Monday, January 9, 2012

വികസനം മുരടിക്കുന്നു

യുഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ കര്‍മപരിപാടിയായി പ്രഖ്യാപിച്ച പ്രധാന പദ്ധതികളെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചതും തുടങ്ങിവച്ചവയുമാണ്. ഒരു പുതിയ പദ്ധതിയും ആവിഷ്കരിക്കാനോ കേന്ദ്രസര്‍ക്കാരില്‍നിന്ന് നേടിയെടുക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊട്ടിഘോഷിച്ച് നടത്തിയ ഡല്‍ഹി യാത്രയിലും പുതിയ പദ്ധതികളൊന്നും നേടിയെടുക്കാനായിട്ടില്ല. പുതിയ വ്യവസായനിക്ഷേപങ്ങള്‍ ലക്ഷ്യംവച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച "എമര്‍ജിങ് കേരള" എന്ന നിക്ഷേപക സംഗമം നീട്ടിവയ്ക്കുകയുംചെയ്തു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏഴുമാസങ്ങള്‍ പിന്നിടുമ്പോഴും സംസ്ഥാന വികസനത്തിന് കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കമാകട്ടെ ദുരിതാശ്വാസപദ്ധതിയില്‍നിന്ന് സാമ്പത്തികസഹായം നല്‍കലില്‍ മാത്രമൊതുങ്ങി.

"പുതിയ" പഴയ പദ്ധതികള്‍

എല്‍ഡിഎഫ് കാലത്ത് ആവിഷ്കരിച്ചതും പണി തുടങ്ങിയതുമായ നിരവധി വന്‍പദ്ധതികളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം: കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുത്തത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അന്നത്തെ ആഭ്യന്തര-ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു ഈ പദ്ധതിയുടെ കോര്‍ഡിനേഷന്‍ ചുമതല. വിമാനത്താവളത്തിനായി 2000 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഭൂമിയേറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയത് കിന്‍ഫ്രയെയാണ്. ഇതിനാവശ്യമായ തുക ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. സ്ഥല ഉടമകളുമായി ചര്‍ച്ച നടത്തി തര്‍ക്കത്തിന് ഇടവരാത്ത രീതിയില്‍ ഭൂമിയേറ്റെടുക്കാനും കഴിഞ്ഞു. 1000 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. കിയാല്‍ (കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എന്ന കമ്പനി രൂപീകരിച്ചു. പ്രസ്തുത കമ്പനിയില്‍ 49 ശതമാനം ഓഹരി പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും രണ്ടുശതമാനം ഓഹരി ഇന്‍കെല്‍ എന്ന കമ്പനിയ്ക്കും നല്‍കാനും ബാക്കി ഓഹരികള്‍ വ്യക്തികളില്‍നിന്നും സമാഹരിക്കാന്‍ തീരുമാനിച്ചു. ഓഹരി സമാഹരണവും ആരംഭിച്ചു. കമ്പനിയുടെ മാനേജിങ് ഡയറക്ടറായി റിട്ട. ഐഎഎസ് ഓഫീസര്‍ തുളസീദാസിനെ നിയമിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ടൂറിസം, റവന്യൂ, ധനം, വ്യവസായവകുപ്പ് മന്ത്രിമാര്‍ അംഗങ്ങളുമായ ഡയറക്ടര്‍ ബോര്‍ഡും രൂപീകരിച്ചു. വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 2010 ഡിസംബറില്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിടുകയുംചെയ്തു.

സൗത്ത്-നോര്‍ത്ത് ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ :

തിരുവനന്തപുരംമുതല്‍ മംഗലാപുരംവരെ അതിവേഗ തീവണ്ടിപ്പാത എന്ന പദ്ധതി ആവിഷ്കരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായവകുപ്പാണ്. എക്പ്രസ് ഹൈവേ നിര്‍മിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ പദ്ധതി മുന്നോട്ടുവച്ചത്. മന്ത്രിസഭ പദ്ധതിക്ക് അംഗീകാരവും നല്‍കി. കെഎസ്ഐഡിസിയെ നോഡല്‍ ഏജന്‍സിയാക്കി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) ചുമതലയില്‍ പദ്ധതി നടപ്പാക്കണമെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. അതനുസരിച്ച് ഞാനും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും ഡിഎംആര്‍സി ചെയര്‍മാന്‍ ഇ ശ്രീധരനുമായി ചര്‍ച്ച നടത്തി. പ്രാഥമിക പഠനം നടത്തിയ ശേഷം ഈ പദ്ധതി നടപ്പാക്കാന്‍ കഴിയുന്നതാണെന്ന റിപ്പോര്‍ട്ടാണ് ഡിഎംആര്‍സി നല്‍കിയത്. റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ച ശേഷം പദ്ധതി നടപ്പാക്കാന്‍ ഒരുകമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. പദ്ധതിയുടെ ഡിപിആര്‍ (വിശദമായ പദ്ധതിരേഖ) തയ്യാറാക്കാന്‍ കെഎസ്ഐഡിസി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. ഇത്രയും കാര്യങ്ങള്‍ നടന്നത് എല്‍ഡിഎഫ് ഭരണകാലത്താണ്. ഇതെല്ലാം മറച്ചുവച്ചാണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ പ്രഖ്യാപനം.

കൊച്ചി-കോയമ്പത്തൂര്‍ ഹൈടെക് കോറിഡോര്‍ :

വ്യവസായ നഗരങ്ങളായ കൊച്ചിയെയും കോയമ്പത്തൂരിനെയും ബന്ധിപ്പിച്ച് പ്രത്യേക ചരക്ക് തീവണ്ടിപ്പാതയും പാതയുടെ വശങ്ങളിലായി വ്യവസായ ടൗണ്‍ഷിപ്പും സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതി. ഡല്‍ഹി-മുംബൈ ഹൈടെക് കോറിഡോര്‍ മാതൃകയിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി വിഭാവനം ചെയ്തത്. വ്യവസായ വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയും കെഎസ്ഐഡിസിയെ നോഡല്‍ ഏജന്‍സിയായി ചുമതലയേല്‍പ്പിക്കുകയുംചെയ്തു. 2010ലെ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചു. കേന്ദ്ര വ്യവസായമന്ത്രി ആനന്ദ് ശര്‍മയുമായി ഞാനും വ്യവസായവകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. തമിഴ്നാടിനും എതിരഭിപ്രായമുണ്ടായിരുന്നില്ല. വ്യവസായപദ്ധതിക്കായി 10,000 ഏക്കര്‍ഭൂമി ആവശ്യമായി വരും. ഭൂരിഭാഗം ഭൂമി കോയമ്പത്തൂരും ബാക്കി കഞ്ചിക്കോട്ടും ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കൊച്ചി വല്ലാര്‍പ്പാടം ടെര്‍മിനല്‍ പദ്ധതി പൂര്‍ത്തിയായതോടെ ഈ പദ്ധതിയുടെ പ്രസക്തി വര്‍ധിച്ചു. വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ ഇന്‍കെലിനെയാണ് ചുമതലപ്പെടുത്തിയത്. ഇപ്പോള്‍ യുഡിഎഫ് അവരുടെ പദ്ധതിയായാണ് ഇതിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖം:

വിഴിഞ്ഞം തുറമുഖ വികസനം ദീര്‍ഘകാലമായി കേരളത്തിന്റെ ആവശ്യമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇക്കാര്യത്തില്‍ പ്രകടമായ പുരോഗതി കൈവരിച്ചത്. ഭൂമിയേറ്റെടുക്കാന്‍ ആരംഭിച്ചതും പശ്ചാത്തല സൗകര്യങ്ങളൊരുക്കി ടെന്‍ഡര്‍ നടപടി സ്വീകരിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അന്ന് തടസ്സങ്ങള്‍ സൃഷ്ടിച്ച് പദ്ധതിക്ക് അനുമതി നല്‍കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. വിഴിഞ്ഞം തുറമുഖപദ്ധതി പൂര്‍ത്തിയാക്കാനായി കമ്പനി രൂപീകരിച്ചതും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. അതുതുടരുക മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്.

പാലക്കാട് കോച്ച് ഫാക്ടറിക്കാവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത് നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന് റെയില്‍വേമന്ത്രാലയം തീരുമാനിച്ചില്ല. ചിറ്റമ്മനയമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഒരുപുരോഗതിയും കൈവരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായിട്ടില്ല.

കൊച്ചി മെട്രോ പദ്ധതി:

പൊതുമേഖലയില്‍ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതല ഏല്‍പ്പിക്കാനും തീരുമാനിച്ചു. മെട്രോയുടെ അലൈന്‍മെന്റ് അംഗീകരിക്കുകയും അനുബന്ധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. സ്വകാര്യപങ്കാളിത്തം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ കടുംപിടിത്തമാണ് പദ്ധതി നീട്ടിക്കൊണ്ടുപോയത്. ഡിഎംആര്‍സിയെ ഒഴിവാക്കി സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയെ വിവാദത്തില്‍ കുരുക്കി അഴിമതിക്കുള്ള ഉപാധിയാക്കാനാണ് ശ്രമം.

പ്രകൃതിവാതക പൈപ്പ്ലൈന്‍ :

കൊച്ചിയില്‍ എന്‍എല്‍ജി ടെര്‍മിനല്‍ പൂര്‍ത്തിയായി വരികയാണ്. അതോടൊപ്പം കോയമ്പത്തൂര്‍ , മംഗലാപുരം എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് പൈപ്പ്ലൈന്‍ സ്ഥാപിക്കണം. ഇതിനായി പദ്ധതി ആവിഷ്കരിച്ചതും ഗെയ്ല്‍ , (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) കെഎസ്ഐഡിസി എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ കമ്പനി രൂപീകരിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. കേരളത്തിലെ വ്യവസായവികസനത്തില്‍ വന്‍സംഭാവന നല്‍കുന്നതാണ് ഈ പദ്ധതി.

എറണാകുളം ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ പാര്‍ക്ക്:

ഇലക്ട്രോണിക് വ്യവസായരംഗത്തെ വന്‍ വളര്‍ച്ചാസാധ്യത കണക്കിലെടുത്താണ് കൊച്ചി പരിസരത്ത് ഒരു വ്യവസായപാര്‍ക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത്. കെഎസ്ഐഡിസിയാണ് ഈ പദ്ധതിക്ക് മുന്‍കൈയെടുത്തത്. പിറവം മണ്ഡലത്തിലെ ആമ്പല്ലൂര്‍ പഞ്ചായത്തില്‍ 2000 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തി. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി 720 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്യാന്‍ അനുമതി നല്‍കി. 2010ലെ ബജറ്റില്‍ പദ്ധതി പ്രഖ്യാപിക്കുകയുംചെയ്തു. അക്വിസിഷന്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. അന്നത്തെ വ്യവസായവകുപ്പ് നിയോഗിച്ച വിദഗ്ധസംഘം കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വ്യവസായപാര്‍ക്കിലേക്ക് സംരംഭകരെ കൊണ്ടുവരാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങുകയുംചെയ്തു. ഈ പദ്ധതിയും പുതിയതാണെന്ന മട്ടില്‍ പ്രചാരണം നടത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ .

പ്രകൃതിവാതകം ഉപയോഗിച്ച് 1300 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു തെര്‍മല്‍ പവര്‍ പ്ലാന്റ്, ചീമേനിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്. വൈദ്യുതിബോര്‍ഡും കെഎസ്ഐഡിസിയും ചേര്‍ന്ന് ഒരു സംയുക്ത കമ്പനി ഇതിനായി രൂപീകരിച്ചു. ചീമേനിയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വകയായ 2000 ഏക്കര്‍ ഭൂമി പദ്ധതിക്കായി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിശദമായ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കുകയുംചെയ്തു. അവിടെനിന്ന് മുന്നോട്ടുപോകാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ അലിഗഢ് സര്‍വകലാശാലയുടെ ക്യാമ്പസ് ആരംഭിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. അഞ്ച് ഓഫ് ക്യാമ്പസുകളാണ് അലിഗഢ് സര്‍വകലാശാല തീരുമാനിച്ചിരുന്നത്. യാഥാര്‍ഥ്യമായത് മലപ്പുറത്തേത് മാത്രമാണ്.

ചുരുക്കത്തില്‍ കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന എല്ലാ വന്‍കിടപദ്ധതികളും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചതും ആരംഭിച്ചതുമാണ്. കേന്ദ്രവും സംസ്ഥാനവും ഒരുകക്ഷി ഭരിച്ചാല്‍ വന്‍വികസനമുണ്ടാകുമെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊള്ളയാണെന്ന് സമീപകാലത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പഴയ പദ്ധതികള്‍ പലതും മരവിച്ച മട്ടിലാണ്. കൊച്ചി മെട്രോയുടെ ഭാവി ആശങ്കയിലായി. യുഡിഎഫ് സര്‍ക്കാരിന്റെ വികസന വായ്ത്താരിയുടെ പൊള്ളത്തരം കഴിഞ്ഞ എട്ടുമാസം കൊണ്ട് കേരളജനത നന്നായി മനസ്സിലാക്കിയിരിക്കുന്നു.

*
എളമരം കരീം ദേശാഭിമാനി 09 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ കര്‍മപരിപാടിയായി പ്രഖ്യാപിച്ച പ്രധാന പദ്ധതികളെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചതും തുടങ്ങിവച്ചവയുമാണ്. ഒരു പുതിയ പദ്ധതിയും ആവിഷ്കരിക്കാനോ കേന്ദ്രസര്‍ക്കാരില്‍നിന്ന് നേടിയെടുക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊട്ടിഘോഷിച്ച് നടത്തിയ ഡല്‍ഹി യാത്രയിലും പുതിയ പദ്ധതികളൊന്നും നേടിയെടുക്കാനായിട്ടില്ല. പുതിയ വ്യവസായനിക്ഷേപങ്ങള്‍ ലക്ഷ്യംവച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച "എമര്‍ജിങ് കേരള" എന്ന നിക്ഷേപക സംഗമം നീട്ടിവയ്ക്കുകയുംചെയ്തു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏഴുമാസങ്ങള്‍ പിന്നിടുമ്പോഴും സംസ്ഥാന വികസനത്തിന് കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കമാകട്ടെ ദുരിതാശ്വാസപദ്ധതിയില്‍നിന്ന് സാമ്പത്തികസഹായം നല്‍കലില്‍ മാത്രമൊതുങ്ങി.