Sunday, May 8, 2011

ആര്‍ഭാട വിവാഹവും സമൂഹസദ്യയും

വിവാഹത്തിലെ ധൂര്‍ത്ത് ഒഴിവാക്കാന്‍ വേണ്ടി സര്‍ക്കാര്‍ തലത്തിലും സാമൂഹ്യ സംഘടനാതലത്തിലും പല ബോധവല്‍ക്കരണ പരിശ്രമങ്ങളും നടത്തിയെങ്കിലും വിവാഹ ധൂര്‍ത്ത് അനുദിനം വര്‍ധിച്ചുവരുന്ന അനുഭവമാണുള്ളത്. വലിയ തുക സ്ത്രീധനമായി കൊടുക്കാനും ആഡംബരകാര്‍ സമ്മാനിക്കാനും മഞ്ഞലോഹത്തിനുംവേണ്ടിയാണ് അമിതമായ ധനം ആളുകള്‍ സ്വരൂപിക്കുന്നത്. വിവാഹത്തലേന്നും വിവാഹദിവസവും നാടടക്കി സദ്യകൊടുക്കാനും ധനം സമാഹരിച്ച് ചെലവഴിക്കുന്നുണ്ട്. ഇത് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യവിപത്താണ്.

ശ്രീനാരായണ ഗുരു പറഞ്ഞത് വിവാഹം ഏറ്റവും ലളിതമായിരിക്കണം എന്നാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വളരെ ചെറിയ ഒരു സംഘം മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാടുള്ളു എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കാലം മാറിയതനുസരിച്ച് അല്‍പം ഭേദഗതികള്‍ ഇത്തരം കാര്യങ്ങളില്‍ വരുത്തിയാല്‍ കൂടിയും ഇന്നു കാണുന്ന ആര്‍ഭാട സമ്പന്ന വിവാഹങ്ങള്‍ക്ക് ഒരു സാധൂകരണവും ഇല്ല.

ഇന്ത്യന്‍ വിവാഹ നിയമങ്ങളനുസരിച്ച് സാമ്പത്തിക ചെലവ് അമിതമാകാതെ കുടുംബമാരംഭിക്കുവാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ജാതി-മത വ്യത്യാസം വിഗണിച്ചുകൊണ്ട് അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും സാക്ഷി നിര്‍ത്തി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ച മാതൃകാ മനുഷ്യര്‍ കേരളത്തിലുണ്ട്. ആ ഉദാത്ത മാതൃകകളെ പരമ പുച്ഛത്തോടെ തള്ളിക്കളഞ്ഞുകൊണ്ടാണ് വിവാഹ മഹോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. വധൂവരന്മാര്‍ക്കും ബന്ധുക്കള്‍ക്കും വിവാഹദിവസം ധരിക്കേണ്ട പുതുവസ്ത്രങ്ങള്‍ക്കായിപോലും ലക്ഷങ്ങള്‍ ചിലവാക്കുന്ന ആളുകളുണ്ട്. ധൂര്‍ത്തടിച്ചുകളയുന്ന ഈ ധനം എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ പാവങ്ങളെ സഹായിക്കാന്‍ വേണ്ടി വിനിയോഗിച്ചാല്‍ എത്ര നന്നായിരുന്നു.

കരുണയോ സഹതാപമോ സഹജീവികളോടുള്ള സ്‌നേഹമോ തീരെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് കേരളത്തിന്റെ അവികസിത മേഖല എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടുക്കിയില്‍ നിന്നും ഒരു വിസ്മയ വാര്‍ത്ത. ചെറുതോണിയിലെ ഒരു മരപ്പണിക്കാരനായ ഷാജന്‍ സ്വന്തം മക്കളുടെ വിവാഹത്തിന് സമൂഹസദ്യ ഒഴിവാക്കുകയും അതിനു കരുതിവച്ച ധനം അടുത്തുള്ള നാലു രോഗികള്‍ക്ക് ചികിത്സാ സഹായമായി നല്‍കുകയും ചെയ്തു. കലക്ടറും ഉന്നത പൊലീസുദ്യോഗസ്ഥന്‍മാരും മന്ത്രിമാരും അടങ്ങുന്ന സമ്പന്ന സമൂഹത്തിന് നടപ്പിലാക്കുവാനുള്ള ധൈര്യമോ മാനസിക വികാസമോ വന്നിട്ടില്ലാത്ത ഇക്കാലത്താണ് കൂലിപ്പണിക്കാരനായ ഷാജന്‍ സമൂഹത്തിന് മാതൃകയാവുന്നത്.

ഷാജനും ഷൈജയ്ക്കും രണ്ടു മക്കളാണുള്ളത്. മകളുടെ വിവാഹത്തിന് സദ്യയ്ക്കു പകരം ചായയും ബിസ്‌ക്കറ്റുമാണ് നല്‍കിയത്. പത്തുകൂട്ടം കറിയും പാല്‍പായസവും ചോറും നല്‍കാന്‍വേണ്ടി മാറ്റിവച്ചിരുന്ന പണം പാവപ്പെട്ട മൂന്നുരോഗികള്‍ക്ക് ചികിത്സയ്ക്കായി നല്‍കി. ബന്ധുക്കളും പരിചയക്കാരുമടക്കം അഞ്ഞൂറോളംപേരെ ഷാജനും ഷൈജയും വിവാഹത്തിനു വിളിച്ചിരുന്നെങ്കിലും സദ്യയില്ലെന്ന വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നു. സദ്യയില്ലാഞ്ഞിട്ടും ധാരാളം ആളുകളാണ് ആ വിവാഹചടങ്ങില്‍ പങ്കെടുത്തത്. സദ്യയില്ലാതെയും ഒരു വിവാഹം മംഗളകരമായി പൂര്‍ത്തിയാക്കാമെന്ന് തെളിയിക്കുകയായിരുന്നു.

മരണപ്പണിക്കാരനായ മകന്‍ അനീഷിന്റെ വിവാഹവും ഷാജന്‍ ഇങ്ങനെയാണ് നടത്തിയത്. വിവാഹച്ചെലവുകള്‍ക്കായി കരുതിവച്ച മുപ്പതിനായിരം രൂപ നാലുപേര്‍ക്ക് ചികിത്സാ സഹായമായി നല്‍കി. സ്ത്രീധനം ആവശ്യപ്പെടാതെയാണ് ഷാജന്‍ വിവാഹം നടത്തിയത്.

കേരളത്തിനു മുഴുവന്‍ മാതൃകയായ ഈ കുടുംബത്തിന് സ്വന്തമായി ഒരു തുണ്ടുഭൂമിയോ വീടോ ഇല്ല. വാടക കെട്ടിടത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. സ്ഥലം വാങ്ങി വീടുവയ്ക്കുന്നതിനേക്കാള്‍ പ്രധാനമാണ് രോഗം ബാധിച്ചു വിഷമിക്കുന്ന സഹജീവികളെ സഹായിക്കുന്നത് എന്ന് ആ കുടുംബം കരുതി.

ആര്‍ഭാട വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തേണ്ടതാണ്. അഞ്ഞൂറുപേരിലധികം പേര്‍ക്ക് സദ്യ നല്‍കുകയും ആഡംബരക്കാറും കനകാഭരണങ്ങളും സമ്മാനിക്കുകയും ചെയ്യുന്ന വിവാഹ കുബേരന്മാരില്‍ നിന്നും വലിയ തുക നികുതിയായി ഈടാക്കി പാവപ്പെട്ട രോഗികളെ ചികിത്സിക്കേണ്ടതാണ്.

ആര്‍ഭാട വിവാഹങ്ങള്‍ മാനസികമായി തകര്‍ക്കുന്നത് ദരിദ്ര കുടുംബങ്ങളെയാണ്. അവിടെയുള്ള പെണ്‍കുട്ടികള്‍ സമ്പന്ന കുടുംബങ്ങളെ മാതൃകയായി സ്വീകരിച്ചാല്‍ വല്ലാതെ ദുഃഖിക്കുക തന്നെ ചെയ്യും. പ്രണയ വിവാഹത്തേയും ലളിത വിവാഹത്തേയും അഭിവാദ്യം ചെയ്യേണ്ടത് പ്രബുദ്ധ സമൂഹത്തിന്റെ ചുമതലയാണ്.

യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി സമൂഹം അവരുടെ വരുമാനത്തില്‍ നിന്നും മിച്ചം വയ്ക്കുന്ന പണം കൊണ്ട് നാട്ടിലെ നിര്‍ധനരായ യുവതീയുവാക്കളുടെ വിവാഹം നടത്തുകയാണ്. പുതിയ ഒരു കുടുംബം തുടങ്ങുവാനുള്ള മൂലധനവും ചെറിയ തോതില്‍ സ്വര്‍ണാഭരണങ്ങളും ഈ ഗള്‍ഫു മലയാളികള്‍ നവദമ്പതികള്‍ക്കു നല്‍കുന്നുണ്ട്. വ്യവസ്ഥാപിത വിവാഹമാണ് അവര്‍ നടത്തിക്കൊടുക്കുന്നത് എങ്കിലും ആഡംബര വിവാഹമല്ലല്ലോ എന്ന കാര്യത്തില്‍ ആശ്വസിക്കാവുന്നതാണ്. ജീവിക്കാന്‍ പണം വേണം. എന്നാല്‍ പണത്തിനുവേണ്ടി ജീവിക്കരുത് എന്നതാണ് നമ്മള്‍ പഠിക്കേണ്ടപാഠം.

*****

കടപ്പാട് : ജനയുഗം മെയ് 07, 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...