പ്രതികാരദാഹം കൊണ്ട് അന്ധത ബാധിച്ച അമേരിക്ക ഒരു ശത്രുവിനെകൂടി ലക്ഷ്യംവെയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അമേരിക്കയിലെ പൗരന്‍മാര്‍ അതു ആഘോഷിക്കുന്നു. ഗ്വാണ്ടനാമോയില്‍ നടത്തുന്ന പീഢനങ്ങള്‍ ഫലം ചെയ്തുവെന്ന് തെളിഞ്ഞതായി ജോര്‍ജ് ബൂഷിന്റെ കാലത്തെ ഉദ്യോഗസ്ഥ മേധാവികള്‍ അവകാശപ്പെടുന്നു. യൂറോപ്പ് കരഘോഷം മുഴക്കുന്നു. പാകിസ്ഥാന്‍ പ്രസിഡന്റ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലെ ആശ്രിതന്‍മാര്‍ ദൗത്യം പൂര്‍ത്തീകരിച്ചതിന് അമേരിക്കയെ അഭിനന്ദിക്കുന്നു.
കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പാകിസ്ഥാന്‍ സൈനിക അക്കാദമിക്ക് അടുത്ത് സുരക്ഷിതമായ ഒരു വസതിയിലായിരുന്നു ബിന്‍ ലാദന്‍. ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍മാരുടെ അറിവില്ലാതെ അതു സംഭവിക്കുമെന്ന് ആരും വിശ്വസിക്കില്ല. 2006 ല്‍ ഒരു ഉയര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ബിന്‍ ലാദന്‍ പാകിസ്ഥാനിലുണ്ടെന്നും അദ്ദേഹത്തെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നുണ്ടെന്നും എന്നോട് പറയുകയുണ്ടായി. പാകിസ്ഥാനെ കുറിച്ചുള്ള ഏറ്റവും ഒടുവിലത്തെ പുസ്തകത്തില്‍ ഞാന്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
അമേരിക്കക്കാര്‍ക്ക് ബിന്‍ ലാദനെ കൊല ചെയ്താല്‍ മതിയെന്ന് ആ ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ജീവിച്ചിരിക്കേണ്ടത് പാകിസ്ഥാന്റെ താല്‍പര്യമാണ്. ''പൊന്‍മുട്ടയിടുന്ന താറാവിനെ എന്തിന് കൊല്ലണം'' എന്നായിരുന്നു ആ ഉദ്യോഗസ്ഥന്‍ ചോദിച്ചത്. പാകിസ്ഥാന്‍ പട്ടാളത്തിന് ലഭിക്കുന്ന കോടിക്കണക്കിന് ഡോളറും പടക്കോപ്പുകളുമാണ് അദ്ദേഹം പരാമര്‍ശിച്ചത്. ഈ ഉദ്യോഗസ്ഥന്‍ തമാശ പറയുകയാണോ, അതോ തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന് അന്ന് എനിക്ക് തീര്‍ച്ചയില്ലായിരുന്നു. അദ്ദേഹം സത്യം പറയുകയായിരുന്നുവെന്ന് ഇന്ന് വ്യക്തമായി.
പാകിസ്ഥാന്‍ ഇപ്പോള്‍ തീഷ്ണമായ തര്‍ക്കത്തില്‍ അകപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാന്റെ രാഷ്ട്രീയ-സൈനിക നേതൃത്വം അവമതിക്കപ്പെട്ടിരിക്കുന്നു. ബിന്‍ലാദന്‍ പാകിസ്ഥാനിലുണ്ടായിരുന്ന കാര്യം അറിയാമായിരുന്നുവെന്ന് സമ്മതിച്ചാല്‍ സ്വന്തം അണികള്‍ തന്നെ നേതൃത്വത്തെ അധിക്ഷേപിക്കും. സ്വന്തം ജനങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണം അതിര്‍ത്തിപ്രദേശങ്ങളില്‍ നടത്താന്‍ നിര്‍ബന്ധിക്കപ്പെടുന്നതില്‍ പാകിസ്ഥാന്‍ പട്ടാളത്തിലെ ജൂനിയര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അസ്വസ്ഥരാണ്.
ബിന്‍ലാദനെ വധിക്കാന്‍ ഹെലികോപ്റ്ററുകള്‍ പോകുന്ന കാര്യം പാകിസ്ഥാനെ അറിയിക്കാന്‍ പോലും തയ്യാറാകാത്ത നടപടിയിലൂടെ പാകിസ്ഥാന്റെ പരമാധികാരം യഥേഷ്ടം ലംഘിക്കാന്‍ അമേരിക്കയ്ക്ക് പാക്‌നേതൃത്വം അനുമതി നല്‍കിയിരിക്കുന്നുവെന്ന ധാരണയാണ് സൃഷ്ടിക്കുന്നത്.
ബിന്‍ലാദന് എതിരായ നടപടി പൊളിയാതിരിക്കാനാണ് പാകിസ്ഥാനെ മുന്‍കൂട്ടി അറിയിക്കാതിരുന്നതെന്നാണ് സ്ഥാനമൊഴിഞ്ഞ സി ഐ എ മേധാവി ലിയോണ്‍ പനേറ്റ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കഥകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഒന്നും മുഖവിലക്കെടുക്കാനാവുന്നില്ല.
പൈലറ്റില്ലാ വിമാനം പാകിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാമെന്നും അതേസമയം ജനരോഷം ശക്തമാകുമ്പോള്‍ അവയെ തള്ളിപ്പറയുമെന്നുമുള്ള ഒരു കരാര്‍ അമേരിക്കയും പാകിസ്ഥാനും തമ്മിലുണ്ടെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. പാകിസ്ഥാന്റെ ഐ എസ് ഐയെ ഒരു ഭീകരസംഘടനയായാണ് സി ഐ എ പരാമര്‍ശിക്കുന്നതെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയുടെ ദൗത്യത്തെക്കുറിച്ചു മുന്‍കൂട്ടി അറിവു ലഭിച്ചിരുന്നുവെങ്കില്‍ ഐ എസ് ഐ അതു പരാജയപ്പെടുത്താന്‍ നടപടി എടുക്കാതിരിക്കില്ല. കാരണം അമേരിക്കയുടെ ഭാവി സഹായങ്ങളെയും ബന്ധങ്ങളെയും ബിന്‍ ലാദന് പാകിസ്ഥാനില്‍ താവളം നല്‍കിയെന്നത് പ്രതികൂലമായി ബാധിക്കുമെന്നവര്‍ക്കറിയാം. പാകിസ്ഥാന്‍ പട്ടാളത്തെയും ഇന്റലിജന്‍സ് ഏജന്‍സിയെയും ഈ ഓപ്പറേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ വസിറിസ്താനിലെ മലയിടുക്കള്‍പോലെ അകലെയുള്ള ഒരിടത്തുവെച്ച് ബിന്‍ ലാദനെ വകവരുത്താന്‍ അവര്‍ സാഹചര്യമൊരുക്കുമായിരുന്നു.
ബിന്‍ ലാദനെ വധിച്ചത് ഒരുപക്ഷെ ബരാക് ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് ഉറപ്പുവരുത്തുമെന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല. ഇറാഖിലെ അധിനിവേശവും അഫ്ഗാനിസ്ഥാനെതിരായ യുദ്ധവും നാറ്റോയുടെ ലിബിയന്‍ അതിസാഹസികതയുമെല്ലാം തുടരും. ഇസ്രായേലി - പലസ്തീന്‍ സ്തംഭനാവസ്ഥയും തുടരും.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാക്കന്‍മാര്‍ ആശ്വാസത്തിലാണ്. തങ്ങള്‍ ബിന്‍ ലാദന്റെ ആളുകളാണെന്ന് ചിത്രീകരിക്കപ്പെടില്ല എന്നതാണവരുടെ ആശ്വാസം. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതിയില്‍ തരിമ്പും മാറ്റമുണ്ടാകില്ല. കാബൂളിന്റെ നിയന്ത്രണം കയ്യടക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കില്ല. എന്നാല്‍ മറ്റു പ്രദേശങ്ങളില്‍ വലിയൊരു ഭാഗത്തിന്റെ നിയന്ത്രണം അവര്‍ക്കാണ്.
അമേരിക്കയ്ക്ക് ഈ യുദ്ധം വിജയിക്കാനാവില്ല. എത്ര വേഗത്തില്‍ അവര്‍ പുറത്തുകടക്കുന്നുവോ അത്രയും നല്ലത്. അതു ചെയ്യുന്നതുവരെ പാകിസ്ഥാനെ അവര്‍ക്ക് ആശ്രയിക്കേണ്ടിവരും. അമേരിക്ക വെറുക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സഖ്യകക്ഷിയാണ് പാകിസ്ഥാനെങ്കിലും.
*****
താരിഖ് അലി, കടപ്പാട്:ജനയുഗം
Subscribe to:
Post Comments (Atom)
1 comment:

Post a Comment