Tuesday, July 2, 2013

അതിജീവനത്തിനായി സമരപന്ഥാവില്‍

സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത ഭൂമികയായി കേരളത്തെ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. നാടിന്റെ സമസ്ത സൗഭാഗ്യങ്ങളും അസ്തമിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയതുപോലെയാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഏതെങ്കിലും ഒരു മേഖലയില്‍ ആരോഗ്യപരമായ മുന്നേറ്റം കാഴ്ചവച്ചു എന്ന് പറയാനാകില്ല. അഴിമതിക്കഥകളാണ് മൂന്നാംവാര്‍ഷികം ആഘോഷിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച ജനോപകാരനടപടികളുടെയെല്ലാം കടയ്ക്കല്‍ കത്തിവയ്ക്കുന്ന നിലപാടാണ് യുഡിഎഫ് കൈക്കൊള്ളുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. ആദിവാസി ഊരുകളില്‍ പട്ടിണിമരണം തുടര്‍ക്കഥയാകുന്നു. സര്‍ക്കാര്‍ വിലാസം തട്ടിപ്പുകളുടെയും അഴിമതികളുടെയും ഉരുള്‍പൊട്ടലില്‍ മാധ്യമങ്ങള്‍ക്ക് പകര്‍ച്ചവ്യാധികളുടെ ഭീകരതയെ കുറിച്ചും പട്ടിണിമരണങ്ങളെകുറിച്ചും പറയാന്‍ കഴിയുന്നില്ല എന്നേയുള്ളു. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള ഒരു നീക്കവും നടത്താതെ ഒളിച്ചോടുകയാണ് സര്‍ക്കാര്‍. ഈയൊരു വര്‍ത്തമാനത്തിലാണ് കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം സമരഭൂമികയിലേക്ക് ഇറങ്ങുന്നത്.

ആരോഗ്യമില്ലാത്ത നാടിനും ജനതയ്ക്കും ഒരിക്കലും മുന്നോട്ടുപോകാനാകില്ല. ജനങ്ങളുടെ ആരോഗ്യത്തെപറ്റി ആശങ്കപ്പെടുന്നവരോട് മുഖ്യമന്ത്രി പറയുന്നത് ആരോഗ്യസംരക്ഷണമാണ് സര്‍ക്കാരിന്റെ മുഖമുദ്ര എന്നാണ്. പക്ഷേ, അത് ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ലെന്ന് മാത്രം. ആദിവാസി വിഭാഗത്തിലെ പിഞ്ചുകുഞ്ഞുങ്ങള്‍ പട്ടിണിമൂലം മരിക്കുകയാണ്. യുഡിഎഫ് ഭഭരണകാലത്ത് 43 കുട്ടികളാണ് അട്ടപ്പാടിയില്‍ മാത്രം മരണപ്പെട്ടത്. ആദിവാസി മേഖലയിലുള്ളവര്‍ക്ക് ആരോഗ്യസംരക്ഷണം നല്‍കാനും പോഷകാഹാരം നല്‍കി അവരുടെ ആരോഗ്യം സംരക്ഷിക്കാനും യുഡിഎഫ് സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നതിന് ഇതില്‍പ്പരമെന്ത് തെളിവ് വേണം? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ എല്ലാ ആരോഗ്യസുരക്ഷാ പദ്ധതികളും ഇല്ലാതാക്കി. ആരോഗ്യ, പട്ടികവര്‍ഗ, സാമൂഹ്യക്ഷേമ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ മരണമാരി ഇല്ലാതാക്കാമായിരുന്നു. പക്ഷേ, അധികാരം നിലനിര്‍ത്താനുള്ള പരക്കംപാച്ചിലില്‍ മുഖ്യമന്ത്രി അതെല്ലാം മറന്നു. ഇടതുഭരണകാലത്ത് ഈ മേഖലകളില്‍ ഇത്തരത്തില്‍ ഒരു മരണവും ഉണ്ടായിട്ടില്ല എന്നതും തിരിച്ചറിയേണ്ടതുണ്ട്. അട്ടപ്പാടി, അഗളി, ആറളം, വയനാട് പ്രദേശങ്ങളില്‍ ആദിവാസികള്‍ വിവരണാതീതമായ ദുരിതത്തിലാണ്. കൊടും പട്ടിണിയാണ് അവിടങ്ങളില്‍. ഈ മേഖലകളിലെ ആദിവാസികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ മുന്നോട്ടുവരാത്തതുകൊണ്ട് കര്‍ഷകത്തൊഴിലാളി യൂണിയനടക്കമുള്ള പുരോഗമനപ്രസ്ഥാനങ്ങള്‍ ദുരിതനിവാരണത്തിന് മുന്നിട്ടിറങ്ങി.

ദുരിതവും മരണവും മേയുന്ന അട്ടപ്പാടി പോലുള്ള പ്രദേശങ്ങളില്‍ മാധ്യമങ്ങളുടെ അകമ്പടിയോടെ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുക എന്ന ഉദ്ദേശ്യത്തോടെ മാത്രം മുഖ്യമന്ത്രിയെത്തി. പട്ടിണിമൂലം കുട്ടികള്‍ മരണമടഞ്ഞ കൂരകളിലേക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയില്ല. മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും ഇത്തരം സമീപനം സര്‍ക്കാരിന് ദുര്‍ബലജനവിഭാഗങ്ങളോട് ഒരു പരിഗണനയുമില്ല എന്ന് തെളിയിക്കുന്നു. മാധ്യമങ്ങളില്‍ സ്ക്രോള്‍ ചെയ്യാനും അച്ചടിച്ചുവരാനും കുറെ പ്രഹസനപ്രഖ്യാപനങ്ങള്‍ നടത്തി എന്നതിനപ്പുറം ഒരു രൂപയുടെ സഹായം ആദിവാസി മേഖലകളില്‍ നടപ്പാക്കാന്‍ ഈ സന്ദര്‍ശനത്തിലൂടെ സാധിച്ചിട്ടില്ല. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ സര്‍ക്കാര്‍ നിഷ്ക്രിയരായി നോക്കിനില്‍ക്കുന്നു. ജനങ്ങള്‍ക്ക് സഹായകമാകുന്ന നടപടികള്‍ കൈക്കൊള്ളുന്നതിന് പകരം കണക്കുകളില്‍ കൃത്രിമം കാട്ടാനുള്ള വ്യഗ്രതയാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്ത് 15 ലക്ഷത്തിലേറെ പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചു എന്ന് അനൗദ്യോഗിക കണക്കുകള്‍ തെളിയിക്കുന്നു. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ, എലിപ്പനി, എച്ച്1 എന്‍1 തുടങ്ങി പലതരം രോഗങ്ങള്‍. കൂടാതെ കേട്ടുകേള്‍വിയില്ലാത്ത രോഗലക്ഷണങ്ങളുമായി സാധാരണക്കാര്‍ നരകയാതന അനുഭവിക്കുന്നു. കൂനിന്‍മേല്‍ക്കുരു പോലെ കാലവര്‍ഷക്കെടുതി കൂടി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വ്യാപകമാകുന്നു. കാലവര്‍ഷക്കെടുതികളില്‍ സഹായഹസ്തമാകാനും യുഡിഎഫ് സര്‍ക്കാരിന് സാധിക്കുന്നില്ല. പനിയും പകര്‍ച്ചവ്യാധികളും കഴിഞ്ഞവര്‍ഷവും ഈ കാലയളവില്‍ പടര്‍ന്ന് പിടിച്ചിരുന്നു. അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാനോ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാലേകൂട്ടി സംഘടിപ്പിക്കാനോ സര്‍ക്കാരിന് സാധിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം.

ആരോഗ്യവകുപ്പും സര്‍ക്കാരും കടുത്ത നിസ്സംഗത പുലര്‍ത്തി. രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനുള്ള പരസ്യങ്ങള്‍ വ്യാപകമാക്കി കൊതുകിനെ കൊല്ലാനുള്ള ആഹ്വാനം നല്‍കുക മാത്രമാണ് ആരോഗ്യവകുപ്പ് ചെയ്തത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ മാലിന്യപ്രശ്നത്തിന്റെ ദുരിതം കേരളം അനുഭവിക്കുന്നുണ്ട്. മാലിന്യനിര്‍മാര്‍ജനത്തിന് ആരോഗ്യകരമായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കോടികള്‍ ചെലവഴിച്ച് അഴിമതി ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങള്‍ കാടും പടര്‍പ്പും പിടിച്ച് തുരുമ്പെടുത്ത് മാലിന്യത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ്. പകര്‍ച്ചപ്പനി പോലുള്ള വ്യാധികള്‍ പെരുകുമ്പോള്‍ മരുന്നിലൂടെയുള്ള പ്രതിവിധി എന്നതിനപ്പുറം ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സാധിക്കുന്നില്ല. കേരളം നേരിടുന്ന നിരവധി പരിസ്ഥിതിപ്രശ്നങ്ങളുടെ ഉല്‍പ്പന്നം കൂടിയാണ് ഇത്തരത്തിലുള്ള മഹാവ്യാധികള്‍. നമ്മുടെ ആവാസവ്യവസ്ഥയിലെ കണ്ണികള്‍ പലതും ദുര്‍ബലമാണ്. പ്രകൃതിയെ തൊടാതെ പ്രകൃതിയുടെതന്നെ ഭാഗമായ മനുഷ്യന് ജീവിക്കാന്‍ സാധിക്കില്ല എന്നത് വസ്തുതയാണ്. എന്നാല്‍, മനുഷ്യന്റെ വളര്‍ച്ചയ്ക്ക് എന്ന വ്യാജേന മുതലാളിത്ത- സാമ്രാജ്യത്വ മൂലധനശക്തികള്‍ ഭരണകൂടത്തിന്റെ സഹായത്തോടെ നമ്മുടെ സംസ്ഥാനത്തെ പ്രകൃതിക്ക് മേലെ, മണ്ണിനും മനുഷ്യനും മേലെ ശക്തമായ കടന്നാക്രമണം നടത്തുന്നുണ്ട്. മൂലധനശക്തികള്‍ പ്രകൃതിക്കും പരിസ്ഥിതിക്കുംമേല്‍ നടത്തുന്ന കടന്നുകയറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മനോഭാവമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. പരിസ്ഥിതിയെ നിലനിര്‍ത്താനും സംരക്ഷിക്കാനും മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് പ്രകൃതിയെ ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കുന്ന നിലയില്‍ പാരിസ്ഥിതികപ്രശ്നങ്ങളെ കൈകാര്യംചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമ്പോള്‍ തീര്‍ച്ചയായും പല മഹാരോഗങ്ങളും ഇവിടെനിന്ന് അപ്രത്യക്ഷമാകും.

പ്രകൃതിയെ മറന്നുള്ള വികസന വഴികള്‍ ഉപേക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും തയ്യാറാകണം എന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണ് കെഎസ്കെടിയുവിന്റെ സമരം. ദുരിതത്തിന്റെ മഹാമാരി പെയ്തിറങ്ങുമ്പോള്‍ ആശ്വാസമായി അരികിലെത്തേണ്ട സര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകത്തൊഴിലാളികളെ വീണ്ടും ബുദ്ധിമുട്ടിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയെ കാര്‍ഷികമേഖലയില്‍നിന്ന് ഒഴിവാക്കി. ആദിവാസി വിഭാഗങ്ങളെ വരെ ആ പദ്ധതിയില്‍നിന്ന് ഒഴിവാക്കുകയാണ്. നേരത്തെ ജോലി ചെയ്ത ഇനത്തിലുള്ള കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെട്ട് ഉപജീവനം ചെയ്യുന്നവര്‍ക്ക് സഹായകമാകുന്ന രീതിയില്‍ അവര്‍ക്ക് ക്ഷേമനിധി, പെന്‍ഷന്‍ തുടങ്ങിയവ ഏര്‍പ്പെടുത്താനും ഉള്ള പരിശ്രമങ്ങള്‍ ഇല്ലാതാക്കാന്‍ ഈ നീക്കത്തിലൂടെ യുഡിഎഫ് സര്‍ക്കാരിന് സാധിച്ചു.

സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്കുമേല്‍ കുറച്ചുകൂടി കഷ്ടപ്പാടിരിക്കട്ടെ എന്ന രീതിയിലാണ് അക്ഷയകേന്ദ്രം പോലുള്ള സംവിധാനങ്ങള്‍ പ്രയോഗിക്കപ്പെടുന്നത്. വിവരസാങ്കേതികവിദ്യ പോലുള്ള സംവിധാനങ്ങള്‍ കൊണ്ട് സാധാരണക്കാരനെ ചൂഷണംചെയ്യുക എന്ന മുതലാളിത്ത രീതിശാസ്ത്രം യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്നത് കൊണ്ടാണ് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇത്തരം സംവിധാനങ്ങളില്‍നിന്ന് അനുഭവപ്പെടുന്നത്. നേരത്തെ വില്ലേജ്, താലൂക്ക് ഓഫീസുകളില്‍നിന്ന് നേരിട്ട് ലഭിക്കുമായിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇ-സര്‍ട്ടിഫിക്കറ്റ് എന്ന് പേരുമാറ്റി അക്ഷയകേന്ദ്രങ്ങള്‍ വഴിയാക്കിയതോടെ ബുദ്ധിമുട്ടുന്നത് സാധാരണക്കാരാണ്. വരുമാന സര്‍ട്ടിഫിക്കറ്റായാലും ജാതി സര്‍ട്ടിഫിക്കറ്റായാലും അത്തരത്തിലുള്ള മറ്റ് സര്‍ട്ടിഫിക്കറ്റുകളായാലും അതൊക്കെ അധികവും ആവശ്യമായി വരുന്നത് ദുര്‍ബല ജനവിഭാഗങ്ങള്‍ക്കാണ്. നേരത്തെ വില്ലേജ് ഓഫീസില്‍ അപേക്ഷ കൊടുത്താല്‍ അടുത്ത ദിവസം സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമായിരുന്നു. താലൂക്ക് ഓഫീസിലും ഏറെനാള്‍ കാത്തിരിക്കേണ്ടിവരുമായിരുന്നില്ല. എന്നാല്‍, അക്ഷയകേന്ദ്രങ്ങളില്‍ തോന്നിയതുപോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. അക്ഷയകേന്ദ്രങ്ങളെ കര്‍ഷകത്തൊഴിലാളി യൂണിയന്‍ തള്ളിക്കളയുകയല്ല; അതിന്റെ പ്രവര്‍ത്തനരീതി മാറ്റണം എന്നാണ് ആവശ്യപ്പെടുന്നത്. സാധാരണക്കാര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ അക്ഷയകേന്ദ്രങ്ങളുടെ സ്വഭാവം മാറണം.

അമിതമായി ഏര്‍പ്പെടുത്തുന്ന ഫീസുകളും അനാവശ്യമായ കാലതാമസവും ഒഴിവാക്കണം. കര്‍ഷകത്തൊഴിലാളി പെന്‍ഷനടക്കമുള്ള ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശികയും വളരുകയാണ്. പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ തയ്യാറാകേണ്ട സര്‍ക്കാര്‍ തട്ടിപ്പുകാര്‍ക്കും ക്രിമിനലുകള്‍ക്കും സഹായഹസ്തവുമായി ലജ്ജയില്ലാതെ നിലകൊള്ളുകയാണ്. തട്ടിപ്പുകാരുടെ കൂടെ ചേര്‍ന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഔദ്യോഗികസംവിധാനങ്ങളും കോടികളുടെ അഴിമതികള്‍ക്ക് കളമൊരുക്കുന്നതിന്റെ വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. കേരളത്തിലെ സാധാരണക്കാരുടെ, ദരിദ്രനാരായണന്മാരുടെ ജീവിതത്തിന് മുകളില്‍ കരിനിഴല്‍ പടര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ അതിശക്തമായ പ്രക്ഷോഭവഴികളിലേക്ക് കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗം മുന്നേറും എന്നതില്‍ സംശയം വേണ്ട.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി

No comments: