Tuesday, May 3, 2011

പ്രശസ്തനാടകപ്രവര്‍ത്തകന്‍ വാസുപ്രദീപ് അന്തരിച്ചു

അരനൂറ്റാണ്ടുകാലം മലയാള നാടകവേദിയില്‍ സജീവമായിരുന്ന വാസുപ്രദീപ് അന്തരിച്ചു.82 വയസായിരുന്നു. കോഴിക്കോട് സഹകരണ ആശുപത്രിയില്‍ രാവിലെ ഒമ്പതരക്കായിരുന്നു മരണം. അരങ്ങും അണിയറയും ഒരുപോലെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ വാസുപ്രദീപ് മികച്ച ചിത്രകാരന്‍ കൂടിയായിരുന്നു. രചന, സംവിധാനം, അഭിനയം, രംഗസജ്ജീകരണം, ഗാനരചന, തുടങ്ങിയ രംഗങ്ങളിലും പ്രതിഭയായിരുന്നു. സ്മാരകം, കുടുക്കുകള്‍ , തൂക്കമൊക്കാത്ത തലമുറ, മല്‍സരം, കണ്ണാടിക്കഷ്ണങ്ങള്‍ , പിണക്കം, നിലവിളി, ദാഹിക്കുന്ന രാത്രി ഒരു ചിരി, തൂക്കമൊക്കാത്ത തലമുറ, ജീവനുള്ള മരണം, പിണക്കം, നിലവളി, മല്‍സരം, മരുപ്പച്ച" ചരിഞ്ഞ ഗോപുരം, കുടുക്കുകള്‍ തുടങ്ങിവയാണ് പ്രധാനനാടകങ്ങള്‍ . കേരള സംഗീത നാടക അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരമടക്കം മുപ്പതോളം പുരസ്കാരങ്ങളും ലഭിച്ചു.1954ല്‍ "സ്മാരകം" മാണ് ആദ്യ നാടകം.രണ്ട് പ്രൊഫഷണല്‍ നാടകങ്ങള്‍ എഴുതി. ആഹ്വാന്‍ സെബാസ്റ്റ്യന്റെ മ്യൂസിക്കല്‍ തിയറ്ററിനു വേണ്ടി "കടലാസ് വിമാനവും" കോഴിക്കോട് സംഗമം തിയറ്റേഴ്സിനുവേണ്ടി "പെങ്കൊട"യും ആണ് അദ്ദേഹം എഴുതിയ രണ്ട് പ്രൊഫഷണല്‍ നാടകങ്ങള്‍ .

ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലും മാതൃഭൂമി വാരികയിലും ചിത്രം വരച്ചിരുന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ടോളം കോഴിക്കോട്ടെ പത്രങ്ങളുടെ തലക്കെട്ടിന് രൂപഭംഗി നല്‍കി.നെല്ലിക്കോട് ഭാസ്കരനും ബാബുരാജും കോഴിക്കോട് അബ്ദുള്‍ ഖാദറും തിക്കോടിയനും ഒക്കെ ചേര്‍ന്നുള്ള സംഘത്തില്‍ വാസുപ്രദീപ് എന്ന ചിത്രകാരനും പങ്കുകാരനായി. തുടക്കത്തില്‍ ചിത്രകാരന്‍ മാത്രമായിരുന്നെങ്കില്‍ പിന്നീടയാള്‍ നാടകകൃത്തായും സംവിധായകനായും അരങ്ങിനു പിന്നില്‍ നിന്നു. പിന്നെപ്പിന്നെ കഥാപാത്രങ്ങളായി അരങ്ങിലെത്തി. 1930 നവംബര്‍ 26 ന് കണ്ണൂര്‍ ജില്ലയിലെ ചാലയില്‍ കുഞ്ഞമ്പുവിന്റെയും നാണിയുടെയും മകനായാണ് ജനനം. ഭാര്യ: പരേതയായ കമലം. മക്കള്‍ : സ്മിത, സീന. മരുമക്കള്‍ : വെങ്കിടേഷ്,ഗിരീഷ്. സഹോദരങ്ങള്‍ : പരേതനായ ബാലകൃഷ്ണന്‍ , ദേവയാനി, വിമല, ശിവകാമി, പ്രേമ.

വരയില്‍നിന്ന് അരങ്ങിലേക്ക്

ചിന്തയെ കൊളുത്തിവലിക്കുന്ന നിറങ്ങളുടെ സമന്വയത്തിനായി അവസാനകാലം വരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിരലുകളായിരുന്നു വാസുപ്രദീപിന്റേത്. ചൊവ്വാഴ്ച അവസാന ശ്വാസം വലിക്കുംവരെ വരകളും വര്‍ണ്ണങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ആത്മാവ്. അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും ആനുകാലികങ്ങളുടെയും പത്രങ്ങളുടെയും തലക്കെട്ടിന്റെ വടിവുകളില്‍ വാസുപ്രദീപിന്റെ പ്രതിഭ നിഴലിച്ചു. അച്ചുനിരത്തുന്നതിന് മുമ്പ് മിഠായിത്തെരുവിലെ പ്രദീപ് ആര്‍ട്സിനു മുന്നില്‍ പത്രസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കാത്തുനിന്നു. നൂറ്റമ്പതോളം ചിത്രങ്ങളാണ് ആ പ്രതിഭയില്‍ നിന്നും പിറന്നുവീണത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. അക്കാലത്ത് പോര്‍ട്രെയ്റ്റുകളില്‍ വാസു പ്രദീപ് അവസാനവാക്കായി.

നെല്ലിക്കോട് ഭാസ്കരനും ബാബുരാജും കോഴിക്കോട് അബ്ദുള്‍ ഖാദറും തിക്കോടിയനും ഒക്കെ ചേര്‍ന്നുള്ള സംഘം കോഴിക്കോടിനെയും മലബാറിനെയാകെയും ഇളക്കി മറിച്ച കാലം. ആ സംഘത്തില്‍ വാസുപ്രദീപ് എന്ന ചിത്രകാരനും സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ പങ്കുകാരനായി. തുടക്കത്തില്‍ ചിത്രകാരന്‍ മാത്രമായിരുന്നെങ്കില്‍ പിന്നീടയാള്‍ നാടകകൃത്തായും സംവിധായകനായും അരങ്ങിനു പിന്നില്‍ നിന്നു. പിന്നെപ്പിന്നെ കഥാപാത്രങ്ങളായി അരങ്ങിലെത്തി. അരങ്ങൊരുക്കാനും അയാള്‍ തന്നെ ഇറങ്ങിയപ്പോള്‍ നാടകമെന്ന മഹാമരമായും അദ്ദേഹം മാറി.

പ്രൊഫഷണല്‍ നാടകക്കാരനാകരുതെന്ന് നിര്‍ബന്ധ ബുദ്ധിയുള്ളയാളായിരുന്നു വാസുപ്രദീപ്. കച്ചവടത്തിന് മാത്രം വിലകല്‍പിക്കുന്ന ആ മേഖല തനിക്ക് ചേരില്ലെന്ന വിശ്വാസമായിരുന്നു ആ നിര്‍ബന്ധ ബുദ്ധിക്ക് പിന്നില്‍ . എങ്കില്‍പോലും തന്റെ നാടക ജീവിതത്തിനിടയില്‍ അദ്ദേഹം രണ്ട് പ്രൊഫഷണല്‍ നാടകങ്ങള്‍ എഴുതി. ആഹ്വാന്‍ സെബാസ്റ്റ്യന്റെ മ്യൂസിക്കല്‍ തിയറ്ററിനു വേണ്ടി "കടലാസ് വിമാനവും" കോഴിക്കോട് സംഗമം തിയറ്റേഴ്സിനുവേണ്ടി "പെങ്കൊട"യും. കോഴിക്കോട് ആകാശവാണി നിലയം അന്ന് നാടകത്തെ വളരെയേറെ പ്രോത്സാഹിപ്പിച്ചിരുന്നു. മുപ്പതോളം വൈവിധ്യമാര്‍ന്ന നാടകങ്ങളാണ് വാസുപ്രദീപ് ആകാശവാണിക്കുവേണ്ടി ചെയ്തത്. വാസുപ്രദീപിന്റെ കലാപ്രവര്‍ത്തനം രചനയിലും സംവിധാനത്തിലും മാത്രമൊതുങ്ങുന്നതായിരുന്നില്ല. അരങ്ങിലും അദ്ദേഹം നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. "ഉടഞ്ഞ വിഗ്രഹ"ങ്ങളില്‍ പ്രൊഫഷണല്‍ നടനായി രംഗത്തെത്തിയ അദ്ദേഹം ഒട്ടനവധികഥാപാത്രങ്ങളെയാണ് തന്റെ അഭിനയ മികവുകൊണ്ട് അനശ്വരമാക്കിയത്. ഗാനരചനയിലും വാസുപ്രദീപ് കൈവെച്ചിരുന്നു. അവയില്‍ പല ഗാനങ്ങളും അക്കാലത്ത് പേരെടുക്കുകയും ചെയ്തു. വെള്ളിത്തിരയും ആ പ്രതിഭയ്ക്ക് അന്യമായിരുന്നില്ല. പതിനൊന്നു ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

*
ദേശാഭിമാനി 03 മേയ് 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ചിന്തയെ കൊളുത്തിവലിക്കുന്ന നിറങ്ങളുടെ സമന്വയത്തിനായി അവസാനകാലം വരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിരലുകളായിരുന്നു വാസുപ്രദീപിന്റേത്. ചൊവ്വാഴ്ച അവസാന ശ്വാസം വലിക്കുംവരെ വരകളും വര്‍ണ്ണങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ആത്മാവ്. അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും ആനുകാലികങ്ങളുടെയും പത്രങ്ങളുടെയും തലക്കെട്ടിന്റെ വടിവുകളില്‍ വാസുപ്രദീപിന്റെ പ്രതിഭ നിഴലിച്ചു. അച്ചുനിരത്തുന്നതിന് മുമ്പ് മിഠായിത്തെരുവിലെ പ്രദീപ് ആര്‍ട്സിനു മുന്നില്‍ പത്രസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കാത്തുനിന്നു. നൂറ്റമ്പതോളം ചിത്രങ്ങളാണ് ആ പ്രതിഭയില്‍ നിന്നും പിറന്നുവീണത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. അക്കാലത്ത് പോര്‍ട്രെയ്റ്റുകളില്‍ വാസു പ്രദീപ് അവസാനവാക്കായി.

Rajeeve Chelanat said...

കഴിയുന്നതും അരങ്ങിനു പിന്നിൽ ഒതുങ്ങിക്കൂടാൻ ശ്രമിച്ചിട്ടും, കേരളത്തിന്റെ കലാഹൃദയത്തിൽ സ്വന്തമായ മേൽ‌വിലാസം പിടിച്ചുപറ്റിയ വാസു പ്രദീപ് എന്ന ആ മഹാനായ കലാകാരന് ആദരാഞ്ജലികൾ.