ആഭ്യന്തരയുദ്ധത്തില്‍പ്പെട്ട് എല്ലാം ഉപേക്ഷിച്ച് സ്വന്തം ജീവനുവേണ്ടി പലായനം ചെയ്തവര്‍ വിശപ്പും ദാഹവും അടങ്ങാതെ ജീവന്‍ വെടിഞ്ഞ വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. ലോകത്തിന്റെ മുഴുവന്‍ സംരക്ഷകരായി ചമയുന്ന നാറ്റോയും യൂറോപ്യന്‍ യൂണിയനും മനുഷ്യത്വരഹിതമായി പെരുമാറിയതുകൊണ്ടാണ് ക്രൂരമായ ഈ നരഹത്യ അരങ്ങേറിയതെന്ന് പകല്‍ പോലെ വ്യക്തമായതോടെ കൃത്യമായ മറുപടി നല്‍കാനാകാതെ ഇരുട്ടില്‍ത്തപ്പുകയാണ് പാശ്ചാത്യശക്തികളുടെ സേവകര്‍.
മാര്‍ച്ച് അവസാനത്തോടെ 72 കുടിയേറ്റക്കാരുമായി ലിബിയയിലെ ട്രിപ്പോളിയില്‍ നിന്നും ഇറ്റലിയിലെ ലാംബെഡൂസ തീരത്തേയ്ക്ക് യാത്രയായ കപ്പലിലുണ്ടായിരുന്ന യാത്രക്കാരാണ് നാറ്റോ കണ്ണടച്ചതിനെത്തുടര്‍ന്ന് കൊടും ക്രൂരത അനുഭവിക്കേണ്ടിവന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളള കുടിയേറ്റക്കാരില്‍ 47 എത്യോപ്യക്കാരും ഏഴ് നൈജീരിയക്കാരും ആറ് ഘനിക്കാരും അഞ്ച് സുഡാന്‍കാരുമുള്‍പ്പെട്ടിരുന്നു. ഇതില്‍ 20 പേര്‍ സ്ത്രീകളായിരുന്നു. രണ്ട് പേര്‍ കുട്ടികളും. ഇതില്‍ ഒരു കുട്ടിയുടെ പ്രായം ഒരു വയസുമാത്രം. കുടിയേറ്റക്കാരില്‍ 61 പേര്‍ക്കും നാറ്റോയുടെ കണ്ണില്ലാത്ത ക്രൂരതയില്‍ ജീവന്‍ വെടിയേണ്ടി വന്നു.
ലിബിയയിലെ കനത്ത ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നാണ് പുറം രാജ്യങ്ങളിലേയ്ക്കുളള പലായനം ആരംഭിച്ചത്. ലിബിയയില്‍ വസിക്കുന്ന ആഫ്രിക്കന്‍ വംശജരാണ് കൂടുതലും രാജ്യത്ത് നിന്ന് പലായനം ചെയ്തത്. നാറ്റോയുടെ സംരക്ഷണം ഉറപ്പാണെന്ന ധൈര്യത്തിലാണ് ഇവര്‍ കടല്‍ കടക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നടുക്കടലിലകപ്പെട്ട് ആഹാരവും വെളളവും അന്യമായ ഇവരെ പാടേ കൈയൊഴിയുകയായിരുന്നു നാറ്റോയും യൂറോപ്യന്‍ യൂണിയനുമെന്നാണ് ഇതുവരെ പുറത്തു വന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
മാര്‍ച്ച് 25 ന് ട്രിപ്പോളിയില്‍ നിന്നും നാറ്റോയുടെ അറിവോടെ തിരിച്ച കപ്പലില്‍ വേണ്ടത്ര ഭക്ഷണമോ വെളളമോ ഉണ്ടായിരുന്നില്ല. ആവശ്യമായ ഇന്ധനം ഇല്ലാതെ വന്നതിനെത്തുടര്‍ന്നാണ് 18 മണിക്കൂറോളമുളള യാത്ര ദിവസങ്ങളോളം നീണ്ടത്. 16 ദിവസത്തോളം നീണ്ട യാത്രക്കിടെയാണ് ഇത്രത്തോളം പേര്‍ മരണമടഞ്ഞതെന്ന് മരണത്തെ അതിജീവിച്ച ഒമ്പതുപേരില്‍ ഒരാളായ അബു കുര്‍ക്കെ 'ഗാര്‍ഡിയന്‍' ദിനപത്രത്തിനോട് വെളിപ്പെടുത്തുകയുണ്ടായി. മരണപ്പെടുന്ന ഓരോ ആള്‍ക്കാരുടേയും മൃതദേഹം 24 മണിക്കൂറോളം സൂക്ഷിക്കുകയും തുടര്‍ന്ന് കടലിലേയ്‌ക്കെറിയുകയും ചെയ്യേണ്ടി വരുന്ന ഭീകരാവസ്ഥയിലായിരുന്നു തങ്ങളെന്ന് അദ്ദേഹം വെളിപ്പെടുത്തി. അവസാന ദിനങ്ങളില്‍ തമ്മില്‍ തമ്മില്‍ തിരിച്ചറിയാനാകാത്ത വിധം പരിക്ഷീണരായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകില്‍ ജീവിതം തിരികെ നല്‍കുക അല്ലെങ്കില്‍ എത്രയും പെട്ടെന്ന് മരണം അനുവദിയ്ക്കുക എന്ന പ്രാര്‍ഥനയിലായിരുന്നു ഒമ്പതുപേരും.
കുടിയേറ്റക്കാരില്‍ ചിലര്‍ മാര്‍ച്ച് 26 ന് ഇറ്റലിയിലെ എരിത്രിയന്‍ വംശജനായ പളൡവികാരി മോസസ് െസറായിയുമായി ബന്ധപ്പെട്ടിരുന്നു. തങ്ങള്‍ അപകടാവസ്ഥായിലാണെന്നും രക്ഷിക്കാന്‍ ഏതെങ്കിലും തരത്തിലുളള ശ്രമം ഉണ്ടാകണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇറ്റാലിയന്‍ നാവികസേനയുമായി ഫാദര്‍ സെറായി ബന്ധപ്പെടുകയുണ്ടായി എന്നാല്‍ ഇവരെ രക്ഷിക്കാന്‍ ഇറ്റലി യാതൊരു നടപടിയും കൈക്കൊണ്ടില്ല. കുടിയേറ്റക്കാര്‍ അമിതമായ തോതില്‍ നിരന്തരമായി തങ്ങളുടെ രാജ്യത്തേക്ക് പ്രവഹിക്കുന്നുവെന്നും ഇതിന് തടയിടണമെന്നും ആവശ്യപ്പെട്ട് ഇറ്റലിയും ഫ്രാന്‍സും സംയുക്തമായി യൂറോപ്യന്‍ യൂണിയന് പരാതി നല്‍കി ദിവസങ്ങള്‍ക്കകമാണ് ദുരന്തമുണ്ടായത്.
മാര്‍ച്ച് 29 നും 30 നും നാറ്റോയുടെ വിമാനവേധക്കപ്പല്‍ ബോട്ട്കണ്ടെത്തുകയും സമാന്തരമായ രീതിയില്‍ പറക്കുകയും ചെയ്തതായി രക്ഷപ്പെട്ട യാത്രക്കാരന്‍ അബു കുര്‍ക്കെ വെളിപ്പെടുത്തുന്നു. വിമാനത്തില്‍ നിന്നും ബിസ്‌ക്കറ്റ് പാക്കറ്റുകളും ശുദ്ധജലവും വിതരണം ചെയ്യുകയും ചെയ്തു. ഇതോടെ തികഞ്ഞ ശുഭ പ്രതീക്ഷയിലായിരുന്നു തങ്ങളെന്നും കുര്‍ക്കെ പറഞ്ഞു. എന്നാല്‍ പിന്നീട് നാറ്റോയുടെ ഭാഗത്തു നിന്നും യാതൊരു തരത്തിലുളള സഹായവും ലഭിച്ചില്ല. ഇതിനു പിന്നാലെ സഹായവുമായി നാറ്റോയുടെ ബോട്ടുകള്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്നും കുര്‍ക്കെ പറഞ്ഞു.
എന്നാല്‍ നാറ്റോയുമായി ബന്ധപ്പെട്ട ഒരു രാജ്യവും മെഡിറ്ററേനിയന്‍ കടലിലേയ്ക്ക് തങ്ങളുടെ ഹെലികോപ്ടറുകള്‍ അയച്ചിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് മാള്‍ട്ട പ്രദേശത്തേയ്ക്കാണ് ബോട്ട് വരുന്നതെന്നറിഞ്ഞ് നടപടികള്‍ സ്വീകരിക്കാന്‍ മാള്‍ട്ടയ്ക്ക് തങ്ങള്‍ നിര്‍ദേശം നല്‍കിയതായാണ് ഇറ്റലിയുടെ അവകാശവാദം. എന്നാല്‍ മാള്‍ട്ട ഇത് നിഷേധിച്ചിട്ടുണ്ട്.
എന്നാല്‍ കുടിയേറ്റക്കാരെ കണ്ടെത്തിയ നാറ്റോയുടെ വിമാനത്തെക്കുറിച്ചുളള വിവരങ്ങള്‍ 'ഗാര്‍ഡിയന്‍' ദിനപത്രം പുറത്തുവിട്ടതോടെയാണ് നാറ്റോ ശരിക്കും വെട്ടിലായത്. ഫ്രഞ്ച് വിമാനവേധക്കപ്പലായ ചാള്‍സ് ഡി ഗല്ലേയാണ് ബോട്ടിനു സമീപമെത്തിയതെന്ന് രക്ഷപ്പെട്ട യാത്രക്കാരെ ഉദ്ധരിച്ച് 'ഗാര്‍ഡിയന്‍' വാര്‍ത്ത പുറത്തുവിട്ടു. ഇതോടെ വെട്ടിലായ നാറ്റോ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനുളള ശ്രമം നടത്തുകയായിരുന്നു. അന്താരാഷ്ട്ര നാവിക നിയമങ്ങള്‍ അനുസരിച്ച് തൊട്ടടുത്തുളള സമുദ്രപ്രദേശങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തിലുളള അപകടസൂചന ലഭിക്കുകയാണെങ്കില്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് നാറ്റോയുടെയും യൂറോപ്യന്‍ യൂണിയന്റേയും എല്ലാ അംഗരാജ്യങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ നഗ്നമായ ലംഘനമാണ് മെഡിറ്ററേനിയന്‍ കടലില്‍ നടന്നതെന്ന് കുടിയേറ്റക്കാര്‍ക്കായി പ്രവര്‍ത്തിയ്ക്കുന്ന അന്താരാഷ്ട്ര സംഘടന ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇറാഖില്‍ നിന്നും അഫ്ഗാനിലെത്തി ഇപ്പോള്‍ ലിബിയയ്ക്കുനേരേ ആക്രമണം നടത്തുന്ന നാറ്റോയ്ക്ക് സാധാരണക്കാരുടെ സുരക്ഷിതത്വത്തിലല്ല താല്‍പ്പര്യം എന്ന് ഒന്നു കൂടി വ്യക്തമാക്കുന്നതാണ് ലിബിയന്‍ അഭയാര്‍ഥികളുടെ പട്ടിണിമരണം. സിവിലിയന്‍ മരണത്തിന് ന്യായീകരണത്തിന്റെ പുതിയ പഴുതുകള്‍ തേടി ലോകരാജ്യങ്ങള്‍ക്കു മുന്‍പില്‍ സ്വന്തം നില ഭദ്രമാക്കാനുളള ശ്രമമാണ് എന്നും നാറ്റോ സഖ്യസേനകള്‍ നടത്തിയിട്ടുളളതെന്ന് ചരിത്രം വ്യക്തമാക്കുന്നു.
*
ഡി എസ് പ്രമോദ് ജനയുഗം 11 മേയ് 2011
Subscribe to:
Post Comments (Atom)
1 comment:
ആഭ്യന്തരയുദ്ധത്തില്‍പ്പെട്ട് എല്ലാം ഉപേക്ഷിച്ച് സ്വന്തം ജീവനുവേണ്ടി പലായനം ചെയ്തവര്‍ വിശപ്പും ദാഹവും അടങ്ങാതെ ജീവന്‍ വെടിഞ്ഞ വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. ലോകത്തിന്റെ മുഴുവന്‍ സംരക്ഷകരായി ചമയുന്ന നാറ്റോയും യൂറോപ്യന്‍ യൂണിയനും മനുഷ്യത്വരഹിതമായി പെരുമാറിയതുകൊണ്ടാണ് ക്രൂരമായ ഈ നരഹത്യ അരങ്ങേറിയതെന്ന് പകല്‍ പോലെ വ്യക്തമായതോടെ കൃത്യമായ മറുപടി നല്‍കാനാകാതെ ഇരുട്ടില്‍ത്തപ്പുകയാണ് പാശ്ചാത്യശക്തികളുടെ സേവകര്‍.
Post a Comment