Monday, January 9, 2012

ചുവന്ന പ്രഭാതത്തിനും മുമ്പേ ഉദിച്ച നക്ഷത്രം

ചരിത്രത്തെ ഒപ്പം കൂട്ടിയാണ് എന്‍ ചന്ദ്രശേഖരപിള്ള നെയ്യാറ്റിന്‍കരയില്‍നിന്ന് കണ്ണൂരിലേക്ക് വന്നത്. രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ ചരല്‍പ്പാതകളിലൂടെ അദ്ദേഹം പിന്നീട് കേരളത്തിന്റെ കുഗ്രാമങ്ങളില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു.

എന്‍ സി ശേഖര്‍ -കേരളത്തില്‍ ചുവന്ന പ്രഭാതം പിറക്കുംമുമ്പേ ഉദിച്ച നക്ഷത്രം. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകരണയോഗത്തില്‍ പങ്കെടുത്ത നാലു വിപ്ലവകാരികളില്‍ ഒരാള്‍ . 1937 ജൂണിലോ ജൂലൈയിലോ കോഴിക്കോട് പാളയത്തെ പച്ചക്കറിപ്പീടികയുടെ മുകളില്‍ ഇ എം എസും പി കൃഷ്ണപിള്ളയും കെ ദാമോദരനുമൊപ്പം ആ രൂപീകരണയോഗത്തില്‍ ശേഖറും. എസ് വി ഘാട്ടെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രഹസ്യയോഗത്തിന്റെ തുടര്‍ച്ചയായി 1939-ല്‍ പിണറായി പാറപ്രത്ത് ചേര്‍ന്ന സമ്മേളനത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടി കേരളഘടകം ഔപചാരികമായി രൂപംകൊണ്ടത്.

കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിനു മുമ്പേ കേരളത്തില്‍ കമ്യൂണിസ്റ്റ് സഹവര്‍ത്തിത്വത്തിന്റെ ചരിത്രം ആരംഭിക്കുന്നു; 1931ല്‍ എന്‍ സി ശേഖറിലൂടെ. ഒക്ടോബര്‍ വിപ്ലവം യുവാക്കളില്‍ ആവേശംനിറച്ച കാലം. ചെറുപ്പക്കാര്‍ പുതുയുഗപ്പിറവി സ്വപ്നം കണ്ടുതുടങ്ങി. ദേശീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റ് ചിന്താഗതിക്കാരില്‍ സത്യഗ്രഹത്തേക്കാള്‍ മൂര്‍ച്ചകൂടിയ സമരതന്ത്രം വേണമെന്ന ചിന്ത വേരൂന്നി. അങ്ങനെയാണ് 1931 മാര്‍ച്ചില്‍ കമ്യൂണിസ്റ്റ് ലീഗ് സ്ഥാപിതമായത്. എന്‍ സി ശേഖര്‍ , പൊന്നറ ശ്രീധര്‍ , എന്‍ പി ഗുരിക്കള്‍ , തിരുവട്ടാര്‍ താണുപിള്ള, ശിവശങ്കരപ്പിള്ള, ആര്‍ പി അയ്യര്‍ , തൈക്കാട് ഭാസ്കരന്‍ എന്നിവരായിരുന്നു സ്ഥാപകാംഗങ്ങള്‍ .

എന്‍ സി ആത്മകഥയായ "അഗ്നിവീഥി"യില്‍ കുറിച്ചു: "ഇന്ത്യയില്‍ കമ്യൂണിസം നിരോധിതമാണെന്നും ഇത് പരസ്യമായാല്‍ ചിലപ്പോള്‍ ജീവപര്യന്തം തടവായിരിക്കുമെന്നും അറിഞ്ഞുകൊണ്ടായിരുന്നു ഞങ്ങള്‍ കമ്യൂണിസ്റ്റുകാരാണെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ മര്‍ദിത ജനകോടികള്‍ക്ക് കോണ്‍ഗ്രസിലൂടെയോ, സത്യഗ്രഹത്തിലൂടെയോ അല്ല റഷ്യയിലേതിന് സമാനമായ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെയാണ് മോചനമെന്ന ബോധ്യത്തിലാണ് കമ്യൂണിസ്റ്റ്് ലീഗ് സ്ഥാപിച്ചതും".

1930-സ്വാതന്ത്ര്യപ്രക്ഷോഭം പുതിയ പന്ഥാവിലേക്ക് പടര്‍ന്നുകയറി. ഗാന്ധിജിയുടെ ദണ്ഡിയാത്രക്ക് സമാന്തരമായി കെ കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് ഉപ്പുകുറുക്കല്‍ യാത്ര. ഈ വാര്‍ത്ത കണ്ട് എന്‍ ചന്ദ്രശേഖര പിള്ളയെന്ന യുവാവ് തൈക്കാട്ടെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് അപേക്ഷ അയച്ചു. ജാഥാംഗമായതോടെ സാമാജ്ര്യത്വവിരുദ്ധ പോരാട്ടത്തില്‍ കണ്ണിചേരുകയായിരുന്നു. സംഭവബഹുലം പിന്നീട് ആ ജീവിതം. അറസ്റ്റ്്, ജയില്‍ , കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബാട്ലിവാലയടക്കമുള്ള വിപ്ലവകാരികളുമൊത്തുള്ള സഹവാസം, കമ്യൂണിസ്റ്റ് ലീഗ്, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്് പ്രസ്ഥാനം, കമ്യൂണിസ്റ്റ്് പാര്‍ടി... എന്‍ സി ശേഖര്‍ എന്ന ചരിത്രപുരുഷനിലേക്കുള്ള പരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ .

യോജിപ്പിലും വിയോജിപ്പിലും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും കരുത്തിന്റെയും ഉറച്ച തീരുമാനങ്ങളുടെയും ഉടമയായിരുന്നു എന്‍ സി. ദേശീയ പ്രസ്ഥാനത്തിന്റെ ഉലയില്‍ തിളച്ചുരുകിയ ജീവിതത്തിന്റെയും കാരാഗൃഹം ഉരുക്കുപോലെ ദൃഢമാക്കിയ അനുഭവങ്ങളുടെയും കരുത്തില്‍ അദ്ദേഹം വിപ്ലവകാരികളുടെ നായകനായി. ഒളിവുജീവിതത്തിലെ അനുഭവങ്ങള്‍ പതറാത്ത പോരാളിയാക്കി. ട്രേഡ്യൂണിയന്‍ പ്രസ്ഥാനമായിരുന്നു മുഖ്യ പ്രവര്‍ത്തനമേഖല. അവ കെട്ടിപ്പടുക്കാന്‍ അദ്ദേഹം ഇന്ത്യയിലുടനീളം അലഞ്ഞു. ചരിത്രം എന്‍ സിയെ വിലയിരുത്തുന്നത് പലവിധത്തില്‍ . രാഷ്ട്രീയ ഭിന്നതകള്‍ അദ്ദേഹം മറയില്ലാതെ പ്രകടിപ്പിച്ചു. സ്വന്തം ബോധ്യങ്ങളില്‍ നിന്ന് കടുകിട വ്യതിചലിച്ചില്ല. 1960ല്‍ രാജ്യസഭാംഗമായിരിക്കെ പാര്‍ടി അച്ചടക്ക നടപടി. 1964ലെ പിളര്‍പ്പില്‍ സിപിഐ എമ്മിനൊപ്പം നിന്നെങ്കിലും ക്രമേണ അകന്നു. സിപിഐയില്‍ കുറച്ചുകാലം. 1986 ഡിസംബര്‍ മൂന്നിന് അന്തരിച്ചു.

അഞ്ചാം വയസ്സിലാണ് അച്ഛനെ ആദ്യമായി കണ്ടതെന്ന് മകന്‍ എടയത്ത് രവി ഓര്‍ക്കുന്നു. "എന്‍ അബ്ദുള്ളയോടൊപ്പം കോഴിക്കോട് ദേശാഭിമാനിയില്‍ ചെന്നാണ് അച്ഛനെ കണ്ടത്. പാര്‍ടി പ്രവര്‍ത്തനത്തിനിടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്ന അദ്ദേഹം ജാമ്യത്തിലിറങ്ങിയ ഉടന്‍ . കേരളം ആരാധിക്കുന്ന വലിയ മനുഷ്യനെയും സ്നേഹനിധിയായ അച്ഛനെയും കണ്‍നിറയെ കണ്ടു. കമ്യൂണിസ്റ്റായതിനാല്‍ രോഗശയ്യയില്‍ മക്കള്‍ക്ക് മരുന്ന് എത്തിക്കുന്നതുപോലും കോണ്‍ഗ്രസുകാര്‍ വിലക്കിയിരുന്നു. അങ്ങനെയാണ് മൂത്ത രണ്ടു സഹോദരങ്ങള്‍ മരിച്ചതെന്ന് അമ്മ (ജാനകി) പറയാറുണ്ട്. 96 വയസ്സുള്ള അവര്‍ ഇപ്പോള്‍ രോഗശയ്യയിലാണ്"*****


പി പി സതീഷ്കുമാര്‍, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എന്‍ സി ശേഖര്‍ -കേരളത്തില്‍ ചുവന്ന പ്രഭാതം പിറക്കുംമുമ്പേ ഉദിച്ച നക്ഷത്രം. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകരണയോഗത്തില്‍ പങ്കെടുത്ത നാലു വിപ്ലവകാരികളില്‍ ഒരാള്‍ . 1937 ജൂണിലോ ജൂലൈയിലോ കോഴിക്കോട് പാളയത്തെ പച്ചക്കറിപ്പീടികയുടെ മുകളില്‍ ഇ എം എസും പി കൃഷ്ണപിള്ളയും കെ ദാമോദരനുമൊപ്പം ആ രൂപീകരണയോഗത്തില്‍ ശേഖറും. എസ് വി ഘാട്ടെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രഹസ്യയോഗത്തിന്റെ തുടര്‍ച്ചയായി 1939-ല്‍ പിണറായി പാറപ്രത്ത് ചേര്‍ന്ന സമ്മേളനത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടി കേരളഘടകം ഔപചാരികമായി രൂപംകൊണ്ടത്.