Friday, July 5, 2013

വ്യാജ ഏറ്റുമുട്ടല്‍: നീതി നടപ്പാകണം

നരേന്ദ്രമോഡി, അമിത്ഷാ എന്നിവരെക്കൂടി പ്രതിസ്ഥാനത്ത് ചേര്‍ക്കുമ്പോഴേ വ്യാജഏറ്റുമുട്ടല്‍ സംബന്ധിച്ച കുറ്റപത്രം പൂര്‍ണമാവൂ. രണ്ടാംഘട്ടത്തില്‍ അതുണ്ടാവുമെന്നും ഒടുവില്‍ നീതി നടപ്പാവുമെന്നും നമുക്ക് പ്രതീക്ഷിക്കുക. പത്തൊമ്പത് വയസ്സുള്ള കോളേജ് വിദ്യാര്‍ഥിനിയും കേരളീയനായ പ്രാണേഷ്കുമാറുമടക്കം നാലുപേരെ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വേണ്ടി നിഷ്ഠുരമായി വധിക്കുകയായിരുന്നു. മനുഷ്യത്വമില്ലായ്മയുടെ ഉച്ചാവസ്ഥയാണിത്.

സംശയംതോന്നി വധിക്കുകയുമായിരുന്നില്ല. നേരത്തേതന്നെ കസ്റ്റഡിയിലെടുത്ത് തക്കസമയത്തിന് കാത്തിരുന്ന്, ഒറ്റപ്പെട്ട ഒരു സ്ഥലത്തുകൊണ്ടുപോയി അതിക്രൂരമായി നിരായുധരായ നാലുപേരെ വെടിവച്ചുകൊല്ലുകയായിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന പ്രചാരണവും. വര്‍ഗീയരാഷ്ട്രീയത്തിന് ഏത് അധമകൃത്യവും അന്യമല്ല എന്ന് തെളിയിക്കുന്നതാണീ സംഭവം.

മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിവന്നവരാണിവരെന്നും ഏറ്റുമുട്ടലിലാണിവര്‍ കൊല്ലപ്പെട്ടതെന്നും സര്‍ക്കാര്‍മാധ്യമങ്ങളുപയോഗിച്ചുതന്നെ ഗുജറാത്തില്‍ മോഡിയും കൂട്ടരും പ്രചരിപ്പിച്ചു. ഈ കൊലപാതകങ്ങളുടെ ഗുണഭോക്താവ് നരേന്ദ്രമോഡിയാണെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. ആകെ ഒറ്റപ്പെട്ടുവന്ന ഒരു ഘട്ടത്തില്‍ ഹീറോ ആകാന്‍വേണ്ടി മോഡി ഒരുക്കിയ നാടകം. ഈ നാടകത്തിലൂടെ, ഭീകരവാദികള്‍ തന്റെ രക്തത്തിന് ദാഹിക്കുകയാണെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ തന്നെ പിന്തുണയ്ക്കണമെന്നുമുള്ള സന്ദേശം ഗുജറാത്തില്‍ പടര്‍ത്താനും അങ്ങനെ രാഷ്ട്രീയ ലാഭമുണ്ടാക്കാനുമായിരുന്നു മോഡിയുടെ നോട്ടം. നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉന്നത പൊലീസ് ഓഫീസര്‍മാര്‍ ഇസ്രത് ജഹാനെയും മറ്റും കസ്റ്റഡിയിലെടുക്കുന്നതിനുമുമ്പും കസ്റ്റഡിയിലെടുത്തതിനുശേഷവും നരേന്ദ്രമോഡിയെ പലവട്ടം ഫോണില്‍ വിളിച്ചു. മോഡി തിരിച്ചും. മോഡിയുടെ കല്‍പ്പനപ്രകാരമാണ് കൂട്ടക്കൊല എന്നതു വ്യക്തം. എന്നിട്ടും സിബിഐ മോഡിയെയും അയാളുടെ കൈയാളായ അമിത്ഷായെയും ഉള്‍പ്പെടുത്താത്തത് ദുരൂഹമാണ്. കേസിന്റെ ഗൂഢാലോചനാവശം സംബന്ധിച്ച കുറ്റപത്രത്തിന്റെ രണ്ടാംഭാഗം ജൂലൈ 26ന് സമര്‍പ്പിക്കുമ്പോള്‍ അതില്‍ ഇതുമുണ്ടാവുമെന്ന പ്രതീക്ഷയാണ് മതനിരപേക്ഷവാദികള്‍ക്കുള്ളത്. ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ ഫലമാണ് ഈ കൂട്ടക്കൊല എന്നത് വ്യക്തമാണ്. മുഖ്യമന്ത്രി തന്റെ വസതിയില്‍ പൊലീസ് ഓഫീസര്‍മാരെ വിളിച്ചുവരുത്തി വര്‍ഗീയകലാപം ആളിപ്പടരുന്നതുറപ്പാക്കുന്ന നിര്‍ദേശങ്ങള്‍ നല്‍കിയത് അന്നത്തെ ഗുജറാത്ത് പൊലീസ് ഡയറക്ടര്‍ ജനറലിന്റെ മൊഴികളടക്കമുള്ള സാക്ഷ്യങ്ങളിലൂടെ കോടതിയുടെ മുമ്പാകെയുണ്ട്.

വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ടുനേടുക എന്ന കുടിലതന്ത്രം നടപ്പാക്കുന്നതിന് എത്ര ചോരയൊഴുക്കുന്നതിനും മടിയില്ലാത്ത രാക്ഷസത്വമാര്‍ന്ന മനോഘടനയാണ് മോഡിക്കുള്ളത് എന്നത് എത്രവട്ടം തെളിഞ്ഞിരിക്കുന്നു. അത്തരം സംഭവപരമ്പരകളിലെ ഒരു കണ്ണി എന്ന നിലയ്ക്കുവേണം ഇസ്രത്-പ്രാണേഷ് സംഭവത്തെയും കാണേണ്ടത്.

അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുമ്പാകെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അഡീഷണല്‍ ഡിജിപി പാണ്ഡെ, ഡിഐജി ഡി ജി വന്‍സാര തുടങ്ങിയ ഉന്നത പൊലീസ് ഓഫീസര്‍മാരുണ്ട്. വന്‍സാരയാകട്ടെ സൊറാബുദീന്‍ ഷെയ്ഖ്, തുളസിറാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി കൊലപ്പെടുത്തിയതിന് നേരത്തേതന്നെ കുറ്റപത്രം നേരിടുന്നയാളാണ്. രക്തദാഹിയായ ഒരു ഭരണാധികാരിയുടെ വേട്ടപ്പട്ടികളായി സ്വയം മാറാന്‍ മടികാണിക്കാതിരുന്ന ഒരു വന്‍ പൊലീസ് നിരയുണ്ട് ഗുജറാത്തില്‍. അവരിലോരോരുത്തരിലേക്കും നിയമത്തിന്റെ കരങ്ങള്‍ നീണ്ടെത്തേണ്ടതുണ്ട്. അധികാരത്തോടൊട്ടിനിന്ന് ഏത് ക്രൂരകൃത്യവും കാട്ടാമെന്നും അധികാരം രക്ഷിച്ചുകൊള്ളുമെന്നും കരുതുന്ന എവിടെയുള്ള പൊലീസ് ഓഫീസര്‍മാര്‍ക്കും പാഠമാകേണ്ടതുണ്ട് ഇവര്‍ക്കെതിരെയുള്ള നിയമനടപടി. ഏറെ ഞെട്ടിപ്പിക്കുന്ന കാര്യം ഇന്റലിജന്‍സ് ബ്യൂറോ ഗുജറാത്ത് പൊലീസിനോടൊത്തുകളിച്ചു എന്നതാണ്. സംസ്ഥാനത്തെ ഐബി മേധാവിയായിരുന്ന രജീന്ദര്‍കുമാറിന്റെ പങ്ക് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. രണ്ടാം കുറ്റപത്രത്തില്‍ ഇയാള്‍ ഉണ്ടാവുമെന്നത് തീര്‍ച്ചയാണ്.

വര്‍ഗീയതയുടെ കരാളശക്തികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഐബി ഉപകരണമായി നിന്നുകൊടുത്തുവെങ്കില്‍ അതിന് ഉത്തരം പറയേണ്ടത് മൃദുഹിന്ദുത്വത്തിന്റെ പാതയിലൂടെ നീങ്ങുന്ന കേന്ദ്രഭരണാധികാരികള്‍തന്നെയാണ്. ഇസ്രത്തിന്റെയും പ്രാണേഷിന്റെയും മാതാപിതാക്കള്‍ക്ക് വൈകിയാണെങ്കിലും തങ്ങളുടെ കുട്ടികള്‍ക്ക് തീവ്രവാദബന്ധമില്ലായിരുന്നുവെന്ന് തെളിഞ്ഞതില്‍ അഭിമാനിക്കാം; ആശ്വസിക്കാം. എന്നാല്‍, ഇന്ത്യയിലെ ഏത് അച്ഛനമ്മമാര്‍ക്കും തങ്ങളുടെ മക്കള്‍ക്ക് ദാരുണമായ ഇത്തരം അനുഭവങ്ങളുണ്ടാവാമെന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളത് എന്നത് ആശങ്കയുളവാക്കും. ആ അവസ്ഥ മാറാനും ആരെയും സംശയത്തിന്റെ പുകമഞ്ഞിനപ്പുറം മാത്രം നിര്‍ത്തിക്കാണുന്നത് അവസാനിപ്പിക്കാനും കഴിയുന്ന ഒരു മതനിരപേക്ഷ രാഷ്ട്രീയാവസ്ഥ ഇന്ത്യയിലുണ്ടാവേണ്ടതുണ്ട്. അതിനുള്ള യത്നത്തില്‍ പങ്കുചേരുക എന്നതാണ് രാഷ്ട്രത്തിന്റെ ഐക്യത്തിലും ജനങ്ങളുടെ ഒരുമയിലും താല്‍പ്പര്യമുള്ള ഏത് വ്യക്തിയും ചെയ്യേണ്ടത്.

വര്‍ഗീയതയെ വര്‍ഗീയതകൊണ്ടല്ല, മറിച്ച് മതനിരപേക്ഷതകൊണ്ട് ചെറുത്തുതോല്‍പ്പിക്കാനാവും. ഏതുവിധത്തിലുള്ള വര്‍ഗീയതയും മറ്റൊരു വര്‍ഗീയതയ്ക്ക് വളമാവുകയേയുള്ളൂ. 2004 ജൂണ്‍ 15നാണ് അഹമ്മദ്ബാദ്-ഗാന്ധിനഗര്‍റോഡില്‍ "വ്യാജ ഏറ്റുമുട്ടല്‍" അരങ്ങേറിയത്. നേരത്തേതന്നെ തട്ടിക്കൊണ്ടുവന്നവരെ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ വെടിവച്ചിട്ടു. ഒമ്പതുവര്‍ഷമെടുത്തു ഇത്രയെങ്കിലുമാവാന്‍. ഈ പ്രക്രിയ പൂര്‍ണമാവണമെങ്കില്‍ രാഷ്ട്രീയ ഗൂഢാലോചകര്‍ക്കെതിരെകൂടി കുറ്റപത്രം വരണം. അതിലാണ് മോഡിക്കും ഷായ്ക്കും സ്ഥാനം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: