Tuesday, May 31, 2011

ഉമ്മന്‍ചാണ്ടിയുടെ തുഗ്ലക് മോഡല്‍ പരിഷ്‌കാരങ്ങള്‍

മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി നേരിടുന്ന ദയനീയ അവസ്ഥയില്‍ സഹതാപമുണ്ടെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ കഴിഞ്ഞദിവസം തൃശൂരില്‍ പ്രസംഗിക്കുമ്പോള്‍ പറയുകയുണ്ടായി. ക്ഷീണിച്ച കോണ്‍ഗ്രസ്, സുശക്തമായ മുസ്ലീംലീഗ്, അസംതൃപ്തരായ കേരള കോണ്‍ഗ്രസ് തുടങ്ങി ഒറ്റഎംഎല്‍എമാരുടെ മൂന്നുപാര്‍ട്ടികളും, കൂടെ ജനതാദളുംചേര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ സ്വൈര്യംകെടുത്തുകയാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തുവാനുള്ള പരിശ്രമത്തില്‍ ഉമ്മന്‍ചാണ്ടി ചെയ്യുന്ന പല കാര്യങ്ങള്‍ക്കും ഒരു നീതീകരണവുമില്ല. യുഡിഎഫിന്റെ ദുര്‍ബലമായ ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിയെ നാണംകെടുത്തുംവിധം സമ്മര്‍ദ്ദരാഷ്ട്രീയത്തിനു വിധേയനാക്കുന്നു. അധികാരദല്ലാളുകള്‍ക്ക് വസന്തകാലം. ഇതൊക്കെ മനസില്‍വച്ചുകൊണ്ടാണദ്ദേഹം പറഞ്ഞത് ഉമ്മന്‍ചാണ്ടിയോട് സഹതാപമുണ്ട് എന്ന്.

മന്ത്രിമാരെ നിയമിക്കുന്നതും വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നതും ജനാധിപത്യസംവിധാനത്തില്‍ മുഖ്യമന്ത്രിയുടെ പ്രത്യേകാവകാശമാണ്. മുന്നണിരാഷ്ട്രീയമാകുമ്പോള്‍ കക്ഷിനേതാക്കന്മാര്‍ക്ക് ചില പ്രത്യേക അവകാശങ്ങള്‍ നല്‍കിയെന്നിരിക്കും.

എന്നാല്‍ ഒന്നാലോചിച്ചുനോക്കൂ. മുസ്ലീംലീഗ് കാണിച്ച ധിക്കാരം. അവര്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ക്കുമുന്നില്‍ കൊച്ചാക്കി. യുഡിഎഫ് ലീഗിനു നാല് മന്ത്രിമാരെയാണനുവദിച്ചത്. ഒന്നുകൂടി വേണമെന്നവര്‍ക്ക് മോഹമുണ്ടായിരുന്നിരിക്കാം. ആ മോഹം കേരള കോണ്‍ഗ്രസ് നേതാവ് മാണിക്കുമുണ്ടായിരുന്നു. അതിലൊരസ്വാഭാവികതയുമില്ല. എന്നാല്‍ ലീഗ് ചെയ്തതു നോക്കൂ. ലീഗിന്റെ നേതാവ് ഹൈദരലി ശിഹാബ് തങ്ങള്‍ നാലിനുപകരം അഞ്ച് മന്ത്രിമാരുടെ പേര് പ്രഖ്യാപിച്ചു; അതിനേക്കാള്‍ ധിക്കാരം അദ്ദേഹം അഞ്ച് മന്ത്രിമാരുടെയും വകുപ്പുകളും പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടി ദുര്‍ബലമായി പ്രതിഷേധിച്ചു. തങ്ങള്‍ പ്രഖ്യാപിക്കുന്നതൊന്നും പിന്‍വലിക്കുന്ന പ്രശ്‌നമില്ലായെന്നു കുഞ്ഞാലിക്കുട്ടി വിശദീകരിക്കുകയും ചെയ്തു. പ്രശ്‌നം ഇപ്പോഴും തീര്‍ന്നിട്ടില്ല. എന്നാലും ഈ അധികപ്പറ്റും ധിക്കാരവും ഏതെങ്കിലുമൊരു മുഖ്യമന്ത്രിക്കു വെട്ടിവിഴുങ്ങാനാകുമോ?

ഒരു മന്ത്രിയല്ലെങ്കില്‍ സ്പീക്കര്‍സ്ഥാനം തങ്ങള്‍ക്കു വേണമെന്നു മാണി വാശിപിടിക്കുന്നു. കേരളയിലെ പി സി ജോര്‍ജ് പിളര്‍പ്പിന്റെ ഭീഷണിയുയര്‍ത്തിനില്‍ക്കുന്നു. ജോസഫിനുനേരെ ഇതിനിടെ ഒരൊളിയമ്പ് എയ്യുകയും ചെയ്തു. നോക്കണം ജോസഫിന്റെ കഷ്ടകാലം, അദ്ദേഹത്തെ മന്ത്രിയെന്ന നിലയില്‍ സമീപിച്ച ഒരു സ്ത്രീ പരസ്യമായി ജോസഫിനെതിരെ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നു. ജോസഫ് ആ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന്.

ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ഒരു വലിയ പ്രതിസന്ധിയിലാണ്. എങ്ങിനെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. ഒരു സര്‍ക്കസ്‌കൂടാരത്തിലെ വന്യമൃഗങ്ങളെ കൈകാര്യംചെയ്യുന്നതിന്റെ പ്രയാസത്തിലാണ് ഉമ്മന്‍ചാണ്ടി. സഹതാപാര്‍ഹമായ ഒരവസ്ഥ.

ഇതിനിടയിലാണ് ആര്‍ ബാലകൃഷ്ണപിള്ളയുടെ വിചിത്രമായ ആവശ്യം. അദ്ദേഹത്തിന്റെ ജയില്‍ശിക്ഷ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക അധികാരങ്ങളുപയോഗിച്ച് ഇളവുചെയ്ത് അദ്ദേഹത്തെ പൂര്‍ണമായും ജയിലില്‍നിന്നും സ്വതന്ത്രനാക്കിവിടണമെന്ന്. മകന്‍ ഗണേഷ്‌കുമാര്‍ അതിനുള്ള ന്യായങ്ങളും പറഞ്ഞു.

അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരുവര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ച ബാലകൃഷ്ണപിള്ളയെ അത്ര ലഘുവായി ജയിലില്‍നിന്നിറക്കിവിടാന്‍ കഴിയുമോ, കുറ്റവിമുക്തനാക്കി?

ഇവരൊക്കെ എന്താണ് കേരളത്തെക്കുറിച്ച് ധരിക്കുന്നത്. ഇത് വെള്ളരിക്കാപ്പട്ടണമാണോ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലിന്നോളം അഴിമതിക്ക് സുപ്രീംകോടതി ശിക്ഷിച്ച ഒരാളെപ്പോലും സംസ്ഥാനസര്‍ക്കാരുകള്‍ തങ്ങളുടെ വിവേചനാധികാരമുപയോഗിച്ച് ജയിലില്‍നിന്നിറക്കിവിട്ടിട്ടില്ല. ഇതിനുംപുറമെ ഇത്തരം ഒരപേക്ഷ സമര്‍പ്പിക്കാന്‍ ഒരാള്‍ അര്‍ഹനാകുന്നത് ശിക്ഷാകാലാവധിയുടെ മൂന്നിലൊന്നുകാലം ജയില്‍വാസമനുഭവിച്ചതിനുശേഷം മാത്രമാണ്. ഇപ്പോള്‍തന്നെ സര്‍ക്കാര്‍ വഴിവിട്ട് കൊടുക്കാവുന്നത്ര പരോള്‍ കൊടുത്തുകഴിഞ്ഞു.

എന്താണീ ധിക്കാരത്തിന്റെ അര്‍ഥം. അതു മറ്റൊന്നുമല്ല. തന്റെ മകന്റെ ഒരു വോട്ട് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നിലനില്‍പ്പിന് വളരെ പ്രധാനമാണ്. ഈ ഊറ്റത്തിന്റെ മുന്നില്‍ തലകുനിച്ചാല്‍ ഇവിടെ ജനാധിപത്യസംവിധാനമാകെ തകരും.

ഇതിനിടയില്‍ ചെയ്തുവച്ച മറ്റൊരുകാര്യം നോക്കൂ. പഞ്ചായത്ത്‌രാജ് നഗരപാലിക നിയമങ്ങള്‍ക്കു വഴിവച്ച സുപ്രസിദ്ധമായ ഭരണഘടനാഭേദഗതികള്‍ കൊണ്ടുവന്നത് അന്നത്തെ ഇന്ത്യന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നു. ഗ്രാമസ്വരാജ് എന്ന ഗാന്ധിയന്‍ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു അതുവഴി. ഫെഡറല്‍ സമ്പ്രദായത്തിനത് പുതിയ മാനംനല്‍കി, പുതിയ ഉള്ളടക്കവും.

പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍ പ്രാദേശിക സ്വയംഭരണം നടത്തുന്ന ഗവണ്‍മെന്റുകളാണ്. കേന്ദ്രം, സംസ്ഥാനങ്ങള്‍, അതിനുതാഴെ പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകള്‍. ഗ്രാമ-നഗരവികസനങ്ങള്‍ക്ക് അതിവിപുലമായ അധികാരവികേന്ദ്രീകരണവും ആ മാറ്റം വിഭാവനംചെയ്തു.

ഈ പുതിയ പ്രാദേശിക സ്വയംഭരണസര്‍ക്കാരുകളെ ശാക്തീകരിക്കുന്നതിന് അധികാരവും, സമ്പത്തും ഉദ്യോഗസ്ഥസംവിധാനവും നിയമപരമായുറപ്പാക്കി. ഭരണഘടന അതൊക്കെ ഗ്യാരണ്ടി ചെയ്തു.

ഈ സംവിധാനം ഇന്ത്യയില്‍ ഏറ്റവും മനോഹരവും ആകര്‍ഷകവും അത്ഥപൂര്‍ണവുമായി നടപ്പിലാക്കിയ ഒരു സംസ്ഥാനം നമ്മുടെ കേരളമാണ്. ജനകീയാസൂത്രണവും ജനപങ്കാളിത്തവുംകൊണ്ട് സമ്പന്നമാംവിധം ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടവിധത്തില്‍ നടപ്പിലാക്കുന്നതിനും ഫലപ്രദമായ ആസൂത്രണം വഴി ഗ്രാമീണജീവിതത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും കേരളത്തിലെ എല്‍ഡിഎഫ്‌സര്‍ക്കാര്‍ നന്നായി പരിശ്രമിച്ചു. വിജയിക്കുകയും ചെയ്തു. അന്ന് കേന്ദ്രത്തില്‍ പഞ്ചായത്ത്‌രാജ് മന്ത്രാലയത്തിന്റെ ചുമതലവഹിച്ചിരുന്ന മന്ത്രി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, ഈ കേരളപരീക്ഷണവിജയത്തെ പ്രകീര്‍ത്തിച്ചു. കേരള മോഡല്‍ ഇന്ത്യക്ക് മാതൃകയാക്കണമെന്ന് നിര്‍ദേശിച്ചു. അന്ന് അദ്ദേഹം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച പഞ്ചായത്ത്‌രാജിന്റെ പ്രവര്‍ത്തനത്തിനെക്കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ വിജയകരമായ മാതൃക ചൂണ്ടിക്കാണിച്ചത്. ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് മന്ത്രിസഭ ഈ രംഗത്തുചെയ്ത കാര്യം ആത്മഹത്യാപരമാണ്, നിരുത്തരവാദപരമാണ്.

പഞ്ചായത്ത്‌രാജ് സംവിധാനത്തിനുവേണ്ടി നടത്തിയ ഭരണഘടനാഭേദഗതി വിഭാവനംചെയ്ത അധികാരവികേന്ദ്രീകരണവും പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകള്‍, ജനപങ്കാളിത്തം ഉറപ്പുവരുത്തല്‍, തുടങ്ങി എല്ലാ മൗലിക സങ്കല്‍പങ്ങളെയും ഉമ്മന്‍ചാണ്ടി കാറ്റില്‍പറത്തി. പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളും ഗ്രാമ-നഗരവികസനത്തിനുംവേണ്ടി ഒരു മന്ത്രാലയമായിരുന്നു ഇവിടെ, അതിനെയാണ് മണിശങ്കര്‍ അയ്യര്‍ പുകഴ്ത്തിയത്.

ഉമ്മന്‍ചാണ്ടി ഈ വകുപ്പിനെ മൂന്നായി വെട്ടിക്കീറി മൂന്ന് മന്ത്രിമാരെ ഏല്‍പ്പിച്ചു. കൂടുതല്‍ എണ്ണം മന്ത്രിമാരെ തൃപ്തിപ്പെടുത്തി. വിമര്‍ശനം എല്ലാരംഗത്തുനിന്നും ഉയര്‍ന്നപ്പോള്‍ ഒരു സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്നിനെയും കോ ഓര്‍ഡിനേറ്റ്‌ചെയ്യാന്‍ മൂന്ന് മന്ത്രിമാരും, അവരുടെ സെക്രട്ടറിമാരും ചേരുന്ന പുതിയൊരു സംവിധാനം മുഖ്യമന്ത്രിയുടെ കീഴില്‍. എത്ര ഭ്രാന്തമായ സമീപനം.

ഒരു മന്ത്രിയെക്കൊണ്ടു നടത്താന്‍ ഇന്നലെ കഴിഞ്ഞിരുന്ന കാര്യങ്ങള്‍ കാണാന്‍, ഇനി മൂന്നു മന്ത്രിമാരെയും, അവരുടെ സെക്രട്ടറിമാരെയും മുഖ്യമന്ത്രിയെയും അദ്ദേഹം നിയമിക്കുന്ന മറ്റൊരു സെക്രട്ടറിയെയുംകൂടി കണ്ടാലേ നടക്കൂ. രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കുമുന്നില്‍ നിസ്സഹായനായിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ദയനീയാവസ്ഥയുടെ ഭീകരമായ ഒരു ചിത്രമാണിത്. ഈ ഭരണം ആര്‍ക്കുവേണ്ടി. ജനങ്ങള്‍ക്കുവേണ്ടിയോ, മന്ത്രിമാര്‍ക്കുവേണ്ടിയോ, രാഷ്ട്രീയദല്ലാളന്മാര്‍ക്കുവേണ്ടിയോ.

ഇന്ത്യയുടെ ചരിത്രത്തില്‍ ഭ്രാന്തമായ ഭരണപരിഷ്‌കാര നടപടികള്‍കൊണ്ട് ചരിത്രത്തില്‍ കുപ്രസിദ്ധിനേടിയ ഒരു ചക്രവര്‍ത്തിയുണ്ട്. മുഹമ്മദ് ബിന്‍ തുഗ്ലക്. ആ തുഗ്ലക്കിന്റെ മാതൃക കാട്ടിക്കൊണ്ട് കേരളത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുകയാണ് പാവം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ നില തികച്ചും സഹതാപാര്‍ഹമാണ്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ ചൂണ്ടിക്കാണിച്ചതുപോലെ.

'പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളെ സംബന്ധിച്ച ഈ വെട്ടിമുറിക്കല്‍ ഒരു പിന്തിരിപ്പന്‍ നടപടിയായിപ്പോയി എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പഞ്ചായത്തിരാജ്മന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍, ഉമ്മന്‍ചാണ്ടിയോട് പറഞ്ഞത് ഇതാണ്: 'അങ്ങയുടെ മേലുള്ള രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ എനിക്ക് മനസിലാകുന്നുണ്ട്. എന്നാല്‍ ഏറ്റവും നല്ലത് ഇവ ഒരു മന്ത്രാലയത്തിനുകീഴില്‍ കൊണ്ടുവരുന്നതുതന്നെയാണ്'.

കുഞ്ഞാലിക്കുട്ടിമാരുടെയും മാണിമാരുടെയും സമ്മര്‍ദ്ദത്തിനു വിധേയനായി കുഴയുന്ന ഉമ്മന്‍ചാണ്ടി മണിശങ്കര്‍ അയ്യരുടെ അനുഭവസമ്പന്നമായ ഉപദേശം ചെവിക്കൊള്ളുമോ? അറിയില്ല.

യുഡിഎഫ് കേരളജനതയുടെ താല്‍പര്യങ്ങള്‍ വിസ്മരിച്ച് സമ്മര്‍ദ്ദരാഷ്ട്രീയത്തിന്റെയും അധികാരദല്ലാളന്മാരുടെയും ഭീഷണിക്കു വഴങ്ങി നാടിനെയും ജനങ്ങളെയും നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.


*****


കാഴ്ചപ്പാട്/സി കെ ചന്ദ്രപ്പന്‍, കടപ്പാട്:ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുഡിഎഫ് കേരളജനതയുടെ താല്‍പര്യങ്ങള്‍ വിസ്മരിച്ച് സമ്മര്‍ദ്ദരാഷ്ട്രീയത്തിന്റെയും അധികാരദല്ലാളന്മാരുടെയും ഭീഷണിക്കു വഴങ്ങി നാടിനെയും ജനങ്ങളെയും നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.