്ങളും പരന്നു കിടിക്കുന്ന ദൃശ്യസമ്പന്നതയും, അവിടുത്തെ മാനുഷികപ്രവര്‍ത്തനത്തിന്റെ നിലക്കാത്ത ഊര്‍ജവും, ഏതു സംഘര്‍ഷത്തിനിടയിലും വിജിഗീഷുവായ ജീവിതത്തിന്റെ ആഘോഷവും, ഹിംസാത്കമതയുമെല്ലാം പ്രമേയമാക്കിയ ഒരുപിടി ഡ്രോയിങുകളും ജലഛായാചിത്രങ്ങളും സുനില്‍ പണിതീര്‍ത്തിട്ടുണ്ട്.