Monday, January 9, 2012

ഫെബ്രുവരി 28ന്റെ പൊതുപണിമുടക്ക് വമ്പിച്ച വിജയമാക്കുക

പിന്നിട്ട വര്‍ഷം ലോകത്തിന്റെ മുക്കും മൂലയുംവരെ വമ്പിച്ച ജന മുന്നേറ്റങ്ങളും പോരാട്ടങ്ങളും പ്രക്ഷോഭങ്ങളുംകൊണ്ട് മുഖരിതമായിരുന്നു. മുതലാളിത്ത സമ്പദ്ഘടനയിലെ പ്രതിസന്ധി അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അളവറ്റ ദുരിതങ്ങളാണ് നല്‍കിയത്; അവര്‍ പൊരുതി നേടിയ അവകാശങ്ങള്‍ക്കും ഉപജീവനമാര്‍ഗത്തിനുംനേരെ നിരന്തരമായ കടന്നാക്രമണങ്ങള്‍ നടക്കുന്നതുമൂലമാണത്. 2012ലെ പുതുവര്‍ഷത്തെ ലോകം വരവേല്‍ക്കുമ്പോള്‍ എല്ലാ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്, ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധി തുടരും എന്നുതന്നെയാണ്. സാര്‍വദേശീയതലത്തിലെ "പണ്ഡിറ്റു"മാരൊന്നും എന്തെങ്കിലും അഭിവൃദ്ധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല; അതേസമയംതന്നെ ഇരുണ്ട ഭാവിയെക്കുറിച്ച് പലരും പ്രവചിക്കുന്നുമുണ്ട്. ലോകത്തുടനീളമുള്ള അധ്വാനിക്കുന്ന ജനങ്ങള്‍ വമ്പിച്ച പണിമുടക്കുകളും സമരങ്ങളും കൊണ്ടാണ് ഈ പ്രതിസന്ധികളോടും കടന്നാക്രമണങ്ങളോടും പ്രതികരിക്കുന്നത്. 2011ന്റെ തുടക്കത്തിലെ അറബ് വസന്തം അനുകൂലമായ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷ സൃഷ്ടിച്ചിരുന്നെങ്കിലും അനുഭവം മറിച്ചായിരുന്നു. ഈജിപ്തിനെയും ടുണീഷ്യയെയും പോലുള്ള രാജ്യങ്ങളില്‍ നിരവധി പ്രതിലോമ ശക്തികള്‍ മുന്‍നിരയിലേക്ക് കടന്നുവന്നു; അവിടെയെല്ലാം പോരാട്ടങ്ങള്‍ തുടരുകയാണ്. ഭരണമാറ്റത്തിനുവേണ്ടി നാറ്റോസേന നടത്തിയ മനുഷ്യത്വരഹിതമായ കടന്നാക്രമണങ്ങള്‍ ലിബിയയില്‍ കനത്ത ആള്‍നാശമാണ് സൃഷ്ടിച്ചത്. സിറിയയും ഇറാനും അവരുടെ അടുത്ത ലക്ഷ്യങ്ങളാണ്.

2011-ല്‍ ഏഴ് രാജ്യവ്യാപക പൊതുപണിമുടക്കുകള്‍ക്കാണ് ഗ്രീസ് സാക്ഷ്യം വഹിച്ചത്. ബ്രിട്ടനില്‍ നവംബര്‍ 30ന് നടന്ന പൊതുമേഖലാ ജീവനക്കാരുടെയും തൊഴിലാളികളുടെയും പണിമുടക്ക് ഐതിഹാസികമായിരുന്നു. 20 ലക്ഷത്തിലധികം തൊഴിലാളികളാണ് ആ പണിമുടക്കത്തില്‍ പങ്കെടുത്തത്. ബ്രിട്ടനില്‍ ഇത്ര വലിയൊരു പ്രക്ഷോഭം നടന്നത് ഏകദേശം 30 വര്‍ഷം മുമ്പായിരുന്നു. 2011-ല്‍ തൊഴിലാളികളും യുവാക്കളും സമരരംഗത്തിറങ്ങാത്ത "വികസിത ലേകത്തെ" ഒരു രാജ്യംപോലും ഉണ്ടാവില്ല.

2011 സെപ്തംബറില്‍ ആരംഭിച്ച വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ പ്രസ്ഥാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളുടെ കൊടുങ്കാറ്റുകള്‍തന്നെ സൃഷ്ടിച്ചിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയെത്തന്നെ ലക്ഷ്യംവെയ്ക്കുന്നതാണ് എന്ന നിലയില്‍ ഈ പ്രസ്ഥാനം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. ഇതിെന്‍റ ഭാവി എന്താകുമെന്ന് ആര്‍ക്കും ഉറപ്പുപറയാന്‍ ആവില്ലെങ്കില്‍പോലും ബഹുജനങ്ങള്‍ക്കിടയില്‍ അതുണ്ടാക്കിയ സ്വാധീനത്തിന് നിര്‍ണായക പ്രാധാന്യമാണുള്ളത്. കഴിഞ്ഞ 20 വര്‍ഷമായി ജനങ്ങള്‍ക്കുമേല്‍ ആഘാതം ഏല്‍പ്പിച്ചുകൊണ്ടിരുന്ന നവലിബറല്‍ നയങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിനാശകരമായ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്; അതിനെതിരായ ചെറുത്തുനില്‍പ്പ് സമരങ്ങളും വളര്‍ന്നുവരുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യം സാമ്രാജ്യത്വത്തിന്റെ പ്രേരണമൂലം ഇന്ത്യന്‍ ഭരണവര്‍ഗ്ഗം നടപ്പാക്കുന്ന നവലിബറല്‍ അജണ്ട കാരണം ഇന്ത്യയിലും അതിേന്‍റതായ പ്രശ്നങ്ങളുണ്ട്; ഈ നയങ്ങളോടുള്ള ജനങ്ങളുടെ എതിര്‍പ്പും വര്‍ദ്ധിച്ചുവരുകയാണ്. ട്രേഡ് യൂണിയനുകളുടെ ഐക്യപ്രസ്ഥാനം 2011-ല്‍ എല്ലാ വിഭാഗം തൊഴിലാളികളും ഒന്നിച്ചണിനിരക്കുന്ന ഒരു പ്രസ്ഥാനമായി വികസിച്ചിരിക്കുകയാണ്. 2011 ഫെബ്രുവരി 23 ന് പാര്‍ലമെന്‍റിലേക്കു നടത്തിയ വമ്പിച്ച മാര്‍ച്ച് തലസ്ഥാന നഗരത്തില്‍ ഇതേവരെ നടന്നിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റമായിരുന്നു. ഡല്‍ഹിയിലെ തെരുവീഥികളില്‍ അധ്വാനിക്കുന്ന സ്ത്രീ പുരുഷന്മാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഇന്ന് നാനാവിധത്തില്‍ രാജ്യത്തുടനീളം പ്രതിധ്വനിക്കുകയാണ്.

2011 സെപ്തംബര്‍ 7ന് പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളും ഒന്നിച്ച് ഒരേ വേദിയില്‍ വന്നതോടെ, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഹ്വാനത്തിന് പിന്തുണ നല്‍കാന്‍ എല്ലാ ഇന്‍ഡസ്ട്രിയല്‍ ഫെഡറേഷനുകളും തീരുമാനിച്ചതോടെ, സംയുക്ത പ്രക്ഷോഭത്തിനുള്ള വേദി കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നു. പണിമുടക്കാഹ്വാനം കേന്ദ്ര ട്രേഡ്യൂണിയനുകള്‍ മുന്നോട്ടുവെച്ചിട്ടുള്ള സമഗ്രമായ അവകാശ പത്രിക രാജ്യത്തെ അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ്. വിലക്കയറ്റം, പൊതുവിതരണം, തൊഴിലവസരങ്ങള്‍ , സാമൂഹ്യസുരക്ഷ, സ്വകാര്യവല്‍ക്കരണം, മിനിമം വേതനം, കരാര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതി, തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കല്‍ , ക്ഷേമ പദ്ധതികള്‍ , സര്‍വോപരി സംഘംചേരാനും കൂട്ടായി വിലപേശാനുമുള്ള അവകാശത്തിന്റെ പ്രശ്നം എന്നിവയെല്ലാം അവകാശപത്രികയില്‍ ഉള്‍പ്പെടുന്നു. നവംബര്‍ 8ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ രാജ്യവ്യാപകമായ വമ്പിച്ച ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടത്തിനുള്ള ആഹ്വാനം നല്‍കിയിരിക്കുകയാണ്-2012 ഫെബ്രുവരി 28ന് രാജ്യവ്യാപകമായി പൊതുപണിമുടക്ക്. പൊതു പണിമുടക്കുകളുടെ ചരിത്രം 1991-ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് നവലിബറല്‍ അജണ്ട അംഗീകരിച്ചശേഷം രാജ്യവ്യാപകമായി നടത്തുന്ന പതിനൊന്നാമത് പൊതുപണിമുടക്കാണ് ഫെബ്രുവരി 28ന്റെ പൊതുപണിമുടക്ക്. എന്നാല്‍ , 1980കളില്‍തന്നെ സംയുക്ത സമരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ പൊതു അവകാശ പത്രിക ഉന്നയിച്ചുകൊണ്ട് രാജ്യവ്യാപകമായ ആദ്യ പൊതുപണിമുടക്ക് നടത്തിയത് 1982 ജനുവരി 19-നായിരുന്നു. 2012 ഫെബ്രുവരി 28-ന് അടുത്ത പണിമുടക്കിനായി തയ്യാറെടുക്കുമ്പോള്‍ , രാജ്യത്തെ ആദ്യത്തെ ദേശീയ പൊതു പണിമുടക്കിനെയും അതിന്റെ പശ്ചാത്തലത്തെയും സംബന്ധിച്ച് ഓര്‍മ്മിപ്പിക്കേണ്ടത് ആവശ്യമാണ്.

വിലക്കയറ്റത്തിനും സര്‍ക്കാരിെന്‍റ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കും എതിരെ 1981 ജൂണ്‍ 4ന് മുംബൈയില്‍ ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ വമ്പിച്ച കണ്‍വെന്‍ഷന്‍ നാഷണല്‍ കാംപെയ്ന്‍ കമ്മിറ്റിയുടെ രൂപീകരണത്തിന് ഇടയാക്കി. 8 കേന്ദ്ര ട്രേഡ്യൂണിയനുകളുടെയും 55 ഇന്‍ഡസ്ട്രിയല്‍ ഫെഡറേഷനുകളുടെയും നേതാക്കന്മാരും കാഡര്‍മാരും ആ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു-സിഐടിയു, എഐടിയുസി, ബിഎംഎസ്, എച്ച്എംഎസ്, യുടിയുസി, യുടിയുസി (ലെനിന്‍ സരണി), ടിയുസിസി, ഐഎന്‍ടിയുസിയിലെ ഒരു വിഭാഗം എന്നിവയായിരുന്നു പങ്കെടുത്ത കേന്ദ്ര ട്രേഡ് യൂണിയനുകള്‍ . രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി വിവിധ സംഘടനകളില്‍ പെട്ട 3000 പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍ ഒരു അവകാശ പത്രിക അംഗീകരിച്ചു-തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ ഉള്‍പ്പെടുന്ന പത്രിക. ആ കണ്‍വെന്‍ഷന്‍ ട്രേഡ്യൂണിയനുകളുടേതായിരുന്നുവെന്നതും എന്നല്‍ അവകാശപത്രികയില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ആദായകരമായ വില, കര്‍ഷകത്തൊഴിലാളികള്‍ക്ക് മിനിമം കൂലി, കര്‍ഷകത്തൊഴിലാളികള്‍ക്കായുള്ള സമഗ്രമായ ദേശീയ നിയമം എന്നീ ആവശ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നുവെന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പൊതുവിതരണ സമ്പ്രദായം, അവശ്യാധിഷ്ഠിത മിനിമം വേതനം, ഉയര്‍ന്ന ബോണസ്, തെറ്റായ ഉപഭോക്തൃ വില സൂചിക തിരുത്തല്‍ , രഹസ്യ ബാലറ്റിലൂടെ ട്രേഡ് യൂണിയനുകള്‍ക്ക് അംഗീകാരം നല്‍കല്‍ , യാതൊരു തടസ്സവും കൂടാതെ കൂട്ടായി വിലപേശാനുള്ള അവകാശം, ദേശീയ സുരക്ഷാനിയമം (എന്‍എസ്എ)പോലുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കല്‍ എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങള്‍ . 1981 നവംബര്‍ 23-ന് വമ്പിച്ച പാര്‍ലമെന്‍റ് മാര്‍ച്ച് നടത്താന്‍ ദേശീയ കാംപെയ്ന്‍ കമ്മറ്റി ആഹ്വാനംചെയ്തു. തലസ്ഥാനത്തെ ബോട്ട്ക്ലബ് മൈതാനത്തേക്ക് അഞ്ചുലക്ഷത്തിലധികം സ്ത്രീ പുരുഷന്മാര്‍ മാര്‍ച്ചുചെയ്തുകൊണ്ട് ആ ആഹ്വാനത്തോട് ഐതിഹാസികമായിട്ടാണ് പ്രതികരിച്ചത്.

ആ ഘട്ടമായപ്പോള്‍ , സര്‍ക്കാരും തൊഴിലുടമകളും കാണിക്കുന്ന അനീതിക്കെതിരെ സമരംചെയ്യാന്‍ തയ്യാറെടുക്കുന്ന തൊഴിലാളികളെ ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ അവശ്യ സേവന സംരക്ഷണ ഓര്‍ഡിനന്‍സ് (എസ്മ) കൊണ്ടുവന്നു. ഓര്‍ഡിനന്‍സിനുള്ള വിശദീകരണക്കുറിപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇങ്ങനെ വ്യക്തമാക്കിയിരുന്നു-"രാജ്യത്തെ വ്യാവസായിക കാലാവസ്ഥ മുഖ്യമായും രാഷ്ട്രീയ സ്വഭാവമുള്ള ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ സ്വഭാവം കൈവരിച്ചിരിക്കുന്നു." സിഐടിയു പ്രസിഡന്‍റായിരുന്ന ബി ടി രണദിവെ ഇങ്ങനെ പറഞ്ഞു- "സര്‍ക്കാരിെന്‍റ തൊഴിലാളിവിരുദ്ധ നയങ്ങളെയും അവശ്യസേവന ഓര്‍ഡിനന്‍സിനെയും ചെറുക്കാന്‍ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും യോജിച്ച് നില്‍ക്കുമ്പോള്‍ ട്രേഡ്യൂണിയനുകള്‍ തമ്മിലുള്ള കിടമത്സരമെന്ന വ്യാജ ന്യായീകരണം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ്". ഈ ഓര്‍ഡിനന്‍സിനെതിരെ പല സംസ്ഥാനങ്ങളിലും ഉടന്‍തന്നെ പണിമുടക്കുകളും സമരങ്ങളും നടന്നു. നവംബര്‍ 23-ന്റെ റാലിയോടുള്ള തൊഴിലാളിവര്‍ഗത്തിന്റെ വമ്പിച്ച പ്രതികരണത്തെക്കുറിച്ച് ബിടി രണദിവെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു-"നവംബര്‍ 23ന് കണ്ട ട്രേഡ്യൂണിയനുകളുടെയും തൊഴിലാളി വര്‍ഗത്തിന്റെയും ഐക്യത്തിന്റെ കരുത്തുറ്റ പ്രകടനം രാജ്യത്തെ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. "പല വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും പണിയെടുക്കുന്ന, പല സംസ്ഥാനങ്ങളില്‍നിന്നുള്ള, പല കേന്ദ്ര ട്രേഡ്യൂണിയന്‍ സംഘടനകളിലും ഫെഡറേഷനുകളിലും ഉള്‍പ്പെടുന്ന, തൊഴിലാളികളും ജീവനക്കാരും തലസ്ഥാനത്ത് ഒരു പൊതു പ്രകടനത്തില്‍ ഇതിനു മുന്‍പൊരിക്കലും ഒന്നിച്ച് പങ്കെടുത്തിരുന്നില്ല. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പൊതുമേഖലയില്‍നിന്നും സ്വകാര്യമേഖലയില്‍നിന്നും റെയില്‍വെയില്‍നിന്നും ഡിഫന്‍സ് സര്‍വ്വീസില്‍നിന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളില്‍നിന്നും ഉരുക്ക്, കല്‍ക്കരി, ഖനനം, ചണം, ടെക്സ്റ്റൈല്‍ , എഞ്ചിനീയറിങ്, മറ്റു വ്യവസായങ്ങള്‍ എന്നിവയില്‍നിന്നുമെല്ലാം ആളുകള്‍ കൂട്ടംകൂട്ടമായി എത്തി. "ഇന്ദിരാ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ അവര്‍ പ്രകടനം നടത്തി, അവര്‍ എസ്മയ്ക്കെതിരെ പ്രതിഷേധിച്ചു; അത് പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു; വിലവര്‍ദ്ധനവിനെതിരെ ജനങ്ങള്‍ക്കാകെ വേണ്ടി അവര്‍ ശബ്ദമുയര്‍ത്തി; പൊതുവിതരണ സമ്പ്രദായത്തിലൂടെ കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് വിതരണംചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ആദായവില നല്‍കണമെന്ന് ട്രേഡ്യൂണിയനുകള്‍ ആവശ്യപ്പെട്ടപ്പോള്‍ കര്‍ഷകജനസാമാന്യത്തിനായി തൊഴിലാളിവര്‍ഗത്തിന്റെ കൂട്ടായ ശബ്ദം ഉയര്‍ത്തപ്പെടുകയായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഭീകരമായി ചൂഷണം ചെയ്യപ്പെടുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കായി അവരുടെ ശബ്ദം ഉയരുകയായിരുന്നു. "ട്രേഡ്യൂണിയനുകളുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച് തൊഴിലെടുക്കുന്ന സ്ത്രീകളുടെ വലിയ സംഘങ്ങള്‍ പങ്കെടുത്തതും ട്രേഡ്യൂണിയനുകള്‍ക്കിടയിലെ പുതിയ ഉണര്‍വായി അടയാളപ്പെടുത്തപ്പെട്ടു".

1982 ജനുവരി 19-ന് രാജ്യവ്യാപകമായി പൊതുപണിമുടക്ക് നടത്താന്‍ ബോട്ട്ക്ലബ് മൈതാനത്ത് ചേര്‍ന്ന റാലി ആഹ്വാനം ചെയ്തു. പണിമുടക്ക് നിരോധനത്തിന് നല്‍കേണ്ട ഒരേയൊരു മറുപടി പണിമുടക്ക് നടത്തുന്നതിലൂടെയാണെന്ന് തീരുമാനിക്കപ്പെട്ടു. ദേശവ്യാപകമായി പണിമുടക്കിനുള്ള തയ്യാറെടുപ്പുകള്‍ നവംബര്‍ 23-ന്റെ റാലിയെത്തുടര്‍ന്ന് രാജ്യവ്യാപകമായി പണിമുടക്കിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. സംസ്ഥാനതലത്തിലും വ്യവസായതലത്തിലുമുള്ള കണ്‍വെന്‍ഷനുകള്‍ , രാജ്യവ്യാപകമായി വമ്പിച്ച കാംപെയ്നുകള്‍ എന്നിവ ആരംഭിച്ചു. വിവിധ വിഭാഗം തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും- റെയില്‍വെ തൊഴിലാളികള്‍ , എല്‍ഐസി ജീവനക്കാര്‍ , ജിഐസി ജീവനക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങളിലെയും മറ്റും ജീവനക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്കെല്ലാം-ഒപ്പം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സമരരംഗത്തെത്തി. 1981 മാര്‍ച്ച് 26ന് രാജ്യത്തെ കര്‍ഷക സംഘടനകള്‍ ഡല്‍ഹിയില്‍ വമ്പിച്ച ഒരു റാലി സംഘടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ , പണിമുടക്കാഹ്വാനം എല്ലാ ജനവിഭാഗങ്ങളെയും ആവേശഭരിതരാക്കി; അവരെല്ലാം ദേശവ്യാപകമായ കാംപെയ്നുകളും തയ്യാറെടുപ്പുകളും ആരംഭിച്ചു. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സംഘടനകള്‍ പണിമുടക്കിന് പിന്തുണയുമായെത്തി; പണിമുടക്കില്‍ പങ്കെടുക്കാനും തീരുമാനിച്ചു. എല്ലായിടത്തും അടിച്ചമര്‍ത്തലുകള്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരവും അല്ലാതെയും പല സംസ്ഥാന സര്‍ക്കാരുകളും വ്യാപകമായ അടിച്ചമര്‍ത്തലുകള്‍ ആരംഭിച്ചു. പണിമുടക്കിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആയിരക്കണക്കിന് ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എല്ലാ മേഖലകളില്‍നിന്നും കര്‍ഷകരില്‍നിന്നും കര്‍ഷകത്തൊഴിലാളികളില്‍നിന്നുമെല്ലാമുള്ള പങ്കാളിത്തംകൊണ്ട് പണിമുടക്ക് സമ്പൂര്‍ണ്ണ വിജയമായിരുന്നു; ഐതിഹാസികവുമായിരുന്നു. പല സംസ്ഥാനങ്ങളിലും അത് അക്ഷരാര്‍ത്ഥത്തില്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു. സര്‍ക്കാരിന്റെ കിരാതമര്‍ദ്ദന നടപടികളെ അതിജീവിച്ചായിരുന്നു ഇതെല്ലാം സാധ്യമാക്കിയത്. പൊലീസ് വെടിവെയ്പ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. തമിഴ്നാട് പൊലീസ് മൂന്നുപേരെ കൊന്നു-മൂന്നുപേരും കര്‍ഷകത്തൊഴിലാളികളായിരുന്നു. ആന്ധ്രാപ്രദേശില്‍ കൊല്ലപ്പെട്ടത് രണ്ടുപേര്‍ . 50,000-ലധികം ആളുകള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. പല കേന്ദ്രങ്ങളിലും ലാത്തിച്ചാര്‍ജുകളും ഗുണ്ടാ ആക്രമണങ്ങളും നടന്നു. ആ ഘട്ടമായപ്പോഴേക്കും അന്താരാഷ്ട്ര നാണയനിധിയുമായി ഒരു രഹസ്യകരാറില്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞിരുന്ന സര്‍ക്കാരിെന്‍റയും ഭരണാധികാരികളുടെയും നയങ്ങള്‍ക്കെതിരായ അതിശക്തവും വ്യാപകവുമായ പ്രതിഷേധമായിരുന്നു അത്.

അധ്വാനിക്കുന്ന ജനങ്ങള്‍ക്കെതിരെ കടന്നാക്രമണം നടത്താനുള്ള വ്യക്തമായ അജണ്ട സര്‍ക്കാരിനുണ്ടായിരുന്നു. ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ക്കുനേരെ ആക്രമണം ആരംഭിച്ചു. തൊഴിലാളികളും കര്‍ഷകരും മറ്റു ജനവിഭാഗങ്ങളും ഉശിരന്‍ പ്രതിഷേധ പ്രക്ഷോഭങ്ങളിലൂടെ അതിനെതിരെ പ്രതികരിച്ചു. ജനുവരി 19-ന് പ്രസിദ്ധീകരിച്ച ഒരു അഭിവാദ്യ സന്ദേശത്തില്‍ സിഐടിയുവിെന്‍റ പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയുമായിരുന്ന ബി ടി രണദിവെയും പി രാമമൂര്‍ത്തിയും ഇങ്ങനെ പ്രസ്താവിച്ചു-"ദേശീയ സുരക്ഷാ നിയമപ്രകാരം 50,000 തൊഴിലാളികളെ അറസ്റ്റുചെയ്തും പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയും വെടിവെയ്പ് നടത്തിയും കോണ്‍ഗ്രസുകാരുടെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടും ആണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പണിമുടക്കിനെ നേരിട്ടത്. ഈ കിരാതമായ മര്‍ദ്ദന നടപടികളെ നേരിട്ടുകൊണ്ട്, (അവയില്‍ നിരവധി തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു) ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിമുടക്കിലേക്ക് വന്നിരുന്നു. രാജ്യത്തെ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ രേഖകളില്‍ അങ്ങനെ അത് ചരിത്രം സൃഷ്ടിച്ചു."

1982 ഫെബ്രുവരിയിലെ "വര്‍ക്കിങ് ക്ലാസ്സി"ന്റെ മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി-"പണിമുടക്ക് രാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞു; സംയുക്തമായി പണിമുടക്കിലേക്ക് തൊഴിലാളിവര്‍ഗ്ഗം നീങ്ങിയത് സാമ്പത്തികാവശ്യങ്ങള്‍ ഉന്നയിച്ച് മാത്രമായിരുന്നില്ല, മറിച്ച് രാഷ്ട്രീയമായ ആവശ്യങ്ങളുംകൂടി ഉന്നയിച്ചായിരുന്നു; വിലക്കയറ്റത്തിനെതിരെ, സര്‍ക്കാരിെന്‍റ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ-അവശ്യസേവന സംരക്ഷണ നിയമത്തിനും ദേശീയ സുരക്ഷാ നിയമത്തിനുമെതിരെ." മുഖപ്രസംഗം ഇങ്ങനെ തുടര്‍ന്നു- "രാജ്യത്തെ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന് പണിമുടക്ക് പുതിയ മാനങ്ങള്‍ നല്‍കി; കര്‍ഷക ജന സാമാന്യത്തിന്റെയും കര്‍ഷകത്തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച തൊഴിലാളിവര്‍ഗ്ഗം, ഫ്യൂഡല്‍ അനുകൂലവും കുത്തക അനുകൂലവും ബഹുരാഷ്ട്ര കമ്പനികള്‍ക്കനുകൂലവുമായ സര്‍ക്കാരിന്റെ അടിസ്ഥാന നയങ്ങള്‍ക്കാണ് ആഘാതം ഏല്‍പ്പിച്ചത്; സാധാരണ ജനങ്ങളെ ദുരിതക്കയത്തില്‍ അകപ്പെടുത്തുന്ന, കുതിച്ചുയരുന്ന വിലക്കയറ്റത്തിന് കാരണമായ, നാണയപ്പെരുപ്പത്തിനും ബജറ്റ് കമ്മിക്കും എതിരെയും ജനാധിപത്യ പ്രക്രിയയുടെ അസ്തിവാരംതന്നെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുമാണ് തൊഴിലാളികള്‍ പണിമുടക്കിയത്." പിന്നിട്, ജനുവരി 19 ന്റെ പണിമുടക്കിനെ സംബന്ധിച്ച അവലോകനത്തില്‍ സിഐടിയു ജനറല്‍ കൗണ്‍സില്‍ ഇങ്ങനെ രേഖപ്പെടുത്തി-"സംയുക്ത പ്രതിഷേധങ്ങളിലൂടെ ട്രേഡ്യൂണിയനുകളും ഫെഡറേഷനുകളും ബോധ്യപ്പെടുത്തുന്നത് തങ്ങള്‍ സര്‍ക്കാരിെന്‍റ വ്യക്തമായ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളെയാണ് നേരിടുന്നതെന്നും തങ്ങളുടെ വര്‍ഗ്ഗശക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമേ അതിനെ ചെറുക്കാനാകു എന്നുമാണ് എന്ന അനുമാനത്തില്‍ ഇപ്പോള്‍ വ്യക്തമായും എത്തിച്ചേരാവുന്നതാണ്.

വിലക്കയറ്റത്തിന്റെയും നാണയപ്പെരുപ്പത്തിന്റെയും കമ്മിപ്പണത്തിന്റെയും ഇറക്കുമതി-കയറ്റുമതി നയങ്ങളുടെയും ഐഎംഎഫ് വായ്പയുടെയും എസ്മയുടെയും എന്‍എസ്എയുടെയുമെല്ലാം പ്രശ്നങ്ങള്‍ തൊഴിലാളിവര്‍ഗത്തിന്റെ ഒരു വിഭാഗത്തിനു മാത്രമായി പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. അവയെ ചെറുക്കണമെന്നുണ്ടെങ്കില്‍ തൊഴിലാളിവര്‍ഗം ഒരു വര്‍ഗമെന്ന നിലയില്‍ യോജിച്ചുനിന്ന് സര്‍ക്കാരിനെ നേരിടണം. പൊതുപ്രക്ഷോഭത്തിന്റെ, വിശിഷ്യാ ജനുവരി 19ലെ ഐതിഹാസികമായ പണിമുടക്കിെന്‍റ, അനുഭവത്തിലൂടെ പ്രസ്ഥാനത്തിലേക്ക് കിനിഞ്ഞിറങ്ങിയെത്തിയ ബോധ്യപ്പെടല്‍ ഇതാണ്." ഫെബ്രുവരി 28 ലേക്ക് 1982ല്‍ ആരംഭിച്ചതും നവലിബറല്‍ കടന്നാക്രമണങ്ങളുടെ വര്‍ഷങ്ങളില്‍ ഉടനീളം തുടര്‍ന്നതുമായ സംയുക്ത പ്രക്ഷോഭങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന കാര്യം ഊന്നിപ്പറയുന്നതിനാണ് 1982ലെ ആദ്യത്തെ പണിമുടക്കിെന്‍റ അനുഭവങ്ങളിലേക്ക് ഇവിടെ ആഴത്തില്‍ കടന്നുചെന്നത്.

2012 ഫെബ്രുവരി 28ന് ഏകദിന പൊതുപണിമുടക്ക് നടത്താനുള്ള ആഹ്വാനം നല്‍കിയത് 11 കേന്ദ്ര ട്രേഡ്യൂണിയനുകളാണ്; എല്ലാ വ്യവസായ മേഖലകളിലേയും തൊഴിലാളികളുടെ ഫെഡറേഷനുകള്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിന്റെ അവകാശപത്രിക വ്യക്തമാക്കുന്നത്, പോരാട്ടത്തിന്റെ തുടര്‍ച്ചയെയാണ്; അത് മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ അനിവാര്യതയേയുമാണ്. മറ്റു വിവിധ വിഭാഗങ്ങളുമായി കൂടുതല്‍ വിപുലമായ ഐക്യത്തിന്റെ സാധ്യതയും ചക്രവാളത്തില്‍ തെളിഞ്ഞുവരുന്നുണ്ട്. ചില്ലറ വ്യാപാരരംഗത്ത് 51 ശതമാനം വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിച്ച രണ്ടാം തലമുറ പരിഷ്കാരങ്ങള്‍ എന്ന് വിളിക്കപ്പെടുന്നതിനെതിരായ പോരാട്ടത്തിലെ സുപ്രധാനമായ ഒരു ചുവടുവെയ്പാണ് 2011 ഡിസംബര്‍ ഒന്നിന് ചില്ലറ വ്യാപാരികള്‍ നടത്തിയ രാജ്യവ്യാപക പണിമുടക്ക്. ഈ സമരങ്ങളും നിശ്ചയദാര്‍ഢ്യത്തോടെയുള്ള രാഷ്ട്രീയ നടപടികളും ചില്ലറ വ്യാപാരത്തില്‍ എഫ്ഡിഐ അനുവദിക്കാനുള്ള തീരുമാനം താല്‍ക്കാലികമായി മാറ്റിവെയ്ക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി എന്ന കാര്യം ശ്രദ്ധേയമാണ്.

ഇന്‍ഷ്വറന്‍സ് മേഖലയിലേയും ബാങ്കിങ് മേഖലയിലേയും പെന്‍ഷന്‍ മേഖലയിലേയും മാറ്റങ്ങള്‍പോലെയുള്ള മറ്റു നിരവധി നടപടികള്‍കൊണ്ട്, പുത്തന്‍ തലമുറ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാരിെന്‍റ ദൃഢനിശ്ചയമാണ് വെളിപ്പെടുന്നത്. ഓരോ മേഖലയിലും സമരങ്ങളും കാംപെയ്നുകളും ആരംഭിക്കുന്നതിനുള്ള അരങ്ങൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊതു പണിമുടക്കിെന്‍റ സന്ദേശം, ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളും കേന്ദ്ര ട്രേഡ്യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും ഐക്യത്തിന്റെ പ്രാധാന്യവും, എല്ലാ ഫാക്ടറികളിലും ഓഫീസുകളിലും തൊഴിലിടങ്ങളിലും എത്തിക്കേണ്ടത് ആവശ്യമായിരിക്കുന്നു. പൊതുവില്‍ ജനങ്ങളിലാകെ ഈ സന്ദേശം എത്തിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റിന്റെ തൊട്ടുമുമ്പ് നടത്തുന്ന പൊതു പണിമുടക്ക് യുപിഎ സര്‍ക്കാരിനും അതിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരായ ശക്തമായ താക്കീതായി മാറുകയുള്ളൂ. സംയുക്ത സമരത്തിന്റെ കൊടിക്കൂറ ഉയര്‍ത്തി നമുക്ക് മുന്നോട്ടു നീങ്ങാം; പൊതു പണിമുടക്ക് വമ്പിച്ച വിജയമാക്കിക്കൊണ്ട് ഈ നയങ്ങള്‍ മാറ്റുന്നതിന് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കാം.

*
എ കെ പത്മനാഭന്‍ ചിന്ത വാരിക 08 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പിന്നിട്ട വര്‍ഷം ലോകത്തിന്റെ മുക്കും മൂലയുംവരെ വമ്പിച്ച ജന മുന്നേറ്റങ്ങളും പോരാട്ടങ്ങളും പ്രക്ഷോഭങ്ങളുംകൊണ്ട് മുഖരിതമായിരുന്നു. മുതലാളിത്ത സമ്പദ്ഘടനയിലെ പ്രതിസന്ധി അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അളവറ്റ ദുരിതങ്ങളാണ് നല്‍കിയത്; അവര്‍ പൊരുതി നേടിയ അവകാശങ്ങള്‍ക്കും ഉപജീവനമാര്‍ഗത്തിനുംനേരെ നിരന്തരമായ കടന്നാക്രമണങ്ങള്‍ നടക്കുന്നതുമൂലമാണത്. 2012ലെ പുതുവര്‍ഷത്തെ ലോകം വരവേല്‍ക്കുമ്പോള്‍ എല്ലാ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്, ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധി തുടരും എന്നുതന്നെയാണ്. സാര്‍വദേശീയതലത്തിലെ "പണ്ഡിറ്റു"മാരൊന്നും എന്തെങ്കിലും അഭിവൃദ്ധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല; അതേസമയംതന്നെ ഇരുണ്ട ഭാവിയെക്കുറിച്ച് പലരും പ്രവചിക്കുന്നുമുണ്ട്. ലോകത്തുടനീളമുള്ള അധ്വാനിക്കുന്ന ജനങ്ങള്‍ വമ്പിച്ച പണിമുടക്കുകളും സമരങ്ങളും കൊണ്ടാണ് ഈ പ്രതിസന്ധികളോടും കടന്നാക്രമണങ്ങളോടും പ്രതികരിക്കുന്നത്. 2011ന്റെ തുടക്കത്തിലെ അറബ് വസന്തം അനുകൂലമായ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷ സൃഷ്ടിച്ചിരുന്നെങ്കിലും അനുഭവം മറിച്ചായിരുന്നു. ഈജിപ്തിനെയും ടുണീഷ്യയെയും പോലുള്ള രാജ്യങ്ങളില്‍ നിരവധി പ്രതിലോമ ശക്തികള്‍ മുന്‍നിരയിലേക്ക് കടന്നുവന്നു; അവിടെയെല്ലാം പോരാട്ടങ്ങള്‍ തുടരുകയാണ്. ഭരണമാറ്റത്തിനുവേണ്ടി നാറ്റോസേന നടത്തിയ മനുഷ്യത്വരഹിതമായ കടന്നാക്രമണങ്ങള്‍ ലിബിയയില്‍ കനത്ത ആള്‍നാശമാണ് സൃഷ്ടിച്ചത്. സിറിയയും ഇറാനും അവരുടെ അടുത്ത ലക്ഷ്യങ്ങളാണ്.