Wednesday, July 3, 2013

കിനാവില്‍ വീഴുന്ന കണ്ണുനീര്‍

കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും സുപരിചിതനാണ് തൃശൂരിലെ ആര്‍ ഐ ഷംസുദ്ദിന്‍. അങ്കണം എന്ന സാംസ്കാരികസംഘടനയുടെ ചെയര്‍മാന്‍. നിലച്ചുപോയ എക്സ്പ്രസ് ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന അന്തരിച്ച പി ശ്രീധരന്‍ അദ്ദേഹത്തെ "ചെയര്‍മാന്‍ മാവോ" എന്നാണ് പരാമര്‍ശിച്ചിരുന്നത്. ഏകാംഗപ്രസ്ഥാനമാണെങ്കിലും "അങ്കണ"ത്തിന്റെ കാല്‍നൂറ്റാണ്ടത്തെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. മികച്ച സാഹിത്യകൃതികള്‍ക്കും നവാഗതര്‍ക്കും പുരസ്കാരം നല്‍കുക, സാഹിത്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, തലമുതിര്‍ന്ന എഴുത്തുകാരെ ആദരിക്കുക, പുസ്തകപ്രസിദ്ധീകരണം എന്നിങ്ങനെ സംഭവബഹുലമായ പ്രവര്‍ത്തനങ്ങളാണ്.

ഈ ലേഖകന്റെ അടുത്ത സ്നേഹിതനാണ് ഷംസുദ്ദിന്‍. വിവാഹദിവസം എനിക്ക് ധരിക്കാനുള്ള വസ്ത്രങ്ങള്‍ വാങ്ങി സമ്മാനിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ വക മറ്റു പുരസ്കാരമൊന്നും എനിക്കു ലഭിച്ചിട്ടില്ലെന്ന് ധൈര്യമായി പറയാം. കാണുമ്പോഴെല്ലാം സാംസ്കാരികമേഖലയിലെ അന്തര്‍നാടകങ്ങളെ കുറിച്ചു പറയും. കേള്‍ക്കണമെന്നേയുള്ളൂ, മറുപടി പറയണമെന്ന് അദ്ദേഹത്തിനു വാശിയില്ല. ഈയിടെ കണ്ടപ്പോള്‍ താന്‍ നടത്തിയ ഒരു സാഹിത്യമത്സരത്തില്‍ വിജയിച്ചവരെക്കുറിച്ചാണ് പറഞ്ഞത്. ഒരു കാര്യം പ്രത്യേകം പറയാം, വിധിനിര്‍ണയത്തിലൊന്നും ഷംസുദ്ദിന്‍ ഇടപെടില്ല. അതിനു പ്രസിദ്ധരുടെ പ്രത്യേക ജൂറിയുണ്ട്. ഇത്തവണ ജൂറി തീരുമാനം കണ്ടപ്പോള്‍ അദ്ദേഹം തെല്ലൊന്ന് അമ്പരന്നു. വിജയികളില്‍ ഏതാണ്ട് തൊണ്ണൂറു ശതമാനവും മുസ്ലിം പെണ്‍കുട്ടികള്‍. കസവുതട്ടവും മക്കനയുമിട്ട കുസൃതിക്കണ്ണുകളുള്ള കൊച്ചുസുന്ദരികള്‍. ഷംസുദ്ദിന്‍ വേവലാതിയോടെ പറഞ്ഞു: ""ഞാനിത് കരുതിക്കൂട്ടി ചെയ്തതാണെന്ന് ആളുകള്‍ വിചാരിക്കില്ലേ? പ്രത്യക്ഷത്തില്‍ ഞാനൊരു മുസ്ലിമാണല്ലോ.""

ഷംസുദ്ദിന്‍ അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസുകാരനാണ്. സംഘടനാ ഭാരവാഹിയായിരുന്നു ഒരു കാലത്ത്. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ അദ്ദേഹം കെഎസ്യു വിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്. പിന്നെ യൂത്ത് കോണ്‍ഗ്രസിലും. ഇടയ്ക്ക്, ജീവിതത്തില്‍ നടത്തിയ ഒരു വിപ്ലവംമൂലം-സഹപ്രവര്‍ത്തകയായ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്തു- എല്ലാം ഇട്ടെറിഞ്ഞ് ഉപജീവനാര്‍ഥം ഗള്‍ഫിലേക്ക് പോകേണ്ടിവന്നു. തിരിച്ചെത്തിയശേഷമാണ് സംസ്കാരത്തെ പിടികൂടിയത്. തികച്ചും മതേതരരീതിയില്‍ മാതൃകാദമ്പതികളായിട്ടാണ് ഷംസുദ്ദിനും സരസ്വതി ടീച്ചറും തൃശൂരില്‍ ജീവിക്കുന്നത്.

ഞാന്‍ ഷംസുദ്ദീനെ സമാധാനിപ്പിച്ചു: ""ഇല്ല. അങ്ങനെയൊന്നും ആരും തെറ്റിദ്ധരിക്കില്ല.""

ഇന്ന് സാഹിത്യമെന്നാല്‍ സാഹിത്യമത്സരം എന്നായിട്ടുണ്ട്. വായിച്ചു വിലയിരുത്തിയല്ല, അവാര്‍ഡുകള്‍ നേടി വിജയിച്ച ഒരാളെന്ന രീതിയിലാണ് സമൂഹം എഴുത്തുകാരനെ പരിഗണിക്കുന്നത്. പല മത്സരത്തിലും വിധിനിര്‍ണയസമിതികളില്‍ ഉള്‍പ്പെടാനുള്ള ഭാഗ്യം ഈ ലേഖകന് ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ പെണ്‍കുട്ടികളുടെ വിശേഷിച്ചും മുസ്ലിം പെണ്‍കുട്ടികളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആനുകാലികങ്ങളുടെ നവാഗതര്‍ക്കുള്ള പംക്തികള്‍, സംഗീതം, സിനിമ, ചിത്രകല, പരിസ്ഥിതിക്കൂട്ടായ്മകള്‍, സൈബര്‍ ചര്‍ച്ചകള്‍ തുടങ്ങി ഇടങ്ങളിലെല്ലാം അവരുടെ സജീവ സാന്നിധ്യമുണ്ട്. മാത്രമല്ല ഇവര്‍ പ്രകടിപ്പിക്കുന്ന ആര്‍ജവവും ജീവിതാഭിമുഖ്യവും ഉദാത്തമായ നര്‍മബോധവും ശ്രദ്ധേയമാണ്. അതേസമയം, പൊതുസംവാദങ്ങളില്‍ ആണ്‍കുട്ടികളുടെ സാന്നിധ്യം കുറയുന്നു എന്ന അപകടകരമായ സംഗതിയുമുണ്ട്. എഴുന്നേറ്റു നിന്ന് നിശ്ചയദാര്‍ഢ്യത്തോടെ ചോദ്യങ്ങള്‍ ചോദിക്കുന്നത് പെണ്‍കുട്ടികളാണ്. ബുദ്ധിയും വിവേകവും ആവശ്യപ്പെടുന്ന ചുമതലയിലെല്ലാം സ്ത്രീകളുടെ പങ്കാളിത്തം ദിനംപ്രതി വര്‍ധിക്കുന്നു എന്നതാണ് പുതിയ നൂറ്റാണ്ടിന്റെ ഏറ്റവും പ്രധാന സവിശേഷത.

സമുദായം തിരിച്ച് കുട്ടികളെ വിലയിരുത്തുന്നത് ശരിയല്ലെന്ന് അറിയാം. എന്നാല്‍, അത്യന്താപേക്ഷിതമായ ചില സാഹചര്യത്തില്‍ മുറിപ്പെടുത്തുന്ന ഒരു ശസ്ത്രക്രിയ വേണ്ടിവരും. മുസ്ലിം പെണ്‍കുട്ടികളില്‍ കാണുന്ന ഉണര്‍വ് അതേ അളവില്‍ ഇതര സമുദായങ്ങളില്‍ കാണുന്നില്ല. നവോത്ഥാനത്തിന്റെ ഉത്സവം നടന്ന സമൂഹങ്ങളില്‍ മന്ദതയും മരവിപ്പുമാണോ? ഓരോരുത്തര്‍ക്കും ഓരോ കാലമുണ്ടായിരിക്കും. ഈഴവസമുദായത്തില്‍ നടന്ന പരിഷ്കാരത്തിന്റേ പ്രകാശം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയത് സ്ത്രീകളായിരുന്നു. കുമാരനാശാന്റെ കവിതകളെ കുറിച്ച് വീട്ടില്‍ നടന്നിരുന്ന ചര്‍ച്ചകളാണ് തന്നെ സാമൂഹ്യപ്രവര്‍ത്തകയാക്കി മാറ്റിയതെന്ന് കെ ആര്‍ ഗൗരിയമ്മ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. ഇതുപോലെ നായര്‍, നമ്പൂതിരി കുടുംബങ്ങളിലും നവോത്ഥാനത്തിന്റെ പെണ്‍പ്രതിഭകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

നവോത്ഥാനത്തിന്റെ വിവിധഘട്ടങ്ങളിലെ സ്ത്രീയുടെ മിഴിവാര്‍ന്ന വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിന് നമ്മുടെ സാഹിത്യം പരിശ്രമിച്ചിട്ടുണ്ട്. ഇന്ദുലേഖ സാമൂഹ്യപരിവര്‍ത്തനത്തിന്റെ നായികയായി. നളിനിയും ലീലയും സാവിത്രിയും ചാണ്ഡാലകന്യകയും വിമോചനത്തിന്റെ മുന്നണിപ്പോരാളികളും. അടുക്കളയില്‍നിന്ന് അരങ്ങത്തേക്കുവന്ന വി ടിയുടെ കഥാപാത്രങ്ങളും ലളിതാംബിക അന്തര്‍ജനവും ഈ മുന്നണിയില്‍ പിന്നീട് അണിചേര്‍ന്നവരാണ്.

"നായാട്ടുകാരുടെ കൊലവിളി കേള്‍ക്കുമ്പോഴാണ് നമുക്ക് നമ്മുടെ കൊമ്പുകളെ ഓര്‍മവരുന്നത്" എന്ന് സച്ചിദാനന്ദന്റെ ഒരു കവിതയില്‍ വായിച്ചിട്ടുണ്ട്. ജീവിതം നഷ്ടപ്പെട്ടവര്‍ സന്ദര്‍ഭം കിട്ടിയാല്‍ അതു തിരിച്ചുപിടിക്കുക തന്നെ ചെയ്യും. സാഹിത്യത്തിന്റെ സാന്നിധ്യം അതിന്റെ ഒരു സൂചന മാത്രമാണ്. ഇനിയും സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെടേണ്ട ഒരു ജനതയെന്ന നിലയില്‍ ഇന്ത്യയിലെ സ്ത്രീകള്‍ പ്രത്യേകിച്ചും ദളിത്, പിന്നോക്ക, ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുന്നോട്ടുവരുന്നതിന്റെ ആരവം കേള്‍ക്കാനുണ്ട്.

യാഥാസ്ഥിതികരെ ഇത് അങ്ങേയറ്റം അങ്കലാപ്പിലാക്കുന്നു എന്നത് തികച്ചും സ്വാഭാവികം. പെണ്‍കുട്ടിയെ വിദ്യാലയത്തില്‍നിന്ന് പിഴുതെടുത്ത് വീട്ടില്‍ തളച്ചിടുന്നതിന് അനുവദനീയമായ നിയമം തല്‍ക്കാലം ഇന്ത്യയില്‍ ഇല്ലെങ്കില്‍ ജമൈക്കയില്‍ ഉണ്ടായാലും മതിയെന്നാണ് അവര്‍ പറയുന്നത്. മോരില്ലെങ്കില്‍ ഉണ്ണാം. സ്ത്രീയുടെ ജൈത്രയാത്ര വഴിതടയാനുള്ള ശ്രമം പലരീതിയില്‍ നടക്കുന്നുണ്ട്. സ്വതന്ത്രയായി പുറത്തിറങ്ങി നടക്കുന്നവളെ നിരന്തരം ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിന്റെ പിന്നില്‍ അനിയന്ത്രിതമായ ലൈംഗീകവാഞ്ഛയല്ല, അബോധത്തില്‍ ചുട്ടുനീറുന്ന -കെട്ടുനാറുന്ന- മത യാഥാസ്ഥിതിക ബോധമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ മറുവശമാണ് ഔദ്യോഗികമായും അല്ലാതെയും പ്രവര്‍ത്തിക്കുന്ന സദാചാര പൊലീസുകള്‍.

ഏതാണ്ട് എല്ലാ മതസ്ഥാപകരും സ്ത്രീ വിമോചനവാദികളായിരുന്നു. പക്ഷേ, നമ്മുടെ മതങ്ങള്‍ക്ക് സ്ത്രീകളെ ഭയമാണ്. അവളുടെ ശരീരത്തെക്കുറിച്ചുള്ള വേവലാതികൊണ്ട് മതങ്ങള്‍ ഉറങ്ങാതിരിക്കുകയാണ്. അവളുടെ സര്‍ഗാത്മക ജീവിതകാലത്തെ അവര്‍ ഭയപ്പെടുന്നു. അവള്‍ അറിവുനേടുന്നതിനെ കുറിച്ചാണ് ഏറെ വേവലാതി. സാമൂഹ്യപരിവര്‍ത്തനത്തിന്റെ ജൈവശക്തി അവളിലാണ് അന്തര്‍ഭവിച്ചിരിക്കുന്നത് എന്നതാകാം ഇതിനു കാരണ

*
അശോകൻ ചരുവിൽ ദേശാഭിമാനി

1 comment:

ഉർദുഭാഷയുടെ കേരളീയ കൂട്ടായ്മ said...

nireekshara vaadikalude oro kandu piduthangaley!!ha ha!!

sathyam parayunnath yaadasthikamenkil nangal oru kootum yadaasthikarude pin murakkaar!!