Tuesday, May 31, 2011

സ്വര്‍ഗത്തിന്റെ മോഡല്‍ തരൂ ഞങ്ങള്‍ പണിയാം

"മി. രമേശ്, സൈബര്‍ പാര്‍ക്ക് തുടങ്ങാനുളള സാമ്പത്തിക ശേഷിയും സാങ്കേതിക വൈദഗ്ധ്യവും താങ്കളുടെ തൊഴിലാളി സൊസൈറ്റിക്കുണ്ടോ?" മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാതോമസിന്റെ അന്വേഷണം തികച്ചും സ്വാഭാവികം. ലോകത്തെ പേരുകേട്ട കമ്പനികളും ഐടി സ്ഥാപനങ്ങളും കുത്തകയെന്നോണം വിഹരിക്കുന്ന മേഖലയില്‍ വിയര്‍പ്പിന്റെ മണമുള്ള തൊഴിലാളികളുടെ സംഘം ഇടം തേടിയെത്തുമ്പോള്‍ ഇത്തരം സംശയങ്ങള്‍ ഒരിക്കലും അസ്ഥാനത്തല്ല. സൈബര്‍പാര്‍ക്ക് തുടങ്ങാനുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ അപേക്ഷ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലായിരുന്നു സൊസൈറ്റി പ്രസിഡന്റ് രമേശിനുനേരെ തികച്ചും നിഷ്കളങ്കമായ ചോദ്യം ഉയര്‍ന്നത്. സ്വപ്നങ്ങള്‍ കാണാനും അതു യാഥാര്‍ഥ്യമാക്കാനും കുരുത്തുള്ള നേതൃത്വവും ആത്മാര്‍ഥതയുള്ള തൊഴിലാളികളുമുണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ലോകത്തിന് തെളിയിച്ചു കൊടുക്കുകയാണിപ്പോള്‍ .

കോഴിക്കോട്ട് പണി പൂര്‍ത്തിയാകുന്ന രണ്ട് സൈബര്‍ പാര്‍ക്കുകളിലൊന്ന് വടകര ഒഞ്ചിയത്തുള്ള ഈ തൊഴിലാളി സൊസൈറ്റിയുടേതാണ്. 26 ഏക്കറില്‍ ആറു ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം ഉയരുന്നത്. 18 മാസംക്കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരില്‍ നിന്നും പ്രത്യേക സാമ്പത്തിക പദവി (സെസ്സ്) നേടിയെടുത്തു. വന്‍കിട ഐടി കമ്പനികള്‍ ബുക്കിങ് തുടങ്ങി. 16 വര്‍ഷമായി ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായി തുടരുന്ന പാലേരി രമേശന്റെ സ്വപ്നങ്ങള്‍ അവസാനിക്കുന്നില്ല. കേരളത്തിന്റെ ടൂറിസം മേഖലയില്‍ അനന്ത സാധ്യതകള്‍ , കൃഷി ഫാമുകള്‍ , അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , നിര്‍മാണരംഗത്ത് വിദഗ്ധ തൊഴിലാളികളെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ , ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതികള്‍ തുടങ്ങി സ്വപ്നങ്ങളുടെ നീണ്ട പട്ടികയുണ്ട് ഈ അമ്പത്തൊന്നുകാരന്റെ മനസ്സില്‍ .

സോഷ്യലിസ്റ്റ് നാടുകളിലൊഴികെ ലോകത്തൊരിടത്തും ഒരു തൊഴിലാളിക്കൂട്ടായ്മക്കും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. വിദഗ്ധരും അവിദഗ്ധരുമുള്‍പ്പെടെ 2000 തൊഴിലാളികള്‍ . റോഡ്, പാലം, കെട്ടിടം തുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ക്കാവശ്യമായ അത്യന്താധുനിക ഉപകരണങ്ങള്‍ . 27 ലോറികള്‍ , മൂന്ന് എസ്കവേറ്ററുകള്‍(ജെസിബി), 11 പൊക്ലൈനറുകള്‍ , ഒട്ടേറെ കരിങ്കല്‍ ക്വാറികള്‍ , വിവിധ സ്ഥലങ്ങളായി ധാരാളം ഏക്കര്‍ ഭൂമി......... ഇന്ത്യയിലെ പ്രമുഖ നിര്‍മാണകമ്പനികളിലൊന്നായി വളര്‍ന്ന് പടരുകയാണിത്. ഒരു ദിവസത്തെ കൂലി കൊടുക്കാന്‍ മാത്രം ആറര ലക്ഷം രൂപയാണ് സൊസൈറ്റി ചെലവിടുന്നത്. മലബാറിലെ ത്രിതല പഞ്ചായത്തുകള്‍ , മുനിസിപ്പാലിറ്റി- കോര്‍പറേഷനുകള്‍ , പ്രമുഖ സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവരെല്ലാം നിര്‍മാണപ്രവൃത്തികള്‍ക്ക് ആദ്യം സമീപിക്കുന്നത് ഊരാളുങ്കലിനെയാണ്. ഇവര്‍ "നോ" പറഞ്ഞാലേ മറ്റു കരാറുകാരെ തേടുന്നുള്ളൂ. കോടികളുടെ വര്‍ക്ക് ഏറ്റെടുക്കാന്‍ സൊസൈറ്റിക്കിപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട. വന്‍ പാലങ്ങള്‍ ഉള്‍പ്പെടെയുള്ള നാഷണല്‍ ഹൈവേ നിര്‍മാണം, കൂറ്റന്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയൊന്നും സൊസൈറ്റിക്ക് പുതുമയല്ല. രാമനാട്ടുകരമുതല്‍ വെങ്ങളം വരെയുള്ള നാഷണല്‍ ഹൈവേ ബൈപാസ് റോഡ് നിര്‍മാണത്തിലൂടെ ഇതു തെളിയിച്ചു. പണി പൂര്‍ത്തിയായ 16.164 കി.മീറ്ററില്‍ 8.91 കി. മീറ്ററും നിര്‍മിച്ചത് സൊസൈറ്റിയാണ്. ഇതില്‍ ഒരു വന്‍ പാലവുമുണ്ട്. ഈ വര്‍ഷം പകുതിയോടെ 6.86 കി. മീറ്റര്‍ റോഡുകൂടി പണി തീരും. 60 കോടി രൂപയാണ് ഈ റോഡുനിര്‍മാണത്തിനായി ഇതിനകം ഊരാളുങ്കല്‍ ചെലവിട്ടത്. കോഴിക്കോട് നഗരഹൃദയത്തില്‍ പണിത നായനാര്‍ മേല്‍പ്പാലവും ഊരാളുങ്കലിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ്. ഈ പാലം, അരയിടത്ത്പാലം-എരഞ്ഞിപ്പാലം ബൈപാസ് റോഡ്, 13 ജങ്ഷനുകളുടെ നവീകരണം എന്നിവ 40 കോടി രൂപയ്ക്കാണ് സൊസൈറ്റി പൂര്‍ത്തിയാക്കിയത്. അതും കരാറില്‍ പറഞ്ഞതിനേക്കാള്‍ നേരത്തെ; 18 മാസംക്കൊണ്ട്.

മലബാറിലാണ് സൊസൈറ്റി പ്രധാനമായും കരാര്‍ ഏറ്റെടുക്കുന്നത്. ആലപ്പുഴ പുന്നപ്രയില്‍ എന്‍ജിനിയറിങ് കോളേജ് കെട്ടിടം, മലമ്പുഴ ഡാമിന് ചുറ്റുമുള്ള വിശാലമായ റിങ് റോഡ്, കാസര്‍ക്കോട് ഉദുമയിലും കണ്ണൂര്‍ പിണറായിലും ടെക്സ്റ്റയില്‍സ് കോര്‍പറേഷന്‍ കെട്ടിടം തുടങ്ങിയവ സൊസൈറ്റി മറ്റു ജില്ലകളില്‍ ചെയ്ത പ്രധാന ജോലികളാണ്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പയ്യോളിക്കടുത്ത് ഇരിങ്ങലില്‍ പണിത "ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്" (സര്‍ഗാലയ) ഈ രംഗത്തെ നാഴികക്കല്ലാണ്. കരകൗശല വസ്തുക്കളുണ്ടാക്കുന്നത് നേരില്‍ക്കണ്ട് അവിടെ വച്ചുതന്നെ അതു വാങ്ങാന്‍ ടൂറിസ്റ്റുകള്‍ക്ക് അവസരം നല്‍കുന്ന ക്രാഫ്റ്റ് വില്ലേജ് കേരളത്തിലെ ടൂറിസം രംഗത്തെ പുതിയ പരീക്ഷണമാണ്. 15 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഈ ഗ്രാമത്തിന്റെ നടത്തിപ്പ് 10 വര്‍ഷത്തേക്ക് ഇനി ഊരാളുങ്കലിന്റെ ചുമതലയാണ്. "സര്‍ഗാലയ"യോട് ചേര്‍ന്നുകിടക്കുന്ന മൂരാട് പുഴയിലൂടെ ഹൗസ് ബോട്ടും മറ്റും തുടങ്ങാനും സൊസൈറ്റിക്ക് പരിപാടിയുണ്ട്. കേരളത്തിലെ നിര്‍മാണരംഗത്ത് വിദഗ്ധരായ തൊഴിലാളികളെ വാര്‍ത്തെടുക്കാനും സൊസൈറ്റിക്ക് ഉദ്ദേശമുണ്ട്. ഇതിനായി ട്രെയിനിങ് സെന്റര്‍ ആരംഭിക്കും. സെപ്തംബറില്‍ സ്ഥാപനം തുടങ്ങാനാണ് ഉദ്ദേശം. വിദ്യാഭ്യാസരംഗത്ത് ഉന്നതസ്ഥാപനങ്ങള്‍ തുടങ്ങാനും ആലോചിക്കുന്നുണ്ട്. കൃഷി ഫാമുകള്‍ ആരംഭിക്കാനും ശ്രമം തുടങ്ങി. മണ്ണെടുക്കാനും മറ്റും സൊസൈറ്റി വാങ്ങിയ ധാരാളം ഏക്കര്‍ ഭൂമി കൈവശമുണ്ട്. പലയിടത്തും ഇവ ചണ്ടിക്കൂമ്പാരങ്ങളിട്ട് തൂര്‍ത്ത് ഫലവൃക്ഷങ്ങളും പച്ചക്കറിത്തോട്ടവും നട്ടുപിടിപ്പിക്കുകയാണ്. ഇതിനൊപ്പം പശുവളര്‍ത്തലും ചെറിയ തോതില്‍ തുടങ്ങി. രണ്ടിടത്തായി 25 പശുക്കള്‍ ഇപ്പോള്‍ തന്നെയുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനം വിപുലമായ തോതില്‍ സംഘടിപ്പിക്കാനും സൊസൈറ്റി ശ്രമിക്കുന്നു. അരക്കുതാഴെ തളര്‍ന്നവരെ ഇപ്പോള്‍തന്നെ സൊസൈറ്റി സഹായിക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനും ഉദ്ദേശിക്കുന്നു.

റോഡ് നിര്‍മാണരംഗത്തും മറ്റും കേന്ദ്രീകരിച്ചിരുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ സൈബര്‍ പാര്‍ക്ക് നിര്‍മാണരംഗത്തേക്ക് കടക്കാന്‍ പ്രേരിപ്പിച്ചതെന്താണെന്ന ചോദ്യത്തിന് പ്രസിഡന്റ് പാലേരി രമേശന് ഒറ്റ വാക്കില്‍ ഉത്തരമുണ്ട്-"മാറുന്ന കേരളം." "നിര്‍മാണ രംഗത്ത് യുവാക്കളെ കിട്ടാതായതോടെ അവരെവിടെ പോകുന്നു എന്നായി അന്വേഷണം. ഇതില്‍ നിന്നാണ് ഐടി മേഖലയിലേക്ക് കടക്കാന്‍ താല്‍പ്പര്യമുണ്ടായത്. തിരുവനന്തപുരം സെക്രട്ടറിയറ്റ് കോമ്പൗണ്ടില്‍വച്ചാണ് എ പ്രദീപ്കുമാര്‍ എംഎല്‍എക്ക് വാക്കു കൊടുത്തത്. എന്റെ വായില്‍നിന്ന് "ഓകെ" എന്ന മറുപടി കിട്ടി മിനിട്ടുകള്‍ക്കകം പ്രദീപ് ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു. ജീവനക്കാരുടെ ആത്മാര്‍ഥത. പിന്നെ, കരാര്‍ ജോലിയില്‍ സ്ഥാപനം കാട്ടുന്ന സത്യസന്ധത. ഇതാണ് ഊരാളുങ്കലിന്റെ വിജയരഹസ്യം. ഞങ്ങളുടെ വര്‍ക്ക്സൈറ്റിലെത്തിയാല്‍ മതി ജോലിക്കാരുടെ സ്നേഹവും കൂട്ടായ്മയും ആര്‍ക്കും ബോധ്യപ്പെടും. ഭക്ഷണം ഒന്നിച്ചാണുണ്ടാക്കുക.സമയം നോക്കി പണിയെടുക്കുന്ന ഏര്‍പ്പാടില്ല. സ്ഥാപനം തന്റേതുകൂടിയാണെന്ന വിശ്വാസമാണ് എല്ലാവര്‍ക്കും. ബോണസ്, മെഡിക്കല്‍ അലവന്‍സ്, പിഎഫ്, ഇഎസ്ഐ, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കുന്നു. വിവാഹം, അസുഖം, മരണം തുടങ്ങിയ ഘട്ടങ്ങളിലും സ്ഥാപനം ജീവനക്കാര്‍ക്കൊപ്പമുണ്ട്.

വാഗ്ഭടാനന്ദന്‍ വിത്തിട്ട വൃക്ഷം

സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നിരന്തരം പോരാടിയ സ്വമി വാഗ്ഭടാനന്ദന്‍ 1925ല്‍ രൂപം നല്‍കിയ കൂലിവേലക്കാരുടെ സംഘത്തില്‍നിന്നാണ് ഇന്ത്യക്ക് മാതൃകയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ തുടക്കം. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ചില നിരത്തുകളുടെ 925 രൂപയുടെ പ്രവൃത്തിയാണ് ആദ്യം കിട്ടിയത്. ആദ്യ ലാഭം 12രൂപ ഒരണ. 1926ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബാങ്കില്‍നിന്ന് കടം വാങ്ങിയ 500 രൂപയായിരുന്നു സംഘത്തിന്റെ അക്കൗണ്ടിലെത്തിയ ആദ്യത്തെ വന്‍തുക. തൊഴിലാളികള്‍ക്ക് വര്‍ഷം മുഴുവന്‍ ജോലി നല്‍കുന്നതിന്വേണ്ടി വിവിധ ജില്ലയിലായി കിണര്‍ കുഴിക്കല്‍ , വേലി കെട്ടല്‍ , കനാല്‍പണി തുടങ്ങിയവയും സംഘം ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തന മൂലധനം മാത്രം 123.27 കോടി രൂപ. ജാതിക്കോമരങ്ങളുടെ പല വിധത്തിലുള്ള അക്രമങ്ങളെ പ്രതിരോധിക്കുന്നതിനായി വാഗ്ഭടാനന്ദന്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലൊന്നായിരുന്നു കൂലിവേലക്കാരുടെ സഹകരണ സംഘം. താഴ്ന്ന സമുദായക്കാര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കുക, പരിമിതമായ വരുമാന സാധ്യതകള്‍ പോലും തടയുക, മര്‍ദിക്കുക തുടങ്ങിയവയായിരുന്നു മേലാളന്മാരുടെ വിനോദങ്ങള്‍ . ഇതിനെ സംഘടിതമായി നേരിടാന്‍ പ്രൈമറി സ്കൂള്‍ , ഐക്യനാണയസംഘം, കൂലിവേലക്കാരുടെ സഹകരണസംഘം എന്നിവ സ്വാമി ആരംഭിച്ചു. ഇതാണ് പിന്നീട് ആത്മവിദ്യാസംഘം സ്കൂള്‍ , ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്നിവയായി വളര്‍ന്നത്.

1925 ഫെബ്രുവരി പതിമൂന്നിനായിരുന്നു കൂലിവേലക്കാരുടെ സഹകരണസംഘം രജിസ്റ്റര്‍ ചെയ്തത്. വിവിധ ഭരണസമിതികളുടെ നേതൃത്വത്തില്‍ വിപുലപ്പെട്ടുവന്ന സംഘം, മാതൃകാ ബൈലോ അംഗീകരിച്ച് ഇന്നത്തെ നിലയിലേക്ക് മാറിയത് 1967ലാണ്. തുടക്കത്തില്‍ 16 അംഗങ്ങളാണുണ്ടായിരുന്നത്.ഇന്ന് എ, ബി, സി ക്ലാസുകളിലായി 1254 പേര്‍ അംഗങ്ങളാണ്. അംഗങ്ങളല്ലാത്ത ആയിരത്തിലേറെ തൊഴിലാളികളും സംഘത്തിലുണ്ട്. 1926ല്‍ സംഘം പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് ഓഹരിത്തുക മാത്രമായിരുന്നു പ്രവര്‍ത്തന മൂലധനം. പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അംഗങ്ങളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും കടമെടുക്കുകയായിരുന്നു പതിവ്്. 1925ല്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒറ്റ ജോലിപോലും ലഭിച്ചില്ല. ഇതിനാല്‍ സംഘം പിരിച്ചുവിടാന്‍ പോലും സഹകരണവകുപ്പ് ആലോചിച്ചിരുന്നു. ആത്മവിദ്യാസംഘം പ്രവര്‍ത്തകനായ ചാപ്പയില്‍ കുഞ്ഞേക്കു ഗുരിക്കളാണ് സംഘത്തിന്റെ ആദ്യ പ്രസിഡന്റ്. 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് സൊസൈറ്റിക്കുള്ളത്. 1995 മെയ് മുതല്‍ പാലേരി രമേശനാണ് പ്രസിഡന്റ്. ഇദ്ദേഹത്തിന്റെ അച്ഛന്‍ പാലേരി കണാരന്‍ മാസ്റ്ററാണ് ഏറ്റവും കൂടുതല്‍ കാലം (32കൊല്ലം) പ്രസിഡന്റ് പദവിയിലിരുന്നത്.

*

കെ പ്രേമനാഥ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 29 മേയ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"മി. രമേശ്, സൈബര്‍ പാര്‍ക്ക് തുടങ്ങാനുളള സാമ്പത്തിക ശേഷിയും സാങ്കേതിക വൈദഗ്ധ്യവും താങ്കളുടെ തൊഴിലാളി സൊസൈറ്റിക്കുണ്ടോ?" മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാതോമസിന്റെ അന്വേഷണം തികച്ചും സ്വാഭാവികം. ലോകത്തെ പേരുകേട്ട കമ്പനികളും ഐടി സ്ഥാപനങ്ങളും കുത്തകയെന്നോണം വിഹരിക്കുന്ന മേഖലയില്‍ വിയര്‍പ്പിന്റെ മണമുള്ള തൊഴിലാളികളുടെ സംഘം ഇടം തേടിയെത്തുമ്പോള്‍ ഇത്തരം സംശയങ്ങള്‍ ഒരിക്കലും അസ്ഥാനത്തല്ല. സൈബര്‍പാര്‍ക്ക് തുടങ്ങാനുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ അപേക്ഷ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലായിരുന്നു സൊസൈറ്റി പ്രസിഡന്റ് രമേശിനുനേരെ തികച്ചും നിഷ്കളങ്കമായ ചോദ്യം ഉയര്‍ന്നത്. സ്വപ്നങ്ങള്‍ കാണാനും അതു യാഥാര്‍ഥ്യമാക്കാനും കുരുത്തുള്ള നേതൃത്വവും ആത്മാര്‍ഥതയുള്ള തൊഴിലാളികളുമുണ്ടെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ലോകത്തിന് തെളിയിച്ചു കൊടുക്കുകയാണിപ്പോള്‍ .