Saturday, July 13, 2013

അഴിഞ്ഞുവീണ മുഖംമൂടി

ആദര്‍ശത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീണപ്പോള്‍ ഉടുതുണി നഷ്ടപ്പെട്ടവനെപ്പോലെ നാണംമറയ്ക്കാന്‍ പെടാപ്പാടുപെട്ട മുഖ്യമന്ത്രി, ഒരു കള്ളം മൂടിവയ്ക്കാന്‍ നൂറുകള്ളം പറഞ്ഞ് ഒടുവില്‍ എല്ലാ കള്ളവും പുറത്തായപ്പോള്‍ വിടുവായത്തം ആക്രോശിക്കുന്ന ആഭ്യന്തരമന്ത്രി, തട്ടിപ്പുകാരിയുടെ ഫോണില്‍ കുടുങ്ങി തലകുമ്പിട്ടിരിക്കുന്ന മന്ത്രിമാരും ഭരണകക്ഷി എംഎല്‍എമാരും, പ്രതിപക്ഷനേതാവിന്റെപോലും പ്രസംഗം വിലക്കി ജനാധിപത്യത്തെ കശാപ്പുചെയ്ത സ്പീക്കര്‍, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുള്ള, കേരളംകണ്ട ഏറ്റവും വലിയ തട്ടിപ്പിനെ തുറന്നുകാട്ടി പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ സമ്മേളനം തന്നെ വെട്ടിച്ചുരുക്കി ഒളിച്ചോടിയ ഭരണപക്ഷം. അങ്ങനെ 13-ാം നിയമസഭയുടെ ഒന്‍പതാംസമ്മേളനം നിയമസഭാചരിത്രത്തിലെതന്നെ കറുത്തഏടായി.

2013-14 സാമ്പത്തികവര്‍ഷത്തെ ധനാഭ്യര്‍ഥനകളും ഉപധനാഭ്യര്‍ഥനകളും ധനവിനിയോഗ ബില്ലുകളും ധനകാര്യബില്ലുകളും ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകളും പാസാക്കുകയായിരുന്നു ഇരുപത്തെട്ട് ദിവസം തീരുമാനിച്ച ഈ സമ്മേളനത്തിന്റെ പ്രധാന അജന്‍ഡകള്‍. എല്ലാ അജന്‍ഡകളും സര്‍ക്കാര്‍തന്നെ അട്ടിമറിച്ച് സമ്മേളനം 12 ദിവസമായി വെട്ടിക്കുറച്ചു. മൂന്നുദിവസംമാത്രമാണ് സഭ അജന്‍ഡകള്‍ പൂര്‍ത്തിയാക്കിയത്. നാലാംനാള്‍ മുതല്‍ സോളാര്‍ തട്ടിപ്പിന്റെ ചുരുള്‍ പ്രതിപക്ഷം സഭയില്‍ നിവര്‍ത്തി. അഴിമതിയുടെ കാണാപ്പുറങ്ങള്‍ പുതിയ തെളിവുകള്‍ നിരത്തി അനാവരണംചെയ്തപ്പോള്‍ പ്രതിപക്ഷത്തെ നേരിടാനാവാതെ സഭ നിര്‍ത്തിവച്ചു. പ്രതിപക്ഷം ഉന്നയിച്ച അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് പിന്നീടുണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. മാധ്യമങ്ങള്‍ കൂടുതല്‍ തെളിവുകള്‍ നിരത്തുകയും സഭയ്ക്ക് പുറത്ത് പ്രതിഷേധം അലയടിക്കുകയും ചെയ്തപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ സ്പീക്കര്‍ സമ്മേളനം നിര്‍ത്തി ഭരണപക്ഷത്തിന്റെ ചട്ടുകമായി.

നാല്‍പ്പത്തഞ്ച് ധനാഭ്യര്‍ഥനകളില്‍ 40 എണ്ണം ചര്‍ച്ചകൂടാതെ, പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെ സ്പീക്കര്‍ പാസാക്കിക്കൊടുത്തു. ധനകാര്യ ബില്ലും ധനവിനിയോഗബില്ലുകളും നിമിഷങ്ങള്‍കൊണ്ട് പാസാക്കി. ലിസ്റ്റ് ചെയ്ത ഏഴ് ബില്ല് പാസാക്കാനും കഴിഞ്ഞില്ല. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട നാലു ബില്ല് തിരികെ സഭയില്‍ വന്നില്ല. തട്ടിപ്പില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സര്‍ക്കാരിനെയും രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു സ്പീക്കര്‍. പ്രതിപക്ഷ പ്രതിഷേധത്തിന്റെ പേരില്‍മാത്രം ഏഴുദിവസം ശ്രദ്ധക്ഷണിക്കലും സബ്മിഷനും ഒഴിവാക്കി. 18ന് ചോദ്യോത്തരവേളയും നിഷേധിച്ച് നാലാം മിനിറ്റില്‍ സമ്മേളനം അവസാനിപ്പിച്ചു. ജനകീയപ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിക്കാനുള്ള അംഗങ്ങളുടെ അവകാശമാണ് ഭരണപക്ഷവും സ്പീക്കറും ചേര്‍ന്ന് ഇല്ലാതാക്കിയത്. 24ന് നിര്‍ത്തിവച്ച സമ്മേളനം ജൂലൈ എട്ടിനാണ് പുനരാരംഭിച്ചത്. മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതെല്ലാം കളവായിരുന്നു എന്ന് തെളിഞ്ഞതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രതിപക്ഷ വിമര്‍ശത്തെയും പ്രതിഷേധത്തെയും ഉള്‍ക്കൊണ്ട് അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരം വീണ്ടും സഭ നിര്‍ത്തി ഒളിച്ചോടുകയായിരുന്നു സര്‍ക്കാര്‍. കാര്യോപദേശകസമിതിയുടെ തീരുമാനങ്ങള്‍പോലും അട്ടിമറിച്ചു.

സോളാര്‍ തട്ടിപ്പുകേസ് സഭയില്‍ ഉന്നയിക്കപ്പെടുന്നത് 12ന് ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടയിലാണ്. വി എസ് അച്യുതാനന്ദന്‍, ഇ പി ജയരാജന്‍, ശ്രീരാമകൃഷ്ണന്‍, ജമീലാപ്രകാശം തുടങ്ങിയവരെല്ലാം കൈരളി ചാനല്‍ പുറത്തുവിട്ട വാര്‍ത്ത സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. എന്നാല്‍, മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇതൊന്നും കേട്ടതായിപ്പോലും നടിച്ചില്ല. അടുത്ത ദിവസം അടിയന്തരപ്രമേയമായി വിഷയം രാജു എബ്രഹാം ഉന്നയിച്ചു. തട്ടിപ്പുകേസുകള്‍ സഭയില്‍ വന്നപ്പോഴെല്ലാം മുഖ്യമന്ത്രി ഒന്നിനുപിറകെ ഒന്നായി മാറ്റിപ്പറയുകയും നിലപാടുകളില്‍ മലക്കംമറിച്ചിലുകള്‍ നടത്തുകയുംചെയ്തു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനുമുന്നില്‍ നിവൃത്തിയില്ലാതെയാണ് ഇപ്പോള്‍ പുറത്തുവന്ന ഓരോ നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. സാമ്പത്തിക കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുകയും പ്രസവത്തിനുപോലും പരോള്‍ ലഭിക്കാതിരിക്കുകയും ചെയ്ത കുറ്റവാളിയാണ് സരിത എസ് നായര്‍. സംസ്ഥാനത്ത് പലവിധ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത നിരവധി കേസുകളിലെ പ്രതി. ഇവരെക്കുറിച്ച് സംസ്ഥാന ഇന്റലിജന്‍സിന് ഒരു വിവരവുമില്ലേ? ഇവര്‍ ജൂണ്‍ മൂന്നിന് അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമാസം 32 തവണ മുഖ്യമന്ത്രിയുടെ സന്തതസഹചാരി ജോപ്പന്റെ മൊബൈല്‍ ഫോണിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെയും വീട്ടിലെയും ഔദ്യോഗിക ഫോണുകളിലേക്കും വിളിച്ചത് എന്തിനായിരുന്നു? പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മുമ്പില്‍ മുഖ്യമന്ത്രി പരുങ്ങി.

സരിത തട്ടിപ്പുകാരിയാണെന്നും അന്വേഷണം നടത്തുമെന്നും ഒഴുക്കന്‍മട്ടില്‍ മറുപടി പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം വിട്ടില്ല. ജോപ്പനും ഡല്‍ഹിയിലെ പാവം പയ്യന്‍ തോമസ് കുരുവിളയും മുഖ്യമന്ത്രിയുടെ ആരെന്ന ചോദ്യം ഉയര്‍ന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പൊലീസിന്റെ ഇടക്കാല റിപ്പോര്‍ട്ട് വാങ്ങി നടപടി സ്വീകരിക്കുമെന്നായി മുഖ്യമന്ത്രി. അപ്പോഴും ആരോപണവിധേയരായ സ്റ്റാഫുകളെക്കുറിച്ചും ഫോണ്‍ വിളികളെക്കുറിച്ചും മുഖ്യമന്ത്രി നിശബ്ദത പാലിച്ചു. ഇത് ലളിതമായ കേസ് അല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണെന്നും ആയതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സരിത എസ് നായരും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ജൂണ്‍ നാലിന് താന്‍ മുഖ്യമന്ത്രിക്ക് വിവരം നല്‍കിയിരുന്നു എന്ന ചീഫ്വിപ്പിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി വീണ്ടും പരുങ്ങലിലായി. മുഖ്യമന്ത്രിയുടെ പങ്ക് സ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ജൂണ്‍ 14ന് പ്രത്യേക സബ്മിഷനിലൂടെ കോടിയേരി ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയും ഭാര്യയെ കൊന്ന കേസിലെ പ്രതിയുമായ ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി ഒരുമണിക്കൂറോളം എറണാകുളം ഗസ്റ്റ്ഹൗസില്‍ രഹസ്യചര്‍ച്ച നടത്തിയതും അതീവ സുരക്ഷാമേഖലയായ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ചുപോലും സരിതയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതും പിന്നാലെ പുറത്തുവന്നു. ശാലുമേനോന് തട്ടിപ്പിലുള്ള പങ്ക്, ശാലുമേനോനും മന്ത്രി തിരുവഞ്ചൂരും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും തമ്മിലുള്ള ബന്ധം, ഇത് മറച്ചുവയ്ക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ നടത്തിയ നുണപ്രചാരണങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസിലെ സരിതയുടെ സ്വാധീനം, സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് എഡിബിയുടെ പ്രതിനിധികള്‍ എന്നപേരില്‍ പിആര്‍ഡി ഡയറക്ടര്‍ ഫിറോസുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പ്, ഫിറോസിനെ ഡയറക്ടറാക്കാന്‍ സര്‍ക്കാര്‍ നടത്തിയ അനധികൃത നടപടി, പ്രത്യുപകാരമായി പിആര്‍ഡി 25 ലക്ഷം രൂപ മുടക്കി മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം പുസ്തകമായി പ്രസിദ്ധീകരിച്ചത്, ടീം സോളാറിന്റെ എംബ്ലം ജനപഥത്തിന്റെ മുഖചിത്രമായത്, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കിയ സ്ത്രീയോട് ലൈംഗികബന്ധത്തിന് വഴങ്ങാന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടത്, 40 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രീധരന്‍നായര്‍ എന്ന വ്യവസായിയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുവന്ന് സരിത പരിചയപ്പെടുത്തിയത്, ശ്രീധരന്‍നായരുടെ സ്വകാര്യ അന്യായത്തില്‍ മുഖ്യമന്ത്രിയെ പരാമര്‍ശിച്ചതിനെക്കുറിച്ചുള്ള വിവാദം, ഐപിസി 164 പ്രകാരം ശ്രീധരന്‍നായര്‍ മജിസ്ട്രേട്ടിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴി തുടങ്ങിയ സംഭവ പരമ്പരകള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാട്ടിലാകെ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തെ പൊലീസ് ഭീകരമായി അടിച്ചമര്‍ത്താന്‍ ആരംഭിച്ചു. മാത്യു ടി തോമസ്, ടി വി രാജേഷ്, വി എസ് സുനില്‍കുമാര്‍, പി ശ്രീരാമകൃഷ്ണന്‍, ഇ പി ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍ തുടങ്ങിയവര്‍ ഇതുസംബന്ധിച്ച് എട്ടു ദിവസം അടിയന്തരപ്രമേയങ്ങള്‍ അവതരിപ്പിച്ചു. പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ഭീകരതക്കെതിരെ അടിയന്തരപ്രമേയം കൊണ്ടുവന്ന സി ദിവാകരനെ ഗ്രനേഡ് എറിഞ്ഞാണ് തിരുവഞ്ചൂരിന്റെ പൊലീസ് പകരംവീട്ടിയത്. പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുമ്പോഴാണ് പ്രതിപക്ഷനേതാവിനുനേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞത്. കേരളം ഇതുവരെ കാണാത്ത പ്രവൃത്തിയാണ് പൊലീസിനെക്കൊണ്ട് സര്‍ക്കാര്‍ ചെയ്യിച്ചത്. 24ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനുശേഷം പ്രതിപക്ഷനേതാവ് സംസാരിക്കുന്നതിനിടെ സലിംരാജിനെ സംബന്ധിച്ച് കോടതിരേഖ ചൂണ്ടിക്കാട്ടി അദ്ദേഹം സംസാരിച്ചത് പൂര്‍ത്തിയാക്കും മുമ്പേ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. സലിംരാജിനെ മുഖ്യമന്ത്രി എന്തിനു സംരക്ഷിക്കുന്നു എന്ന പ്രതിപക്ഷനേതാവിന്റെ ചോദ്യം ഭരണപക്ഷത്തെയും സ്പീക്കറെയും ഒരുപോലെ പ്രകോപിതരാക്കി.

സഭ പുനരാരംഭിച്ചശേഷം ആദ്യദിവസം ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ 2010ലെ ഒരു മാര്‍ക്കറ്റിങ് ഫീച്ചറില്‍ ടീംസോളാറിന്റ പരസ്യവും സര്‍ക്കാരിന്റെ എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ പരസ്യവും അടുത്തടുത്ത് വന്നത് ടീം സോളാറിന് അന്നത്തെ സര്‍ക്കാര്‍ സഹായം നല്‍കിയതിന്റെ തെളിവായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എടുത്തുകാട്ടി. പക്ഷേ, തിരുവഞ്ചൂരിന്റെ വിവരക്കേട് എല്ലാവര്‍ക്കും അപ്പോള്‍തന്നെ മനസിലായി. അതേ പരസ്യം ഹിന്ദു പത്രത്തിനും നല്‍കിയിരുന്നു. അതില്‍ ടീം സോളാറിന്റെ പരസ്യമോ കുറിപ്പോ ഉണ്ടായിരുന്നില്ല. പരസ്യം എന്തിനാണെന്നും എന്താണെന്നുപോലും മനസിലാക്കാതെയുള്ള വിടുവായത്തമായിരുന്നു മന്ത്രിയുടേത്. പത്രത്തിലെ സര്‍ക്കാര്‍ പരസ്യവും ടീം സോളാറിന്റെ പരസ്യവും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന റൂളിങ്ങിലൂടെ സ്പീക്കര്‍ അടുത്ത ദിവസം മന്ത്രിയെ തിരുത്തി. എന്നാല്‍, രണ്ട് പരസ്യങ്ങളും അടുത്തടുത്ത് വന്നത് തെറ്റിദ്ധാരണയ്ക്ക് കാരണമായി എന്ന സ്പീക്കറുടെ അനാവശ്യ കമന്റ് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.

അട്ടപ്പാടിയില്‍ ആദിവാസിക്കുട്ടികള്‍ പോഷകാഹാരമില്ലാതെ മരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലായിരുന്നു സമ്മേളനം ആരംഭിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അലംഭാവം ചൂണ്ടിക്കാട്ടി ഈ ലേഖകന്‍ അടിയന്തരപ്രമേയം കൊണ്ടുവന്നു. പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് ഭയാനകമാംവിധം പടര്‍ന്നുപിടിക്കുന്ന സാഹചര്യം സംബന്ധിച്ച് എളമരം കരീമും വിലക്കയറ്റം സംബന്ധിച്ച് പി തിലോത്തമനും പ്രവാസികളുടെ പ്രശ്നം സംബന്ധിച്ച് കെ വി അബ്ദുള്‍ ഖാദറും അടിയന്തരപ്രമേയങ്ങള്‍ അവതരിപ്പിച്ചു. ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായി സമ്മേളനം വെട്ടിച്ചുരുക്കിയതിനാല്‍ നിരവധി ജനകീയപ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. എന്നാലും കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പും അതിനുപിന്നിലെ മുഖ്യമന്ത്രിയുടെ പങ്കും കള്ളക്കളികളും സഭയിലും പുറത്തും തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു.

*
എ കെ ബാലന്‍ ദേശാഭിമാനി

No comments: