Tuesday, May 24, 2011

ഇടതുപക്ഷവും രാജ്യത്തിന്റെ ഭാവിയും

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് നേരിട്ട പരാജയത്തിന്റെ പേരിലുള്ള "ആഘോഷങ്ങളെ" പെട്രോളിന്റെ വിലയില്‍ വരുത്തിയ വന്‍വര്‍ധന ഉലച്ചു. രാജ്യത്തിന്റെ ധാര്‍മികബോധത്തിന്റെ കാവല്‍ക്കാരനെന്ന നിലയില്‍ മാത്രമല്ല സാധാരണക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന കടുത്ത സാമ്പത്തിക ദുരിതങ്ങള്‍ക്കെതിരായ കുരിശുയുദ്ധത്തിന്റെ നായകനെന്ന തരത്തിലും ഇന്ത്യയില്‍ ശക്തമായ ഇടതുപക്ഷത്തിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്ന സന്ദര്‍ഭവുമാണ് ഇത്. ഇത് വിരോധാഭാസമായി തോന്നാം. ജനാധിപത്യസംവിധാനത്തില്‍ , എല്ലാ തെരഞ്ഞെടുപ്പിലും വിജയിയും പരാജിതനും ഉണ്ടാകും. അതുകൊണ്ടുതന്നെ പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിനുണ്ടായ പരാജയം പെരുപ്പിച്ചു കാട്ടുമ്പോഴും പ്രസക്തമായി ഉയര്‍ന്നുനില്‍ക്കുന്നത് അഭൂതപൂര്‍വമായ വിധത്തില്‍ 34 വര്‍ഷം നീണ്ടുനിന്ന സംസ്ഥാനഭരണവും തുടര്‍ച്ചയായ ഏഴ് തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ റെക്കോഡുമാണ്. ഓരോ തെരഞ്ഞെടുപ്പിലും ഭരണപക്ഷത്തിനു പരാജയം സംഭവിക്കുന്നതാണ് നാലു പതിറ്റാണ്ടായി കേരളത്തില്‍ തുടരുന്ന പതിവ്. എന്നാല്‍ , ഇക്കുറി സമകാല ചരിത്രത്തിലെ ഏറ്റവും നേരിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് വിജയിച്ചത്. പത്തു പാര്‍ടി അടങ്ങുന്ന, സഹജമായിത്തന്നെ ദൗര്‍ബല്യമുള്ള മുന്നണിക്ക് രണ്ട് എംഎല്‍എമാരുടെ മാത്രം ഭൂരിപക്ഷമുള്ള അവസ്ഥയെ ദുരന്തപൂര്‍ണമായ യവനയുദ്ധവിജയമായി വിശേഷിപ്പിക്കാം.

ഭരണവിരുദ്ധവികാരം ഇല്ലാതിരുന്നതിനാല്‍ സിപിഐ എം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് 45 ശതമാനത്തില്‍ കൂടുതല്‍ വോട്ടു നേടി. യുഡിഎഫിന് കൂടുതലായി ലഭിച്ചത് ഒരു ശതമാനത്തില്‍ താഴെ മാത്രം വോട്ടാണ്. കുറച്ചുകൂടി വിശദീകരിച്ചാല്‍ , കേരളത്തില്‍ ഇരു മുന്നണിക്കും ലഭിച്ച വോട്ടുകള്‍ തമ്മിലുള്ള വ്യത്യാസം 1.55 ലക്ഷം മാത്രം. ബംഗാളില്‍ വോട്ടെണ്ണലിനു ശേഷമുള്ള പ്രാഥമിക കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് സീറ്റിന്റെ എണ്ണം ഏറ്റവും കുറഞ്ഞ സാഹചര്യത്തില്‍ത്തന്നെ 41 ശതമാനം വോട്ടു ലഭിച്ചെന്നാണ്. 2009നെ അപേക്ഷിച്ച് 11 ലക്ഷം ആളുകള്‍ കൂടുതലായി ഇടതുമുന്നണിക്ക് വോട്ടു ചെയ്തു. 2006ല്‍ 235 സീറ്റു ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കിട്ടിയത് 1.98 കോടി വോട്ടാണ്. ഇത്തവണ 1.96 കോടി വോട്ടു ലഭിച്ചപ്പോള്‍ സീറ്റ് 61 ആയി ചുരുങ്ങി. ഈ വ്യതിയാനത്തിന്റെ ഒരു കാരണം, ഭിന്നിച്ചു നിന്ന പ്രതിപക്ഷമാണ് 2006ല്‍ ഇടതുമുന്നണിയെ വന്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചതെന്ന വസ്തുതയാണ്. ഇക്കുറി പ്രതിപക്ഷത്തിന്റെ ഐക്യസൂചിക താരതമ്യേന ഉയര്‍ന്നതായിരുന്നു, ഏതാണ്ട് തുല്യമായ അളവില്‍ വോട്ടു കിട്ടിയിട്ടും സീറ്റു ഗണ്യമായി കുറഞ്ഞത് ഇതുകൊണ്ടാണ്.

കൂടാതെ, 2009നും 2011നും മധ്യേ സംസ്ഥാനത്ത് 48 ലക്ഷം പുതിയ വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തതായി തെരഞ്ഞെടുപ്പു കമീഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു, ഇതില്‍ 37 ലക്ഷം പേര്‍ യുവജനങ്ങളാണ്. ബംഗാളില്‍ ആദ്യമായി ഇടതുമുന്നണി സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ജനിച്ച വോട്ടര്‍മാരുടെ എണ്ണം ഇത്തരത്തില്‍ വര്‍ധിച്ചപ്പോള്‍ത്തന്നെ, ഇവരില്‍ പത്തുലക്ഷത്തില്‍കൂടുതല്‍ പേര്‍ ഇടതുമുന്നണിക്ക് വോട്ടു ചെയ്യുകയുണ്ടായി. അതേസമയം, 34 ലക്ഷംപേര്‍ സംയുക്ത പ്രതിപക്ഷത്തെയും പിന്തുണച്ചു. ഈ ഫലത്തിന്റെ കാരണം ഇതാണ്. 41 ശതമാനം വോട്ടു ലഭിച്ചതിന്റെ അര്‍ഥം ബംഗാളിലെ ഇടതുമുന്നണിക്ക് ഇപ്പോഴും വിപുലമായ തോതില്‍ ജനപിന്തുണ നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നാണ്, ആന്ധ്രപ്രദേശിലോ മഹാരാഷ്ട്രയിലോ ഭരിക്കുന്നവര്‍ക്ക് ഇത്രയും ജനപിന്തുണയില്ല, ബിഹാറിലെ പുതിയ താരം നിതീഷ്കുമാറിനു പോലുമില്ല. ഇടതുപക്ഷത്തെ സ്വാഭാവികമായി വിമര്‍ശിക്കുന്നവരുടെ കാര്യം മാറ്റിനിര്‍ത്തിയാല്‍ത്തന്നെ, ഇടതുപക്ഷത്തിന്റെ ഭാവിയെക്കുറിച്ച് കലര്‍പ്പില്ലാത്ത ആശങ്ക പുലര്‍ത്തുന്ന സുമനസ്സുകളുമുണ്ട്. ഇത്തരം ആശങ്കകള്‍ മനസ്സിലാക്കാന്‍ കഴിയും.

തെരഞ്ഞെടുപ്പു വിജയത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ , സിപിഐ എം രൂപംകൊണ്ടശേഷം ആദ്യമായി നടന്ന 1967ലെ തെരഞ്ഞെടുപ്പിലെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ സ്ഥിതി ആകുലത പകരുന്നതാണ്. 1967ല്‍ സിപിഐ എമ്മിന് ലോക്സഭയില്‍ 19 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ 16 ആയി. കേരളത്തിലും ബംഗാളിലും 52ഉം 43ഉം എംഎല്‍എമാര്‍ വീതമുണ്ടായിരുന്നു-ഇപ്പോള്‍ 45ഉം 40ഉം വീതം മാത്രം. എന്നാല്‍ , ആധുനിക ഇന്ത്യയുടെ പരിണാമത്തിന് ഇടതുപക്ഷം നല്‍കിയ സംഭാവന തെരഞ്ഞെടുപ്പിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായി അളക്കാനോ ചുരുക്കാനോ കഴിയില്ല.

സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനത്തില്‍ മൂന്നുതരം ചിന്താധാര നിലനിന്നു; മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെന്ന കോണ്‍ഗ്രസ് കാഴ്ചപ്പാട്, ഇതിനുമപ്പുറം കടന്ന് രാജ്യത്തിന്റെ രാഷ്ട്രീയസ്വാതന്ത്ര്യത്തെ സാമ്പത്തികസ്വാതന്ത്ര്യമായി അതായത് സോഷ്യലിസമായി മാറ്റിമറിക്കുകയെന്ന ഇടതുപക്ഷ കാഴ്ചപ്പാട്. ഇവ രണ്ടും ചേര്‍ന്ന് മൂന്നാം ധാരയുടെ ഇരട്ടപ്രകടനത്തെ-പരസ്പരം പാലൂട്ടുന്ന ഹിന്ദു, മുസ്ലിം മതമൗലികവാദങ്ങളെ-നേരിട്ടു. ഇന്ന് നാം ജീവിക്കുന്ന ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ ഇടതുപക്ഷം വളരെ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്, തെരഞ്ഞെടുപ്പു പ്രകടനത്തിന് ഉപരിയായി ജനങ്ങളുടെ ബോധനിലവാരം വളര്‍ത്തിയെടുക്കുന്നതില്‍ . രണ്ടാമതായി, ജെമീന്ദാരി സമ്പ്രദായം ഉള്‍പ്പെടെയുള്ള ഭൂപ്രഭുത്വത്തിന്റെ രൂപങ്ങള്‍ അവസാനിപ്പിക്കാനായി രാജ്യത്തുടനീളം കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ നടന്ന സുശക്തമായ കര്‍ഷകസമരങ്ങള്‍ . ഇതിന്റെ ഫലമായാണ് ഗ്രാമീണ ഇന്ത്യയിലെ ജനവിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷവും ജനാധിപത്യത്തില്‍ മുഖ്യധാരയിലേക്ക് വന്നത്. മൂന്നാമതായി, ഭാഷാടിസ്ഥാനത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള പോരാട്ടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും നയിച്ചതും കമ്യൂണിസ്റ്റുകാരാണ്-ഇത്തരത്തില്‍ വിശാല ആന്ധ്രയ്ക്കും സംയുക്ത മഹാരാഷ്ട്രയ്ക്കും ഐക്യകേരളത്തിനും വേണ്ടി നടന്ന പ്രക്ഷോഭങ്ങള്‍ ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിച്ചു. കൂടാതെ, ആധുനിക കാലഘട്ടത്തില്‍ കേരളത്തിലും ബംഗാളിലും നടപ്പാക്കിയ ഭൂപരിഷ്കാരങ്ങളും പഞ്ചായത്തീരാജ് ഭരണഘടനാ ഭേദഗതിക്കുശേഷം അടിത്തട്ടില്‍ ജനാധിപത്യം ശക്തമാക്കാന്‍ സ്വീകരിച്ച അധികാരവികേന്ദ്രീകരണ നടപടികളും. നിരാശ്രയരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളെ ജനാധിപത്യത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ഇതു വഴിതെളിച്ചു.

ഇന്നത്തെ സാഹചര്യത്തില്‍ നവഉദാര പരിഷ്കാരങ്ങള്‍ രണ്ട് ഇന്ത്യയെ സൃഷ്ടിച്ചതോടെ അവ പരസ്പരം അകന്നുപോകുന്നു, മെഗാ അഴിമതികള്‍ രാജ്യത്തെയും ജനതയെയും അവരുടെ സാധ്യതകളെയും കൊള്ളയടിക്കുന്നു. ശരിയായ പാതയില്‍ സുസ്ഥിരമായി നിലകൊള്ളുന്നത് ഇടതുപക്ഷം മാത്രമാണ്. ഇടതുപക്ഷം ദീര്‍ഘമായ പാതയില്‍ സഞ്ചരിച്ചിട്ടുണ്ട്, ഈ യാത്രയില്‍ പിശകുകളും സംഭവിച്ചിട്ടുണ്ട്. തെറ്റുകള്‍ തിരിച്ചറിയുകയും തിരുത്തുകയും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഇതുപക്ഷത്തിന്റെ പ്രമാണം ഇതായിരിക്കണം. ഇതൊരു കടുപ്പമേറിയ പോരാട്ടമാണ്. ബംഗാളില്‍ നടക്കുന്ന വര്‍ഗസമരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ മൂന്നു സഖാക്കളുടെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടു. സംസ്കാരവും ജനതയും എന്ന നിലയില്‍ നമ്മുടെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഉതകുന്ന കൂടുതല്‍ മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കാനായി സുദീര്‍ഘവും സുദൃഢവുമായ പോരാട്ടമാണ് മുന്നിലുള്ളത്. ഇടതുപക്ഷത്തെ കൂടാതെ ഈ യാത്ര പൂര്‍ത്തിയാക്കാനാകില്ല.


*****


സീതാറാം യെച്ചൂരി

No comments: