ഇക്കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പ് എട്ടു വനിതകളെ വിജയത്തിന്റെ പാതയിലെത്തിച്ചു. ഇതില്‍ പി കെ ജയലക്ഷ്മിയുടെ മോചനത്തിന് കൂടുതല്‍ ശോഭയുണ്ട്. കാരണം പി കെ ജയലക്ഷ്മി തന്റെ ഇരുളടഞ്ഞ വനഗ്രാമത്തില്‍ നിന്ന് മോചനത്തിന്റെ വഴി കണ്ടെത്തുകയായിരുന്നു. സഹഗാമികളെ അപേക്ഷിച്ചു ജയലക്ഷ്മിയുടെ പാത ഇരുളടഞ്ഞതും ദിശാമുഖമില്ലാത്തതും പട്ടിണിയുടെയും ജീവിത ക്ലേശങ്ങളുടെയും മുള്ള് നിറഞ്ഞതുമായിരുന്നു. എന്നിട്ടും അവര്‍ പഠിച്ചു കോളജിലെത്തി. കല്ലും മുള്ളും ചെളിയും കാടും നിറഞ്ഞ വനവഴികളുടെ ഇടുക്കില്‍നിന്ന് അവര്‍ വയനാടന്‍ പട്ടണമായ മാനന്തവാടിയിലെത്തി, പിന്നെ നേരെ തലസ്ഥാന നഗരത്തിലെ മന്ത്രിയായി. ഇതൊരു ജീവിതഗാഥയുടെ ചിത്രമാണ്. മറ്റാര്‍ക്കും ഇതിന്നു മുമ്പ് കേരളം വെളിപ്പെടുത്താത്തത്. ആരാണിവര്‍ക്ക് തുണയായത്? സ്വന്തം ഗ്രാമജീവിതത്തില്‍ നിന്ന് ലഭിച്ച പിന്തുണ ജന്മസിദ്ധമായ ഉല്‍ക്കര്‍ഷേച്ഛ. പിന്നെ ജനാധിപത്യ സമ്പ്രദായവും. ജനാധിപത്യത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നത് ഇത്തരം അടിസ്ഥാനവര്‍ഗ പ്രതിനിധികള്‍ ഭരണാലയത്തിലെത്തുമ്പോഴാണ്. അപ്പോള്‍ മാത്രമെന്ന് കൂടി ഇന്നത്തെ ചുറ്റുപാടില്‍ പറയേണ്ടിവരുന്നു. മികച്ച വിദ്യാഭ്യാസവും ഉന്നതകുലത്തിലെ ജനനവും വമ്പിച്ച സ്വത്തും ധനവുമൊന്നും ഒരുന്നത ജനാധിപത്യ നായകനെ സമ്മാനിക്കുന്നില്ല എന്നത് ഇന്ത്യാ രാജ്യത്തിന്റെ ആധുനിക അനുഭവമായിത്തുടരുകയാണ്. പി കെ ജയലക്ഷ്മിയുടെ വഴിയിലൂടെ സഞ്ചരിക്കുന്ന കനിമൊഴിയെ നാം അവരുമായി ഒത്തുനോക്കുക. ജനാധിപത്യത്തിന്റെ പാത ചിലപ്പോള്‍ അല്ല പലപ്പോഴും മലിനവും ക്രൂരവുമാണെന്നതാണ് നമ്മുടെ അനുഭവപാഠം. ജയലക്ഷ്മിയുടെ ഒറ്റയടിപ്പാത അത്ര കണ്ടു മലിനമാവാനിടയില്ല. അവരുടെ മുഖത്തെ നിലാവ് വെളിപ്പെടുത്തുന്നത് ഒരു ശുദ്ധ ഗ്രാമീണമനസാണ്. അവരുടെ ഗോത്രത്തനിമ, ലാളിത്യം- കാപട്യമില്ലായ്മ, ഉറച്ചശബ്ദം-ഇതെല്ലാം നല്ല ലക്ഷണമാണ്.
രാഷ്ട്രീയത്തിലേയ്ക്കും അധികാരസ്ഥാനത്തേയ്ക്കും പ്രവേശിക്കുന്ന ഇന്ത്യന്‍ സ്ത്രീ-മോചനത്തിന്റെ വഴിയാണ് ആദ്യം തേടുക, കാരണം പല സിദ്ധികളുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ഗ്രാമീണ-നഗര വനിതകളെല്ലാം പലതരം തടവറയിലാണ് ജീവിക്കുന്നത്. അവരുടെ ഉപരിവിദ്യാഭ്യാസമോ പരിഷ്‌കൃത ജീവിതശൈലിയോ നിറഞ്ഞ കുടുംബബന്ധങ്ങളോ അവരെ സ്വത്വാന്വേഷണത്തിന്റെ പാതയെപ്പറ്റി ചിന്തിപ്പിക്കുന്നില്ല. ഇന്ത്യാരാജ്യത്ത് ഈ തിരഞ്ഞെടുപ്പ് മൂന്ന് പ്രധാന വനിതാ ഭരണാധികാരികളെ മുന്നോട്ടു നിര്‍ത്തിയിരിക്കുന്നു. അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിറം ഏതോ ആവട്ടെ, അവര്‍ നമ്മുടെ പ്രത്യക്ഷത്തിലുണ്ട് എന്നതാണ് പ്രധാനം. ജയലളിത, ചെന്നൈ പട്ടണത്തിലെ അഴിമതിഗോത്രത്തിന്റെ താവഴിക്കു കത്തിവച്ചു. ബംഗാളില്‍ ക്രമത്തിലധികം ദീര്‍ഘമായൊരു ഏകകക്ഷി ഭരണത്തിന്നു താല്‍ക്കാലികമായെങ്കിലും മാറ്റംവരുത്തി. കേരളത്തില്‍ വനാന്തരത്തില്‍ ഉപജീവനം തേടുന്ന ഒരു പെണ്‍കുട്ടി, പറ്റിയ സന്ദര്‍ഭത്തില്‍ രാഷ്ട്രീയരംഗപ്രവേശം നടത്തുകമാത്രമല്ല, തന്നെ കണ്ടില്ലെന്നു നടിച്ചു നഗരപാതയിലുപേക്ഷിച്ചു പോകാന്‍ തുനിഞ്ഞ രാഷ്ട്രീയ പാര്‍ട്ടിയെക്കൊണ്ടു അംഗീകരിപ്പിച്ചു. വെറും ഭാഗ്യംകൊണ്ടു ഒരു യുവതിക്ക് ഇവിടെയൊരു സീറ്റുപോലും ലഭിക്കില്ല. അവരുടെ ഇച്ഛാശക്തിയൊന്നാണ് നിയമസഭയിലേയ്ക്കും മന്ത്രിക്കസേരയിലേയ്ക്കും നയിച്ചത്. ഗ്രാമീണ ജീവിത ക്ലേശങ്ങളോടു നേര്‍ക്കുനേര്‍ പോരാടിക്കൊണ്ട്, രണ്ടു തവണ അവര്‍ തവിഞ്ഞാല്‍ കാട്ടുപ്രദേശത്തെ പഞ്ചായത്തിലെ ഭരണാധികാരികളിലൊരാളായി. അയല്‍ഗ്രാമങ്ങളെക്കൂടി അവര്‍ തന്റേടം കൊണ്ടും കര്‍മകുശലതയാലും കീഴടക്കി. പല അംഗങ്ങളുള്ള ഒരു ഗോത്ര കുടുംബത്തിലെ ജീവിതം അവരില്‍ സാമൂഹിക ചിന്തയും ദിശാബോധവും വളര്‍ത്തി. അവരെ വയനാട്ടിലെ സര്‍വമനുഷ്യരുടെയും പേരില്‍ ഞാന്‍ അഭിനന്ദിക്കുന്നു. കേരളത്തിലെ സ്ത്രീകളുടെ വിമോചനത്തിന്റെ വഴിയിലേയ്ക്കു കടന്നുവരുന്ന അവരെ എല്ലാവരും സ്വാഗതം ചെയ്യുന്നു.
അവര്‍ക്കു അപരിചിതമായ പല വിഘ്‌നങ്ങളെയും നേരിടാനുണ്ടാവും. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും മുന്‍ മന്ത്രി ശ്രീമതി അനുഭവിച്ച യാതനകളെല്ലാം മാധ്യമങ്ങള്‍ കേരളീയരുടെ മുമ്പില്‍ തുറന്നിട്ടിരുന്നു. അവര്‍ക്ക് അതിശക്തമായ പലതരം ലോബികളോടു യുദ്ധം ചെയ്യേണ്ടിവന്നു. പല എതിരാളികളും അവര്‍ തോല്‍ക്കും തോറ്റു തൊപ്പിയിടും എന്നു കാത്തിരുന്നു. ലക്ഷക്കണക്കിനു രൂപ പൊലിച്ചു ഡാക്ടര്‍ ബിരുദം നേടിയവരിലൊരാള്‍, ഒരു ചികിത്സകന്‍, മലയാളത്തിലെ ഒരു പ്രമുഖ വാരികയില്‍, ''ഒരു വെറും പ്രൈമറി സ്‌കൂള്‍ ടീച്ചറായ'' ശ്രീമതി ഡാക്ടറന്മാരോടു യുദ്ധം ചെയ്യുകയോ എന്നു പുച്ഛിച്ചെഴുതി. സ്ത്രീപീഡനക്കാരുടെ വക്താക്കള്‍ അവരുടെമേല്‍ അപവാദ കഥകള്‍ ചൊരിഞ്ഞു. ടീച്ചറായാലും ഡാക്ടറായാലും മന്ത്രിയായാലും ഇവിടുത്തെ സമൂഹം എങ്ങനെ സ്ത്രീകളുടെ പതനത്തിനു ശ്രമിക്കുന്നു, അതിന്നു എന്തുപായം സ്വീകരിക്കുന്നു എന്നു നാം കണ്ടും കേട്ടും അറിഞ്ഞു. ഒരുപക്ഷേ മന്ത്രി പി കെ ജയലക്ഷ്മിക്കു അത്തരം അനുഭവമൊന്നും നേരിടേണ്ടിവരില്ലായിരിക്കാം. അവര്‍ തീയില്‍ കാഞ്ഞു വളര്‍ന്ന യുവതിയാണ്. ഗോത്രജനത്തിന്റെ ഉള്‍ക്കരുത്ത് അവര്‍ക്ക് സ്വയംസിദ്ധമാണ്. ലാളിത്യം അവരുടെ വെളിച്ചവും മാര്‍ഗ്ഗവുമാണ്. ധനത്തോടു ആര്‍ത്തിയില്ലായ്മ അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. പുറംലോകത്തേയ്ക്കു പ്രവേശിക്കുക, അവിടെ ഇരുട്ടിന്നു പകരം വെളിച്ചമുണ്ടായിരിക്കുക, സമചിത്തതയും ജീവകാരുണ്യവുമുള്ള കുറെ മനുഷ്യരെങ്കിലും ഈ തുറന്ന ലോകത്തു ഉണ്ടായിരിക്കുക എന്നിവയെല്ലാം അവരുടെ സ്വാഭാവിക ആഗ്രഹമായിരിക്കും. വയനാടന്‍ കാടുകളില്‍ അവര്‍ക്കു പരിചയം, അകവും പുറവും ഒരുപോലെ കപടരഹിതമായ മൃഗങ്ങളേയും നന്‍മമാത്രം നല്‍കുന്ന സസ്യലതാദികളേയുമാണ്. മനുഷ്യരൂപമുള്ള നരാധമന്‍മാരെ അവര്‍ക്കു പരിചയം കാണില്ല. അവരുടെ ലളിതമായ ഭവനങ്ങള്‍ക്കകത്ത് കാരാഗൃഹമില്ല. നഗരഭവനങ്ങളും നഗരജീവിതവും തടവറയുടെ സ്വഭാവമുള്ളതാണെന്ന് അവര്‍ പക്ഷെ ചാനലുകളിലൂടെ മനസിലാക്കിയിരിക്കും.
എന്തായാലും കേരളത്തിന്റെ ഭരണവഴിയില്‍ അവരൊരു പുതുസാന്നിധ്യമാണ്. അവരുടെ ശ്രേയസിനെച്ചൊല്ലി വയനാടിന്റെ മക്കളെല്ലാം ആഹ്ലാദിക്കുന്നുണ്ടാവും. അതിന്നിടയ്ക്ക് അവര്‍ സി കെ ജാനുവിനെയും ഓര്‍ക്കും. സി കെ ജാനു ദുഷിച്ച രാഷ്ട്രീയത്തിന്റെ പിടിയിലായതെങ്ങനെയെന്നും എങ്ങനെ സ്വന്തം സമൂഹത്തില്‍ നിന്നു അന്യവല്‍ക്കരിക്കപ്പെട്ടുവെന്നും ജയലക്ഷ്മി ഇതിന്നകം അറിഞ്ഞുകാണും. ജാനുവിന്നു വഴിതെറ്റിയെതെങ്ങനെ? ആര് അവരുടെ വഴിക്കു കുറുകെ നിന്നു എന്നെല്ലാം കാലം പുറകെ തെളിയിക്കും. ഒരുപക്ഷെ പി കെ ജയലക്ഷ്മി ജാനുവിനെന്നല്ല, വയനാട്ടിലെ നൂറു കണക്കിനു സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ടി മോചനത്തിന്റെ പാത വെട്ടിത്തെളിയിക്കും. ഒരു ജനതയെ എല്ലാകാലത്തും ചരിത്രകാലത്തെ ഫോസിലായി മാറ്റാന്‍ ആധുനിക ലോകം അനുവദിക്കയില്ല. ജാനുവിനു പുറകെയെത്തിയ പി കെ ജയലക്ഷ്മി ഒരു തിളങ്ങുന്ന നിമിത്തം. അവരെ അഭിനന്ദിക്കുക. വിജയം അവര്‍ക്കൊപ്പം ഉണ്ടാവട്ടെ. അവര്‍ വേരുകള്‍ മറക്കാതെയുമിരിക്കട്ടെ!
*
പി വത്സല ജനയുഗം 010611
Wednesday, June 1, 2011
Subscribe to:
Post Comments (Atom)
2 comments:
ഇക്കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പ് എട്ടു വനിതകളെ വിജയത്തിന്റെ പാതയിലെത്തിച്ചു. ഇതില്‍ പി കെ ജയലക്ഷ്മിയുടെ മോചനത്തിന് കൂടുതല്‍ ശോഭയുണ്ട്. കാരണം പി കെ ജയലക്ഷ്മി തന്റെ ഇരുളടഞ്ഞ വനഗ്രാമത്തില്‍ നിന്ന് മോചനത്തിന്റെ വഴി കണ്ടെത്തുകയായിരുന്നു. സഹഗാമികളെ അപേക്ഷിച്ചു ജയലക്ഷ്മിയുടെ പാത ഇരുളടഞ്ഞതും ദിശാമുഖമില്ലാത്തതും പട്ടിണിയുടെയും ജീവിത ക്ലേശങ്ങളുടെയും മുള്ള് നിറഞ്ഞതുമായിരുന്നു. എന്നിട്ടും അവര്‍ പഠിച്ചു കോളജിലെത്തി. കല്ലും മുള്ളും ചെളിയും കാടും നിറഞ്ഞ വനവഴികളുടെ ഇടുക്കില്‍നിന്ന് അവര്‍ വയനാടന്‍ പട്ടണമായ മാനന്തവാടിയിലെത്തി, പിന്നെ നേരെ തലസ്ഥാന നഗരത്തിലെ മന്ത്രിയായി. ഇതൊരു ജീവിതഗാഥയുടെ ചിത്രമാണ്. മറ്റാര്‍ക്കും ഇതിന്നു മുമ്പ് കേരളം വെളിപ്പെടുത്താത്തത്. ആരാണിവര്‍ക്ക് തുണയായത്? സ്വന്തം ഗ്രാമജീവിതത്തില്‍ നിന്ന് ലഭിച്ച പിന്തുണ ജന്മസിദ്ധമായ ഉല്‍ക്കര്‍ഷേച്ഛ. പിന്നെ ജനാധിപത്യ സമ്പ്രദായവും. ജനാധിപത്യത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നത് ഇത്തരം അടിസ്ഥാനവര്‍ഗ പ്രതിനിധികള്‍ ഭരണാലയത്തിലെത്തുമ്പോഴാണ്. അപ്പോള്‍ മാത്രമെന്ന് കൂടി ഇന്നത്തെ ചുറ്റുപാടില്‍ പറയേണ്ടിവരുന്നു. മികച്ച വിദ്യാഭ്യാസവും ഉന്നതകുലത്തിലെ ജനനവും വമ്പിച്ച സ്വത്തും ധനവുമൊന്നും ഒരുന്നത ജനാധിപത്യ നായകനെ സമ്മാനിക്കുന്നില്ല എന്നത് ഇന്ത്യാ രാജ്യത്തിന്റെ ആധുനിക അനുഭവമായിത്തുടരുകയാണ്. പി കെ ജയലക്ഷ്മിയുടെ വഴിയിലൂടെ സഞ്ചരിക്കുന്ന കനിമൊഴിയെ നാം അവരുമായി ഒത്തുനോക്കുക. ജനാധിപത്യത്തിന്റെ പാത ചിലപ്പോള്‍ അല്ല പലപ്പോഴും മലിനവും ക്രൂരവുമാണെന്നതാണ് നമ്മുടെ അനുഭവപാഠം. ജയലക്ഷ്മിയുടെ ഒറ്റയടിപ്പാത അത്ര കണ്ടു മലിനമാവാനിടയില്ല. അവരുടെ മുഖത്തെ നിലാവ് വെളിപ്പെടുത്തുന്നത് ഒരു ശുദ്ധ ഗ്രാമീണമനസാണ്. അവരുടെ ഗോത്രത്തനിമ, ലാളിത്യം- കാപട്യമില്ലായ്മ, ഉറച്ചശബ്ദം-ഇതെല്ലാം നല്ല ലക്ഷണമാണ്.
ശ്രീമതി അത്റ മഹതി ആയിരുന്നെങ്കില്‍ പിന്നെന്താ പാറ്‍ട്ടി സീെറ്റ് കൊടുക്കാഞ്ഞത്?
Post a Comment