സംസ്ഥാനത്ത് നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ഐക്യജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു. സംസ്ഥാനത്തിന്റെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങളില്‍ യു ഡി എഫ് സര്‍ക്കാരിന്റെ സമീപനം എന്തായിരിക്കുമെന്ന കാര്യത്തില്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ ഉല്‍ക്കണ്ഠാകുലരാണ്. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ഉല്‍ക്കണ്ഠ സ്വാഭാവികവുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമോ? അതോ 2001-06 ലേക്കു തിരിച്ചുപോകുമോ?
2001-06 കാലത്ത് കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത് നിത്യസംഭവമായിരുന്നു. 2006 ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് കര്‍ഷക ആത്മഹത്യാ പ്രവണത ഇല്ലാതായത്. കാര്‍ഷികമേഖലയില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായാണ് കര്‍ഷക ആത്മഹത്യകള്‍ അവസാനിച്ചത്. രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലുമെല്ലാം ഇപ്പോഴും കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമാണ്. അതുകൊണ്ട് തന്നെ യു ഡി എഫിന്റെ ഭരണത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ക്ക് വഴിയൊരുക്കുമോ എന്ന ആശങ്ക സാധാരണ ജനങ്ങള്‍ക്ക് ഉണ്ട്.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ഉദാഹരണത്തിന് നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 14 രൂപയായി ഉയര്‍ത്തി. കൃഷിക്കാരില്‍ നിന്നും നെല്ല് സംഭരിക്കാന്‍ ആവശ്യമായ സംവിധാനം ഉണ്ടാക്കുകയും ചെയ്തു. യു ഡി എഫിന്റെ 2001-06 ഭരണകാലത്ത് നെല്ലിന്റെ സംഭരണവില 7 രൂപയായിരുന്നു. അതില്‍ നിന്നാണ് 14 രൂപയായി വര്‍ധിപ്പിച്ചത്. ഇത് തുടരുമോ?
യു ഡി എഫിന്റെ ഭരണകാലത്ത് കൃഷിഭൂമി തരിശിടുന്ന പ്രവണത വര്‍ധിച്ചുവരികയായിരുന്നു. അതില്‍ നിന്നും കൃഷിക്കാരെ മടക്കിക്കൊണ്ടുവരാനും തരിശ് ഭൂമി കൃഷിയോഗ്യമാക്കാനും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചു. ഇതുപോലെ തന്നെയാണ് മൃഗസംരക്ഷണ-ക്ഷീരവികസനമേഖല. 2001 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തെ പാല്‍ ഉല്‍പ്പാദനം 27 ലക്ഷം ടണ്‍ ആയിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന യു ഡി എഫിന്റെ ഭരണത്തില്‍ പാല്‍ ഉല്‍പ്പാദനം കുറഞ്ഞ് 20 ലക്ഷം ടണ്ണായി. എന്നാല്‍ 2006-11 കാലത്തെ എല്‍ ഡി എഫിന്റെ ഭരണത്തില്‍ പാല്‍ ഉല്‍പ്പാദനം 29 ലക്ഷം ടണ്ണായി ഉയര്‍ന്നു. അങ്ങനെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കാര്‍ഷികമേഖലയില്‍ കാര്യമായ വികസനമുണ്ടാവുകയും അതിലൂടെ കൃഷിക്കാരുടെ സാമ്പത്തികനില മെച്ചപ്പെടുകയും ചെയ്തു. ഈ സംരക്ഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമോ?
2001-06 ലെ യു ഡി എഫ് ഭരണത്തില്‍ മിക്ക ദിവസവും സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലായിരുന്നു. ട്രഷറി പല ദിവസങ്ങളിലും അടച്ചുപൂട്ടേണ്ടിവന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഒരു ദിവസം പോലും സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റ് എടുത്തിട്ടില്ല. ട്രഷറിയുടെ പ്രവര്‍ത്തനം നവീകരിച്ച് കൂടുതല്‍ വിപുലമാക്കി. ട്രഷറി ഇടപാടുകളില്‍ ഒരുതരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടായില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ 1500 കോടി രൂപയുടെ കരുതല്‍ ട്രഷറിയില്‍ ഉണ്ട്.
ഇതുപോലെ വിപ്ലവകരമായ മാറ്റമാണ് വ്യാവസായികരംഗത്ത് ഉണ്ടായത്. 2001-06 ലെ യു ഡി എഫ് സര്‍ക്കാര്‍ ആര്‍ സി ചൗധരി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും 24 എണ്ണം സ്വകാര്യവല്‍ക്കരിക്കാനും തീരുമാനിച്ചിരുന്നു. അതിനെതിരെ കേരളത്തില്‍ നടന്ന വമ്പിച്ച പ്രക്ഷോഭങ്ങള്‍മൂലം അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. യു ഡി എഫ് ഭരണം ഒഴിയുമ്പോള്‍ പൊതുമേഖലയുടെ ആകെ നഷ്ടം 69 കോടി രൂപയായിരുന്നു. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലായി. എന്നു മാത്രമല്ല, പൂട്ടിക്കിടന്ന കോഴിക്കോട്ടെ വീവിംഗ് ആന്‍ഡ് സ്പിന്നിംഗ് മില്‍, ബാലരാമപുരം സ്പിന്നിംഗ് മില്‍, കോഴിക്കോട്ടെ സോപ്‌സ് ആന്‍ഡ് ഓയില്‍സ്, ആലപ്പുഴയിലെ കെ എസ് ഡി പി തുടങ്ങിയവ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. 2010-11 ആയപ്പോള്‍ പൊതുമേഖലയുടെ മൊത്തം ലാഭം 380 കോടി രൂപയായിരുന്നു. സംസ്ഥാനത്ത് പുതുതായി എട്ട് പൊതുമേഖലാ വ്യവസായങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
അസംഘടിത വ്യവസായമേഖല തകര്‍ച്ചയിലായിരുന്നു. യു ഡി എഫ് ഭരണത്തില്‍ ശരാശരി 40 ദിവസമാണ് കശുഅണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നത്. എല്‍ ഡി എഫ് ഭരണത്തില്‍ അത് 200 ദിവസങ്ങളായി ഉയര്‍ന്നു. യു ഡി എഫിന്റെ കാലത്ത് ക്ഷേമ പെന്‍ഷനുകള്‍ 100 രൂപയായിരുന്നു. അത് കൃത്യമായി ലഭിച്ചിരുന്നുമില്ല. എന്നാല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ 300 രൂപയായി ഉയര്‍ത്തി. ഇന്നിപ്പോള്‍ അത് 400 രൂപയായി.
ചുരുക്കത്തില്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഗണ്യമായി ഉയര്‍ത്താനും എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു.
കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് നടപ്പിലാക്കുന്നത് ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും നയമാണ്. ഈ നയം ശക്തമായി തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. യു ഡി എഫ് ഈ നയമാണ് നടപ്പിലാക്കുന്നതെങ്കില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ എല്ലാം ഇല്ലാതാവും.
വികസന സങ്കല്‍പ്പത്തില്‍ ലോകത്ത് തന്നെ വലിയ മാറ്റം വന്നു. ഐക്യരാഷ്ട്രസംഘടനയും ലോകബാങ്കും അംഗീകരിച്ചിരിക്കുന്നത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയല്ല. മറിച്ച് മനുഷ്യജീവിതവികസനമാണ് വികസനത്തിന്റെ മാനദണ്ഡം എന്നാണ്. ഇതനുസരിച്ച് ഐക്യരാഷ്ട്രസംഘടനയുടെ വികസന ഏജന്‍സിയായ യു എന്‍ ഡി പി, ലോകരാഷ്ട്രങ്ങളുടെ പട്ടിക തയ്യാറാക്കുന്നു. ഈ മാനദണ്ഡമനുസരിച്ച് കേരളം വികസനത്തിന് ഒരു മാതൃകയാണെന്ന് ലോക ബാങ്കും ഡോ. അമര്‍ത്യാ സെന്നും അംഗീകരിക്കുന്നു. ഇവരെല്ലാം ചൂണ്ടിക്കാണിച്ചത് മനുഷ്യജീവിതവികസനത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റെല്ലാം സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. എന്നു മാത്രമല്ല, വികസിതരാഷ്ട്രങ്ങള്‍ക്കൊപ്പമാണ്. എന്നാല്‍ ഇത് മുന്നോട്ടുകൊണ്ടുപോകുന്നതിന് സാമ്പത്തികവികസനം അനുപേക്ഷണീയമാണ് എന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ പോരായ്മ പരിഹരിച്ചു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ വര്‍ഷം 8.6 ശതമാനമായിരുന്നു. അതെസമയം കേരളത്തിന്റെ വളര്‍ച്ചാനിരക്ക് 9 ശതമാനത്തിലധികമായി.
അങ്ങനെ മനുഷ്യജീവിതവികസനത്തില്‍ ഊന്നിക്കൊണ്ട് സാമ്പത്തിക വളര്‍ച്ചയിലും കേരളത്തെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാന്‍ കേരളത്തിന് കഴിഞ്ഞു. അതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ വിജയം. എന്നാല്‍ കോണ്‍ഗ്രസിന്റെ പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കാനാണ് പുതിയ യു ഡി എഫ് ശ്രമിക്കുന്നതെങ്കില്‍ ഈ നേട്ടങ്ങളെല്ലാം ഇല്ലാതാകുമെന്ന ആശങ്ക കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് ഉണ്ട്.
*****
ഇടപെടല്‍/ഇ ചന്ദ്രശേഖരന്‍ നായര്‍, കടപ്പാട്: ജനയുഗം
Subscribe to:
Post Comments (Atom)
1 comment:

Post a Comment