Tuesday, July 16, 2013

ഭക്ഷ്യസുരക്ഷ ആര്‍ക്ക്?

ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കാര്യത്തില്‍ തുടക്കംമുതല്‍തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒളിച്ചുകളി പ്രകടമായിരുന്നു. ഇപ്പോള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനുമുമ്പ് തിരിക്കിട്ട് ഭക്ഷ്യസുരക്ഷാ ബില്‍ ഓഡിനന്‍സ് ആയി പുറത്തിറക്കിറക്കിയിരിക്കുന്നു. പാര്‍ലമെന്റിനെ ഇരുട്ടില്‍നിര്‍ത്തി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതുതന്നെ ആത്മാര്‍ഥതയില്ലായ്മയുടെ വിളംബരമായിരുന്നു. ബില്ലിലെ ന്യൂനതകളെക്കുറിച്ച് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാര്‍ടികളും ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാവരുതെന്ന നിര്‍ബന്ധമുള്ളപോലെയായിരുന്നു ഓര്‍ഡിനന്‍സ് തിരക്കിട്ട് പാസാക്കിയത്. ഇടതുപക്ഷ പാര്‍ടികളുടെ സമ്മര്‍ദഫലമായി ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയമുണ്ടാക്കാന്‍ സഹായിച്ചെന്ന വിലയിരുത്തലാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ഭക്ഷ്യരാഷ്ട്രീയം പയറ്റി വോട്ടു ബാങ്ക് ഉറപ്പിക്കാനുള്ള കുടിലതന്ത്രമായി വേണം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതിനെ കാണാന്‍.

പാര്‍ലമെന്റില്‍ ഇടതുപക്ഷം ഉന്നയിക്കുന്ന ഭേദഗതികള്‍ക്ക് മറ്റുപാര്‍ടികളുടെ പിന്തുണ കിട്ടിയാല്‍ അതിനെ അതിജീവിക്കാന്‍ കഴിയില്ലെന്ന് മുന്‍കൂട്ടി കണ്ടാണ് ഓര്‍ഡിനന്‍സില്‍ അഭയം തേടിയതെന്നുവേണം മനസിലാക്കാന്‍. കെട്ടിക്കിടന്ന് നശിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ പാവങ്ങള്‍ക്ക് വിതരണംചെയ്യണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്ത സര്‍ക്കാര്‍ തിരക്കിട്ട് ഓര്‍ഡിനന്‍സ് ഇറക്കിയതില്‍ നിന്നുതന്നെ ലക്ഷ്യം വോട്ടുമാത്രമാണെന്ന് വ്യക്തം.

ആളൊന്നിന് മാസം അഞ്ചു കിലോ ഭക്ഷ്യധാന്യംമാത്രമാണ് ഓര്‍ഡിനന്‍സ് ഉറപ്പാക്കുന്നത്. അരി മൂന്നു രൂപയ്ക്കും ഗോതമ്പ് രണ്ടു രൂപയ്ക്കും പയര്‍വര്‍ഗങ്ങള്‍ ഒരു രൂപയ്ക്കും നല്‍കുമെന്നാണ്് വ്യവസ്ഥ. പല സംസ്ഥാനങ്ങളും ഒരു രൂപയ്ക്ക്് 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമ്പോഴാണ് കേന്ദ്രം അതിലും കൂടിയ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്. നഗരത്തിലെ 50 ശതമാനത്തിനും ഗ്രാമങ്ങളിലെ 75 ശതമാനത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതാണ് നിയമം. അതായത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് ജനസംഖ്യയുടെ 67 ശതമാനത്തിനു മാത്രം. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം വേണ്ടത്ര ഭക്ഷ്യോല്‍പ്പാദനമില്ലെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അംഗീകരിക്കാത്തത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ നൂറുദിവസത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഭരണം അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍മാത്രം ബാക്കിയുള്ളപ്പോള്‍ വളഞ്ഞവഴിയിലൂടെ കൊണ്ടുവരുന്നത്.

ബില്ലിന്റെ വ്യവസ്ഥകളില്‍ നിരവധി ന്യൂനതകള്‍ ഉണ്ടെന്ന സിപിഐ എം അടക്കമുള്ള പാര്‍ടികളുടെ അഭിപ്രായം ശരിവയ്ക്കുന്നതാണ് നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. നൂറുശതമാനം പേര്‍ക്കും നിയമപരമായി റേഷന്‍ ആനുകൂല്യം ഉറപ്പാക്കിയ സംസ്ഥാനമായ കേരളത്തില്‍ ഈ പദ്ധതിയില്‍ 58 ശതമാനവും പുറത്താകുമെന്ന് നേരത്തെ ഉന്നയിക്കപ്പെട്ട ഉല്‍ക്കണ്ഠകള്‍ അസ്ഥാനത്തല്ലെന്ന് പുതിയ വാര്‍ത്തകള്‍ പറയുന്നു. നിലവില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 35 കിലോ ഭക്ഷ്യധാന്യം അനുവദിക്കുന്നുണ്ട്. പുതിയ നിയമപ്രകാരം അവര്‍ക്ക് പരമാവധി ലഭിക്കുക 20 കിലോ മാത്രം. കേരളത്തിന്റെ റേഷന്‍ വിഹിതത്തില്‍ 42,000 ടണ്‍ കുറവുണ്ടാവാനിടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. പൊതുവിപണിയിലെ സര്‍ക്കാരിന്റെ ഇടപെടലുകള്‍ കുടുതല്‍ ദുര്‍ബലമാക്കാനേ ഇത് ഇടവരുത്തൂ.

കേന്ദ്രത്തില്‍നിന്ന് 8.90 രൂപയ്ക്ക് ലഭിക്കുന്ന അരിയാണ് ഇപ്പോള്‍ 6.90 രൂപ സബ്സിഡി നല്‍കി രണ്ടുരൂപയ്ക്ക് കേരളത്തിലെ എപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. 6.20 രൂപയ്ക്ക് ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരി ഒരു രൂപയ്ക്ക് നല്‍കുമ്പോള്‍ സബ്സിഡി ഇനത്തില്‍ 5.20 രൂപയാണ് സംസ്ഥാനം ചെലവിടുക. ഭക്ഷ്യസുരക്ഷാനിയമം നടപ്പാകുന്നതോടെ മൂന്നുരൂപ നിരക്കില്‍ കേന്ദ്രത്തില്‍നിന്ന് അരി ലഭിക്കും. ഇത് കേരളത്തിന്റെ സബ്സിഡി ചെലവില്‍ 500 കോടി രൂപയെങ്കിലും കുറയാന്‍ ഇടയാക്കും. റേഷന്‍ പരിധിക്ക് പുറത്താകുന്നവരെ സംരക്ഷിക്കാന്‍ ഈ തുക വിനിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നിലവില്‍ രണ്ടു രൂപയ്ക്കും ഒരു രൂപയ്ക്കും റേഷന്‍ ലഭിക്കുന്നതിനാല്‍ കേരളത്തിലെ കാര്‍ഡ് ഉടമയ്ക്ക് പുതിയ പദ്ധതി കൂടുതല്‍ ആശ്വാസം പകരില്ല. അതേസമയം, സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് പണമായി എത്തുന്നത് ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. പലയിടത്തും പരീക്ഷിച്ച് പരാജയപ്പെട്ട ഈ സമ്പ്രദായം കേരളത്തിലെ റേഷന്‍ വിതരണത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

കേരളത്തിലെ സ്ഥിതി ഇതാണെങ്കില്‍ പൊതുവിതരണ സംവിധാനം പേരിനുപോലുമില്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ ഈ നിയമം ഗുണത്തെക്കാളേറെ ദോഷമാകും ഉണ്ടാക്കുക. ജനങ്ങളെ കബളിപ്പിച്ച് വോട്ടുതട്ടാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢതന്ത്രം ഒരിക്കല്‍ കൂടി വെളിപ്പെടുകയാണ് ഇതിലൂടെ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: