Monday, January 9, 2012

വിജിലന്‍സുകാരേ... ഇതെന്തൊരന്വേഷണം?

പാമൊലിന്‍ കേസില്‍ ക്രമക്കേട് നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയത് കേരള ഹൈക്കോടതിയാണ്. വിധി പറഞ്ഞത് ജസ്റ്റിസ് ജെ ബി പട്നായിക്കും ആര്‍ സേഥിയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ്. വിധി വന്നത് 2000 മാര്‍ച്ച് 29ന്. പാമൊലിന്‍ ഇറക്കുമതിയെ സംബന്ധിക്കുന്ന അഴിമതി ആരോപണങ്ങളെ സംബന്ധിക്കുന്ന പ്രാഥമിക പരിശോധനയില്‍ നിന്നുതന്നെ, നിയമത്തിന്റെ പല വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ ക്രമക്കേടുകള്‍ നടന്നുവെന്ന് എഫ്ഐആറില്‍ സൂചനകളുണ്ട് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാദമായ പാമൊലിന്‍ ഇറക്കുമതി നടക്കുന്ന കാലത്ത് ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കേസിലെ 23-ാം സാക്ഷിയാണ് നിലവില്‍ അദ്ദേഹം.

പാമൊലിന്‍ ഇറക്കുമതിയില്‍ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയത് സിഎജിയാണ്. കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ അധ്യക്ഷനായ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ആ കണ്ടെത്തല്‍ ശരിവച്ചു. അവരുടെ റിപ്പോര്‍ട്ടിലും ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തി. പാമൊലിന്‍ ഇറക്കുമതിയില്‍ ക്രമക്കേട് നടന്നു, അതുവഴി ഖജനാവിനു നഷ്ടമുണ്ടായി, ഇറക്കുമതിചെയ്ത പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിക്ക് അവിഹിതമായ സാമ്പത്തികനേട്ടമുണ്ടായി, അഴിമതി നടന്നു എന്നീ കാര്യങ്ങള്‍ സിഎജി, നിയമസഭാ കമ്മിറ്റി, കേരള ഹൈക്കോടതി എന്നിവര്‍ അംഗീകരിച്ചുകഴിഞ്ഞു. ഈ ക്രമക്കേടില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് കണ്ടെത്താനായിരുന്നല്ലോ വിജിലന്‍സിന്റെ തുടരന്വേഷണം. അതിനു വഴിവച്ചത്, കേസിലെ രണ്ടാം പ്രതിയും അന്നത്തെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയുമായിരുന്ന ടി എച്ച് മുസ്തഫയുടെ ഒരു ഹര്‍ജിയും. മുസ്തഫ വെളിപ്പെടുത്തിയ വസ്തുതകളെ അടിസ്ഥാനമാക്കി വിജിലന്‍സ് നടത്തിയ തുടരന്വേഷണം ശരിയായ ദിശയിലായിരുന്നോ എന്നാണ് പരിശോധിക്കേണ്ടത്. 2011 നവംബര്‍ 11ന് വിജിലന്‍സ് എസ്പി വി എന്‍ ശശിധരന് ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴി നമുക്കൊന്നു പരിശോധിക്കാം. അതിന്റെ മൂന്നാം പേജില്‍ ഒരു ചോദ്യവും ഉത്തരവും ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: "ചോദ്യം - ശ്രീ മുസ്തഫ പറയുന്നത് പാമൊലിന്‍ വാങ്ങാന്‍ അര്‍ജന്‍സി ഒന്നും ഇല്ലായിരുന്നു. താന്‍ മാത്രമായി ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ട. എല്ലാ മന്ത്രിമാരും അറിഞ്ഞിട്ടുള്ള തീരുമാനം മതിയെന്നതുകൊണ്ടാണ് സഖറിയ മാത്യുവിന്റെ നോട്ട് ഔട്ട്സൈഡ് അജന്‍ഡ ആയി ക്യാബിനറ്റില്‍ വയ്ക്കാന്‍ അദ്ദേഹം ശുപാര്‍ശചെയ്തത്. ആ ഉദ്ദേശ്യം താങ്കള്‍ക്കും ഉണ്ടായിരുന്നോ? ഉത്തരം - മുസ്തഫ അങ്ങനെ പറയുവാന്‍ സാധ്യതയില്ല.

പാമൊലിന്‍ ഇറക്കുമതി കേരളത്തിലെ ജനങ്ങള്‍ക്ക് വളരെ ആശ്വാസവും സിവില്‍ സപ്ലൈസ് കോര്‍പറേഷന് ലാഭകരവും ആയതുകൊണ്ടാണ് മുസ്തഫ ഔട്ട്സൈഡ് അജന്‍ഡയായി വയ്ക്കാന്‍ ശുപാര്‍ശ ചെയ്തത്. ആ ഉദ്ദേശ്യം തന്നെയായിരുന്നു എനിക്കും ഉണ്ടായിരുന്നത്." ഇറക്കുമതിക്ക് ഒരു അത്യാവശ്യവും ഇല്ലായിരുന്നു എന്ന് സുബോധത്തോടെതന്നെയാണ് ടി എച്ച് മുസ്തഫ വിജിലന്‍സിന് മൊഴി നല്‍കിയത്. ആ മൊഴി നിലനില്‍ക്കെ, "മുസ്തഫ അങ്ങനെ പറയുവാന്‍ സാധ്യതയില്ല" എന്ന ഉമ്മന്‍ചാണ്ടിയുടെ ടിപ്പണിക്ക് എന്തു പ്രസക്തി? മാത്രമല്ല, മുസ്തഫയുടെ "ഉദ്ദേശ്യം" കൂടി ഉമ്മന്‍ചാണ്ടി വ്യാഖ്യാനിക്കുന്നു; എന്നിട്ട് അതുതന്നെയായിരുന്നു തന്റെയും ഉദ്ദേശ്യമെന്ന് വാദിക്കുന്നു; പാവം അന്വേഷണ ഉദ്യോഗസ്ഥന്‍ അതുംകേട്ട് മിഴുങ്ങസ്യ നില്‍ക്കുന്നു. ഇതെന്ത് അന്വേഷണം?! മുസ്തഫയുടെ മൊഴിയും ഉമ്മന്‍ചാണ്ടിയുടെ മൊഴിയും തമ്മിലുള്ള പ്രകടമായ ഈ വൈരുധ്യത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷിച്ചിട്ടുണ്ടോ?
കേരളത്തിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരവും സിവില്‍ സപ്ലൈസ് കോര്‍പറേഷന് ലാഭകരവുമായ ഇറക്കുമതിയായിരുന്നു എന്നാണ് ഉമ്മന്‍ചാണ്ടി വിജിലന്‍സിനോട് പറഞ്ഞത്. കോടതി, സിഎജി, നിയമസഭാ കമ്മിറ്റി എന്നിവരുടെ നിരീക്ഷണങ്ങള്‍ നിലനില്‍ക്കെ, വിജിലന്‍സുകാര്‍ക്ക് ഈ വാദമെങ്ങനെ വിഴുങ്ങാനാവും? എന്തടിസ്ഥാനത്തിലാണ്, ഇറക്കുമതി ലാഭകരമാണെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം വിജിലന്‍സ് അംഗീകരിക്കുന്നത്? മലേഷ്യന്‍ കമ്പനിയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് എംഎസ് നളിന്‍ ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനം പാമൊലിന്‍ വാഗ്ദാനം ചെയ്തിരുന്നു. കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പ് കുറഞ്ഞ വിലയ്ക്ക് പാമൊലിന്‍ നല്‍കാന്‍ സിഐ കമ്മോഡിറ്റീസ് എന്ന സ്ഥാപനം തയ്യാറായിരുന്നു. മെട്രിക് ടണ്ണിന് 405 ഡോളര്‍ നിരക്കില്‍ വില സമ്മതിച്ച് പി ആന്‍ഡ് ഇ കമ്പനിയുമായി കരാര്‍ ഒപ്പുവച്ചത് 1992 ജനുവരി 24നാണ്. മെട്രിക് ടണ്ണിന് 387 ഡോളര്‍ നിരക്കില്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാമെന്നു സമ്മതിക്കുന്ന ടെലക്സ് മെസേജില്‍ 1992 ജനുവരി 13ന് ഉമ്മന്‍ചാണ്ടിയുടെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്.

27-11-1991ന് സമര്‍പ്പിച്ച അപേക്ഷയില്‍ ഈ വില സൂചിപ്പിച്ചിട്ടുണ്ട് എന്ന കാര്യം ആ കത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കത്ത് വിജിലന്‍സിന്റെ കൈവശമുണ്ട്. പാമൊലിന്‍ ഇറക്കുമതിക്ക് തീരുമാനമെടുത്ത വിവാദ മന്ത്രിസഭാ യോഗം നടക്കുമ്പോള്‍ സിഐ കമ്മോഡിറ്റീസിന്റെ വാഗ്ദാനവും കേരള സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു. ധനമന്ത്രിയെയും ധനസെക്രട്ടറിയെയും അക്കാര്യം അറിയിച്ചിരുന്നുവെന്ന് അവരുടെ രണ്ടാമത്തെ ടെലക്സ് സന്ദേശം വ്യക്തമാക്കുന്നു. ഇതേക്കുറിച്ച് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പറഞ്ഞിരുന്നോ? രണ്ടാമത്തെ ടെലക്സ് സന്ദേശം കൈപ്പറ്റിയതിനുശേഷമെങ്കിലും ഇക്കാര്യം മന്ത്രിസഭയില്‍ ഉന്നയിച്ചിരുന്നോ? കുറഞ്ഞ ടെന്‍ഡര്‍ ഒഴിവാക്കി, കൂടിയ വിലയ്ക്ക് പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ കാരണമെന്തെന്ന് ധനവകുപ്പ് ചോദിച്ചിട്ടുണ്ടോ? ഫയല്‍ വിളിച്ചുവരുത്തി അന്വേഷിച്ചിരുന്നോ? വിജിലന്‍സിന്റെതന്നെ കൈയിലുള്ള രേഖയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി നേരിടേണ്ടിയിരുന്ന സ്വാഭാവിക ചോദ്യങ്ങളാണിവ. ദുരൂഹമെന്നു പറയട്ടെ, ഈ ചോദ്യങ്ങളൊന്നും വിജിലന്‍സ് ചോദിച്ചിട്ടില്ല. ഈ സംശയങ്ങള്‍ക്കൊന്നും ഒരു മറുപടിയും ഉമ്മന്‍ചാണ്ടിക്ക് നല്‍കാനുമില്ല. കൂടിയ വിലയ്ക്കായിരുന്നു അന്നത്തെ പാമൊലിന്‍ ഇറക്കുമതി. കുറഞ്ഞ വിലയുടെ വാഗ്ദാനം അന്നത്തെ മുഖ്യമന്ത്രി, ധനമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് മുന്നിലുണ്ടായിരുന്നു. ഈ വാഗ്ദാനം അവഗണിച്ചവരില്‍ രണ്ടുപേര്‍ കേസിലെ പ്രതികളായി. മൂന്നാമനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതിന് യുക്തിസഹമായ എന്തു കാരണമാണ് വിജിലന്‍സിന് പറയാനുള്ളത്?

ഇതേക്കുറിച്ച് എന്തെങ്കിലും വിശദീകരണം ഉമ്മന്‍ചാണ്ടിയോട് ആരാഞ്ഞിരുന്നോ? ഏറ്റവും സുപ്രധാനമായ ഈ തെളിവിന്മേലുള്ള അന്വേഷണം എന്തുകൊണ്ടാണ് വിജിലന്‍സ് ഒഴിവാക്കിയത്? 2005ല്‍ ഉമ്മന്‍ചാണ്ടിയുടെ പാമൊലിന്‍ കേസ് പിന്‍വലിക്കല്‍ നാടകത്തിന്റെ ഉള്ളുകള്ളിയും ഇക്കാലത്താണ് വെളിപ്പെട്ടത്. കേസിലെ അഞ്ചാം പ്രതിയും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ ജിജി തോംസണെതിരെ കേന്ദ്ര വിജിലന്‍സ് കമീഷന്‍ ആരംഭിച്ച അച്ചടക്ക നടപടി അട്ടിമറിക്കാനായിരുന്നു ആ നാടകം. ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവര്‍ക്കെതിരെ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അച്ചടക്ക നടപടികള്‍ ആരംഭിച്ചത് 2003ലാണ്. ഈ അട്ടിമറിയുടെ നാള്‍വഴികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയാണ് അക്കമിട്ടുനിരത്തിയത്. പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും കേസ് പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളൊന്നും ഉമ്മന്‍ചാണ്ടി ചെയ്തിരുന്നില്ല. കേസ് പരിഗണിക്കുന്ന കോടതിയിലാണ് പിന്‍വലിക്കാനുള്ള അപേക്ഷയും നല്‍കേണ്ടത്. 2005ലെ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കാലത്ത് അങ്ങനെയൊരപേക്ഷ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. പക്ഷേ, മന്ത്രിസഭാ തീരുമാനമെടുത്ത് അഞ്ചു ദിവസങ്ങള്‍ക്കകം, സര്‍ക്കാര്‍ ഉത്തരവുപോലും ഇറങ്ങുന്നതിന് മുമ്പ്, കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തെ കേസ് പിന്‍വലിക്കുന്ന വിവരം അറിയിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കത്തിന്റെ മറവില്‍ കേന്ദ്രം ഇവര്‍ക്കെതിരെ നടപടി മരവിപ്പിച്ചു. പിന്നീട് കുറ്റവിമുക്തരുമാക്കി. പാമൊലിന്‍ കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നതിനാലാണ് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ പദവിയില്‍നിന്ന് പി ജെ തോമസിനെ സുപ്രീംകോടതി പുറത്താക്കിയത്. വകുപ്പുതലത്തില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് കമീഷന്‍ നടപടി സുപ്രീംകോടതി അംഗീകരിച്ചില്ല. 2005 ജനുവരി 24ന് ഉമ്മന്‍ചാണ്ടി അയച്ച കത്തിനെത്തുടര്‍ന്ന് സ്വീകരിച്ച നടപടികളാണ് അസാധുവാക്കപ്പെട്ടത്. അതായത്, ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമീഷന്‍ 2003ല്‍ തുടങ്ങിയ നടപടികള്‍ പുനരാരംഭിക്കേണ്ടിയിരിക്കുന്നു. അങ്ങനെ പുനരാരംഭിക്കുമ്പോള്‍ സ്വാഭാവികമായി മറ്റൊരു ചോദ്യം ഉയരും. പാമൊലിന്‍ കേസില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ട് എന്ന് കേരള ഹൈക്കോടതിയുടെ നിരീക്ഷണം നിലവിലിരിക്കെ, ആ കേസ് പിന്‍വലിക്കുന്നുവെന്ന നാടകം എന്തിനാണ് ഉമ്മന്‍ചാണ്ടി കളിച്ചത്? കേസിലെ ചില പ്രതികളെമാത്രം രക്ഷിക്കാന്‍ എന്തിന് തയ്യാറായി? സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കും ഉമ്മന്‍ചാണ്ടി മറുപടി പറയണം.

ദൗര്‍ഭാഗ്യവശാല്‍ തങ്ങള്‍ക്കുമേലുളള രാഷ്ട്രീയസമ്മര്‍ദത്തിന്റെ രസനിരപ്പ് അടയാളപ്പെടുന്ന റിപ്പോര്‍ട്ടും നിഗമനങ്ങളുമാണ് വിജിലന്‍സിന്റേത്. പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയുമായി ചര്‍ച്ച നടത്തി പാമൊലിന് കൂടിയ വില നിശ്ചയിച്ചത് അന്നത്തെ സിവില്‍ സപ്ലൈസ് ഡയറക്ടറായിരുന്ന ജിജി തോംസണാണ്. ആ ജിജി തോംസണെ അച്ചടക്ക നടപടിയില്‍നിന്ന് രക്ഷിക്കാനാണ് 2005ല്‍ ഉമ്മന്‍ചാണ്ടി കേസ് പിന്‍വലിക്കല്‍ നാടകം കളിച്ചത്. കുറഞ്ഞ വിലയ്ക്ക് പാമൊലിന്‍ നല്‍കാനുളള സന്നദ്ധത അറിയിക്കുന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കൈയൊപ്പുണ്ട്. ഇതില്‍നിന്നൊക്കെ ഈ ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കും താല്‍പ്പര്യവും പ്രഥമദൃഷ്ട്യാ തെളിയിക്കുന്നുണ്ട്. 1991 നവംബര്‍ 27ന് നടന്ന മന്ത്രിസഭായോഗത്തിനുള്ള കുറിപ്പിലെ ഒപ്പിനെ ചുറ്റിപ്പറ്റിമാത്രമാണ് പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്കിനെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നത്. അതിനൊക്കെ അപ്പുറത്തേക്ക് ഈ കേസ് വളര്‍ന്നുകഴിഞ്ഞു. ആ മേഖലയിലേക്കുളള പ്രവേശനം വിജിലന്‍സ് അന്വേഷണസംഘത്തിന് നിഷേധിച്ചതുകൊണ്ട് എല്ലാം അവസാനിച്ചു എന്ന് ഉമ്മന്‍ചാണ്ടി കരുതരുത്.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി 09 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പാമൊലിന്‍ കേസില്‍ ക്രമക്കേട് നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയത് കേരള ഹൈക്കോടതിയാണ്. വിധി പറഞ്ഞത് ജസ്റ്റിസ് ജെ ബി പട്നായിക്കും ആര്‍ സേഥിയുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ്. വിധി വന്നത് 2000 മാര്‍ച്ച് 29ന്. പാമൊലിന്‍ ഇറക്കുമതിയെ സംബന്ധിക്കുന്ന അഴിമതി ആരോപണങ്ങളെ സംബന്ധിക്കുന്ന പ്രാഥമിക പരിശോധനയില്‍ നിന്നുതന്നെ, നിയമത്തിന്റെ പല വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ ക്രമക്കേടുകള്‍ നടന്നുവെന്ന് എഫ്ഐആറില്‍ സൂചനകളുണ്ട് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാദമായ പാമൊലിന്‍ ഇറക്കുമതി നടക്കുന്ന കാലത്ത് ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കേസിലെ 23-ാം സാക്ഷിയാണ് നിലവില്‍ അദ്ദേഹം.