Wednesday, July 3, 2013

"നീതിപാലനം" അനീതിയാകുമ്പോള്‍

കുറ്റംചെയ്താല്‍ തെളിവുകള്‍ പരിശോധിച്ച് ശിക്ഷ വിധിക്കേണ്ടത് കോടതികളാണ്. തെളിവുകള്‍ ശേഖരിച്ച് പ്രോസിക്യൂഷന് ആവശ്യമായ സഹായം ചെയ്യേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തവും. സുപ്രീംകോടതിവരെ അപ്പീലുകള്‍ പോകാന്‍ ശിക്ഷിക്കപ്പെടുന്ന ആള്‍ക്ക് അവകാശവുമുണ്ട്. കുറ്റവാളിയായി പ്രഖ്യാപിക്കുന്നതുവരെ ഒരാള്‍ കുറ്റാരോപിതന്‍മാത്രമാണ്. എന്നാല്‍, കുറ്റാരോപിതരുടെമേല്‍ പൊലീസോ മറ്റ് അന്വേഷണ ഏജന്‍സികളോ "ശിക്ഷ" നടപ്പാക്കുന്ന രീതി ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യന്‍ ജയിലുകളിലെ തടവുകാരുടെ എണ്ണത്തില്‍ 67 ശതമാനവും കോടതി ശിക്ഷിച്ചവരല്ലെന്നും വിചാരണത്തടവുകാരാണെന്നുമുള്ള യാഥാര്‍ഥ്യം മനുഷ്യാവകാശങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരെല്ലാം ഗൗരവമായി ചര്‍ച്ചചെയ്യേണ്ടതുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ടനുസരിച്ച് അഞ്ചുവര്‍ഷവും അതില്‍ കൂടുതലും തടവില്‍ കഴിയുന്ന ആയിരക്കണക്കിന് വിചാരണത്തടവുകാര്‍ രാജ്യത്തുണ്ട്. ബിഹാറില്‍ 30.4 ശതമാനം വിചാരണത്തടവുകാര്‍, ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടാല്‍ നിയമപ്രകാരം നല്‍കേണ്ട പരമാവധി ശിക്ഷാകാലയളവിനേക്കാള്‍ കാലം തടവുശിക്ഷ അനുഭവിച്ചുകഴിഞ്ഞു. തിഹാര്‍ സെന്‍ട്രല്‍ ജയിലിലെ 7310 പേര്‍ രണ്ടിനും അഞ്ചുവര്‍ഷത്തിനും ഇടയില്‍ കാലം ശിക്ഷിക്കപ്പെടാതെ തടവില്‍ കഴിയുന്നവരാണ്. തിഹാര്‍ ജയിലിലെ ഓരോ എട്ടുതടവുകാരില്‍ ഏഴുപേരും വിചാരണത്തടവുകാരാണ്. 280 സ്ത്രീത്തടവുകാരില്‍ 20 പേര്‍മാത്രമാണ് ശിക്ഷിക്കപ്പെട്ടവരെന്ന അമ്പരപ്പിക്കുന്ന കണക്കും ഈ റിപ്പോര്‍ട്ടിലുണ്ട്. നിയമമനുസരിച്ച് നിരപരാധികളായി കണക്കാക്കപ്പെടേണ്ട പൗരന്മാരെയാണ് ഈവിധം ജയിലിലടച്ച് ശിക്ഷിക്കുന്നത്. കോടതി ശിക്ഷിച്ച് ജയിലിലടയ്ക്കുന്നതിനുപകരം എക്സിക്യൂട്ടീവ് നടപ്പാക്കുന്ന "ശിക്ഷ"യാണ് ഇത്. കോടതിയുടെ ശിക്ഷാവിധി ഇല്ലാതെതന്നെ എക്സിക്യൂട്ടീവ് നടപ്പാക്കുന്ന വിചാരണ കൂടാതെയുള്ള തടവ് വ്യാപകമായി വരുന്നു. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും പല പേരുകളില്‍ അറിയപ്പെടുന്ന ഗുണ്ടാ ആക്ട് ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്ന നിയമമാണ്. പൊലീസ് റിപ്പോര്‍ട്ടനുസരിച്ച് അറിയപ്പെടുന്ന ഗുണ്ടയായി മുദ്രകുത്തി ജില്ലാ മജിസ്ട്രേട്ടിനോ പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ക്കോ തടവിനോ നാടുകടത്തലിനോ ഉത്തരവ് നല്‍കാവുന്ന വ്യവസ്ഥ ഉപയോഗിച്ച് നിരപരാധികള്‍ക്കെതിരെപ്പോലും നടപടി സ്വീകരിച്ചിട്ടുണ്ട്. പൊലീസ് സൃഷ്ടിക്കുന്ന കള്ളക്കേസുകളെ അടിസ്ഥാനപ്പെടുത്തി പൗരന്മാരെ ജയിലിലടച്ച് ശിക്ഷിക്കാന്‍ പൊലീസിന് അമിതാധികാരം നല്‍കുന്ന ഈ നിയമം, മനുഷ്യാവകാശങ്ങളുടെയും ജുഡീഷ്യറിയുടെ അധികാര അവകാശങ്ങളുടെയും നഗ്നമായ ലംഘനമായി മാറിക്കഴിഞ്ഞു.

1963ല്‍ പാസാക്കപ്പെട്ടതും പിന്നീട് ഭേദഗതികളിലൂടെ നടപ്പാക്കപ്പെട്ടതുമായ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) നിയമത്തിനെതിരായി ഇതിനകംതന്നെ ശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുകഴിഞ്ഞു. ഈ നിയമം ഉപയോഗിച്ച് നിരവധി മുസ്ലിം യുവാക്കളെയാണ് ജയിലിലടച്ചത്. ഇങ്ങനെ പത്തും പതിനാലും വര്‍ഷം ജയിലിലടയ്ക്കപ്പെടുകയും നിരപരാധികളാണെന്ന് പിന്നീട് കോടതി കണ്ടെത്തുകയും ചെയ്ത യുവാക്കളെ കൂട്ടിയാണ് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്. ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന അടിസ്ഥാനതത്വംപോലും ലംഘിക്കപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. അതിനാലാണ് യുഎപിഎ നിയമത്തിലെ കര്‍ശനമായ വ്യവസ്ഥകള്‍ നീക്കംചെയ്യണമെന്ന് ഈ നിവേദനത്തില്‍ സിപിഐ എം ആവശ്യപ്പെട്ടത്.

ഇന്ത്യക്കകത്ത് സിഖ് മതരാഷ്ട്ര സ്ഥാപനത്തിനായുള്ള ഖാലിസ്ഥാന്‍ ഭീകരപ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് "ടാഡ" പാര്‍ലമെന്റ് പാസാക്കിയത്. വിദേശശക്തികളുടെ സഹായത്തോടെ രാജ്യത്തിനകത്ത് നടത്തുന്ന വിധ്വംസകപ്രവര്‍ത്തനങ്ങളെ തടയുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍, ഈ നിയമത്തിന്റെ ദുരുപയോഗവും വ്യാപകമായി നടന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയസംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് ചാര്‍ജുചെയ്ത കേസുകളില്‍ ടാഡ വകുപ്പ് ഉള്‍പ്പെടുത്തുകയും സിപിഐ എം നേതാക്കളെ ഉള്‍പ്പെടെ കേസുകളില്‍ പ്രതികളാക്കുകയും ചെയ്തു. 2002ല്‍ പാസാക്കപ്പെട്ട "പോട്ട" നിയമവും ഭീകരര്‍ക്കെതിരായ ഉദ്ദേശ്യത്തോടെ പാര്‍ലമെന്റ് പാസാക്കിയതാണ്. ടാഡയിലും പോട്ടയിലും യുഎപിഎയിലും, കുറ്റാരോപിതര്‍ക്ക് ജാമ്യം നിഷേധിക്കാവുന്ന അതികര്‍ക്കശമായ വ്യവസ്ഥയാണുള്ളത്. മാത്രമല്ല, ഡിവൈഎസ്പി റാങ്കുള്ള ഉദ്യോഗസ്ഥനുമുന്നില്‍ പ്രതി നല്‍കുന്ന കുറ്റസമ്മതമൊഴി തെളിവായി കോടതിക്ക് പരിഗണിക്കേണ്ടിവരും. പൊലീസിന് നല്‍കുന്ന ഈ അമിതാധികാരം ഏതെല്ലാം നിലയില്‍ ദുരുപയോഗപ്പെടുത്തുമെന്നതിന് അധികം വിശദീകരണം ആവശ്യമില്ല. ഗുജറാത്തിലെ ഇസ്രത് ജഹാന്‍, പ്രാണേഷ്കുമാര്‍ വ്യാജ ഏറ്റുമുട്ടല്‍സംഭവം പൊലീസ് അമിതാധികാരപ്രവണതയുടെ ഒരു അധ്യായംമാത്രമാണ്. ഇന്ത്യയിലെ പൊലീസ്സേനയില്‍ വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ധരുണ്ടെന്നാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കാര്യത്തിലും ഉണ്ടായത് സമാനമായ അനുഭവമാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട മഅ്ദനി ഒമ്പതരവര്‍ഷം ജയിലില്‍ കഴിഞ്ഞു. ഒടുവില്‍ കോടതി നിരപരാധിയെന്നു കണ്ട് വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് 2008ലെ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കര്‍ണാടകത്തിലെ ബിജെപി ഭരണത്തിന്‍കീഴില്‍ മഅ്ദനിയെ പ്രതിചേര്‍ക്കുകയും ജാമ്യം ലഭിക്കാതെ അഞ്ചുവര്‍ഷത്തോളമായി വിചാരണത്തടവുകാരനായി കഴിയുകയുമാണ്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജനും തലശേരി ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും ജയിലറയ്ക്കുള്ളിലായിട്ട് ജൂണ്‍ 22ന് ഒരുവര്‍ഷം തികഞ്ഞു. 2006 ഒക്ടോബര്‍ 22ന് തലശേരി സെയ്ദാര്‍ പള്ളിക്കടുത്ത് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടതില്‍ ഗൂഢാലോചന ആരോപിച്ചാണ് ഇവരെ രണ്ടുപേരെയും ജയിലിലടച്ചത്. കുറ്റാരോപിതരായ മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും ഈ രണ്ടുപേര്‍ക്കും ജാമ്യം നിഷേധിച്ചു. ഭരണാധികാരികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഇവര്‍ക്ക് നീതി നിഷേധിക്കുന്നത്. എല്ലാ കേസിലും കുറ്റാരോപിതര്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ട്. ഇവിടെ അന്വേഷണ ഏജന്‍സിയായ സിബിഐ ഈ നേതാക്കള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ പലവിധ അടവുകളും പയറ്റുകയാണ്. ജാമ്യം കോടതിയുടെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ്. പക്ഷേ, ഇന്ത്യന്‍ ക്രിമിനല്‍ നിയമവ്യവസ്ഥയുടെ അടിസ്ഥാനംതന്നെ ചോദ്യംചെയ്യുന്ന അനുഭവമാണ് ഈ കേസിലുണ്ടായത്.

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്ക് വോട്ടുചെയ്യാനും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോകാനും സൗകര്യം ചെയ്തുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍തന്നെ മുന്‍കൈയെടുത്തതും സുപ്രീംകോടതി രണ്ടുതവണ ഇവര്‍ക്ക് ജാമ്യം നല്‍കിയതും മറക്കാറായിട്ടില്ല. നിയമത്തിനുമുന്നില്‍ തുല്യത, എല്ലാവര്‍ക്കും തുല്യനീതി എന്നിവ ഉറപ്പാക്കേണ്ട ഭരണകൂടസംവിധാനങ്ങള്‍ ആ നിലയ്ക്കാണോ പ്രവര്‍ത്തിക്കുന്നത് എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്. സ്വാഭാവികനീതിയുടെ നിഷേധത്തിനെതിരായി പ്രതികരിക്കേണ്ട മാധ്യമങ്ങള്‍ ആ ധര്‍മം നിര്‍വഹിക്കുന്നില്ലെന്നുമാത്രമല്ല, അതിക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന കൃത്യംകൂടിയാണ് ചെയ്യുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ നീതി അര്‍ഹിക്കുന്നില്ലെന്ന തോന്നല്‍ നീതി നടപ്പാക്കേണ്ട ഭരണകൂടസംവിധാനത്തിനടക്കം ഉണ്ടാക്കുന്നതിന് വലതുപക്ഷമാധ്യമങ്ങള്‍ക്ക് പ്രധാനപ്പെട്ട പങ്കുണ്ട്.

സിപിഐ എംവിമര്‍ശനങ്ങള്‍ക്ക് അപ്പുറം പ്രതികാരമനോഭാവത്തോടെ നിയമം വ്യാഖ്യാനിക്കുന്നവരുമുണ്ട്. ഇതിന്റെ ഫലമായി ഇന്ന് നീതി നിഷേധിക്കപ്പെടുന്നത് സിപിഐ എം പ്രവര്‍ത്തകര്‍ക്കാണെങ്കില്‍, നാളെ അത് ഭരണകൂടത്തിന്റെ നിലപാടുകളോട് വിയോജിപ്പുള്ള ആര്‍ക്കുമാകാം. കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ചന്ദ്രശേഖരന്‍ കേസില്‍, സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍ മാസ്റ്റര്‍ക്കും പാനൂര്‍ ഏരിയ കമ്മിറ്റി അംഗം കുഞ്ഞനന്തനും ജാമ്യം ലഭിക്കുകയുണ്ടായില്ല. ചന്ദ്രശേഖരന്‍ കേസില്‍ പൊലീസിലെ ചിലരും വലതുപക്ഷമാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ സിപിഐ എം വിരുദ്ധവേട്ട നാം മറന്നിട്ടില്ല.

വലതുപക്ഷമാധ്യമങ്ങളുടെ സംഘടിതമായ പ്രചാരവേലകള്‍, നിയമവ്യവസ്ഥകളെത്തന്നെ അതിലംഘിക്കാന്‍ ഭരണകൂടസംവിധാനത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് പ്രേരണയായി. ഇന്ന് കേരളത്തെ പിടിച്ചുകുലുക്കുന്ന സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട കുറ്റവാളികളെ രക്ഷിക്കാന്‍, ""ഫോണ്‍ വിളിക്കുന്നത് കുറ്റമാണെന്ന് കരുതുന്നില്ല"" എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സോളാര്‍ പ്രതി സരിത നായരുമായി ടെലിഫോണില്‍ പലവട്ടം ബന്ധപ്പെട്ടതിനെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ന്യായീകരിക്കുന്നു. എന്നാല്‍, പൊലീസ് സൃഷ്ടിച്ച ചില ഫോണ്‍വിളിക്കഥകളിലൂന്നിപ്പോലും സിപിഐ എം നേതാക്കളെ അനന്തമായി തടവിലിട്ട് പീഡിപ്പിക്കുന്നതില്‍ അവര്‍ക്ക് ഖേദം തോന്നുന്നുമില്ല. ജനാധിപത്യവ്യവസ്ഥയില്‍ നിയമം അനുശാസിക്കുന്ന പരിഗണനപോലും തള്ളിക്കളയുന്ന പ്രവണതകള്‍ ആപല്‍ക്കരമാണ്. അതിനാല്‍ നീതി ഉറപ്പാക്കുന്നതിനുള്ള ശക്തമായ ബഹുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.

*
പി ജയരാജന്‍

No comments: