Sunday, May 29, 2011

പെട്രോള്‍ വിലവര്‍ധന വിലക്കയറ്റത്തിന്റെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍

പെട്രോള്‍ വിലവര്‍ധന വിലക്കയറ്റത്തിന്റെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍

2010 ജൂണ്‍മാസത്തില്‍ വിലനിര്‍ണ്ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിനുശേഷം ഇതുവരെയുള്ള പതിനൊന്നുമാസത്തിനിടയില്‍ 11 തവണയാണ് പെട്രോളിന്റെ വിലകൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വിലകൂടുന്നു എന്നതാണ് ഇവിടെ വില കയറ്റാനുള്ള ന്യായമായിപ്പറയുന്നത്. അന്താരാഷ്ട്രവിലയേക്കാള്‍ ഒമ്പതര മുതല്‍ പത്തുരൂപവരെകുറവാണ് ഇവിടെ പെട്രോളിന്റെ വില എന്ന് കമ്പനികള്‍ വാദിക്കുന്നു. ആ നിരക്കില്‍ വിലകൂട്ടാനാണ് കമ്പനികള്‍ തീരുമാനിച്ചിരുന്നതെങ്കിലും ജനരോഷത്തെഭയന്ന് അഞ്ചുരൂപ കൂട്ടാനാണ് സര്‍ക്കാര്‍ അനുമതിനല്‍കിയത്. അധികംവൈകാതെ പെട്രോളിന്റെ വില ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കാം. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനാണ് പെട്രോളിന്റെ വില ലിറ്ററിന് അഞ്ചരൂപവീതം എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതിനുപിന്നിലെ രാഷ്ട്രീയവും തിരിച്ചറിയേണ്ടതുണ്ട്.

1976ലാണ് സര്‍ക്കാര്‍ നിയന്ത്രിത വിലനിര്‍ണ്ണയ സംവിധാനം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയത്. 1990കളുടെ തുടക്കംമുതല്‍ നടപ്പിലാക്കിയ ഉദാരവത്ക്കരണ നയങ്ങളുടെ ഫലമായി പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനരംഗത്തേക്കും സ്വകാര്യകമ്പനികള്‍ കടന്നുവന്നു. അന്നുമുതല്‍തന്നെ അക്കൂട്ടര്‍ വിലനിയന്ത്രണ സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെട്ടുവന്നു. 2002ല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ , 1976നു മുന്‍പുള്ള ഇറക്കുമതി സന്തുലിത നിരക്ക് സംവിധാനം തിരികെകൊണ്ടുവന്നു. അന്താരാഷ്ട്ര വിലയ്ക്കു തുല്യമായ വില - യഥാര്‍ഥത്തിലുള്ള സംസക്കരണ, ശുദ്ധീകരണച്ചെലവുകള്‍ കണക്കിലെടുക്കാതെ - ചുമത്തുന്നതാണീ സമ്പ്രദായം. അതിന്റെഫലമായി രാജ്യത്തിനകത്തുനിന്നും കുഴിച്ചെടുക്കുന്ന അസംസ്കൃത എണ്ണ സംസ്ക്കരിച്ച്, ശുദ്ധീകരിച്ച് വില്‍പ്പനക്കെത്തിയാലും അന്താരാഷ്ട്ര നിലവാരത്തിലുള്ള വില ഉപഭോക്താക്കള്‍ നല്‍കണം.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന്റെ വിലനിയന്ത്രണം ഒഴിവാക്കുന്നതിനെക്കുറിച്ചുപഠിക്കാന്‍ പാര്‍ലമെണ്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. വിലനിയന്ത്രണം എടുത്തുകളയരുതെന്നതായിരുന്നു അവരുടെ നിര്‍ദ്ദേശം. ഇതു അവഗണിച്ചിട്ട് കിരീത് പരീഖ് കമ്മീഷന്‍ നല്‍കിയ, പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടണമെന്നും വിലനിയന്ത്രണം മാറ്റണം എന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഈ കമ്മിറ്റി കണ്ടെത്തിയത് എണ്ണക്കമ്പനികള്‍ക്ക് ദിവസേന ഇരുന്നൂറുകോടി രൂപവീതം നഷ്ടമുണ്ടാകുന്നു എന്നാണ്. (പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ മാറി മുരളി ദേവ്റ വരുന്നതും അതിനുപിന്നിലെ അമേരിക്കന്‍ താത്പര്യങ്ങളും വിക്കിലീക്ക്സ് പ്രസിദ്ധീകരിച്ചത് ചേര്‍ത്തുവായിക്കണം.) ഇപ്പോള്‍ സ്വകാര്യകമ്പനികള്‍ക്ക് ഈ രംഗത്ത് പിടിമുറുക്കുന്നതിനുവേണ്ടിയാണ് നിലവിലുള്ള എല്ലാനിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയത്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടത്തിന്റെ പേരുപറഞ്ഞ് വിലകൂട്ടുമ്പോള്‍ സ്വകാര്യകമ്പനികളാണ് ലാഭം കൊയ്യുന്നത്. അതോടൊപ്പം പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്ന വാദം അവയുടെ ബാലന്‍സ് ഷീറ്റ് നോക്കിയാല്‍ വസ്തുതകള്‍ക്കു നിരക്കുന്നതല്ല എന്നു വ്യക്തമാവും.

അന്താരാഷ്ട്ര വിപണിയില്‍നിന്നും ഇറക്കുമതിചെയ്യുന്ന അസംസ്കൃതഎണ്ണ (മൊത്തം ആവശ്യത്തിന്റെ എണ്‍പതുശതമാനം, ഇരുപതുശതമാനം രാജ്യത്തുത്പാദിപ്പിക്കുന്നു) ശുദ്ധീകരിച്ചാണ് ഇവിടെ പെട്രോളും മറ്റ് ഉത്പന്നങ്ങളും വില്‍ക്കുന്നത്. ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉന്നതനിലവാരത്തിലുള്ള സാങ്കേതികവിദ്യ ഇന്ത്യക്കുണ്ട്. അതിനാല്‍ സംസ്ക്കരണച്ചെലവ് കുറവായിരിക്കും. അത് കണക്കിലെടുക്കാതെ, അന്താരാഷ്ട്ര രംഗത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന സംസ്ക്കരണച്ചെലവ് പരിഗണിച്ചാണ് കമ്പനികള്‍ വില നിശ്ചയിക്കുന്നത്, നഷ്ടത്തിലാണെന്ന് പ്രചരിപ്പിക്കുന്നതും. വിദേശരാജ്യങ്ങളിലെ പെട്രോളിന്റെ വിലയും ഇവിടുത്തെ പെട്രോളിന്റെ വിലയും തമ്മിലുള്ള വ്യത്യാസമാണ് അണ്ടര്‍ റിക്കവറി എന്ന് പറഞ്ഞ് നഷ്ടക്കണക്കവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് നഷ്ടമല്ല.

സാങ്കേതികവിദ്യയുടെ മികവുകൊണ്ട് ഉത്പാദനച്ചെലവുകുറയുന്നു, അത് ഉത്പ്പന്നത്തിന്റെ വിലയിലും കുറവുണ്ടാക്കുന്നു. അതേസമയംതന്നെ, സാങ്കേതികവിദ്യ ഉപയോഗിച്ച് എണ്ണശുദ്ധീകരിച്ച് കയറ്റുമതിചെയ്ത് വലിയ വരുമാനം എണ്ണക്കമ്പനികള്‍ നേടുന്നു. 2009 - 10ല്‍ മൂന്നുകോടി ടണ്ണോളം പെട്രോളിയം ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തെന്നാണ് കണക്ക്. പശ്ചിമേഷ്യയിലടക്കം എണ്ണയുത്പാദക രാജ്യങ്ങളിലാകെ സംഘര്‍ഷം പടര്‍ന്നപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ 70 മുതല്‍ 113 ഡോളര്‍വരെ വിലയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായി. വില ഉയര്‍ന്ന സമയത്തെല്ലാം ഇവിടയും വിലകൂട്ടി, എന്നാല്‍ വിലകുറഞ്ഞപ്പോള്‍ ആഭ്യന്തര വിപണിയില്‍ പക്ഷെ, വില കുറച്ചില്ല.

പെട്രോളിന്റെ വിലകൂട്ടുന്നകാര്യത്തില്‍ സര്‍ക്കാരിന് യാതൊരുപങ്കുമില്ലെന്നാണ് ധനകാര്യമന്ത്രിയുടെ അഭിപ്രായം. എല്ലാകാര്യങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയുക എന്ന നവലിബറല്‍ തത്വമാണ് ഇവിടെയും നടപ്പിലാക്കുന്നത്. പ്ലാനിംഗ് കമ്മീഷന്റെ ഉപാധ്യക്ഷന്‍ മൊണ്ടേക്സിംഗ് അലുവാലിയ പെട്രോളിന്റെ വിലകൂട്ടിയതിനുശേഷം നടത്തിയ പ്രസ്താവന സബ്സിഡികള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചായിരുന്നു. വിലക്കയറ്റംകൊണ്ട് ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്ന കാലത്താണ് പെട്രോളിന്റെ വില വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യ സാധനങ്ങളുടേതടക്കമുള്ള നാണയപ്പെരുപ്പം ഒരിക്കലുമില്ലാത്തവിധം ഉയരത്തിലാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അസംസ്കൃതഎണ്ണ വില ഇപ്പോഴത്തേതിനെക്കാളും ഉയര്‍ന്നിരുന്നപ്പോള്‍ (ബാരല്‍ ഒന്നിന് 140 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു) പെട്രോളിയം ഉല്‍പ്പന്നങ്ങളുടെവില കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ പാര്‍ലമെണ്ടിനകത്തും പുറത്തുമുള്ള ശക്തമായ സമ്മര്‍ദ്ദം കാരണം അതു നടപ്പിലാക്കിയില്ല. ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തിനു നിരക്കാത്ത കണക്കുകള്‍ നിരത്തി ജനങ്ങളെ ദ്രോഹിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ .

പെട്രോളിന്റെ വിലവര്‍ധനവിലൂടെ നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാരിനു വന്‍തുകനേടാനാവും. ഇടതുപക്ഷത്തിന്റെ നിരന്തരമായ ആവശ്യം നികുതിഘടനയില്‍ മാറ്റംവരുത്തി വിലവര്‍ധവ് ഒഴിവാക്കണം എന്നതാണ്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നു പ്രചരിപ്പിച്ച് പെട്രോളിന് അടിക്കടി വിലകൂട്ടുന്നതിലൂടെ സ്വകാര്യകമ്പനികളെ പ്രീണിപ്പിക്കുകയാണ് കേന്ദ്രംചെയ്യുന്നത്. ശക്തമായ ജനകീയ പ്രക്ഷോഭം ഒന്നുകൊണ്ടുമാത്രമേ കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യ പ്രീണനം പ്രതിരോധിക്കാനാവു. തുടരെത്തുടരെ പെട്രോളിന്റെ വിലവര്‍ധിപ്പിക്കുന്നതിന് എണ്ണക്കമ്പനികളെ അനുവദിക്കുന്ന നവലിബറല്‍ സാമ്പത്തികനയത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുകയാണ് വേണ്ടത്. അതിനാവശ്യമായ ജനകീയ പ്രക്ഷോഭം ഉയരണം.


*****


രഘു, കടപ്പാട്:ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പെട്രോളിന്റെ വിലവര്‍ധനവിലൂടെ നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാരിനു വന്‍തുകനേടാനാവും. ഇടതുപക്ഷത്തിന്റെ നിരന്തരമായ ആവശ്യം നികുതിഘടനയില്‍ മാറ്റംവരുത്തി വിലവര്‍ധവ് ഒഴിവാക്കണം എന്നതാണ്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നു പ്രചരിപ്പിച്ച് പെട്രോളിന് അടിക്കടി വിലകൂട്ടുന്നതിലൂടെ സ്വകാര്യകമ്പനികളെ പ്രീണിപ്പിക്കുകയാണ് കേന്ദ്രംചെയ്യുന്നത്. ശക്തമായ ജനകീയ പ്രക്ഷോഭം ഒന്നുകൊണ്ടുമാത്രമേ കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യ പ്രീണനം പ്രതിരോധിക്കാനാവു. തുടരെത്തുടരെ പെട്രോളിന്റെ വിലവര്‍ധിപ്പിക്കുന്നതിന് എണ്ണക്കമ്പനികളെ അനുവദിക്കുന്ന നവലിബറല്‍ സാമ്പത്തികനയത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുകയാണ് വേണ്ടത്. അതിനാവശ്യമായ ജനകീയ പ്രക്ഷോഭം ഉയരണം.