Thursday, July 4, 2013

തൊഴിലുറപ്പും മേറ്റുമാരും

തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് ഏറെ ഉല്‍ക്കണ്ഠയും ആശയക്കുഴപ്പവും നിലനില്‍ക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ തൊഴിലുറപ്പു പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച സിഎജിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ച വസ്തുതകള്‍ നമ്മെ ഉറക്കെ ചിന്തിപ്പിക്കേണ്ടതാണ്. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും പദ്ധതിനടത്തിപ്പില്‍ കാണിക്കുന്ന പിടിപ്പുകേടും പ്രവൃത്തികളുടെ വ്യതിയാനവും തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ കാണിക്കുന്ന അക്ഷന്തവ്യമായ അലംഭാവവും വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കാത്തതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒട്ടും അഭിലഷണീയമല്ല.

സംസ്ഥാനത്ത് നിലവില്‍ 41,33,557 കുടുംബം പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതില്‍ 26,51,915 പേര്‍ സ്ത്രീകളാണ്. തൊഴില്‍ കിട്ടിയ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ 92.94 ശതമാനം വനിതകളാണ്. സംസ്ഥാനത്ത് 100 ശതമാനം മേറ്റുമാരും സ്ത്രീകളാണ്. പ്രവൃത്തികളുടെ മേല്‍നോട്ടച്ചുമതല മേറ്റുമാരായ സ്ത്രീകള്‍ക്ക് നല്‍കിയതുവഴി അവരുടെ ഭരണപാടവവും നേതൃശേഷിയും വര്‍ധിക്കാനിടയായിട്ടുണ്ട്. പദ്ധതി മേല്‍നോട്ടത്തിനും നടത്തിപ്പിലും തൊഴിലാളിപങ്കാളിത്തം ഉറപ്പാക്കുന്നതിലും തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും മേറ്റുമാര്‍ക്ക് വലിയ പ്രാധാന്യമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ തൊഴിലുറപ്പു പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചത് കുടുംബശ്രീയെയാണ്. പക്ഷേ, യുഡിഎഫ് അധികാരത്തില്‍ വന്നശേഷം പുതിയ ഉത്തരവിലൂടെ എഡിഎസുമാരില്‍നിന്ന് മാറ്റുമാരെ നിശ്ചയിക്കേണ്ടതില്ലെന്നും ഒരു വാര്‍ഡില്‍ ഏറ്റവും കൂടിയ ദിവസം തൊഴില്‍ചെയ്ത കുടുംബത്തിലെ എസ്എസ്എല്‍സി പാസായ ആളെ മേറ്റുമാരാക്കണമെന്നും തീരുമാനിച്ചു. കൂടാതെ, സജീവ രാഷ്ട്രീയക്കാരെ മേറ്റുമാരാക്കേണ്ടതില്ലെന്നും എസ്സി/ എസ്ടി, വികലാംഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും 40 തൊഴിലാളികളുണ്ടെങ്കിലേ ഒരു പൂര്‍ണസമയ മേറ്റിനെ നിശ്ചയിക്കേണ്ടതുള്ളൂവെന്നും അല്ലാത്തപക്ഷം മേറ്റുമാരും തൊഴില്‍ ചെയ്യണമെന്നും 14 ദിവസത്തില്‍ കൂടുതല്‍ ഒരാള്‍തന്നെ മേറ്റായി തുടരേണ്ടതില്ലെന്നും പണിയായുധങ്ങളുടെ കസ്റ്റോഡിയന്‍ മേറ്റുമാരാകണമെന്നുമുള്ള ഉത്തരവുകള്‍ നിലവിലിരിക്കുകയാണ്. ഇത് മേറ്റുമാരില്‍ വമ്പിച്ച അസംതൃപ്തിയും ജോലിഭാരവും ഉണ്ടാക്കിയിരിക്കുന്നു. മാത്രമല്ല, ഒരു ഭാഗത്ത് ഉദ്യോഗസ്ഥരുടെ കുതിരകയറ്റവും മറുഭാഗത്ത് തൊഴിലാളികളുടെ ശകാരവും ഏറ്റുവാങ്ങുന്നവരായി ഇവര്‍ മാറി. സര്‍ക്കാരിന്റെ ഇത്തരം ഉത്തരവുകള്‍ പിന്‍വലിച്ചേ പറ്റൂ.

നിലവില്‍ മേറ്റുമാര്‍ ഒട്ടേറെ ജോലികള്‍ചെയ്യുന്നുണ്ട്. മസ്റ്റര്‍റോള്‍ കൈകാര്യംചെയ്യുക, ജോലി ആരംഭിക്കുമ്പോള്‍ ഹാജര്‍ വിളിക്കുക, പ്രവൃത്തികളുടെ മേല്‍നോട്ടം വഹിക്കുക, ഓരോ ദിവസവും ഓരോ തൊഴിലാളിയും ചെയ്യേണ്ട പ്രവൃത്തിയും അളവും പറഞ്ഞുകൊടുക്കുക, അളവ് തൊഴിലാളികളുടെ മുമ്പില്‍വച്ച് എടുക്കുക, മസ്റ്റര്‍റോള്‍ പൂര്‍ത്തീകരിക്കുക, അക്കൗണ്ട് തയ്യാറാക്കുക, പഞ്ചായത്തിലും ബ്ലോക്കിലും ബന്ധപ്പെടുക തുടങ്ങിയ ഒട്ടേറെ ജോലികള്‍ക്ക് മേറ്റുമാര്‍ നിര്‍ബന്ധിക്കപ്പെടുന്നു. യാത്രയ്ക്കും മറ്റ് തൊഴിലുറപ്പു യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും ഒരുവിധ സാമ്പത്തിക സഹായവും ഇവര്‍ക്ക് നല്‍കുന്നില്ല. തൊഴിലാളികള്‍ക്ക് പണിസ്ഥലത്ത് അപകടം പറ്റിയാല്‍ ആശുപത്രികളില്‍ കൊണ്ടുപോവുക, ചികിത്സയ്ക്കാവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കുക തുടങ്ങിയ കര്‍ത്തവ്യങ്ങളും മേറ്റുമാരില്‍ നിക്ഷിപ്തമാണ്. സോഷ്യല്‍ ഓഡിറ്റില്‍ മേറ്റുമാര്‍ക്ക് വലിയ പങ്കാളിത്തമുണ്ട്. തൊഴിലുറപ്പു ഗ്രാമസഭകളിലെ പങ്കാളിത്തം ഉറപ്പാക്കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുന്നു. തൊഴിലുറപ്പു പദ്ധതിയുടെ ഓഫീസ് ജോലികള്‍ പഞ്ചായത്തോഫീസില്‍വച്ച് മേറ്റുമാരെക്കൊണ്ട് ചെയ്യിക്കുന്നു. ഒരുവിധ പ്രതിഫലവും നല്‍കുന്നില്ല.

മേറ്റുമാര്‍ക്ക് പലപ്പോഴും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങളുണ്ടാകാറുണ്ട്. എഡിഎസ്-സിഡിഎസ് യോഗങ്ങളില്‍ പങ്കെടുക്കുക, മേലുദ്യോഗസ്ഥര്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുക, പഞ്ചായത്ത് ബ്ലോക്കുതല റിവ്യൂ യോഗങ്ങളില്‍ ഹാജരാവുക തുടങ്ങിയ ഉത്തരവാദിത്തങ്ങളും ഉള്ളതുകൊണ്ട് അവര്‍ക്ക് തൊഴിലുറപ്പുജോലിചെയ്യാന്‍ സാധിക്കുന്നില്ല. ഒരുവിധ യാത്രാബത്തയും ദിവസക്കൂലിയും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കൃഷിയെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതുവഴി കൊട്ടിഘോഷിക്കപ്പെട്ട ഭക്ഷ്യസുരക്ഷയെ കാര്യമായി ബാധിക്കുകയാണ്. രേഖയിലെ ഉള്ളടക്കം പലതും ഉല്‍ക്കണ്ഠാജനകമാണ്. ഇവ തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതിയെ അയ്യന്‍കാളി നഗര തൊഴിലുറപ്പുപദ്ധതിയായി പുനര്‍നാമകരണംചെയ്ത് നഗരകാര്യവകുപ്പിനെ ഏല്‍പ്പിച്ചുവെന്നതുകൊണ്ടുമാത്രം ഒരു ഗുണവും തൊഴിലാളികള്‍ക്കുണ്ടായില്ല. എന്നുമാത്രമല്ല, പദ്ധതി നടത്തിപ്പില്‍ത്തന്നെ കുറ്റകരമായ അനാസ്ഥ തുടരുകയും ചെയ്യുന്നു.

*
എം വി ബാലകൃഷ്ണന്‍ (എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

No comments: