Sunday, July 7, 2013

സര്‍വീസ് രംഗത്തുനിന്ന് ജനനേതാവിലേക്ക്

കേരളത്തിലെ എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് മറക്കാനാവാത്ത സംഭാവന നല്‍കിയ സഖാവാണ് സി എച്ച് അശോകന്‍. അകാലത്തില്‍ അപ്രതീക്ഷിതമായിരുന്നു അശോകന്റെ വേര്‍പാട്. ഇ പത്മനാഭനെയും ടി കെ ബാലനെയുംപോലെ കര്‍മരംഗത്തില്‍ വ്യത്യസ്തവും വേറിട്ടതുമായ നിലപാടും ശൈലിയും സ്വീകരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെയാകെ നേതാവായി ഉയര്‍ന്നു സി എച്ച്. സഖാവും ഞാനും എന്‍ജിഒ യൂണിയന്‍ നേതൃനിരയിലേക്ക് വരുന്നത് ഏകദേശം ഒരേ കാലയളവിലാണ്. ഞാന്‍ കൊല്ലം ജില്ലാസെക്രട്ടറിയായി ഏറെ താമസിയാതെ അശോകന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായി. അശോകന്‍ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയറ്റിലെത്തി. സംസ്ഥാന സെക്രട്ടറിമാരിലൊരാളായി, പ്രവര്‍ത്തനമണ്ഡലം വിപുലമായി. തുടര്‍ന്നാണ് ജനറല്‍സെക്രട്ടറിയാകുന്നത്. അന്ന് ഞാന്‍ പ്രസിഡന്റായിരുന്നു.

2000 മുതല്‍ നാലുവര്‍ഷം ഒന്നിച്ച് യൂണിയനെ നയിച്ചു. ജനറല്‍ സെക്രട്ടറിയായതോടെ അശോകന്‍ തട്ടകം തലസ്ഥാനമായ തിരുവനന്തപുരത്താക്കി. യൂണിയന് ഒരു വേറിട്ടമുഖം, പൊതുസമൂഹവുമായി കൂടുതല്‍ അടുത്തും ഇറങ്ങിച്ചെന്നുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇവ ആവിഷകരിക്കുന്നത് ഇക്കാലത്താണ്. സഖാവിന്റെ നിര്‍ദേശങ്ങളും കണിശമായ അഭിപ്രായങ്ങളും അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സംഘടനാകമ്മിറ്റിയിലും സമരമുഖത്തും തീരുമാനങ്ങള്‍ കണിശമായി നടപ്പാക്കാന്‍ സാധിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും അത് ഉള്‍ക്കൊണ്ട് തീരുമാനങ്ങള്‍ നടപ്പാക്കാനും അശോകന്‍ കാട്ടിയ മിടുക്ക് എല്ലാവരും ആദരവോടെയാണ് ഓര്‍ക്കുക. മറ്റു ബഹുജനസംഘടനകള്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് മുമ്പ് അത്തരമൊരു ഇടപെടല്‍ നടത്തിയതിന്റെ ചരിത്രം എന്‍ജിഒ യൂണിയനുള്ളതാണ്. അത് നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു.

സാംസ്കാരികരംഗത്തും സാമൂഹ്യജീവിതത്തിലും പുതിയ വെളിച്ചം പകരുക എന്ന ലക്ഷ്യവുമായി അന്ന് സര്‍ക്കാര്‍ മാനവീയം പദ്ധതി ആവിഷ്കരിച്ചിരുന്നു. യുഡിഎഫ് അത് ധൂര്‍ത്തും അഴിമതിയുമാണെന്നാക്ഷേപിച്ചു. അന്നാണ് മാനവീയത്തിന്റെ ഭാഗമായി വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത യൂണിയന്‍ പ്രഖ്യാപിക്കുന്നത്. അത്തരമൊരു പ്രഖ്യാപനത്തിന് പിന്നിലെ ചാലകശക്തി അശോകനായിരുന്നു. രണ്ടുലക്ഷം തൊഴിലവസരമാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്തത്. ആദ്യത്തെ പദ്ധതി നടപ്പാക്കിയത് അശോകന്റെ ഗ്രാമമായ ഒഞ്ചിയത്തായിരുന്നു. ജലവിതരണപദ്ധതിയാണ് അവിടെ ജീവനക്കാര്‍ സന്നദ്ധസേവനത്തിലൂടെ പൂര്‍ത്തീകരിച്ചത്. നാല് ദിവസം 200 എന്‍ജിഒ സഖാക്കളുടെ അധ്വാനത്തില്‍ ഒഞ്ചിയത്തെ കോളനിവാസികള്‍ക്ക് കുടിവെള്ളമെത്തിച്ചു. തുടര്‍ന്ന് ആശുപത്രികളില്‍ കൂട്ടിരിപ്പ് കേന്ദ്രം, വിശ്രമമുറി, ബസ്കാത്തിരിപ്പ്കേന്ദ്രം, കുളം ശുചീകരണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കര്‍മപദ്ധതികള്‍ ഏറ്റെടുത്തു. എന്‍ജിഒ യൂണിയന്റെ മുഖംമാറ്റുന്ന ഒരു പ്രവര്‍ത്തനത്തിനാണ് അന്ന് സഖാവ് നേതൃത്വം കൊടുത്തത്.

കേരളത്തിലെ എന്‍ജിഒമാര്‍ക്ക് മറക്കാനാവാത്ത പ്രക്ഷോഭമാണ് 1973-ലെ 54 ദിവസത്തെ പണിമുടക്ക്. അതുകഴിഞ്ഞാല്‍ പിന്നീടുണ്ടായ തീവ്രവും ആവേശകരവുമായ പണിമുടക്ക് 2002-ല്‍ എ കെ ആന്റണിഭരണത്തില്‍ അരങ്ങേറിയതാണ്. ഭരണ-പ്രതിപക്ഷവ്യത്യാസമില്ലാതെ എല്ലാ ജീവനക്കാരും അധ്യാപകരും യുഡിഎഫ് സര്‍ക്കാരിന്റെ നയത്തിനെതിരെ സമരത്തിനിറങ്ങി. സര്‍ക്കാര്‍ സര്‍വീസും വിദ്യാഭ്യാസമേഖലയും 32 ദിവസം പൂര്‍ണമായി നിശ്ചലമായി. ചരിത്രം തിരുത്തിയ അന്നത്തെ പണിമുടക്കിന്റെ സമരസമിതി കണ്‍വീനര്‍ സി എച്ചായിരുന്നു. അശോകന്റെ സംഘടനാശേഷിയും കാര്യക്ഷമതയും അക്കാലത്ത് സര്‍വശക്തിയിലും തിളങ്ങി.

തന്റെ പരിമിതികളും സാധ്യതയും നന്നായി തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചുവെന്നതാണ് സഖാവിന്റെ വിജയം. ഏതു പ്രശ്നമായാലും കൂടിയാലോചിച്ചും കൂട്ടായും തീരുമാനമെടുക്കുക എന്ന ശൈലി സമര്‍ഥമായി പ്രയോഗിച്ചു വിജയം കൈവരിച്ചു. എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ മാത്രമല്ല എതിര്‍സംഘടനാപ്രവര്‍ത്തകരും അംഗീകരിച്ചതും ഇഷ്ടപ്പെട്ടിരുന്നതുമായിരുന്നു സഖാവിന്റെ ശൈലി. അത്തരമൊരാളെ കൊലക്കേസില്‍ പ്രതിചേര്‍ത്ത് തളര്‍ത്താമെന്നാണ് കരുതിയത്. കേസില്‍ തളരാതെയും പതറാതെയും തല ഉയര്‍ത്തിപ്പിടിച്ചാണ് സഖാവ് യാത്രയായത്്. അശോകനെ അറിയുന്ന ഏതൊരു സംഘടനാപ്രവര്‍ത്തകനിലും ഈ അഭിമാനകരമായ ഓര്‍മ നിലനില്‍ക്കും. ദേശീയതലത്തില്‍ സംഘടനാപ്രവര്‍ത്തകനായി, എഫ്എസ്ഇടിഒ, എഐഎസ്ജിഇഎഫ് പ്രവര്‍ത്തനങ്ങളുമായി വിവിധ സംസ്ഥാനങ്ങളില്‍ സഖാവ് നല്ല ഇടപെടല്‍ നടത്തി. ക്യൂബ, ശ്രീലങ്ക തുടങ്ങി നിരവധി വിദേശരാജ്യങ്ങളില്‍ പോകാനും അവസരമുണ്ടായി. ഇതെല്ലാം അന്നുതന്നെ ആ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായിരുന്നു.

സഖാവിന്റെ കുടുംബവുമായും എന്‍ജിഒ യൂണിയന്‍ നേതൃനിരയിലുണ്ടായിരുന്ന എല്ലാവര്‍ക്കും അടുത്ത ബന്ധമായിരുന്നു. കോഴിക്കോട്ടോ വടകരയിലോ സംഘടനാപ്രവര്‍ത്തനത്തിനെത്തുന്ന ആര്‍ക്കും അശോകന്റെ ഒഞ്ചിയത്തെ വീട്ടില്‍ താമസവും ഭക്ഷണവും ഊഷ്മളമായ ആതിഥ്യവും ലഭിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് യൂണിയന്റെ പ്രവര്‍ത്തകരായും ചുമതലക്കാരായും തികഞ്ഞ ആത്മബന്ധത്തോടെ പരാതിയും പരിഭവവുമില്ലാതെ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. അതില്‍ അശോകന്റെ പങ്ക് വലുതാണ്. എന്‍ജിഒ യൂണിയന്റെ ദീപശിഖാങ്കിത പതാകയേന്തിയ സഖാവ് നാടിന്റെ ഹൃദയരക്തത്താല്‍ തുടിക്കുന്ന കൊടിയേന്തി പൊതുരംഗത്തെത്തി. വിപ്ലവഭൂമിയായ ഒഞ്ചിയത്ത് പാര്‍ടിയുടെ നേതൃനിരയിലുമെത്തി. ഒഞ്ചിയത്തിന്, കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമായിരുന്ന സഖാവാണ് നമ്മെ വിട്ടുപിരിഞ്ഞത്. വേദനയുണ്ട്, സങ്കടവും. പ്രിയസഖാവേ വിട..ലാല്‍സലാം.

*
കെ വരദരാജന്‍ ദേശാഭിമാനി

No comments: