Sunday, July 7, 2013

രണ്ടായ നിന്നെയിഹ...

ജോലിസ്ഥലത്ത് എന്റെ മുറിയിലേയ്ക്കു കയറിവരുന്നവരെ തൃശൂര്‍ ആകാശവാണിയാവും നേരിയ ശബ്ദത്തില്‍ സ്വാഗതം ചെയ്യുക. ചിലപ്പോള്‍ ചലച്ചിത്രഗാനം, മറ്റു ചിലപ്പോള്‍ പ്രാദേശികവാര്‍ത്തകള്‍. ശാസ്ത്രീയസംഗീതവും ഗാനസല്ലാപവും ദില്ലിയില്‍നിന്നുള്ള വാര്‍ത്തകളും സമയമനുസരിച്ച് അവരെ എതിരേല്‍ക്കും. 

എവിടെനിന്നാണീ ആകാശവാണി അശരീരി എന്ന് ആര്‍ക്കും മനസ്സിലാവില്ല. എന്റെ കംപ്യൂട്ടര്‍ മേശയ്ക്കും ചുമരിനുമിടയിലുള്ള ഇടത്തില്‍ നിലത്ത് ഒരു പെട്ടി ഒളിഞ്ഞിരിക്കുന്നത് പെട്ടെന്ന് ആര്‍ക്കും കാണാനാവില്ല. ശബ്ദത്തിന്റെ ഉറവിടം തേടി കുനിഞ്ഞു നോക്കുമ്പോഴാണ് വെള്ളത്തുണി കൊണ്ടു മൂടിയ ഒരു നീളന്‍ ഉപകരണം ഇരിക്കുന്നത് കാണാനാവുക.

ഇരുപത്തിമൂന്ന് കൊല്ലങ്ങള്‍ക്കു മുമ്പ് ഒരവധിക്കാലത്ത് വലിയേട്ടന്‍ നൈജീരിയയില്‍നിന്ന് വരുമ്പോള്‍ കൊണ്ടുവന്നതാണ് ഈ ടൂ-ഇന്‍-വണ്‍. വീടുകളിലെ റേഡിയോ ഏറെക്കുറെ തട്ടിന്‍പുറത്തു കയറിക്കഴിഞ്ഞ കാലം. ടെലിവിഷന്‍ അതിവേഗം പ്രചരിക്കുന്ന കാലം. പക്ഷേ അക്കാലത്തും ടൂ-ഇന്‍-വണ്‍ ആഭിജാത്യത്തിന്റെ അടയാളമായിരുന്നു. ഗള്‍ഫ് നാടുകളില്‍നിന്നു വരുന്നവരുടെയെല്ലാം കയ്യില്‍ ഒരു ടൂ-ഇന്‍-വണ്‍ തൂങ്ങിക്കിടന്നിരുന്നു.

സോണി, സാനിയോ, പാനസോണിക്, ഷാര്‍പ് ഇലക്‌ട്രോണിക് ഉപകരണങ്ങളിലെ രാജ്ഞിമാരായിരുന്നു അവ. വലിയേട്ടന്‍ കൊണ്ടുവന്നത് വെളുത്ത നിറത്തിലുള്ള ഷാര്‍പ് സ്റ്റീരിയോ. രണ്ടടിയോളം നീളം, ഡബിള്‍ കാസറ്റ്, നാലു റേഡിയോ ബാന്‍ഡുകള്‍. കിടത്തിവെച്ച ഏരിയല്‍ നിവര്‍ത്തിയെടുത്ത് വലിച്ചു നീട്ടിയാല്‍ നാലടിയോളം മുകളിലേയ്ക്കു നില്‍ക്കും.

അതുവരെ എന്റെ വീട്ടിലുണ്ടായിരുന്നത് ചെറിയ ഒരു ടൂ-ഇന്‍-വണ്‍ ആയിരുന്നു. ബോംബെയില്‍നിന്ന് എന്റെ ഒരു സഹപ്രവര്‍ത്തകയുടെ കയ്യില്‍നിന്ന് 1400 ഉറുപ്പികയ്ക്കു വാങ്ങിയ സാനിയോ.  ഷാര്‍പ് വന്നതോടെ സാനിയോവിന്റെ പ്രതാപം നഷ്ടപ്പെട്ടു. എന്നാലും അച്ഛനത് പ്രിയപ്പെട്ടതായിരുന്നു. തന്റെ ചാരുകസേരയ്ക്കരികെയുള്ള ടീപ്പോയില്‍ വെച്ച് അച്ഛന്‍ അതില്‍നിന്ന് പ്രാദേശികവാര്‍ത്തകളും ശാസ്ത്രീയസംഗീതവും ചലച്ചിത്രഗാനങ്ങളും കേട്ടു. അതോടെ ഷാര്‍പ്  എന്റെ കസ്റ്റഡിയിലുമായി. വിരുന്നുകാര്‍ വരുമ്പോള്‍ കാണത്തക്കവണ്ണം വെള്ളക്കാരി ഇരിപ്പുമുറിയില്‍ ഏരിയലും ഉയര്‍ത്തി വിളങ്ങിനിന്നു.

കാസറ്റുകള്‍ രാജ്യം വാണ കാലമായിരുന്നു അത്. ടി ഡി കെയുടേയും സോണിയുടേയും കാസ്സറ്റുകള്‍ക്കായിരുന്നു പ്രിയം. ഇന്ത്യന്‍ കാസറ്റുകള്‍ക്ക് വിശ്വാസ്യത പോരാ. നൈജീരിയയില്‍നിന്നു വരുമ്പോള്‍'ടി ഡി കെ 90 യുടെ ഒറിജിനല്‍ കാസറ്റുകളുടെ രണ്ടു പെട്ടിയെങ്കിലും വലിയേട്ടന്‍ കൊണ്ടുവരും. ഒറിജിനല്‍ എന്നു പ്രത്യേകം പറയാന്‍ കാരണമുണ്ട്. അവിടെ കാസറ്റ് വാങ്ങാന്‍ ചെന്നാല്‍ ഒറിജിനല്‍ വേണോ ഡ്യൂപ്ലിക്കേറ്റ് വേണോ എന്ന് ചോദിക്കുമായിരുന്നുവത്രേ സത്യസന്ധനായ കടക്കാരന്‍.

കാസറ്റുകളോട് ആര്‍ത്തിയായിരുന്നു അക്കാലത്ത്. സിനിമാപ്പാട്ടുകള്‍ കാസറ്റുകളിലേയ്ക്ക് പകര്‍ത്തിത്തരുന്ന കടകളുണ്ടായിരുന്നു. ഒരു കടലാസില്‍ ആവശ്യമുള്ള പാട്ടുകള്‍ എഴുതിക്കൊടുത്ത് കാസറ്റും ഏല്‍പ്പിച്ചാല്‍ ഒരാഴ്ചയ്ക്കകം റെക്കോഡ് ചെയ്തു കിട്ടും.  വോള്‍ട്ടേജില്‍ വരുന്ന വ്യതിയാനമനുസരിച്ച് കാസറ്റ് വലിയുകയും പാട്ട് ഇഴയുകയുമൊക്കെ ചെയ്‌തെന്നിരിക്കും. അത് നമ്മുടെ തലവരയെന്നോ ഭാഗ്യക്കേടെന്നോ കരുതിയാല്‍ മതി.

ഷാര്‍പ് എന്ന സുന്ദരി വന്നപ്പോള്‍ അല്‍പം അഹന്തയൊക്കെയായി എനിക്ക്. പാട്ടുകള്‍ ടേപ് ചെയ്തു കിട്ടാന്‍ ഇനി കടക്കാരെ ആശ്രയിക്കണ്ട. ഒരു കാസറ്റില്‍നിന്ന് മറ്റേതിലേയ്ക്ക് റെക്കോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. അതില്‍ത്തന്നെ ഹൈ സ്പീഡില്‍ റെക്കോഡ് ചെയ്യാനുള്ള ഉപാധിയുമുണ്ട്. 90 മിനിട്ടുള്ള കാസറ്റ് 25 മിനിട്ടില്‍ റെക്കോഡ് ചെയ്യാനാവും. ഹരം പിടിച്ച് നിരവധി പാട്ടുകള്‍ പകര്‍ത്തിയെടുത്തു. ചലച്ചിത്രഗാനങ്ങളുടേയും ശാസ്ത്രീയസംഗീതത്തിന്റേയും കുറേ കാസറ്റുകളും വാങ്ങിക്കൂട്ടി.

അഹന്തയ്ക്ക് ഒരു വീക്കുകിട്ടിയ പോലെയാണ് റെക്കോഡര്‍ പ്രവര്‍ത്തിക്കാതെയായത്. എന്നാലും പാട്ടുകേള്‍ക്കാമല്ലോ എന്നു സമാധാനിച്ചു. പക്ഷേ പിന്നീട് കാസറ്റ് ഇടുമ്പോഴൊക്കെ കുരുങ്ങാന്‍ തുടങ്ങി. പലേ കാസറ്റുകളും അങ്ങനെ കേടുവന്നു. പിന്നെപ്പിന്നെ ശബ്ദത്തിനു വ്യക്തത പോരെന്നു തോന്നിത്തുടങ്ങി. ഹെഡ് ക്ലീന്‍ ചെയ്യുന്നത്  പ്രധാനമാണ് എന്ന് വിദഗ്ധരുടെ ഉപദേശം. പാട്ടു കേള്‍ക്കേണ്ടെങ്കിലും കാസറ്റ് വെറുതെ ഓടിക്കണം. അല്ലെങ്കില്‍ പൂക്കും. അത്തരം കാസറ്റുകള്‍ ഉപേക്ഷിക്കണം. ചുരുക്കത്തില്‍ ടൂ-ഇന്‍-വണ്ണിലേയ്ക്ക് എപ്പോഴും ഒരു കണ്ണുവേണം.

കയ്യിലെ കാസറ്റുകള്‍ ഇങ്ങനെ സൈ്വരം കെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് കേള്‍ക്കുന്നത് വിദേശരാജ്യങ്ങളിലൊക്കെ കാസറ്റ് കാലഹരണപ്പെട്ടുപോയിരിക്കുന്നു എന്ന്. അവിടെയൊക്കെ കോംപാക്റ്റ് ഡിസ്‌ക് എന്നു പേരുള്ള ഡിസ്‌കുകളില്‍നിന്നാണ്  പാട്ടു കേള്‍ക്കുന്നത്. പഴയ ഗ്രാമഫോണ്‍ ഡിസ്‌കുകളേപ്പോലെയല്ല. നിലത്തു വീണാല്‍ പൊട്ടില്ല. കാണാന്‍ ഭംഗിയുണ്ട്. കനവും കുറവാണ്.   
തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ വലിയേട്ടന്‍ നൈജീരിയ വിട്ടുപോന്നപ്പോള്‍ ഒരു സീഡി പ്ലെയറും കൂടെക്കൊണ്ടുവന്നു. പിന്നെയെപ്പോഴാണ് പാട്ടുകടകളില്‍ സീഡികള്‍ നിറഞ്ഞതെന്നും കാസറ്റുകള്‍ മറഞ്ഞതെന്നും കൃത്യമായി ഓര്‍മ്മയില്ല. വിരുന്നുമുറിയിലിരുന്ന ഷാര്‍പ് എപ്പോഴാണ് അരങ്ങൊഴിഞ്ഞതെന്നും അറിയില്ല. പിന്നെപ്പിന്നെ റേഡിയോ കേള്‍ക്കാനുള്ള ഉപാധി മാത്രമായി ഷാര്‍പ് ചുരുങ്ങി.   
ശബ്ദത്തിന്റെ കാര്യത്തില്‍ സാനിയോവിന്റെ തെളിച്ചമുണ്ടായിരുന്നില്ല ഷാര്‍പിന്. അതാവട്ടെ അച്ഛന്റെ മരണശേഷം പണിമുടക്കി തട്ടിന്‍പുറത്തെത്തിയിരുന്നു. ഷാര്‍പിന് ഒരു മൂളക്കമുണ്ട്. റേഡിയോ കേള്‍ക്കാന്‍ മാത്രമായി ഫിലിപ്‌സിന്റെ സെറ്റ് വാങ്ങിയതോടെ ഷാര്‍പിന്റെ ആവശ്യവുമില്ലാതായി. അപ്പോഴാണ് പുതിയ ഇരിപ്പിടം തേടി അത് എന്റെ ജോലിസ്ഥലത്തെത്തിയത്.

എന്നിട്ടും നാലു പേര്‍ കാണെ ഇരിക്കാനുള്ള യോഗമുണ്ടായില്ല ഷാര്‍പിന്. ഓഫീസിലെ വിശാലമായ ഹാളിന്റെ ഒരു മൂലയില്‍ ദേഹമാസകലം തുണികൊണ്ടു മറച്ച് അത് നിലകൊണ്ടു. ഏരിയല്‍ ചുരുക്കി മടക്കിവെച്ചു. സ്റ്റേഷനുകളില്‍ തൃശ്ശൂര്‍നിലയം മാത്രം അത് പിടിച്ചെടുത്തു. പക്ഷേ പിന്നെപ്പിന്നെ ആ മൂളക്കം ഒരു ഇരമ്പലായി മാറി.  ശബ്ദം കൂട്ടാന്‍ ശ്രമിച്ചപ്പോഴൊക്കെ ഇരമ്പലാണ് കൂടിയത്.  അതോടെ ഒന്നുകൂടി മൂടിപ്പുതപ്പിച്ച് അവളെ പൊടിപിടിക്കാന്‍ വിട്ടു. 

പിന്നെ തോന്നി: സ്ഥലം മുടക്കാന്‍ വേണ്ടി മാത്രമായി എന്തിനാണ് ഇങ്ങനെയൊരു പാട്ടുപെട്ടി?  റേഡിയോ കേള്‍ക്കണമെങ്കില്‍ പുതിയതൊന്നു വാങ്ങുന്നതല്ലേ നല്ലത്? എങ്കില്‍ ഈ പെട്ടി എവിടെ കൊണ്ടുവെയ്ക്കും? വലിച്ചെറിയുന്നത് ആലോചിക്കാന്‍ പോലുമാവുന്നില്ല. എങ്ങനെ ശോഭിച്ചിരുന്നതാണ് എന്റെ വിരുന്നുമുറിയില്‍ ഒരു രാജ്ഞികണക്കയേ നീ?

ഒരു ദിവസം രാവിലെ ജോലിക്കു പോവുമ്പോള്‍ വീണ്ടും ഷാര്‍പിനേപ്പറ്റി ഓര്‍ത്തു. ഓഫീസിലെത്തിയ ഉടനെ ഓണ്‍ ചെയ്യാറുള്ളതാണ്. മാസങ്ങളായി ആകാശവാണി വളരെ ദൂരത്താണ്.  ഓഫീസ് മരണവീടുപോലെ നിശ്ശബ്ദമാണ്.

പെട്ടെന്നാണ് തോന്നിയത്: എഫ് എം സ്റ്റേഷന്‍ ഉണ്ടല്ലോ അതില്‍. ഇതുവരെ അത് വെച്ചുനോക്കിയിട്ടില്ല. എത്തിയ ഉടനെ പുതപ്പു മാറ്റി. ഏരിയല്‍ വലിച്ചു നീട്ടി. നോബ് തിരിച്ചുനോക്കി. ആദ്യം തടഞ്ഞത് ഏഷ്യാനെറ്റിന്റെ ബെസ്റ്റ് എഫ് എം സുഖമായി കേള്‍ക്കുന്നുണ്ട്.

തിരഞ്ഞപ്പോള്‍ ക്ലബ്ബ് എഫ് എമ്മും റേഡിയോ മാംഗോയും റെഡ് എഫ് എമ്മും എല്ലാം കിട്ടുന്നുണ്ട്. ശബ്ദത്തില്‍ ഒരു കരടുമില്ല. ഒരിടവേള പോലുമില്ലാതെ ചിലച്ചുകൊണ്ടിരുന്നോളും ജോക്കികള്‍. അതിനിടെ കുറച്ചു പാട്ടുകളും കേള്‍ക്കാം.

തല്‍ക്കാലം ഷാര്‍പ് ഇവിടെത്തന്നെയിരുന്നോട്ടെ. ഇരിക്കുന്ന ഇടം ചൂലെടുത്ത് അടിച്ചു. തുണിയെടുത്ത് തുടച്ചു. പുതപ്പ് അലക്കിയെടുത്തു. പൊടിപിടിക്കാതെ ഇരിക്കട്ടെ അവള്‍. നഷ്ടപ്രതാപം ഓര്‍ത്ത് കരയുന്നതിന് ഒരിടവേളയായിക്കോട്ടെ.

എട്ടു മണി കഴിഞ്ഞു.  ബെസ്റ്റ് എഫ് എമ്മിലെ ആമി എത്തിക്കഴിഞ്ഞു. ദിവസം തുടങ്ങുകയാണ്.  ജോലിക്കിടയില്‍ ഞങ്ങള്‍ ഒരു കാതിന്റെ ഏരിയല്‍ ഷാര്‍പ്പിലേയ്ക്കു നീട്ടിവെച്ചു.

*
അഷ്ടമൂര്‍ത്തി  ജനയുഗം

No comments: