Friday, July 5, 2013

നിയമലംഘനം; അധികാര ദുര്‍വിനിയോഗം

ക്രിമിനല്‍ നിയമം ആവശ്യപ്പെടുന്ന ഒഴിച്ചുകൂടാനാകാത്ത നടപടികള്‍പോലും പൂര്‍ണമായും ഒഴിവാക്കിയാണ് സോളാര്‍ തട്ടിപ്പുകേസില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ഭരണാധികാരം ദുര്‍വിനിയോഗം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ശ്രമിക്കുന്നത്. പൊലീസ് തെരയുന്ന കുറ്റവാളിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന വ്യക്തിക്കെതിരെ നടപടിയുണ്ടാകണമെന്നാണ് ക്രിമിനല്‍ നിയമം നിര്‍ദേശിക്കുന്നത്. എന്നാല്‍, ബിജു രാധാകൃഷ്്ണന്‍ എന്ന പ്രധാന പ്രതിയെ തൃശൂരില്‍ കാറില്‍കൊണ്ട് വിടുകയും അവിടെനിന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുമ്പോള്‍ മൊബൈല്‍ എവിടെയെന്നുനോക്കി അയാളെ കണ്ടുപിടിക്കുന്നതൊഴിവാക്കാന്‍ തന്റെ മൊബൈല്‍ഫോണ്‍ കൊടുത്തയക്കുകയും അയാളുടെ മൊബൈല്‍ വാങ്ങി ഓഫ് ചെയ്ത് കൈയില്‍ സൂക്ഷിക്കുകയുംചെയ്ത സീരിയല്‍ നടിക്കെതിരെ നടപടിയില്ല. സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍മുതല്‍ സരിതാനായരുടെ മൊഴിയില്‍വരെ നിറഞ്ഞുനിന്നിട്ടും അവര്‍ക്കെതിരെ നടപടിയില്ല.

കുറ്റകൃത്യം എവിടെ നടന്നോ അക്കാര്യം കുറ്റപത്രങ്ങളില്‍ മറച്ചുവയ്ക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ മഹസര്‍കാര്യത്തില്‍ ഒഴിവാക്കുന്നു; മുഖ്യമന്ത്രിയുടെ കോള്‍സെന്ററിനെ ഒഴിവാക്കുന്നു. കുറ്റകൃത്യം നടന്നയിടം രേഖപ്പെടുത്താത്ത കേസ് അതുകൊണ്ടുതന്നെ തള്ളിപ്പോകും എന്ന പ്രതീക്ഷയാലാണിത് എന്നുവ്യക്തം. പ്രതികള്‍ക്കെതിരെ കോടതിയില്‍ കൊടുക്കുന്ന രേഖകളില്‍ വിശ്വാസവഞ്ചനക്കുറ്റം മാത്രം ചുമത്തുകയും ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്നത് കേസിന് ലാഘവത്വമുണ്ടാക്കി പ്രതികളെ രക്ഷപ്പെടുത്താനാണെന്നത് വ്യക്തം.

സരിതയും മുഖ്യമന്ത്രിയുടെ ഓഫീസും ബിജു രാധാകൃഷ്ണനും ഒക്കെ ഉള്‍പ്പെട്ട ഗൂഢാലോചനയിലാണ് പലരും കബളിപ്പിക്കപ്പെട്ടത്. എന്നിട്ടും ഗൂഢാലോചനാവകുപ്പ് ചേര്‍ക്കാത്തതിന് എന്ത് ഉത്തരമാണ് പറയാനുള്ളത്? സരിതയും ശ്രീധരന്‍നായരും ജോപ്പനും "ഡീല്‍" ഉറപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണെന്നത് ശ്രീധരന്‍നായരുടെ പരാതിയില്‍ത്തന്നെയുണ്ട്. എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് ഒഴിവാകുന്നത്! മുഖ്യമന്ത്രിയുടെ ഓഫീസില്‍ത്തന്നെ ഗൂഢാലോചന അരങ്ങേറിയിട്ടും ഗണ്‍മാന്‍, പേഴ്സണല്‍ സ്റ്റാഫ്, വിശ്വസ്തര്‍ തുടങ്ങിയവരൊക്കെ ഉള്‍പ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ ലെറ്റര്‍ഹെഡ് ഉപയോഗിക്കപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ മൊഴി എന്തുകൊണ്ടാണ് രേഖപ്പെടുത്താത്തത്? മുഖ്യമന്ത്രിയുടെ ഓഫീസ് കംപ്യൂട്ടറുകള്‍ എന്തുകൊണ്ടാണ് പരിശോധിക്കപ്പെടാത്തത്? ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരും ഒരുപോലെ തുടക്കംമുതല്‍ നുണപറയുന്നു. ഏത് ബിജുരാധാകൃഷ്ണന്‍ എന്ന് ആദ്യം ചോദിച്ച മുഖ്യമന്ത്രി കൊലയാളിയായ ആ തട്ടിപ്പുസംഘത്തലവനുമായി ഒരു മണിക്കൂര്‍ ചര്‍ച്ചചെയ്തത് പിന്നീട് തെളിഞ്ഞു. സരിതയെയും ശാലുമേനോനെയും അറിയില്ലെന്ന് ആദ്യം നടിച്ച ആഭ്യന്തരമന്ത്രി സരിതയുമായി ഫോണില്‍ തുടരെ സംസാരിച്ചത് തെളിഞ്ഞു. ശാലുമേനോനെ അറിയാത്ത ആഭ്യന്തരമന്ത്രി അവരുടെ വീട്ടില്‍ചെന്ന് ദീര്‍ഘസമയം ചെലവാക്കിയത് തെളിഞ്ഞു; അതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. കള്ളങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ചീട്ടുകൊട്ടാരങ്ങളില്‍ അഭയംപ്രാപിക്കാമെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വ്യാമോഹം പൊളിഞ്ഞു.

പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സരിതയുമായി 168 സെക്കന്‍ഡ് സംസാരിക്കാന്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിക്ക് എന്ത് വിഷയമാണുള്ളത്? കൊലയാളിയായ തട്ടിപ്പുസംഘത്തലവനുമായി മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ എന്തുവിഷയമാണുള്ളത്. സരിത വിളിച്ചോ എന്നതും ശാലുവിന്റെ വീട്ടില്‍ ചെന്നതും ഓര്‍മയില്ലാതാകാന്‍ എന്ത് വിസ്മൃതിരോഗമാണ് തിരുവഞ്ചൂരിനെ ബാധിച്ചിട്ടുള്ളത്? ജോപ്പനെതിരായ കുറ്റപത്രത്തില്‍ കുറ്റകൃത്യം നടന്ന സ്ഥലം മറച്ചുവയ്ക്കാന്‍ ആരാണ് നിര്‍ദേശം നല്‍കിയത്? പിആര്‍ഡി ഡയറക്ടറായിരുന്ന ഫിറോസിന് രക്ഷപ്പെട്ടുപോകാനുള്ള വഴിയൊരുക്കുംവിധം അയാള്‍ കിടന്ന ആശുപത്രിയില്‍ ഒരു പൊലീസുകാരനെ കാവല്‍നിര്‍ത്താന്‍പോലും കഴിയാതിരുന്നതെന്തുകൊണ്ടാണ്? ടെന്നി ജോപ്പനെ വിളിച്ച് ദീര്‍ഘമായി സംസാരിച്ചതിനു തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രിയെ വിളിക്കാന്‍ സരിതയ്ക്ക് കഴിഞ്ഞതെങ്ങനെയാണ്? കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍പാകത്തില്‍ അന്വേഷണത്തിന്റെ വലയില്‍ വിള്ളലുണ്ടാക്കിക്കൊടുക്കുക എന്ന ജോലിയാണ് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും തുടരെ ചെയ്യുന്നത്.

എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘത്തെ നിര്‍വീര്യമാക്കിനിര്‍ത്തി സമാന്തരമായി തെളിവുകള്‍ നശിപ്പിക്കുകയാണ് വിശ്വസ്തരായ പൊലീസുകാരെ ഉപയോഗിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. അന്വേഷകസംഘം സീരിയല്‍നടിയുടെ വീടുപരിശോധിക്കാന്‍പോലും തയ്യാറാകുന്നില്ല. പിന്നെ അറസ്റ്റിന്റെ കാര്യം പറയാനുണ്ടോ? ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുംതന്നെ തെളിവുനശിപ്പിക്കല്‍ പ്രക്രിയക്ക് നേതൃത്വം നല്‍കുമ്പോള്‍ ഈ കേസില്‍ ആരെങ്കിലും തെളിവുകൊടുക്കുമോ? കൊടുത്തിട്ടുകാര്യമുണ്ടോ? പരാതി കൊടുത്തവനെ ലോക്കപ്പിലാക്കുന്ന "നീതിനിര്‍വഹണ"വും ഇതിനിടെ കേരളം കണ്ടു. സ്വയം രക്ഷപ്പെടാനും കൂട്ടുകുറ്റവാളികളെ രക്ഷപ്പെടുത്താനും കേരളത്തിന്റെ ഭരണാധികാരം ദുരുപയോഗിക്കുകയാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. സോളാര്‍ കേസ് ഒതുക്കുക എന്നതിനപ്പുറം ഇപ്പോള്‍ ഇവര്‍ക്ക് ഒരു മിനിമം പരിപാടിയുമില്ല. ഇത്രയേറെ തെളിവുകള്‍ തങ്ങള്‍ക്കെതിരെ നിരക്കുമ്പോഴും അധികാരത്തില്‍ കടിച്ചുതൂങ്ങിനിന്ന മറ്റൊരു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ത്യയിലെവിടെയുമുണ്ടായിട്ടില്ല; ഇനി ഉണ്ടാകുമെന്നുതോന്നുന്നുമില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: