Monday, July 15, 2013

ഇത് ഇക്കണോമിക് ടെററിസം

കഴിഞ്ഞൊരു ലക്കത്തില്‍ 'അയഥാര്‍ഥപണം' (ഫോണി മണി) ലോകത്തെ മുഴുവനും മുക്കിയതിന്റെ കഥ പറഞ്ഞിരുന്നു. ഡോളറുമായി ബന്ധപ്പെട്ട കഥയായിരുന്നു അത്. അടിസ്ഥാന സമ്പദ്ഘടന ദുര്‍ബലമായിരുന്നിട്ടും ഡോളര്‍ എങ്ങനെ ശക്തിവര്‍ധിപ്പിക്കുന്നു എന്നതിന്റെ സൂചനകളായിരുന്നു. ഒരുതരം പണസിദ്ധാന്തത്തിനോ, അനുബന്ധ തര്‍ക്കശാസ്ത്രത്തിനോ ന്യായീകരിക്കാനാവാത്ത ഈ അവസ്ഥയെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ലോകമെങ്ങും നടക്കുന്നുണ്ട്. ഡോളറിന്റെ വില ഉറുപ്പികയുമായി താരതമ്യത്തില്‍ ഇങ്ങനെ വര്‍ധിച്ചാല്‍ മൊത്തത്തില്‍ നമുക്ക് ധനനഷ്ടം, വിലക്കയറ്റം എന്നിവയാവും ഫലം. അതാണ് നമുക്ക് വെപ്രാളമുണ്ടാക്കുന്നത്.

എന്‍ ആര്‍ ഐ ക്കാര്‍ക്ക് വ്യക്തിപരമായ ഗുണമുണ്ടാവുമെങ്കിലും കയറ്റുമതി വ്യവസായത്തെ അത് പ്രതികൂലമായി ബാധിക്കും. പണ്ട് നാല്‍പ്പതുരൂപയുടെ കയറ്റുമതി നടത്തിയാല്‍ കിട്ടുന്ന ഒരു ഡോളറിന് ഇപ്പോള്‍ 60 രൂപയുടെ സാധനം കയറ്റി അയക്കണം. അതായത് കയറ്റുമതി വരുമാനം കുറയും. മാത്രവുമല്ല ഡോളര്‍ കൊടുത്ത് ഇറക്കുമതി നടത്തുമ്പോള്‍, അതിന്റെ വില ഇവിടെക്കൂടും. പൊതുവിലക്കയറ്റത്തിനും ഇത് കാരണമാവും. രൂപയുടെ വിനിമയ മൂല്യം തകരുമ്പോള്‍ നാം ഭയപ്പെടുന്നത് അതുകൊണ്ടാണ്. അമേരിക്കയില്‍ പോയിപഠിക്കുന്നവരുടെ ചെലവ് കണക്കാക്കിയതില്‍ നിന്ന് എത്രയോ കൂടുതലാവും. തിരിച്ചുവരുമ്പോഴേയ്ക്കും വന്‍ കടബാധ്യതയാണ് അവരെ കാത്തുനില്‍ക്കുന്നത്. ഈ വര്‍ഷം വിദേശത്തു പഠിക്കാന്‍ പോകുന്ന അപേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്താണ് ഡോളര്‍ ഇങ്ങനെ ഉയര്‍ന്നു നില്‍ക്കുന്നത്. ചോദന-പ്രചോദന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഇത് വ്യാഖ്യാനിക്കാനാവില്ല. അമേരിക്ക കണക്കറ്റ് ഇറക്കുമതി ചെയ്തും, ഡോളര്‍ ലോകത്തെങ്ങും വിതറിയും കറന്റ് അക്കൗണ്ട് കമ്മിയിലാണ്. കയറ്റുമതി ചെയ്ത് ഡോളര്‍ ശക്തമാക്കാവുന്ന സമ്പദ്ഘടനയല്ല അവരുടേത്. അതായത് ലോകത്തിന് ആവശ്യമായതിലധികം, ഡോളര്‍ ചുറ്റിയിട്ടും, ഡോളര്‍ വിലതാഴാത്തതാണ്, പണശാസ്ത്ര സിദ്ധാന്തങ്ങളെ ഞെട്ടിക്കുന്നത്. ചോദനത്തിലധികം, പ്രദാനമുള്ളതിന്റെ താരതമ്യമൂല്യം കുറയുകയല്ലേ വേണ്ടത്? വിപണി ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണിവിടെ പൊളിഞ്ഞത്.

അതാണ് ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെയും ഇപ്പോഴത്തെയും കുഴപ്പം സാമ്പത്തിക കുഴപ്പമല്ല, സാമ്പത്തിക ശാസ്ത്രത്തിന്റെ (ക്രൈസിസ് ഓഫ് ഇക്കണോമിക്‌സ്) ആണെന്ന് സൂക്ഷ്മ നിരീക്ഷണമുണ്ടായത്. ബാങ്കുകളും, ഷാഢോ ബാങ്കുകളും 'ഫോണിമണി' കൊണ്ട് ലോകം നിറച്ചു. ആഗോള  ബിസിനസ് കണ്‍സള്‍ട്ടിങ്ങ് കമ്പനിയായ ബെയ്ന്‍ ആന്‍ഡ് കമ്പനി ''എ വേള്‍ഡ് എവാഷ് ഇന്‍ മണി'' എന്ന റിപ്പോര്‍ട്ടില്‍ ഇതിന്റെ വിശദപഠനം തരുന്നുണ്ട്. ഏതാണ്ട് ആറ് ട്രില്യണ്‍ ഡോളര്‍ ഒഴുക്കിയാണ് ലോകത്തെ പ്രളയമാക്കിയത്. ഈ താല്‍ക്കാലിക സമൃദ്ധിയെയാണ്, ധനശാസ്ത്രക്കാര്‍ യഥാര്‍ഥ തിരിച്ചുവരവായി കണ്ടത്. പണശാസ്ത്രത്തിന്റെ കുറുക്കുവഴി, മായാമരീചനെപ്പോലെ, ഈ അഭിനവ ലക്ഷ്മണ അര്‍ഥശാസ്ത്ര 'നിഷ്‌കളങ്കരെ' ഏറെ വഴിതെറ്റിച്ചു. ഈ പണം, ഭാവിവളര്‍ച്ചയുടെ സൂചകമാവുമെന്നുവരെ അബദ്ധമെഴുന്നള്ളിച്ചു കഴിഞ്ഞു. പണശാസ്ത്രക്കാര്‍ (മോണിറ്റാറിസ്റ്റുകള്‍).

ബെയ്ന്‍ ആന്‍ഡ് കമ്പനി റിപ്പോര്‍ട്ടില്‍ ആഗോള ഉല്‍പ്പാദനം മന്ദീഭവിച്ചതായും, ഫിനാന്‍ഷ്യല്‍ സ്വത്ത് പതിമടങ്ങ് വര്‍ധിച്ചതായും പറയുന്നു. ഈ വൈപരീത്യം എങ്ങനെ സംഭവിക്കുന്നു. ഫിനാന്‍ഷ്യല്‍ സമ്പദ്ഘടനയും യഥാര്‍ഥ സമ്പദ്ഘടനയും രണ്ടുധ്രുവങ്ങളിലാവുന്ന ആപല്‍ക്കരമായ സ്ഥിതി, മിക്കവരും വേണ്ടത്ര ഗ്രഹിച്ചിട്ടില്ല. 'റിയല്‍ ഇക്കോണമി', 'ഫിനാന്‍ഷ്യല്‍ ഇക്കോണമി' യുടെ മൂന്നിലൊന്നുപോലും വരുന്നില്ല. 2020 ആവുന്നതോടെ ലോകംമുഴുവനും പ്രളയമാവുമെന്നും പിന്നെ ഒന്നും നിയന്ത്രണത്തിലായിരിക്കില്ലെന്നും പ്രശസ്തമായ ബെയ്ന്‍ ആന്‍ഡ് കമ്പനി വ്യക്തമാക്കുന്നു. എല്ലാ ധനശാസ്ത്ര, പണശാസ്ത്ര സിദ്ധാന്തങ്ങളെയും മറികടക്കുന്ന അതിവേഗ കമ്പ്യൂട്ടിംഗ്, സാമ്പത്തിക കണ്ടുപിടുത്തങ്ങള്‍ എന്നിവയാണിതിന്റെ പിന്നില്‍. അതായത് 'റിക്കവറി' യ്ക്ക് ഉല്‍പ്പാദനം വേണ്ട, പണം നിറച്ച് പകിടകളിച്ചാല്‍ മതി. രണ്ടായിരത്തിന്റെ ഒന്നാം ദശകത്തിന്റെ അവസാനം അനുഭവിച്ച തീക്ഷ്ണ കുഴപ്പത്തിലും വലുതാണ് വരാന്‍ പോകുന്നത്. അതിലും എത്രയോ പ്രഹരശേഷിയുള്ള ഒരു സുനാമി തന്നെ.

ഈ സുനാമിയുടെ മുകളിലാണ് ആഗോള മൂലധന പിരമിഡ് ഉയരുന്നത്. അതിന്റെ അയഥാര്‍ഥതകളിലാണ് വരുംകാല വളര്‍ച്ചയുടെ ഗ്രാഫുകളും ഉയരുക. അതിന്റെ അനിശ്ചിതത്വവും ആപത്തും ഊഹിക്കാവുന്നതേയുള്ളു. അതേതുടര്‍ന്നു സംഭവിക്കുന്ന തകര്‍ച്ചകള്‍, വിശകലനം ചെയ്യാന്‍പോലും സാമ്പ്രദായിക ധനശാസ്ത്രത്തിനാവില്ല - ഫിനാന്‍ഷ്യല്‍ മേഖല, യഥാര്‍ഥ മേഖലയ്ക്കുമുകളില്‍ നിലനില്‍ക്കുന്ന ആപല്‍ക്കരമായൊരു ഘടനയാണിത്. ഈ ഉപരിമേഖല അയഥാര്‍ഥമാണ്. അത്തരമൊരു സാഹചര്യത്തിലുണ്ടാവുന്ന ഏതു വളര്‍ച്ചയും ഊതിവീര്‍പ്പിച്ചതും അസ്ഥിരവുമാണ്. അതുതന്നെയാണ് 2008 ല്‍ സംഭവിച്ചത്. ലോകമൂലധന ഘടനയെ ഇത് തലകുത്തനെയാക്കി. പണശാസ്ത്രത്തെ ഈ പ്രയോഗം പിച്ചിചീന്തി.

പണത്തിന്റെ ചോദന-പ്രദാനങ്ങളുടെ ഒരു സന്തുലിതാവസ്ഥ വേണമെന്നതാണ് മോണിറ്ററി ഇക്കോണമിക്‌സ് പറയുന്നത്. പണത്തിന്റെ വ്യാപ്തി വില, ഉല്‍പ്പാദനം എന്നിവയെ സാരമായി ബാധിക്കും. മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ തുടങ്ങിയവര്‍ ഇത് ഏറെ വ്യക്തമാക്കിയിരുന്നു. യഥാര്‍ഥ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കനുപാതമായി പണത്തെ നിയന്ത്രിക്കണമെന്ന് ഫ്രീഡ്മാന്‍ നിഷ്‌കര്‍ഷിച്ചു. പണവും ഉല്‍പാദന വളര്‍ച്ചയും തമ്മില്‍ യഥാര്‍ഥ പാരസ്പര്യം വേണം. ഇതൊരു വമ്പന്‍ സിദ്ധാന്തമൊന്നുമല്ല. വെറും 'കോമണ്‍സെന്‍സ്' മാത്രം. അതുപോലും പാലിക്കാത്തതാണ് ശുദ്ധമായ വകതിരിവുകേട്. ഇത് 1990 കളോടെ ആരംഭിച്ചതാണ്. യഥാര്‍ഥ ഇക്കോണമിയുടെ 10 ഇരട്ടി പണം വര്‍ധിച്ചു. ജപ്പാനിലും ഇതുസംഭവിച്ചു. യൂറോപ്പിലും അതുതന്നെ.

പക്ഷേ അത്ഭുതം, വിലക്കയറ്റം അതിനനുസരിച്ചുണ്ടായില്ല. പണശാസ്ത്രത്തിന്റെ അടിത്തറയാണ് പൊളിച്ചുമാറ്റിയത്. അതിന്റെ തന്ത്രമാണ് 'ക്രോസ് ബോര്‍ഡര്‍' കറന്‍സിചുറ്റല്‍. അതാണമേരിക്ക ചെയ്തത്. അതിന്റെ വിളിപ്പേര് ''ഡീ ടെറിട്ടോറിയലൈസേഷന്‍ ഓഫ് കറന്‍സി' എന്നാണ്. ചുരുക്കത്തില്‍ പണത്തെ നാടുകടത്തി, അന്യരാജ്യത്ത് ചുറ്റിക്കല്‍. അതിലൂടെ ആഗോള സാമ്പത്തിക മേധാവിത്വം നിലനിര്‍ത്താം. വേണ്ടത്രപണം; ദോഷവശങ്ങളില്ല.

ഏതുശാസ്ത്രത്തിലും പുതിയ പ്രയോഗങ്ങളും സിദ്ധാന്തങ്ങളുമുണ്ടാവാം. ഉണ്ടാവണം. പക്ഷേ, അത് ദീര്‍ഘകാല, സുസ്ഥിരതയ്ക്കാവണം. നിയോലിബറല്‍ ധനശാസ്ത്രത്തിന്റെ അശ്വമേധത്തില്‍ അത്തരമൊരു പരിഗണനയില്ല. അതിന്റെ ഭവിഷ്യത്തുകള്‍ താങ്ങാന്‍ ഈ വമ്പന്മാര്‍ക്കുമാവില്ല.

അന്നും കഷ്ടപ്പെടുക സാധാരണക്കാരാവും. ഇതൊരുതരം സാമ്പത്തിക ഭീകരതാ പ്രസ്ഥാനമാണ്. ആ തകര്‍ച്ചയ്ക്കുശേഷം ഏറെയൊന്നും ബാക്കിയുണ്ടാവില്ല.

*
പി എ വാസുദേവന്‍ ജനയുഗം

No comments: