Thursday, July 4, 2013

വരാനിരിക്കുന്നത് നെയ്മറുടെ നാളുകളോ...

കാല്‍പ്പന്തുകളിയുടെ ഇടവേളകളില്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള ലക്ഷണമൊത്ത കളരി അഭ്യാസികളുടെ ഉന്നതശ്രേണിയിലേക്ക് ഉയര്‍ത്തപ്പെടാന്‍തക്കവിധം കഴിവും കരുത്തും സിദ്ധിയും ഉള്ള കളിക്കാരനാണോ നെയ്മര്‍ എന്ന ചോദ്യത്തിന് അതേ എന്ന ഉത്തരംതന്നെയാണ് നമുക്കു കിട്ടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ലോകഫുട്ബോളിനെ കാല്‍ക്കീഴിലാക്കി പടയോട്ടം നടത്തുന്ന സ്പാനിഷ് ഗോപുരം ബ്രസീലുകാര്‍ ഇടിച്ചുനിരത്തിയ ഭൂഖണ്ഡങ്ങളുടെ ചാമ്പ്യന്‍മാര്‍ മാറ്റുരച്ച കോണ്‍ഫെഡറേഷന്‍സ് കപ്പ് ടൂര്‍ണമെന്റിലെയും ഫൈനലിലെയും മികച്ച താരമെന്ന ഇരട്ടബഹുമതിക്ക് അര്‍ഹനായ നെയ്മറുടെ കളിയെ അതിവിശിഷ്ടമാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍ എന്ന ഈ ബ്രസീലുകാരന്റെ സ്ഥാനം ലോകഫുട്ബോളില്‍ എവിടെയാണ്.

അല്ലെങ്കില്‍ ഈ ഇരുപത്തൊന്നുകാരന്‍ സമകാലിക ഫുട്ബോളില്‍ എന്താണ്? ഇത്തരത്തിലുള്ള നിരീക്ഷണങ്ങളിലും പഠനങ്ങളിലും വിശകലനങ്ങളിലും മുഴുകിയിരിക്കുകയാണല്ലോ ഫുട്ബോള്‍ പണ്ഡിറ്റുകളും വിദഗ്ധരും. നാലു ഗോളുകള്‍, അതാകട്ടെ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഓര്‍മകള്‍ക്ക് സുഖംപകരുന്ന മനോഹരമായ ഗോളുകള്‍. അവ നാലിലും മികവിന്റെ കയ്യൊപ്പും. ഇനിയങ്ങോട്ട് ലോകഫുട്ബോളില്‍ നെയ്മറുടെ കാലമായിരിക്കുമെന്നതിന്റെ സൂചനകളാണ് കോണ്‍ഫെഡറേഷന്‍സ് കപ്പ് നല്‍കുന്നത്. ലോകഫുട്ബോളിലെ മറ്റു പല സൂപ്പര്‍താരങ്ങളിലും കാണാത്ത ചില നല്ല ഗുണങ്ങളുണ്ട് ഈ ചെറുപ്പക്കാരനില്‍. താന്‍ വലിയ കളിക്കാരനാണെന്നും തന്നെക്കാള്‍ മികച്ചവരില്ലെന്നും വീമ്പുപറയുന്നവര്‍ക്കിടയില്‍ പുല്‍ത്തകിടിയില്‍ ഇനിയുമേറെ പഠിക്കാനുണ്ടെന്നും തെളിയിക്കാനുണ്ടെന്നും ഏറ്റുപറഞ്ഞ് ഈ സാവോപോളോക്കാരന്‍ വേറിട്ടുനില്‍ക്കുന്നു. നെയ്മറുടെ പ്രതിഭയുടെ സകല അടയാളങ്ങളുമുള്ള കളികളാണ് കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കണ്ടതെന്ന ബ്രസീലിയന്‍ കോച്ച് ലൂയി ഫിലിപ്പ് സ്കൊളാരിയുടെ നിരീക്ഷണത്തോട് വിയോജിക്കേണ്ടതില്ല. പെലെയുടെ ക്ലബ് എന്ന് ആഗോളതലത്തില്‍ ഖ്യാതിയുള്ള ബ്രസീലിലെ സാന്റോസില്‍നിന്ന് 5.4 കോടി യൂറോയ്ക്ക്, സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ചേക്കേറിയ നെയ്മറുടെ പദചലനങ്ങള്‍ നാലുതവണത്തെ ലോകഫുട്ബോളറായ ലയണല്‍ മെസിക്കൊപ്പം ചേര്‍ന്ന് ഫുട്ബോളിന്റെ വേറിട്ടൊരുതലവും തരംഗവും സൃഷ്ടിക്കാന്‍ പോവുകയാണെന്ന് ഫുട്ബോള്‍ലോകം പ്രതീക്ഷിക്കുന്നു. ഒരേ ഭൂഖണ്ഡത്തിലെ ബദ്ധവൈരികളായ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സൂപ്പര്‍താരങ്ങളുടെ സംഗമം അത്ര സുഖകരമായിരിക്കില്ലെന്ന് ബാഴ്സയുടെ മുന്‍ കോച്ചും ഹോളണ്ടിന്റെ ഇതിഹാസതാരവുമായ യോഹാന്‍ ക്രൈഫ് ചൂണ്ടിക്കാട്ടുന്നതില്‍ വാസ്തവമുണ്ടെങ്കിലും ഇല്ലെങ്കിലും മെസി-നെയ്മര്‍ സഖ്യം യാഥാര്‍ഥ്യമാവുകയാണ്. ഇരുവരും തമ്മില്‍ മികവിന്റെ കാര്യത്തില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാകുമ്പോള്‍ അവരിരുവരുടെയും കഴിവുകള്‍ പതിന്മടങ്ങായി തേച്ചുമിനുക്കപ്പെടുമെന്നു നിരീക്ഷണവുമുണ്ട്.

ഗോള്‍ നേടാനും കൂട്ടുകാര്‍ക്ക് ഗോളിലേക്ക് സഹായമെത്തിക്കാനും മിടുക്കുള്ള രചനാത്മക ശൈലിക്ക് ഉടമയായ നെയ്മര്‍ മെസിയുമൊത്ത് മികച്ച രീതിയില്‍ ഒത്തിണങ്ങുമെന്നു വിലയിരുത്തുന്നവരാണേറെയും. മെസി, സാവി ഹെര്‍നാന്‍ഡസ്, ആന്ദ്രെ ഇനിയേസ്റ്റ എന്നീ ലോകോത്തര താരങ്ങള്‍ക്കൊപ്പം ബൂട്ടണിയാന്‍ കഴിയുന്നത് താന്‍ എന്നും സ്വപ്നംകണ്ടിരുന്നുവെന്ന് നെയ്മര്‍ പറയുന്നു. കളിക്കാരുടെ ഇടയിലൂടെ കയറി വിടവുണ്ടാക്കി കളിക്കുന്ന രീതിയല്ല നെയ്മറുടേത്. എന്നാല്‍, പരമ്പരാഗത സ്ട്രൈക്കറുടെ പുതിയ അവതാരമാണ് നെയ്മറെന്ന് കോണ്‍ഫെഡറേഷന്‍സ് കപ്പിലെ കളി കാട്ടിത്തരുന്നു. മെക്സിക്കോയ്ക്കെതിരെ നേടിയ ഗോളും ഇറ്റലിയുടെ നെറ്റിലാക്കിയ ഫ്രീകിക്ക് ഗോളും അതിന്റെ നിദര്‍ശനമാണ്. ലോകത്തിലെ ധനികരായ ഫുട്ബോളര്‍മാരില്‍ ഏഴാമനാണ് നെയ്മര്‍ എന്നതു വിശ്വസിക്കാന്‍ പ്രയാസമാണ്.

എന്നാല്‍, സമകാലിക ഫുട്ബോളിലെ ഏറ്റവും വിപണിമൂല്യമുള്ള കളിക്കാരനായി മാറിയ ഈ ചെറുപ്പക്കാരന്‍ രണ്ടുവര്‍ഷത്തിനകം സമ്പത്തില്‍ മെസിയെയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെയും കടത്തിവെട്ടുമെന്നാണ് കണക്കുകൂട്ടല്‍. യൂവേഫ ചാമ്പ്യന്‍സ് ലീഗിനു തുല്യമായ ദക്ഷിണമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പായ കോപ ലിബര്‍ട്ടഡോറസില്‍ സാന്റോസിന്റെ വിജയശില്‍പ്പിയായ നെയ്മര്‍ ക്ലബ്ബിനുവേണ്ടി 150 ലേറെ ഗോള്‍ നേടുകയും ഒട്ടേറെ ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിനുവേണ്ടി 37 കളിയില്‍ നെയ്മറിന്റെ ബൂട്ടില്‍നിന്ന് 24 ഗോളുകളുമായി. പന്തിനെ ശരീരത്തിലെ മറ്റൊരു അവയവമാക്കി വിളക്കിച്ചേര്‍ക്കാനുള്ള സിദ്ധി, തലച്ചോറിലുള്ള പന്തുകള്‍ കാലുകളിലേക്ക് ആവാഹിക്കാനുള്ള ബുദ്ധിവൈഭവം, അസാമാന്യ വേഗം, ഉന്നംപിഴയ്ക്കാത്ത ഷോട്ടുകള്‍, സാങ്കേതികത്തികവിലും ആസൂത്രണത്തിലും ചാലിച്ചെടുത്ത നീക്കങ്ങള്‍, പന്തിലേക്കും എതിര്‍ഗോള്‍മുഖത്തേക്കും മാത്രമായി മുനകൂര്‍പ്പിച്ച ചിന്തയും കര്‍മവും...

അങ്ങനെ ഒരാളെ മികച്ച ഫുട്ബോളറാക്കുന്ന എല്ലാ ഘടകങ്ങളും ഒന്നിനൊന്നു പാകത്തില്‍ വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന സര്‍ഗധനനായ പന്താട്ടക്കാരനാണ് നെയ്മര്‍. പെലെയുടെയും മാറഡോണയുടെയുമെല്ലാം കളിയെ വിശിഷ്ടമാക്കുന്ന ചില അംശങ്ങളും നെയ്മറിലുമുണ്ട്. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഉയരക്കാരായ ഇറ്റാലിയന്‍ പ്രതിരോധക്കോട്ടയുടെ മുകളിലൂടെ നെയ്മര്‍ നേടിയ ഫ്രീകിക്ക് ഗോള്‍ ആര്‍ക്കാണ് മറക്കാന്‍കഴിയുക. 2014 ലോകകപ്പില്‍ ബ്രസീലിന്റെ പ്രതീക്ഷകളുടെ കുന്തമുനയാണ് ഈ ഇരുപത്തൊന്നുകാരന്‍. ബ്രസീലുകാര്‍ മാത്രമല്ല, ലോകം മുഴുവന്‍ നെയ്മറുടെ കളി കാണാന്‍ കാത്തിരിക്കുന്ന നാളുകളാണ് വരുന്നത്.

*
എ എന്‍ രവീന്ദ്രദാസ്

No comments: