
എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിനുശേഷം സുധീന്ദ്ര സര്‍ക്കാര്‍ എന്ന ബാദല്‍സര്‍ക്കാര്‍ നൈജീരിയയില്‍ ആര്‍ക്കിടെക്ടായി പ്രവര്‍ത്തിക്കുകയായിരുന്നു. ഏവം ഇന്ദ്രജിത്ത് എന്ന നാടകം എഴുതിയത് ഈ കാലഘട്ടത്തിലാണ്. കലാകാരന്റെ അന്തഃസംഘര്‍ഷങ്ങളാല്‍ ജോലി ഉപേക്ഷിച്ച് അദ്ദേഹം തിരിച്ച് നാടകത്തിലേക്ക് മടങ്ങി. അടിയന്തരാവസ്ഥക്കാലത്ത് ഒട്ടേറെ നാടകങ്ങള്‍ അദ്ദേഹം എഴുതി അവതരിപ്പിച്ചു. ചൗരംഗിലെ ആള്‍ക്കൂട്ടം അതിനെ സഹര്‍ഷം ഏറ്റുവാങ്ങുകയും ചെയ്തു. ഇതിന്റെ അനുരണനങ്ങള്‍ ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ പ്രകടമായി. രാജിവയ്ക്കാന്‍ വിസമ്മതിച്ച ഇന്ദിരാഗാന്ധിയെ പരിഹസിച്ച് സഫ്ദര്‍ഹശ്മിയുടെ ജനനാട്യമഞ്ച് അവതരിപ്പിച്ച "കുര്‍സി....കുര്‍സി....കുര്‍സി...." എന്ന നാടകം ഇക്കാലത്ത് ശ്രദ്ധേയമായിരുന്നു.
കേരളത്തിലെ നാടകവേദി ബാദല്‍സര്‍ക്കാരിന്റെ നാടകങ്ങളില്‍ ഒരു തുടര്‍ച്ച പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് രണചേതന 1982ല്‍ അവതരിപ്പിച്ച "സ്പാര്‍ട്ടക്കസ്" എന്ന നാടകം പുത്തന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. സമൂഹത്തിലെ വ്യാഖ്യാനാത്മകമായ ജീവിതപരിണാമങ്ങള്‍ക്ക് ഇത് നവോന്മേഷം നല്‍കി. പ്രൊസീനീയം തിയറ്ററിന്റെ തടവറക്കൂടുകളില്‍നിന്ന് ഇറങ്ങി വന്ന് സാധാരണക്കാരനായ ഓരോ മനുഷ്യന്റെയും കൈചേര്‍ത്തു പിടിച്ചു. രൂപത്തില്‍ നാടനും ഉള്ളടക്കത്തില്‍ യാഥാസ്ഥിതികവുമായ ഒന്നാം നാടകവേദി അപക്വമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതായി അദേഹം വിലയിരുത്തി. ഒപ്പം സാങ്കേതികതയില്‍ മറുനാടനും ഉള്ളടക്കത്തില്‍ ആധുനികവുമായ രണ്ടാം നാടകവേദിയുടെ കാഴ്ചപ്പാടുകളെ ഉള്‍ക്കൊള്ളാനും അദ്ദേഹത്തിനായില്ല. ഇത്തരം അവസ്ഥയില്‍നിന്നാണ് മൂന്നാം നാടകവേദിയെന്ന ആശയത്തിന് അദ്ദേഹം തുടക്കംകുറിക്കുന്നത്. ജൂലിയല്‍ ബക്കറ്റിന്റെ ലിവിങ് തിയറ്റര്‍ , ഗ്രോട്ടോവ്സ്കിയുടെ ദരിദ്രനാടകവേദി എന്നീ സങ്കല്‍പ്പങ്ങളില്‍നിന്ന് തിയറ്ററിന്റെ രൂപം അനുവര്‍ത്തിച്ച ബാദല്‍ അരങ്ങ് ആവശ്യപ്പെടുന്നത് മൂന്നാം നാടകവേദിയെന്നു കണ്ടെത്തി.
പാശ്ചാത്യനാടകസങ്കേതങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് നാടകം ആവശ്യപ്പെടുന്ന ആധുനികതയുടെ പുതിയ പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകആശയത്തെയാണ് ബാദല്‍ കാണികളിലേക്കെത്തിച്ചത്. സര്‍ഗാത്മകമായ ഒരു ലയനമാണ് ഇതിലൂടെ സാധ്യമാകുന്നത്. മൂന്നാം നാടകവേദിയുടെ ചുവടുപിടിച്ച് കേരളത്തിലും ബാദല്‍സര്‍ക്കാരിന്റെ നാടകങ്ങള്‍ ശ്രദ്ധേയമായി. 1985ല്‍ തിരുവല്ലയില്‍ നടന്ന ഡൈനാമിക് ആക്ഷന്‍ഗ്രൂപ്പിന്റെ ശില്‍പ്പശാലയിലും കൃത്യമായ നിര്‍വചനങ്ങളാണ് ബാദല്‍ മൂന്നാം നാടകവേദിയിലൂടെ മുന്നോട്ടുവച്ചത്. ഏവം ഇന്ദ്രജിത്ത്, സ്പാര്‍ട്ടക്കസ് എന്നീ നാടകങ്ങള്‍ മലയാളത്തില്‍ പുസ്തകമാക്കി പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ 1985ല്‍ വാക്ക് മാസിക മൂന്നാം നാടകവേദിയെക്കുറിച്ച് പ്രത്യേക പുസ്തകം പുറത്തിറക്കിയിരുന്നു.
അരങ്ങ് പുത്തന്‍ രൂപങ്ങള്‍ക്കും സങ്കേതങ്ങള്‍ക്കും പുറകെ പായുന്ന കാഴ്ചയാണ് ഇന്ന് ബംഗാളില്‍പ്പോലും വ്യാപകമായിട്ടുള്ളതെന്ന് ബംഗാളി നാടകങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യ മാത്രമല്ല, കൊല്‍ക്കത്തയും മറ്റ് സങ്കേതങ്ങളിലേക്കാണ് കണ്ണയക്കുന്നത്. ഏറ്റവുമൊടുവിലായി ഫോറം തിയറ്ററിന്റെ വികലമായ അനുകരണങ്ങളില്‍ ബാദല്‍ കടുത്ത നിരാശയിലായിരുന്നു. ആധുനികത നല്‍കുന്ന നിര്‍വചനം വേറിട്ടതാകുമ്പോള്‍ മാറുന്ന നിലപാടുതറകള്‍ക്കു മുകളില്‍ വ്യസനിക്കുന്നതും പരമാര്‍ഥം. മിച്ചില്‍ , ബാഷി ഖബര്‍ , ബാക്കി ഇതിഹാസ്, സുഡ പഠേര്‍ , ഭാരതീയാര്‍ ഇതിഹാസ്, ഭോമ എന്നിവയാണ് ബാദല്‍സര്‍ക്കാരിന്റെ ശ്രദ്ധേയമായ രചനകള്‍ . ഇതില്‍ ഭോമ തൃശൂരുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. തൃശൂരിന്റെ സ്വന്തം നാടകക്കാരനായ ജോസ് ചിറമ്മല്‍ ബാദലിനോടൊപ്പം നാടകങ്ങള്‍ ചെയ്തിരുന്നു. ശാന്തിനികേതനിലെ രത്തന്‍കുഠിയില്‍നിന്ന് തൃശൂരിന്റെ മണ്ണിനെ നാടകം തൊട്ടറിയുകയായിരുന്നു. 700ല്‍ അധികം വേദികളില്‍ ഈ നാടകം അവതരിപ്പിച്ചു. സാമൂഹ്യരാഷ്ട്രീയാവബോധങ്ങളുടെ ചൂടന്‍ ചര്‍ച്ചകള്‍ക്ക് കേരളത്തിന്റെ തെരുവുമൂലകള്‍ ശ്രദ്ധേയമായി. നാടുഗദ്ദികയ്ക്കുശേഷം കേരളത്തിന്റെ തെരുവ് തൊട്ടറിഞ്ഞ മറ്റൊരു നാട്ടിന്നകമായി മാറിയ നാടകമായിരുന്നു ഭോമ. വ്യത്യസ്തമേഖലകളിലുള്ളവര്‍ ഈ നാടകത്തിനായി ഒത്തുചേര്‍ന്നു. അതിനാല്‍ വൈവിധ്യമാര്‍ന്ന അനുഭവതലങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ അരങ്ങിന്റെ ഭാഷ സ്വതന്ത്രമായിരുന്നു. അഡ്വ. എം വിനോദ്, ജയചന്ദ്രന്‍ , നരിപ്പറ്റ രാജു, സി ആര്‍ രാജന്‍ , കൃഷ്ണരാജ് ശ്രീകുമാര്‍ എന്നിങ്ങനെ ഒട്ടേറെ പേര്‍ ഇന്നും നാടകരംഗത്തെ സജീവപ്രവര്‍ത്തകര്‍ .
1987ല്‍ തൃശൂര്‍ രംഗചേതന "അളിഞ്ഞവാര്‍ത്തകള്‍", "ഘോഷയാത്ര" എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു. ടി വി ബാലകൃഷ്ണന്‍ സംവിധാനംചെയ്ത് "ഘോഷയാത്ര" ഇപ്പോഴും അവതരിപ്പിക്കുന്നുണ്ട്. എന്തിനും ഏതിനും ഇവിടെ ഘോഷയാത്രകളാണ്. സന്തോഷത്തിന്... സങ്കടങ്ങള്‍ക്ക്... ആവശ്യമെങ്കില്‍ പന്തം കൊളുത്തിയും ഘോഷയാത്രയ്ക്ക് പുതുമ കണ്ടെത്തുന്നു. ആള്‍ക്കൂട്ടത്തിലെ ഒറ്റമനുഷ്യന്റെ വ്യഥകളും പേറി... എല്ലാ യാത്രകള്‍ക്കുമപ്പുറം തിരിഞ്ഞുനോക്കുമ്പോഴാണ് ഓര്‍മിക്കുക.. ഇതില്‍ എവിടെയാണ് ഞാന്‍ ... എന്റെ സ്ഥാനം...? ഉത്തരമില്ലായ്മകളുടെ പാഴ്ക്കൂമ്പാരങ്ങളില്‍നിന്ന് അര്‍ഥരാഹിത്യത്തിന്റെ കണക്കു പുസ്തകം അടച്ചുവച്ച് കണ്ണുചീമ്പി അല്‍പ്പനേരം ഇരിക്കാം. അപ്പോഴും പുറകില്‍ ഉയരുന്ന ഘോഷയാത്രകളുടെ പെരുമ്പറ ശബ്ദം. "ഘോഷയാത്ര" ഇക്കാലത്തും പ്രസക്തം.
" മദനന്‍ , നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?" "ഞങ്ങള്‍ കണ്ട സ്വപ്നം ഒരിക്കല്‍കൂടി കാണണമെന്നുണ്ട്. ഒന്ന്.... ഒരിക്കല്‍ കൂടി" (ഹട്ടാമലനാടിനപ്പുറം) പുരോനോ കശുന്തു എന്ന ബാദല്‍ സര്‍ക്കാരിന്റെ ആത്മകഥ പ്രസക്താമകുന്നതിവിടെയാണ്. ഓരോ രചനയും സ്വാനുഭവങ്ങളില്‍നിന്ന് ഉരുത്തിരിയുന്നത്. 1972ല്‍ രാഷ്ട്രം പത്മശ്രീ നല്‍കിയും രത്നസദ്സ്യ എന്ന പ്രദര്‍ശനകലകള്‍ക്ക് ഭാരത സര്‍ക്കാരിന്റെ ഏറ്റവും വലിയ പുരസ്കാരം നല്‍കിയും അദ്ദേഹത്തെ ആദരിച്ചിരുന്നു. എന്നാല്‍ , 15 വര്‍ഷമായി നാടകവേദിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന ദുഃഖം അവസാനകാലത്ത് അദ്ദേഹത്തെ ഏറെ അലട്ടിയിരുന്നു. റിഹേഴ്സലിനും മറ്റുമായി സ്ഥലം കിട്ടാതെ അലയുന്ന ഒരു മഹാനായ കലാകാരനായി അദ്ദേഹം ജീവിതസായാഹ്നം പിന്നിട്ടു. നേപഥ്യ ഇവിടെ ഒഴിഞ്ഞുകിടക്കുകയാണ്.... അരങ്ങ് കണ്ട ബാദല്‍ദായുടെ അപൂര്‍ണമായ സ്വപ്നങ്ങളുമായ്.
*****
ജിഷ, കടപ്പാട്:ദേശാഭിമാനി വാരാന്തപ്പതിപ്പ്
1 comment:
തിളങ്ങുന്ന കണ്ണുകളും തൂവെള്ള താടിയുമായി സാന്താക്ലോസിനെപ്പോലെ ഒരാള്‍ . ഇന്ത്യന്‍ നാടകവേദിയിലെ അതികായനെ കണ്ട ആശ്ചര്യത്തില്‍ തെല്ലൊന്നു പുറകിലേക്ക് മാറിനിന്നു. പിന്നെ പതുക്കെ, ആള്‍ക്കൂട്ടത്തില്‍നിന്ന് മുന്നിലേക്ക് എത്തി... ആ വാക്കുകള്‍ക്ക് കാതോര്‍ത്തു. പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു തുടങ്ങി. എക്കാലവും കേരളം നല്‍കുന്ന ആദരവിനെക്കുറിച്ച്... സ്നേഹത്തെക്കുറിച്ച്... ബാദല്‍സര്‍ക്കാര്‍ . കേരളസംഗീതനാടക അക്കാദമിയുടെ മൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തില്‍ അമ്മന്നൂര്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു അദ്ദേഹം. മഹാനായ ആ നാട്യാചാരന്റെ ഒടുവിലത്തെ വിരുന്നുവരവായിരുന്നു അതെന്ന് മലയാളനാടകവേദി ഇപ്പോള്‍ ഞെട്ടലോടെ തിരിച്ചറിയുന്നു. മെയ് 13നായിരുന്നു അര്‍ബുദത്തെതുടര്‍ന്ന് അദ്ദേഹത്തിന്റെ അന്ത്യം. നാടകമെന്നത് തികച്ചും മുദ്രാവാക്യം വിളികളല്ല, മറിച്ച് ശക്തമായ സമരംതന്നെയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് ലോകനാടകവേദിയില്‍ ശ്രദ്ധേയനായ ആ മഹാവ്യക്തിത്വത്തിനു പകരക്കാരില്ല.
Post a Comment