Friday, July 19, 2013

അകാലത്തില്‍ പൊലിഞ്ഞ ഒഞ്ചിയത്തിെന്‍റ രക്തതാരകം

ജൂലൈ 5ന് രാത്രി സി എച്ച് അശോകന്‍ അന്തരിച്ചു. തീരെ അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. അശോകന്‍ മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നവര്‍ കുറച്ച് ചില ദിവസങ്ങള്‍ക്കു മുന്‍പാണെങ്കിലും അറിഞ്ഞിരുന്നു. എന്നാലും ആ ദുഃഖവാര്‍ത്ത താങ്ങാവുന്നതിലും വലിയ വേദനയാണ് അശോകനെ അടുത്തറിയുന്ന ആരിലും സൃഷ്ടിച്ചിട്ടുള്ളത്. ജൂണ്‍ 20നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അശോകന് കാന്‍സര്‍ രോഗം ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കൂടുതല്‍ വിദഗ്ദ്ധ പരിശോധനയ്ക്കും ചികില്‍സയ്ക്കുമായാണ് തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്‍ററിലേക്ക് കൊണ്ടുവന്നത്. രോഗം പരമാവധി മൂര്‍ഛിച്ചിരിക്കുന്നതായാണ് അവിടെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. രോഗം സ്ഥിരീകരിക്കപ്പെട്ട് 15-ാം ദിവസം ആ വിലപ്പെട്ട ജീവന്‍ എന്നെന്നേയ്ക്കുമായി അസ്തമിച്ചു.

ജൂലൈ 3ന് അവസാനമായി അദ്ദേഹത്തെ കാണുമ്പോഴും ഇത്ര പെട്ടെന്ന് അന്ത്യം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അത്ര ആത്മവിശ്വാസത്തോടെയാണ് അശോകന്‍ അന്നും സംസാരിച്ചത്. അന്തരിക്കുമ്പോള്‍ അശോകന് 61 വയസ്സ് മാത്രമേ ആയിരുന്നുള്ളൂ. ഒഞ്ചിയത്ത് പഴയ സോഷ്യലിസ്റ്റ് പാര്‍ടിയുടെ വിദ്യാര്‍ത്ഥി രംഗത്തെ പ്രവര്‍ത്തകനായാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. അടിയന്തരാവസ്ഥ കാലത്ത് കുറച്ചുനാള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടതായിവന്ന അശോകന്‍, 1977ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 2007ല്‍ നികുതി വകുപ്പില്‍ ഇന്‍സ്പെക്ടര്‍ തസ്തികയില്‍നിന്നാണ് അദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ വന്നശേഷം എന്‍ജിഒ യൂണിയെന്‍റ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം അതിവേഗം അതിെന്‍റ മുന്നണിപ്പോരാളികളില്‍ ഒരാളാവുകയാണുണ്ടായത്. യൂണിയെന്‍റ വടകര ബ്രാഞ്ച് സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍നിന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി വരെ എത്തിയ അശോകന്‍ ഈ നിലകളിലെല്ലാം തെന്‍റ അസാമാന്യമായ സംഘടനാപാടവം തെളിയിക്കുകയുണ്ടായി. ജീവനക്കാരുടെ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും ഒരു സമര സംഘടന എന്ന നിലയില്‍ എന്‍ജിഒ യൂണിയനെ ഉയര്‍ത്തുന്നതിലും സി എച്ച് അശോകെന്‍റ പങ്ക് അവഗണിക്കാനാവാത്തതാണ്. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സമര സംഘടനയായ എഫ്എസ്ഇടിഒയുടെ ജനറല്‍ സെക്രട്ടറിയായും സംസ്ഥാന ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷെന്‍റ സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം ഇവിടങ്ങളിലെല്ലാം തെന്‍റ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി.

2002 ഫെബ്രുവരിയിലെ 32 ദിവസം നീണ്ട സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ഐതിഹാസികമായ പണിമുടക്കിന് നേതൃത്വം നല്‍കിയ സമരസമിതിയുടെ ജനറല്‍ കണ്‍വീനര്‍ എന്ന നിലയില്‍ അശോകന്‍ മികവുറ്റ സംഘടനാശേഷിയാണ് പ്രകടിപ്പിച്ചത്. വിവിധ ചേരികളിലായിനിന്ന സംഘടനകളെ ഒരുമിപ്പിക്കുകയും ഒന്നിച്ച് മുന്നോട്ടുകൊണ്ടു പോവുകയും ചെയ്തതില്‍ സി എച്ച് അശോകന്‍ വലിയ പങ്കാണ് വഹിച്ചത്. ആരോടും പിണങ്ങാതെയും പരുഷമായി സംസാരിക്കാതെയും സൗമ്യഭാവത്തില്‍ ഇടപഴകിയിരുന്ന അശോകെന്‍റ സവിശേഷമായ പെരുമാറ്റവും എല്ലാപേരോടും കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച സന്നദ്ധതയും ആ സമരത്തില്‍ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചണിനിരത്തുന്നതില്‍ വലിയ പങ്കു വഹിച്ചു എന്നത് അവിസ്മരണീയമാണ്. ദീര്‍ഘകാലത്തെ സിവില്‍ സര്‍വീസ് രംഗത്തെ സംഘടനാപരമായ അനുഭവ പാരമ്പര്യവുമായാണ് സര്‍വീസില്‍നിന്ന് വിരമിച്ചശേഷം പൊതുരാഷ്ട്രീയരംഗത്ത് അശോകന്‍ എത്തിയത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ടി ഇരുപതാം കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന ഒഞ്ചിയം ഏരിയാ സമ്മേളനത്തില്‍ ഏരിയ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ആ രംഗത്തും തെന്‍റ സംഘടനാപാടവവും സൗമ്യമായ പെരുമാറ്റവും കൊണ്ട് ജനങ്ങളെ പ്രസ്ഥാനത്തോട് അടുപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികളുടെ കണ്ണിലെ കരടാക്കി മാറ്റി. 2012 മെയ് മാസത്തില്‍ കേരള എന്‍ജിഒ യൂണിയെന്‍റ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം കൊല്ലത്ത് എത്തിയപ്പോഴാണ് ഒഞ്ചിയത്ത് ആര്‍എംപി നേതാവ് കൊല്ലപ്പെട്ടത്. അശോകനെ അറിയുന്ന ആര്‍ക്കും സംശയത്തിെന്‍റ കണികപോലും ഉണ്ടാവില്ല ഇത്തരമൊരു കൊലപാതകവുമായി അദ്ദേഹത്തിന് വിദൂരമായെങ്കിലും ബന്ധമുണ്ടെന്ന്. കൊലപാതകത്തിെന്‍റയും തുടര്‍ന്ന് വിരുദ്ധന്മാര്‍ സിപിഐ എമ്മിനെതിരെ അക്രമം അഴിച്ചുവിട്ടതിെന്‍റയും (അശോകെന്‍റ വീടും തകര്‍ക്കപ്പെട്ടിരുന്നു) വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് സമ്മേളനം നടന്നുകൊണ്ടിരിക്കവെ തന്നെ തിരക്കിട്ട് അദ്ദേഹം ഒഞ്ചിയത്തേക്ക് മടങ്ങിയത് തന്റെ അസാന്നിധ്യം സഖാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയേക്കും എന്ന ചിന്തയാലാണ്. ആ കൊലപാതകവുമായി ഒരു വിധത്തിലും ബന്ധമില്ലാതിരുന്ന അശോകനെ ഗൂഢാലോചനക്കുറ്റം ചുമത്തി കള്ളക്കേസില്‍ കുടുക്കിയത് സിപിഐ എം സംഘടനാ സംവിധാനവുമായും പാര്‍ടിയുടെ ഉയര്‍ന്ന നേതൃത്വവുമായും ഈ കേസിനെ ബന്ധപ്പെടുത്തി പാര്‍ടിയെയാകെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഒഞ്ചിയം കേസില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി നിരവധി സിപിഐ എം നേതാക്കളുടെ പട്ടിക നല്‍കിയിരുന്നുവെന്ന സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ നിയമസഭയിലെ വെളിപ്പെടുത്തല്‍ തന്നെ അത് സ്ഥിരീകരിക്കുന്നു.

അശോകനെ കേസുമായി ബന്ധപ്പെടുത്തുന്ന വ്യക്തമായ തെളിവൊന്നും ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞില്ല എന്ന വിമര്‍ശനത്തോടെയാണ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. എങ്കിലും ആദ്യഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലും പിന്നീട് ഒഞ്ചിയം പ്രദേശത്തും അദ്ദേഹത്തിന് പ്രവേശനം അനുവദിച്ചിരുന്നില്ല. 2012 മെയ് 17ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയ അശോകന് പിന്നീട് തെന്‍റ വീട്ടില്‍ ജീവനോടെ തിരിച്ചെത്താനായില്ല. മാസങ്ങള്‍ നീണ്ട ജയില്‍വാസവും ശാരീരികവും മാനസികവുമായ പീഡനങ്ങളും ജീവിതക്രമത്തിെന്‍റ താളം തെറ്റലും മാനസിക സംഘര്‍ഷങ്ങളുമാണ് അദ്ദേഹത്തെ രോഗബാധിതനാക്കിയത്. അതാണ് അദ്ദേഹത്തിെന്‍റ അകാല ദേഹവിയോഗത്തിനിടയാക്കിയത്. ആ രീതിയില്‍ സി എച്ച് അശോകന്‍ യുഡിഎഫിെന്‍റ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായി എക്കാലവും സ്മരിക്കപ്പെടും.

മരണത്തോട് അടുത്തുകൊണ്ടിരുന്നപ്പോഴും അദ്ദേഹത്തിെന്‍റ ചിന്ത നാടിനെയും നാട്ടുകാരെയും പ്രസ്ഥാനത്തെയും കുറിച്ചായിരുന്നു. ചികില്‍സ കഴിഞ്ഞ് എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചായിരുന്നു അവസാന നിമിഷങ്ങളിലും അദ്ദേഹം സംസാരിച്ചത്. സംശയമില്ല, സഖാവ് അശോകന്‍ ഒഞ്ചിയത്തെ വിപ്ലവ മണ്ണില്‍ ജ്വലിച്ചുയര്‍ന്ന രക്തനക്ഷത്രം തന്നെയാണ്. അകാലത്തില്‍ അത് പൊലിഞ്ഞുപോയെങ്കിലും ആ ധീരസ്മരണ എക്കാലത്തും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കും. ആ ധീരസഖാവിനെ കുറിച്ചുള്ള കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മകള്‍ക്കുമുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍. പ്രിയ സഖാവെ, ലാല്‍സലാം.

*
ജി വിജയകുമാര്‍ ചിന്ത വാരിക

No comments: