Monday, January 9, 2012

മാധ്യമ സ്വാതന്ത്ര്യത്തിന് അതിരുകള്‍ ആവശ്യമാണോ?

ഒരു സമൂഹത്തിന്റെ അവബോധരൂപീകരണത്തില്‍ എറ്റവും നിര്‍ണായകമായ പങ്കാണ് മാധ്യമങ്ങള്‍ക്കുള്ളത്; വിവരസാങ്കേതികവിദ്യയുടെ സര്‍വ്വവ്യാപിയായ സ്വാധീനം നിലവില്‍വന്നതിനുശേഷം പ്രത്യേകിച്ചും. അതുകൊണ്ട്തന്നെ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അവ സ്വയംപ്രഖ്യാപിക്കുകയോ ഭരണകൂടസാമൂഹിക സ്വാധീനങ്ങളിലൂടെ പ്രഖ്യാപിക്കപ്പെടുകയോ ചെയ്യേണ്ട നിയന്ത്രണവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്നങ്ങളായി മാറിയിരിക്കുന്നു. ഒരു ജനാധിപത്യവ്യവസ്ഥയില്‍ അഭിപ്രായരൂപീകരണത്തിന്റെ നെടുംതൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം പരിരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിന്റെ പൊതുവായ കടമയും ആവശ്യവുമാണ്. പക്ഷേ, നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം അഭികാമ്യമാണോ? ഭരണസ്ഥാപനങ്ങളുടെയോ സാമൂഹ്യസംഘടനകളുടെയോ നിയന്ത്രണം അനുവദനീയമാണോ? അതോ മാധ്യമങ്ങള്‍ക്ക് അങ്കുശമില്ലാത്ത സ്വാതന്ത്ര്യം അഭികാമ്യമാണോ?

മാധ്യമങ്ങളുടെ ആരംഭം മുതല്‍ തന്നെ, വ്യത്യസ്ത രീതികളിലാണെങ്കിലും ഉന്നയിക്കപ്പെട്ടതാണിത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കല്‍ക്കത്തയില്‍നിന്ന് ഹിക്കി എന്ന ഇംഗ്ലീഷുകാരന്‍ പ്രസിദ്ധീകരിച്ച ബംഗാള്‍ ഗസറ്റ് എന്ന പത്രം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥ വൃന്ദത്തിന്നിടയില്‍ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. അന്ന് ഗവര്‍ണ്ണര്‍ ജനറലായിരുന്ന വാറന്‍ഹേസ്റ്റിങ്സിനെയും മറ്റു ഉദ്യോഗസ്ഥന്മാരെയും തുടര്‍ച്ചയായും നിശിതമായും വിമര്‍ശിച്ചതായിരുന്നു അതിന് കാരണം. തല്‍ഫലമായി ബംഗാള്‍ ഗസറ്റ് നിരോധിക്കുകയും ഹിക്കിയെ "നാടുകടത്തു"കയും ചെയ്തു. ഇന്ത്യയിലെ ആദ്യ വര്‍ത്തമാനപത്രത്തിന് തന്നെ നിരോധനവും അതിന്റെ പത്രാധിപര്‍ക്ക് നാടുകടത്തലും നേരിടേണ്ടതായിവന്നു എന്നത് ഇന്ത്യയിലെ മാധ്യമചരിത്രത്തിന് വിവാദസ്വഭാവമുള്ള തുടക്കം കുറിച്ചു. തുടര്‍ന്നുണ്ടായ മാധ്യമപ്രവര്‍ത്തനം, ഭരണാധികാരികള്‍ക്ക് തലവേദനയായി മാറുമ്പോഴെല്ലാം മാധ്യമസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുകയും അതിനെതിരായി ഒറ്റയ്ക്കോ കൂട്ടായോ വിവിധ രീതികളുപയോഗിച്ച് പ്രതിരോധിക്കുകയും ചെയ്തതിന്റെ ചരിത്രമാണ്.

വാറന്‍ഹേസ്റ്റിങ്സിന്റെ കാലം മുതല്‍ കപില്‍സിബലിെന്‍റ മാധ്യമ നിയന്ത്രണ ശ്രമങ്ങള്‍ വരെ ചുരുളഴിയുന്നത് ഈ പ്രവണതയാണ്. കൊളോണിയല്‍ ഭരണം മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ നിരവധി നിയമങ്ങള്‍കൊണ്ടു വരുകയുണ്ടായി. ഇന്ത്യന്‍ ബുദ്ധിജീവികള്‍ "കറുത്തനിയമം" എന്നു വിശേഷിപ്പിച്ച ആയിരത്തിഎണ്ണൂറ്റിഇരുപത്തിനാലിലെ പത്രനിയമം മുതല്‍ സ്വാതന്ത്ര്യസമരകാലത്ത് വ്യാപകമായി ഉപയോഗിച്ച "കണ്ടുകെട്ടല്‍" നിയമം വരെ കൊളോണിയല്‍ നിയന്ത്രണങ്ങള്‍ നിരവധിയാണ്. അവയ്ക്കെതിരായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അനിഷേധ്യഭാഗമായിരുന്നു. അവയുടെ സൈദ്ധാന്തിക സ്വാധീനം ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗം പാശ്ചാത്യ രാഷ്ട്രമീമാംസയില്‍നിന്ന് ഉള്‍ക്കൊണ്ട ലിബറല്‍ ആശയങ്ങളായിരുന്നുവെങ്കിലും ഈ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങള്‍ ഏറ്റെടുത്തത്. തിരുവിതാംകൂറില്‍ ജി പരമേശ്വരന്‍പിള്ളയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ദിവാന്മാരുടെ ദുര്‍ഭരണത്തെ തുറന്നുകാട്ടാനും ജനാധിപത്യ അവകാശങ്ങള്‍ സ്ഥാപിക്കാനുമാണ് പത്രപ്രവര്‍ത്തനത്തെ ഉപയോഗിച്ചത്. രണ്ടുപേര്‍ക്കും സ്വന്തം നാടുവിട്ടുപോകേണ്ടിയും വന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ ഏറ്റവും പ്രമാദമായ സംഭവം ബാലഗംഗാധര തിലകനെ അദ്ദേഹമെഴുതിയ ഒരു ലേഖനത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ബര്‍മ്മയിലേയ്ക്ക് നാടുകടത്തിയതാണ്.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട പൈതൃകങ്ങളിലൊന്ന് മാധ്യമ സ്വാതന്ത്ര്യത്തിനോടുള്ള പ്രതിബദ്ധതയായിരുന്നു. മാധ്യമങ്ങളുടെ ധൈഷണിക സമീപനം കൊളോണിയല്‍ ഭരണത്തിന്റെ അസ്വീകാര്യതയെ തുറന്നു കാട്ടുക എന്നതായിരുന്നതുകൊണ്ട് കൊളോണിയല്‍ അടിമത്തത്തില്‍നിന്ന് മോചനം നേടാന്‍ ആവശ്യമായ രാഷ്ട്രീയ സജ്ജീകരണത്തിന് മാധ്യമങ്ങള്‍ വഴിയൊരുക്കി. സ്വാഭാവികമായും കൊളോണിയല്‍ വിരുദ്ധതയുടെ ജിഹ്വയായാണ് മാധ്യമങ്ങള്‍ക്ക് പ്രചാരം സിദ്ധിച്ചത്. ആധുനിക ഇന്ത്യയുടെ മാധ്യമമണ്ഡലത്തിന്റെ പ്രധാനപ്പെട്ട പൈതൃകം സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍നിന്ന് സിദ്ധിച്ച ഈ പാരമ്പര്യമായിരുന്നെങ്കിലും, സ്വാതന്ത്ര്യാനന്തര ഭരണകാലത്ത് മാധ്യമങ്ങളുടെ സമീപനത്തിലും ബാധ്യതകളിലും മാറ്റങ്ങള്‍ ആവശ്യമായിരുന്നു. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിലും പൊതുമണ്ഡല സൃഷ്ടിയിലും മാധ്യമങ്ങള്‍ക്ക് വഹിക്കേണ്ടി വന്ന ചുമതലകള്‍ നിരവധിയാണ്; സങ്കീര്‍ണ്ണവുമാണ്. സ്വതന്ത്ര ഇന്ത്യയിലെ ബഹുഭൂരിപക്ഷം പത്രങ്ങളും മാധ്യമ സ്വാതന്ത്ര്യത്തെ ഒരു ആദര്‍ശമായി ഉയര്‍ത്തിക്കാട്ടിയെങ്കിലും സാമൂഹ്യ രാഷ്ട്രീയ അധികാരത്തെ ന്യായീകരിക്കുന്ന നിലപാടാണെടുത്തത്. അതുകൊണ്ട് അവയുടെ നിലപാട് മുതലാളിത്ത വ്യവസ്ഥയുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമസ്ഥത തന്നെ വ്യവസായികളുടെ കൈവശമാണല്ലോ? അതുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യകാലംമുതല്‍ തന്നെ മാധ്യമങ്ങള്‍ മുതലാളിത്തത്തെ ന്യായീകരിക്കുന്ന സ്ഥാപനങ്ങളായാണ് പ്രവര്‍ത്തിച്ചത്. മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്ന ജീവിതവും വാര്‍ത്തകളും സമൂഹത്തിലെ ധനാഢ്യരായ വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ചെയ്തികള്‍ മാത്രമാണ് - ഉദാരവല്‍ക്കരണത്തിനുശേഷം പ്രത്യേകിച്ചും. പല ദേശീയ മാധ്യമങ്ങളിലും പ്രാധാന്യം ലഭിക്കുന്ന വാര്‍ത്തകള്‍ ഫാഷന്‍ പരേഡുകള്‍ പോലുള്ളവയാണ് എന്നത് മാധ്യമങ്ങളുടെ പൊതുസ്വഭാവത്തെയും അവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്. ദാരിദ്ര്യവും ഗ്രാമജീവിതത്തിലെ ദുരിതങ്ങളുമൊക്കെ "മാനുഷിക താല്‍പര്യമുള്ള" വാര്‍ത്തകളായി മാത്രമാണ് അവയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. അതായത് മുഖ്യധാരാ മാധ്യമങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കുന്നതില്‍ വ്യക്തമായ പക്ഷപാതിത്വമുണ്ട്.

അഖിലേന്ത്യാ ചാനലുകളിലെ "സംസാരവിഷയം" മിക്കവാറും മദ്ധ്യവര്‍ഗ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്; മാധ്യമങ്ങളുടെ വര്‍ഗ താല്‍പര്യം വ്യക്തമാക്കുന്നവയുമാണ്. അതിന്നുള്ള പ്രധാന കാരണം മാധ്യമങ്ങളുടെ സാമ്പത്തിക, സാമൂഹ്യ, ധൈഷണിക താല്‍പര്യങ്ങള്‍ മുതലാളിത്തത്തിന്റെ വികസന പ്രക്രിയയുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെയാണ് മുതലാളിത്ത വ്യവസ്ഥയുടെ സംരക്ഷകരായി മാധ്യമങ്ങള്‍ നില ഉറപ്പിക്കുന്നത്. തല്‍ഫലമായി രാഷ്ട്രീയ സാമൂഹ്യ വിമര്‍ശകരായി പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കാതെ പോകുന്നു. കൂടാതെ മുതലാളിത്ത ജീവിതത്തിന്റെ ദൗര്‍ബല്യങ്ങള്‍ സ്വായത്തമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അത്തരമൊരു ദൗത്യം നിറവേറ്റുന്നതിനുള്ള സ്വാതന്ത്ര്യമാണ് ഇന്ന് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. അതിന്റെ ഭാഗമായി മാധ്യമങ്ങള്‍ സംരക്ഷിക്കേണ്ട നിഷ്പക്ഷതയും ആത്മാര്‍ത്ഥതയും ധാര്‍മികതയുമൊക്കെ നഷ്ടപ്പെടുന്നു. തല്‍ഫലമായി മാധ്യമങ്ങളുടെ സ്വാധീനം പ്രതിലോമകരമായി പൊതുമണ്ഡലത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ട പൊതുമണ്ഡലം ഇന്ന് വര്‍ഗീയതക്കും അന്ധവിശ്വാസങ്ങള്‍ക്കും ക്രൂരതയ്ക്കുമൊക്കെ അടിമപ്പെട്ടതിനുള്ള പ്രധാനപ്പെട്ട ബാധ്യത മാധ്യമങ്ങള്‍ക്കാണ്. വസ്തുതകളോട് പ്രതിബദ്ധതയോ വ്യക്തിബഹുമാനമോ ഇല്ലാത്ത ഒരു മാധ്യമ സംസ്കാരം വളര്‍ന്നുവന്നിട്ടുള്ളത് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചതിനുള്ള പ്രധാന കാരണങ്ങളാണ്. കേരളത്തിലെ മാധ്യമങ്ങള്‍ ഈ പ്രവണതകള്‍ക്ക് കൂടുതല്‍ കൂടുതല്‍ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. കെ പി കേശവമേനോനേയും കെ എം മാത്യുവിനെയും എന്‍ വി കൃഷ്ണവാരിയരെയും കെ സുകുമാരനെയുംപോലെ പ്രഗത്ഭരായവര്‍ നയിച്ചിരുന്ന മേഖലയായിരുന്നു മാധ്യമരംഗം. അവര്‍ ശ്രദ്ധാപൂര്‍വം കെട്ടിപ്പടുത്ത മാധ്യമസംസ്കാരം ഇന്ന് തിരിച്ചറിയാന്‍ വിഷമമാണ്. കേരളത്തിലെ മിക്കവാറും എല്ലാ പത്രങ്ങളും മഞ്ഞ സ്വഭാവം കൈവരിച്ചുകൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മഞ്ഞപത്രങ്ങള്‍ എന്നറിയപ്പെടുന്നവയുടെ സ്വഭാവം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ജനം വായിക്കുന്നത്. പക്ഷേ, ഇന്ന് പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവണത, മഞ്ഞ മാധ്യമസ്വാധീനം, എല്ലാ പത്രങ്ങളിലും ചാനലുകളിലും നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തിന് കരുക്കളായി വര്‍ത്തിക്കുന്ന "ബുദ്ധിജീവി"കള്‍ക്ക് ഒരു പഞ്ഞവുമില്ല. ഉദാഹരണമായി വര്‍ഗീയവാദികളായ ചില ആഭാസന്മാര്‍ പുറപ്പെടുവിക്കുന്ന അവാസ്തവ പ്രസ്താവനകള്‍ പത്രാധിപന്മാര്‍ കണ്ണടച്ച് പ്രസിദ്ധീകരിക്കുന്നു. അവ ചൂണ്ടിക്കാട്ടിയാല്‍പോലും തിരുത്താന്‍ തയ്യാറാകുകയോ ഖേദംപ്രകടിപ്പിക്കുകയോ ചെയ്യാനുള്ള മാധ്യമസംസ്കാരം അവര്‍ക്കില്ലാതെ പോകുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഉന്നത ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന പത്രങ്ങള്‍പോലും ഈ പ്രവണതയ്ക്ക് അടിപ്പെടുമ്പോള്‍ ഇത് എത്രമാത്രം ശക്തിയാര്‍ജിച്ചിരിക്കുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത് മഞ്ഞപത്രങ്ങളുടെ രീതിയാണ്. പേരും പെരുമയുമുള്ള പത്രങ്ങള്‍പോലും സര്‍ക്കുലേഷനില്‍ കണ്ണുനട്ടുകൊണ്ട് പത്രധര്‍മം കുപ്പത്തൊട്ടിയിലെറിയുന്നത് വ്യക്തികളെ അധിക്ഷേപിക്കുന്നതിന് കൂട്ടുനില്‍ക്കുക മാത്രമല്ല, സമൂഹത്തോടു ചെയ്യുന്ന അപരാധം കൂടിയാണ്. കാരണം പരദൂഷണംകൊണ്ട് പേരുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ന്യായീകരിക്കുന്നതിലൂടെ ഈ പത്രസാഹസികര്‍ ചെയ്യുന്നത് പൊതുമണ്ഡലത്തെ മലിനീകരിക്കാന്‍ സഹായിക്കുകയാണ്. ഇന്ന് മലയാളത്തില്‍ പത്രാധിപന്മാര്‍ വിരളമാണ്; പത്ര സാഹസികന്മാരാണ് കൂടുതല്‍ . ഈ സാഹസികന്മാര്‍ക്ക് ലക്കും ലഗാനുമില്ല. പത്രസ്വാതന്ത്ര്യത്തിന്റെ പേരില്‍ അവര്‍ സൈ്വര്യവിഹാരം നടത്തുന്നു. ഈ സൈ്വര്യവിഹാരം വ്യക്തിപരമായ വിദ്വേഷം വമിക്കാന്‍ മാത്രമല്ല ഉപയോഗിക്കപ്പെടുന്നത്. മാധ്യമ മര്യാദ നാമാവശേഷമായിരിക്കുന്ന അവസ്ഥ ഉപയോഗിച്ചുകൊണ്ടു രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാധ്യമങ്ങളെ ഉപയോഗിക്കുന്നു. വര്‍ഗീയതയെ പരിപോഷിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അരുണ്‍ ഷൂരി അദ്ദേഹത്തിന്റെ കോളം ഉപയോഗിച്ച് മതേതര ചരിത്രകാരന്മാര്‍ക്കെതിരായി അപവാദങ്ങള്‍ പ്രചരിപ്പിച്ചത് ഒരു ഉദാഹരണം.

കേരളത്തിലെ തന്നെ ഒരു ആര്‍എസ്എസ്സുകാരന്‍ മതേതരവാദികളെ അധിക്ഷേപിക്കുന്നതിന് "ആധികാരികമായ" പ്രസ്താവനകള്‍ ഇറക്കാന്‍ പത്രങ്ങളെ ഉപയോഗിച്ചത് മറ്റൊന്ന്. ഇത്തരം പ്രചരണങ്ങളെ ന്യായീകരിക്കാന്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കൂട്ടുപിടിക്കുകയാണ് പല പത്രാധിപന്മാരും ചെയ്യുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് പരിമിതികള്‍ ആവശ്യമാണോ എന്ന പ്രശ്നം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാകുന്നു. പ്രത്യേകിച്ച് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മാധ്യമങ്ങളുടെ സ്വഭാവത്തേയും സ്വാധീനത്തേയും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ . ഇന്‍റര്‍നെറ്റിലൂടെ സാദ്ധ്യമാകുന്ന വിവരവിനിമയം അനാശാസ്യമായ സാമൂഹ്യബോധത്തിന് വഴിയൊരുക്കുമെന്ന് ഭരണാധികാരികള്‍ ഭയപ്പെടുന്നു. ഈ സാദ്ധ്യത "അപകടകരമായ" രാഷ്ട്രീയ സ്ഥിതി സൃഷ്ടിക്കാന്‍ ഉതകുന്നതാണ് എന്ന യാഥാര്‍ത്ഥ്യവും അവര്‍ തിരിച്ചറിയുന്നു. "അറബ് വസന്തം" സാദ്ധ്യമാക്കിയതിന് പിന്നില്‍ വിവര സാങ്കേതികവിദ്യയുടെ സഹായം വ്യക്തമാണ്. ഇന്ത്യയില്‍ അണ്ണാഹസാരെയുടെ സമര്‍ത്ഥകര്‍ ഒത്തുകൂടിയതു ഇന്റര്‍നെറ്റ് വഴിയും എസ്എംഎസ് ഉപയോഗിച്ചും ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതുകൊണ്ടായിരുന്നു. അതുകൊണ്ട് ഈ പുതിയ ഉപകരണത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാന്‍ ഭരണാധികാരികള്‍ സന്നദ്ധരാകാത്തതില്‍ അല്‍ഭുതമില്ല.

ഒരു ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് അവകാശങ്ങള്‍ക്കൊപ്പം കടമകളുമുണ്ട്. അവകാശങ്ങളും കടമകളുമായി ബന്ധപ്പെടുത്തി മാത്രമേ മാധ്യമസ്വാതന്ത്ര്യത്തെ സമീപിക്കാന്‍ കഴിയുകയുള്ളൂ. അനിയന്ത്രിതമായ സ്വാതന്ത്ര്യം അഭികാമ്യമാണോ എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ നിയന്ത്രണത്തിന്റെ സ്വഭാവവും ലക്ഷ്യവും എന്തായിരിക്കണം എന്നതിനെക്കുറിച്ച് പൊതുവില്‍ സ്വീകാര്യമായ ധാരണ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ആ ധാരണ മാധ്യമ സമൂഹത്തില്‍നിന്നുതന്നെ ഉരുത്തിരിയേണ്ടതാണ്. ഭരണാധികാരികള്‍ അടിച്ചേല്‍പിക്കുന്ന നിയമങ്ങളായി കൂട. കപില്‍ സിബല്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച നിയമങ്ങളോടുണ്ടായ പ്രതികരണം അടിച്ചേല്‍പിക്കലിനോടുള്ള പ്രതിഷേധമായിരുന്നു. ആരോഗ്യകരമായ ഒരു പ്രൊഫഷണല്‍ സംസ്കാരം മാധ്യമങ്ങള്‍ക്ക് അനിവാര്യമാണ്. ഇന്ത്യയില്‍ മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ഭരണാധികാരികള്‍ ശ്രമിച്ചത് അടിയന്തരാവസ്ഥയുടെ നാളുകളിലായിരുന്നു. ആ നിയന്ത്രണത്തെ ജനങ്ങള്‍ സ്വീകരിക്കുകയുണ്ടായില്ല. അടിയന്തരാവസ്ഥയ്ക്കുശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് മാധ്യമ നിയന്ത്രണത്തോടുള്ള എതിര്‍പ്പ് ഒരു വലിയ പങ്ക് വഹിച്ചിരുന്നു. അറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ടാല്‍ ജനാധിപത്യത്തിന് ഉള്‍ക്കാമ്പില്ലാതായേക്കും. ആ ഉള്‍ക്കാമ്പ് സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങളുടെ സംഭാവന ഏറെ വലിയതാണ്. അതുകൊണ്ട് മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിലൂടെ സാമൂഹ്യപുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി വളര്‍ന്നുവരേണ്ടിയിരിക്കുന്നു.

കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും അത്തരമൊരു ഭൂമിക നിറവേറ്റുന്നുണ്ടോ എന്നത് സംശയാസ്പദമാണ്. സമൂഹത്തേയും രാഷ്ട്രീയത്തേയും ഭരണത്തേയും നിരന്തരമായി, ക്രിയാത്മകമായ വിശകലനത്തിന് വിധേയമാക്കുകയാണ് മാധ്യമങ്ങളുടെ കര്‍ത്തവ്യം. ഈ കര്‍ത്തവ്യം നിറവേറ്റാനുള്ള സ്വാതന്ത്ര്യം സ്വാഭാവികമായും മാധ്യമങ്ങള്‍ക്കുണ്ടാകണം. സമൂഹത്തിന്റെ പുരോഗതിയും ആധുനികവല്‍ക്കരണവുമായിരിക്കണം മാധ്യമങ്ങളുടെ കര്‍ത്തവ്യം. പക്ഷേ, മാധ്യമങ്ങള്‍ സ്വാഭാവികമായും വ്യത്യസ്തമായ സാമൂഹ്യ രാഷ്ട്രീയ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നു. പക്ഷേ, ഈ താല്‍പര്യങ്ങളെയും നിലപാടുകളെയും തുറന്ന സംവാദങ്ങള്‍ക്ക് വിധേയമാക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ ജനങ്ങളുടെ അഭിപ്രായരൂപീകരണത്തിലും ആരോഗ്യകരമായ ഒരു പൊതുമണ്ഡലസൃഷ്ടിയിലും മാധ്യമങ്ങള്‍ക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ കഴിയുകയുള്ളൂ. തികച്ചും സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം എന്നൊന്നില്ല. മറ്റെല്ലാ ആശയമേഖലകളേയുംപോലെ മാധ്യമരംഗവും ഒരു സംഘടിത മേഖലയാണ്. സംഘാടനം വ്യത്യസ്തമായ ആശയസംഹിതകളുടെയും രാഷ്ട്രീയ-സാമൂഹ്യ താല്‍പ്പര്യങ്ങളുടെയും അടിസ്ഥാനത്തിലുമായിരിക്കും. ഈ യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തില്‍ മാത്രമേ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചു ചിന്തിക്കാന്‍ കഴിയുകയുള്ളൂ. കേരളത്തില്‍ നടക്കുന്ന മാധ്യമയുദ്ധങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാണ്.

*
കെ എന്‍ പണിക്കര്‍ ചിന്ത വാരിക 08 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു സമൂഹത്തിന്റെ അവബോധരൂപീകരണത്തില്‍ എറ്റവും നിര്‍ണായകമായ പങ്കാണ് മാധ്യമങ്ങള്‍ക്കുള്ളത്; വിവരസാങ്കേതികവിദ്യയുടെ സര്‍വ്വവ്യാപിയായ സ്വാധീനം നിലവില്‍വന്നതിനുശേഷം പ്രത്യേകിച്ചും. അതുകൊണ്ട്തന്നെ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അവ സ്വയംപ്രഖ്യാപിക്കുകയോ ഭരണകൂടസാമൂഹിക സ്വാധീനങ്ങളിലൂടെ പ്രഖ്യാപിക്കപ്പെടുകയോ ചെയ്യേണ്ട നിയന്ത്രണവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്നങ്ങളായി മാറിയിരിക്കുന്നു. ഒരു ജനാധിപത്യവ്യവസ്ഥയില്‍ അഭിപ്രായരൂപീകരണത്തിന്റെ നെടുംതൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം പരിരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിന്റെ പൊതുവായ കടമയും ആവശ്യവുമാണ്. പക്ഷേ, നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം അഭികാമ്യമാണോ? ഭരണസ്ഥാപനങ്ങളുടെയോ സാമൂഹ്യസംഘടനകളുടെയോ നിയന്ത്രണം അനുവദനീയമാണോ? അതോ മാധ്യമങ്ങള്‍ക്ക് അങ്കുശമില്ലാത്ത സ്വാതന്ത്ര്യം അഭികാമ്യമാണോ?