Sunday, May 15, 2011

വിലകള്‍ ആശങ്കാജനകമാംവിധം ഉയരും

സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പം, കറന്‍സിയുടെ ലഭ്യത എന്നീ മൂന്നു ഘടകങ്ങളും തമ്മില്‍ സന്തുലനം കൈവരിക്കുക നയരൂപീകരണമേഖലയിലുള്ളവരെ കുഴയ്ക്കുന്നൊരു പ്രശ്‌നമാണ്. പലിശനിരക്കുകളില്‍ മാറ്റം വരുത്തുന്നതില്‍ കര്‍ക്കശമായ നിലപാടുകളെടുക്കുക റിസര്‍വ് ബാങ്കിനെ സംബന്ധിച്ചിടത്തോളം പണപ്പെരുപ്പം നിയന്ത്രണം ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. അതേസമയം, പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ സാമ്പത്തികവളര്‍ച്ച ഉറപ്പാക്കുക കൂടി വേണം.

2011 ഏപ്രില്‍ 15ന് അവസാനിച്ച വാരത്തില്‍, വിപണിക്ക് നേരിടേണ്ടി വന്ന പ്രതികൂല ഘടകം മൊത്ത വിലസൂചികയിലുണ്ടായ അപ്രതീക്ഷിത വര്‍ധനവായിരുന്നു. 2011-12 ധനകാര്യവര്‍ഷത്തില്‍ മാര്‍ച്ച് മാസം വരെ മൊത്ത വിലസൂചികയിലുണ്ടായ ശരാശരി വര്‍ധന പത്ത് ശതമാനത്തോളമായിരുന്നു. ഈ വര്‍ധന തുടക്കത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളെ മാത്രമാണ് ബാധിച്ചിരുന്നതെങ്കില്‍, പിന്നീട് ഇത് ഭക്ഷ്യേതര ഉല്‍പ്പനങ്ങളെ കൂടി ബാധിച്ചിരിക്കുകയാണ്.

വ്യാവസായികോല്‍പ്പാദന മേഖലയിലെ പണപ്പെരുപ്പനിരക്ക് ധനകാര്യവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ 1.4 ശതമാനമായിരുന്നു. ഇപ്പോള്‍ ഈ നിരക്ക് ഏഴു ശതമാനത്തിലെത്തി നില്‍ക്കുകയാണ്. ഇതിന് പുറമെ ഭക്ഷ്യ പണപ്പെരുപ്പവും കൂടി ചേര്‍ന്നതോടെ 2011 ഫെബ്രുവരി-മാര്‍ച്ച് കാലയളവില്‍ മൊത്തം പണപ്പെരുപ്പനിരക്ക് പത്ത് ശതമാനത്തോളമായി. അതായത്, ശരാശരി വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ആറുശതമാനത്തോളമാണെന്നും കാണുന്നു. ഈ തോത് തികച്ചുംഅപ്രതീക്ഷിതവും ആശങ്കാജനകവുമാണ്. കാരണം, സമീപകാലം വരെ നമ്മുടെ പ്രതീക്ഷ പണപ്പെരുപ്പനിരക്കില്‍ ക്രമേണ കുറവുണ്ടാകുമെന്നായിരുന്നു. കാര്‍ഷികോല്‍പ്പാദനത്തിലുണ്ടായെന്ന് അവകാശപ്പെടുന്ന വര്‍ധന ഭക്ഷ്യവിലനിലവാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിന്റെ ഫലം കൂടിയായിരുന്നു ഈ പ്രതീക്ഷ. ഭക്ഷ്യേതര ഉല്‍പ്പാദനമേഖലയിലെ പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിലെത്തിയതോടെ ഇത്തരം കണക്ക് കൂട്ടലുകളെല്ലാം അസ്ഥാനത്താവുകയായിരുന്നു. ഇതോടെ, ഭക്ഷ്യ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നതിന് പുറമെ, നിക്ഷേപമേഖലയിലെ തളര്‍ച്ച കൂടിയായപ്പോള്‍ വളര്‍ച്ചാരംഗത്ത് അപകടസാധ്യതകള്‍ കൂടുതല്‍ പ്രകടമായി തീരാനും ഇടയാക്കി.

ആഗോള വിപണിയില്‍ ചരക്കുകളുടെ വിലനിലവാരം അഭൂതപൂര്‍വമായ തോതിലാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇക്കൂട്ടത്തില്‍ വ്യാവസായികാവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത എണ്ണ അടക്കമുള്ള ചരക്കുകളും ഉള്‍പ്പെടുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിക്ഷേപകാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നത് ഉറപ്പാണ്. വിലവര്‍ധന ഡിമാന്റിനേയും പ്രതികൂലമായി ബാധിക്കാതിരിക്കില്ല. അപ്പോള്‍ സ്വാഭാവികമായും സ്വകാര്യനിക്ഷേപകര്‍ മൂലധന ചെലവ് ഇതിനനുസൃതമായ തോതില്‍ കുറയ്ക്കുകയും ചെയ്യും. ചുരുക്കത്തില്‍ പുതിയ നിക്ഷേപം നടക്കില്ലെന്നു മാത്രമല്ല, നിലവിലുള്ള നിക്ഷേപത്തില്‍ വെട്ടിക്കുറവ് വരുത്തുകയും ചെയ്യുമെന്നത് ഉറപ്പാണ്. അതോടെ വളര്‍ച്ചാനിരക്കും കുറയും. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്‍പ്പന്നത്തിന്റെ വര്‍ധന എട്ടു ശതമാനത്തിലേറെയാകാന്‍ സാധ്യത കാണുന്നില്ല.

ഇത്തരം സാഹചര്യങ്ങളിലാണ് റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മുന്‍കാലങ്ങളില്‍ സ്വീകരിച്ചുവന്നിരുന്ന നിസാരമായ നടപടികള്‍ക്കു പകരം കര്‍ക്കശമായ നടപടികള്‍ക്ക് നീങ്ങിയിരിക്കുന്നത്. 2010 മാര്‍ച്ച് മുതല്‍ എട്ടു തവണകളായി പലിശ നിരക്കുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന വര്‍ധനവുകള്‍ വെറും 'ബേബി സ്റ്റെപ്പുകള്‍' മാത്രമായിരുന്നെങ്കില്‍, ഏറ്റവുമൊടുവിലത്തെ ഇടപെടലും പലിശനിരക്ക് പരിഷ്‌കരണവും ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ഇതിന് മുമ്പ് മാര്‍ച്ച് 2010 മുതല്‍ 25 പോയിന്റുകള്‍ വീതം എട്ടുതവണകളാക്കി റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തുകയാണ് ആര്‍ ബി ഐ ചെയ്തതെങ്കില്‍ ഇക്കുറി 50 പോയിന്റുകള്‍ ഒറ്റയടിക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതായത് ആര്‍ ബി ഐ കമേഴ്‌സ്യല്‍ ബാങ്കുകള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പാനിരക്കും (റിപ്പോ നിരക്ക്) ആര്‍ ബി ഐ മറ്റു ബാങ്കുകളില്‍ നിന്നും വാങ്ങുന്ന ഹ്രസ്വകാലാ വായ്പാനിരക്കും (റിവേഴ്‌സ് റിപ്പോ നിരക്ക്) യഥാക്രമം 7.25 ശതമാനവും 6.25 ശതമാനവും വീതമായിരിക്കുന്നു.

ഈ നയം മാറ്റത്തിന്റെ ലക്ഷ്യം രണ്ടാണ്. ഒന്ന്, പണപ്പെരുപ്പ നിയന്ത്രണത്തിനാണ് ആര്‍ ബി ഐയുടെ മുന്‍ഗണനാപട്ടികയില്‍ ഒന്നാംസ്ഥാനം എന്ന് സ്ഥാപിച്ചെടുക്കുക. രണ്ട്, മൊത്തം ആഭ്യന്തരോല്‍പ്പന്ന(ജി ഡി പി)ത്തിന്റെ വളര്‍ച്ച അടി തെറ്റിപ്പോവില്ലെന്ന് ഉറപ്പാക്കുക. അതേ അവസരത്തില്‍ വിപണിയേയും സാമ്പത്തിക വിദഗ്ധരേയും തീര്‍ത്തും അത്ഭുതപ്പെടുത്തിയൊരു തീരുമാനമായിരുന്നു ഇത്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയപ്പോഴും ബാങ്ക് നിരക്കിലോ ധന കരുതല്‍ ശേഖര അനുപാത(സി ആര്‍ ആര്‍)ത്തിലോ നേരിയ മാറ്റം പോലും വരുത്താതിരുന്നത് പണത്തിന്റെ ഒഴുക്കും ലഭ്യതയും തടസ്സപ്പെടാതിരിക്കുന്നതിന് വേണ്ടിയാണെന്നും അനുമാനിക്കാം. ഇത്തരം നടപടികളുടെ ഫലമായി ബാങ്കുകള്‍, ആര്‍ ബി ഐയില്‍ നിന്നും വാങ്ങുന്ന പണത്തിന് ഉയര്‍ന്ന പലിശനിരക്ക് നല്‍കേണ്ടി വരുമെന്നതിനാല്‍ ഭവനങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍ തുടങ്ങിയവയ്ക്കും ഉപഭോഗാവശ്യങ്ങള്‍ക്കും വായ്പ വാങ്ങുന്നവര്‍ അധികഭാരം പേറേണ്ടി വരും. അതേ അവസരത്തില്‍ ജി ഡി പി വര്‍ധന താളം തെറ്റാതിരിക്കണമെന്ന ഉദ്ദേശ്യം നടക്കില്ലെന്ന് മാത്രമല്ല, വളര്‍ച്ചാനിരക്കില്‍ നേരിയ ഇടിവുണ്ടാവുകയും ചെയ്യും. ഇതിന് പുറമെ ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയ്ക്ക് കനത്ത തോതിലുള്ള ഒരു തിരിച്ചടിയും പുതിയ വായ്പാനയത്തിന്റെ ഫലമായി ഉണ്ടാകുമെന്ന് ഉറപ്പായിട്ടുമുണ്ട്. നിക്ഷേപനിരക്കിനെ ഈ നയം പ്രതികൂലമായി ബാധിക്കുമെന്നതിനാലാണിത്. പ്രതീക്ഷിച്ചതിലുമേറെ ഉയര്‍ന്നനിരക്കുകളില്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടത് കാന്‍സര്‍ കണക്കെ വളര്‍ന്ന് വ്യാപിച്ച പണപ്പെരുപ്പമെന്ന വ്യാധി കീമോ തെറാപ്പിയിലൂടെ പ്രതിരോധിക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിന്റെ ഭാഗമാണെന്നു കരുതുന്നതിലും തെറ്റില്ല.

ഭക്ഷ്യപണപ്പെരുപ്പം തടഞ്ഞുനിര്‍ത്തുന്നതിന് എത്ര കര്‍ക്കശമായ നടപടികള്‍ എടുത്താലും അതില്‍ അപാകതയില്ല. ഏഷ്യന്‍ വികസന ബാങ്ക് 2011 ഏപ്രില്‍ 26 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടത് ഭക്ഷ്യധാന്യങ്ങളുടെ രൂക്ഷമായ വിലവര്‍ധന ഏഷ്യന്‍ മേഖലയിലെ ജനതയെ മൊത്തത്തിലും ഇന്ത്യന്‍ ജനതയെ വിശേഷിച്ചും കടുത്ത ദാരിദ്ര്യത്തിലകപ്പെടുത്തുമെന്നു മാത്രമല്ല, സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ഏഷ്യന്‍ മേഖലാരാജ്യങ്ങള്‍ ഇപ്പോള്‍ വഹിക്കുന്ന നേതൃത്വപരമായ പങ്കിനെ പ്രതികൂലമായി ബാധിക്കുമെന്നുമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ മേഖലാരാജ്യങ്ങളില്‍ 2011 ന്റെ ആദ്യത്തെ രണ്ട് മൂന്ന് മാസങ്ങള്‍ക്കിടയില്‍ ശരാശരി ഭക്ഷ്യവിലവര്‍ധന പത്ത് ശതമാനത്തോളമായിരുന്നു എന്ന് നമുക്കറിയാം. ആഗോള വിലനിലവാരമാണെങ്കില്‍ 30 ശതമാനത്തിലേറെയുമായിരുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഏഷ്യന്‍ ജനസംഖ്യ(330 കോടി)യുടെ രണ്ട് ശതമാനത്തോളം പേരെ 640 ലക്ഷം - കൂടുതലായി ദാരിദ്ര്യരേഖയ്ക്കുതാഴെ തള്ളിവിടുമെന്നത് നിസ്തര്‍ക്കമാണ്. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ശരാശരി പ്രതിദിന വരുമാനം 1.25 ഡോളര്‍ മാത്രമാണെന്ന വസ്തുത ഇതുമായി ചേര്‍ത്തു കാണുകയും വേണം.

ഇന്ത്യയിലെ ഭക്ഷ്യപണപ്പെരുപ്പത്തിനിടയാക്കിയ സാഹചര്യങ്ങള്‍ ഏതു തന്നെയായാലും അവ പരിഹരിച്ചേ തീരു. സപ്ലൈയും വിതരണവുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങള്‍ അടിയന്തിരമായ സ്റ്റേറ്റ് ഇടപെടലുകളിലൂടെ, ഭക്ഷ്യധാന്യ ഇറക്കുമതിയെങ്കില്‍ അതങ്ങനെ, കൈകാര്യം ചെയ്യുന്നതോടൊപ്പം ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്താനുള്ള മധ്യകാല-ദീര്‍ഘകാല നടപടികളും അനിവാര്യമാണ്. എഫ് സി ഐ യുടെ ധാന്യപ്പുരകളില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ സംവിധാനത്തിലൂടെ പാവപ്പെട്ട ജനതക്കെത്തിക്കാനുള്ള മനുഷ്യത്വപരമായ സമീപനം യു പി എ ഭരണകൂടത്തിനില്ലെന്നതും ഒരു യാഥാര്‍ഥ്യമായി അവശേഷിക്കുന്നു.

ആര്‍ ബി ഐ 2010-11 ല്‍ പ്രതീക്ഷിച്ചിരുന്ന എട്ട് ശതമാനം പണപ്പെരുപ്പ നിരക്കാണ് ഇതിനകം പത്ത് ശതമാനത്തിലേറെ എത്തിയിരിക്കുന്നതെന്നോര്‍ക്കുക. ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വിലനിലവാരം, വിശിഷ്യാ എണ്ണയുടെ ആഗോളതല വിലവര്‍ധനക്കു പുറമെ, അടിക്കടി പുതിയ തലങ്ങളിലേക്കു കടക്കുമെന്നതാണ് പൊതുവായ വിലയിരുത്തല്‍. ഡീസലിന്റെയും പെട്രോളിയത്തിന്റെയും തുടര്‍ച്ചയായ വിലവര്‍ധന ആഭ്യന്തര വിപണിവിലകളെ ഒരിക്കലും താഴോട്ട് നയിക്കില്ലെന്നുവേണം കരുതാന്‍. ഈ രണ്ടു ഇന്ധന വിഭവങ്ങള്‍ക്കും അത്രയേറെ ശൃംഖലാ പ്രത്യാഘാതങ്ങളാണുളവാക്കാന്‍ കഴിയുക. ചുരുക്കത്തില്‍ നടപ്പു ധനകാര്യവര്‍ഷാവസാനത്തോടെ ആഭ്യന്തര വിലനിലവാരം ആറ് ശതമാനത്തിലേക്കെത്തിക്കാന്‍ കഴിയുമെന്നു റിസര്‍വ് ബാങ്കിന്റെ കണക്കൂട്ടല്‍ അസ്ഥാനത്തായിരിക്കുമെന്ന് കരുതുന്നതാവും ശരിയായിരിക്കുക.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഡിമാന്റിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദം തടയാന്‍ ലക്ഷ്യമിട്ടുള്ള ഏതു നടപടിയും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാതിരിക്കില്ല. വളര്‍ച്ചാനിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ ദീര്‍ഘകാല നേട്ടങ്ങളുണ്ടാക്കാനും സാധ്യമാകൂ. അതായത് വിലക്കയറ്റം സൃഷ്ടിക്കുന്ന ഹ്രസ്വകാല പ്രതികൂല സാഹചര്യങ്ങള്‍ ജനങ്ങള്‍ സഹിച്ചേ തീരൂ എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.


*****


പ്രൊഫ. കെ അരവിന്ദാക്ഷന്‍, കടപ്പാട്: ജനയുഗം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പം, കറന്‍സിയുടെ ലഭ്യത എന്നീ മൂന്നു ഘടകങ്ങളും തമ്മില്‍ സന്തുലനം കൈവരിക്കുക നയരൂപീകരണമേഖലയിലുള്ളവരെ കുഴയ്ക്കുന്നൊരു പ്രശ്‌നമാണ്. പലിശനിരക്കുകളില്‍ മാറ്റം വരുത്തുന്നതില്‍ കര്‍ക്കശമായ നിലപാടുകളെടുക്കുക റിസര്‍വ് ബാങ്കിനെ സംബന്ധിച്ചിടത്തോളം പണപ്പെരുപ്പം നിയന്ത്രണം ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. അതേസമയം, പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ സാമ്പത്തികവളര്‍ച്ച ഉറപ്പാക്കുക കൂടി വേണം.

*free* views said...

Off topic:

Can someone please check the Wikipedia pages related to communist struggles - For example look at Punnapra Vaylar - Right wing goons are defacing wikipedia pages to rewrite history the way it suits them. There should be concrete action to restore the history the way it is without bias.